കറുത്ത കൂളിംഗ് ഗ്ലാസും ഓറഞ്ച് ഷര്‍ട്ടും ധരിച്ച് മാസ് എന്‍ട്രി; വിമാനത്താവളത്തിലേക്ക് എത്തിയത് ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ കാര്‍ സ്വയം ഡ്രൈവ് ചെയ്ത്; തിരികെ അഭിനയത്തിരക്കില്‍ സജീവമാകാന്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍; ഹൈദരാബാദിലെ മഹേഷ് നാരായണ്‍ ചിത്രത്തിന്റെ സെറ്റിലേക്ക് ചെന്നൈയില്‍ നിന്ന് യാത്ര തിരിച്ചു; മടങ്ങിവരവ് ആഘോഷമാക്കി ആരാധകരും

കറുത്ത കൂളിംഗ് ഗ്ലാസും ഓറഞ്ച് ഷര്‍ട്ടും ധരിച്ച് മാസ് എന്‍ട്രി

Update: 2025-09-30 12:18 GMT

ചെന്നൈ: മലയാള സിനിമയുടെ പ്രിയ നടന്‍ മമ്മൂട്ടി വീണ്ടും സിനിമാത്തിരക്കുകളിലേക്ക്. ഷൂട്ടിംഗ് ലൊക്കേഷനില്‍ സജീവമാകുകയാണ് അദ്ദേഹം. ചികിത്സകള്‍ക്ക് ശേഷം ഇതാദ്യമായാണ് മമ്മൂട്ടി ചാനല്‍ ക്യാമറകള്‍ക്ക് മുന്നിലെത്തുന്നത്. ചെന്നൈ വിമാനത്താവളത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തിനായി കാത്തു നിന്നത്. തന്റെ കറുത്ത ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ കാര്‍ സ്വയം ഡ്രൈവ് ചെയ്താണ് അദ്ദേഹം എത്തിയത്. ഓറഞ്ച് കളര്‍ ഷര്‍ട്ടും പാന്റുമായിരുന്നു വേഷം. കുളിംഗ് ഗ്ലാസും ധരിച്ചായിരുന്നു കേരളം കാത്തിരുന്ന ആ മാസ്സ് എന്‍ട്രി. ചെന്നൈ വിമാനത്താവളത്തില്‍ നിന്നും അദ്ദേഹം ഹൈദരാബാദിലേക്ക് യാത്ര തിരിച്ചു.

ഹൈദരാബാദ് ഷെഡ്യൂളില്‍ മമ്മൂട്ടി ഒക്ടോബര്‍ ഒന്നിന് ചേരുമെന്ന് നേരത്തെ രമേഷ് പിഷാരടി അറിയിച്ചിരുന്നു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഹൈദരാബാദിലെ ഷൂട്ടിന് ശേഷം ചിത്രത്തിന്റെ ബാക്കി ഷെഡ്യൂളിനായി മമ്മൂട്ടി യുകെയിലേക്ക് പോകും. ഈ മാസം 25 വരെ യുകെയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ്. നവംബര്‍ പകുതിയോടെ ആയിരിക്കും മമ്മൂട്ടി കേരളത്തിലേക്ക് തിരിച്ചെത്തുക. അതിനു ശേഷം ഇതേ സിനിമയുടെ ബാക്കി ചിത്രീകരണത്തിലും മമ്മൂട്ടി ഭാഗമാകും.

ഏഴ് മാസത്തിന് ശേഷം ആദ്യമായാണ് മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. മഹേഷ് നാരയണന്‍ ചിത്രം പേട്രിയറ്റ് ആണ് ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം. ചിത്രത്തില്‍ മോഹന്‍ലാലും അഭിനയിക്കുന്നുണ്ട്. ഓഗസ്റ്റ് 19-നാണ് മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനായി എന്ന വാര്‍ത്ത എത്തിയത്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന് ആശംസകളര്‍പ്പിരുന്നു. മമ്മൂട്ടിയുടെ ബിഗ് സ്‌ക്രീന്‍ തിരിച്ചുവരവിനായി അന്നുമുതലേ ആരാധകരും സിനിമാപ്രേമികളും കാത്തിരിക്കുകയാണ്. തന്റെ കരിയറില്‍ ഇത്രയും നീണ്ട ഒരിടവേള മമ്മൂട്ടി എടുത്തിട്ടില്ല എന്നതാണ് അതിന് കാരണം.


 



ഹൈദരാബാദ്, ലണ്ടന്‍, കൊച്ചി എന്നിവിടങ്ങളിലാണ് ഇനി ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കാനുള്ളത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് മമ്മൂട്ടി ചികിത്സയ്ക്കായി പോയത്. പിന്നീട് അദ്ദേഹം ചെന്നൈയിലെ വസതിയില്‍ വിശ്രമത്തിലുമായിരുന്നു. അതിനിടെയാണ് കഴിഞ്ഞമാസം അദ്ദേഹം പൂര്‍ണ ആരോഗ്യവാനായെന്നുള്ള വിവരം താരത്തിന്റെ അടുത്ത സുഹൃത്തുക്കളായ നിര്‍മാതാവ് ആന്റോ ജോസഫും ജോര്‍ജും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

17 വര്‍ഷത്തിനുശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമേ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ഗ്രേസ് ആന്റണി എന്നിവരും ചിത്രത്തിലുണ്ട്. പാട്രിയറ്റ് എന്നായിരിക്കും ചിത്രത്തിന്റെ പേരെന്നാണ് റിപ്പോര്‍ട്ട്. ശ്രീലങ്കയിലായിരുന്നു ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിങ്.

മമ്മൂട്ടിയുടെ മടങ്ങിവരവ് സോഷ്യല്‍ മീഡിയയിലും ആഘോഷമാണ്. നടന്റെ പ്രശസ്ത സിനിമാ ഡയലോഗുകളും രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയശേഷം രണ്ട് വട്ടമെ മമ്മൂട്ടി വീട്ടിലിരുന്നിട്ടുള്ളു. കോവിഡ് കാലത്തും പിന്നെ ഇക്കഴിഞ്ഞ ഏഴുമാസത്തെ ചികില്‍സാക്കാലവും. നടന്റെ ബാക്കികാലമൊക്കെയും കഥാപാത്രങ്ങള്‍ കടമെടുത്തര്‍യായി.

മലയാള സിനിമയുടെ ഒരു കാലം അടയാളപ്പെടുത്തിയ എത്രയെത്ര കഥാപാത്രങ്ങള്‍. ബിഗ് സ്‌ക്രീനിന് പുറത്ത് തലമുറകളെ പ്രചോദിപ്പിക്കുന്ന സ്‌റ്റൈല്‍ ഐക്കണായി നിലകൊള്ളുമ്പോള്‍ പ്രായം റിവേഴ്‌സ് ഗിയറിലിട്ട നടന്‍. അവിടെനിന്ന് വീണ്ടും പരകായപ്രവേശത്തിന്റെ കാഴ്ചകളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോയ കാഴ്ചകള്‍.

Tags:    

Similar News