'കവര്‍ച്ച' നടന്ന് ഒരു ദിവസത്തിന് ശേഷം നല്‍കിയ പരാതിയില്‍ സംശയം; ബൈക്കില്‍ രണ്ടു പേര്‍ ചാക്കുകെട്ടുമായി പോകുന്ന സിസിടിവിദൃശ്യം തെളിവായി; മോഷണം അഭിനയിക്കാന്‍ 90,000 രൂപ 'ക്വട്ടേഷന്‍'; റഹീസിന്റെ കവര്‍ച്ചാ നാടകം ഭാര്യാ പിതാവ് ഏല്‍പ്പിച്ച 40 ലക്ഷം മടക്കി നല്‍കാതിരിക്കാന്‍
റഹീസിന്റെ കവര്‍ച്ചാ നാടകം ഭാര്യാ പിതാവ് ഏല്‍പ്പിച്ച 40 ലക്ഷം മടക്കി നല്‍കാതിരിക്കാന്‍
മാവൂര്‍: കോഴിക്കോട് പൂവാട്ടുപറമ്പില്‍ ഭാര്യപിതാവിന്റെ 40 ലക്ഷം രൂപ സ്വന്തമാക്കാന്‍ കവര്‍ച്ചാ നാടകത്തിന് പരാതിക്കാരന്‍ റഹീസ് നല്‍കിയത് 90,000 രൂപയുടെ ക്വട്ടേഷന്‍. മറ്റൊരാളെ ഏല്‍പ്പിക്കുന്നതിനായി റഹീസിന്റെ ഭാര്യാപിതാവ് 40 ലക്ഷം രൂപ ഏല്‍പ്പിച്ചിരുന്നു. ഈ പണം ഇയാളുടെ കയ്യില്‍നിന്ന് ചെലവായിപ്പോയെന്നും ഇത് മറച്ചുവയ്ക്കാനാണ് കവര്‍ച്ചാനാടകം നടത്തിയതെന്നുമാണ് ലഭിക്കുന്ന വിവരം. പോലീസിന്റെ അന്വേഷണത്തില്‍ കവര്‍ച്ചാ നാടകം പൊളിയുകയായിരുന്നു. പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും വ്യാജപരാതി നല്‍കിയതിനും റഹീസിനും രണ്ട് സൃഹൃത്തുക്കളായ ജംഷി, സാജിദ് എന്നിവര്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്.
ആനക്കുഴിക്കര മാരിക്കോളനി നിലം റഹീസാണ് മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെ റഹീസ് ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കാറിന്റെ ഗ്ലാസ് തകര്‍ത്താണ് പണം കവര്‍ന്നതെന്നായിരുന്നു പരാതി. ഡിക്കിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സൂക്ഷിച്ച 40 ലക്ഷം രൂപയും ബോണറ്റില്‍ സൂക്ഷിച്ചിരുന്ന 25,000 രൂപയും നഷ്ടപ്പെട്ടതായാണ് പരാതിയിലുണ്ടായിരുന്നത്. പരാതി ലഭിച്ചതിനു പിന്നാലെ റഹീസിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു.
റഹീസിന്റെ മറുപടിയില്‍ സംശയം തോന്നിയ പൊലീസ് പണത്തിന്റെ ഉറവിടം സംബന്ധിച്ച് ചോദിച്ചെങ്കിലും കൃത്യമായ ഉത്തരം ലഭിച്ചില്ല. ബൈക്കില്‍ എത്തിയ രണ്ടു പേര്‍ ചാക്കുകെട്ടുമായി പോകുന്ന സിസിടിവിദൃശ്യം അന്വേഷണത്തിനിടെ ലഭിച്ചിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റഹീസിനുള്‍പ്പെടെ കവര്‍ച്ചയില്‍ പങ്കുണ്ടെന്ന് വ്യക്തമായത്.
ബൈക്കിലെത്തിയവര്‍ മോഷ്ടിച്ചത് കാലി പെട്ടിയാണെന്നും പൊലീസ് കണ്ടെത്തി. ഭാര്യാ പിതാവും ചില സുഹൃത്തുക്കളും നല്‍കിയ തുകയാണ് ഇതെന്ന് റഹീസ് നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നു. ഭാര്യാ പിതാവ് ഏല്‍പ്പിച്ച തുക മടക്കി നല്‍കാതിരിക്കാനാണ് റഹീസ് കവര്‍ച്ചാ നാടകം കളിച്ചതെന്നാണ് പൊലീസ് നിഗമനം. മോഷണം അഭിനയിക്കാന്‍ 90,000 രൂപ ക്വട്ടേഷന്‍ തുകയായി സംഘാംഗങ്ങളായ ജംഷീദ്, സാജിദ് എന്നിവര്‍ക്കു നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
മോഷണം അഭിനയിച്ച ക്വട്ടേഷന്‍ സംഘം
ബുധനാഴ്ചയാണ് കോഴിക്കോട് പൂവാട്ടുപറമ്പില്‍ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറില്‍നിന്ന് 40.25 ലക്ഷം രൂപ കവര്‍ന്നുവെന്ന് റഹീസ് മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കിയത്. കാറിന്റെ ഗ്ലാസ് തകര്‍ത്താണ് പണം കവര്‍ന്നതെന്നും ഡിക്കിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സൂക്ഷിച്ച 40 ലക്ഷം രൂപയാണ് നഷ്ടമായതെന്നുമാണ് റഹീസ് പറഞ്ഞത്. ബോണറ്റില്‍ സൂക്ഷിച്ചിരുന്ന 25,000 രൂപ നഷ്ടപ്പെട്ടതായും പരാതിയിലുണ്ടായിരുന്നു.
പരാതി ലഭിച്ചതിന് പിന്നാലെ റഹീസിനെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. പണത്തിന്റെ ഉറവിടം സംബന്ധിച്ചോ ഇത് എങ്ങനെ കാറിലെത്തി എന്നതിനെക്കുറിച്ചോ കൃത്യമായ വിവരങ്ങള്‍ പരാതിക്കാരന്‍ പോലീസിന് നല്‍കിയിരുന്നില്ല. പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുചക്ര വാഹനത്തില്‍ എത്തിയ രണ്ടുപേര്‍ ചാക്കുകെട്ടുമായി പോകുന്ന സിസിടിവിദൃശ്യം ലഭിച്ചിരുന്നു.
സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് റഹീസ് പോലീസില്‍ പരാതി നല്‍കിയത്. ഇതാണ് പോലീസിന് ആദ്യം സംശയമുണ്ടാക്കിയത്. കാറില്‍നിന്ന് ചാക്കുകെട്ട് എടുത്തുകൊണ്ടുപോയ രണ്ടംഗ സംഘത്തെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇവര്‍ റഹീസിന്റെ സുഹൃത്തുക്കളാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പരാതി വ്യാജമെന്ന് പോലീസ് സ്ഥിരീകരിച്ചത്.
പണത്തിന്റെ ഉറവിടം സംബന്ധിച്ച ചില രേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും അതിന്റെ നിജസ്ഥിതി പരിശോധിക്കുമെന്നും എ.സി.പി. എ. ഉമേഷ് പറഞ്ഞു. 'അതിന് ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കും. വണ്ടില്‍ പണം ഉണ്ടായിരുന്നില്ല. ഒരു രൂപ പോലും ഉണ്ടായിരുന്നില്ല. എടുത്തുകൊണ്ടുപോയത് ഡമ്മിയാണ്. ചാക്കില്‍പണം ഉണ്ടായിരുന്നില്ല. അത് ദൃശ്യങ്ങള്‍ കണ്ടാലറിയാം. അവരുടേത് കൃത്യമായ പ്ലാനിങ്ങായിരുന്നു. ഞങ്ങള്‍ അതില്‍ കൃത്യമായി അന്വേഷിച്ചു.'- ഉമേഷ് കൂട്ടിച്ചേര്‍ത്തു.