രണ്ട് വര്‍ഷമായിട്ടും അണയാതെ കലാപം; ജീവന്‍ നഷ്ടമായത് 250ലേറെ പേര്‍ക്ക്; വിമര്‍ശന കൊടുങ്കാറ്റിലും അധികാരത്തില്‍ കടിച്ചുതൂങ്ങി ബിരേന്‍ സിങ്; ഒടുവില്‍ അവിശ്വാസ പ്രമേയം ഭയന്ന് പടിയിറക്കം; മണിപ്പൂരില്‍ രാഷ്രപതിഭരണം ഏര്‍പ്പെടുത്തിയേക്കും; നിയമസഭ മരവിപ്പിച്ചു; ഗവര്‍ണര്‍ ഡല്‍ഹിയിലേക്ക്
മണിപ്പൂരില്‍ രാഷ്രപതിഭരണം ഏര്‍പ്പെടുത്തിയേക്കും
ഇംഫാല്‍: തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ തന്റെ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെ അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രി ബീരേന്‍ സിംഗ് രാജിവച്ചത്. അവിശ്വാസ പ്രമേയത്തിനു നോട്ടിസ് ലഭിച്ചതിനു പിന്നാലെ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചെങ്കിലും ഭൂരിഭാഗം പേരും വിട്ടുനിന്നതോടെ ബിജെപി കേന്ദ്ര നേതൃത്വം അപകടം മനസിലാക്കി ബീരേന്‍ സിംഗിനോട് പദവി ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. ബിരേന്‍ സിങിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹിയിലേക്കു വിളിപ്പിച്ചിരുന്നു. കൂടിക്കാഴ്ച്ചയില്‍ രാജി എന്ന ആവശ്യം ഉയര്‍ന്നതോടെ ബിരേന്‍ സിങിനു മുന്നില്‍ മറ്റു വഴികള്‍ അടയുകയായിരുന്നു. രാജി സ്വീകരിച്ചതിനു പിന്നാലെ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല ഡല്‍ഹിയിലേക്കു തിരിച്ചിട്ടുണ്ട്. മണിപ്പുര്‍ നിയമസഭ മരവിപ്പിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താനുള്ള സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഞായറാഴ്ച ഡല്‍ഹിയിലെത്തി കേന്ദ്രമന്ത്രി അമിത് ഷാ, പാര്‍ട്ടി അദ്ധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ബീരേന്‍ സിംഗ് രാജിവച്ചത്. വൈകുന്നേരം ചില മന്ത്രിമാര്‍ക്ക് ഒപ്പം ഗവര്‍ണര്‍ അജയ് ഭല്ലയെ നേരില്‍ക്കണ്ടാണ് രാജി സമര്‍പ്പിച്ചത്. നാളെ സംസ്ഥാന നിയമസഭയില്‍ ബഡ്ജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് സിംഗിന്റെ നീക്കം. തിങ്കളാഴ്ച സഭാ സമ്മേളനം ആരംഭിക്കുന്ന ദിവസം മുഖ്യമന്ത്രിക്കെതിരെ അവിശ്വാസപ്രമേയത്തിനുള്ള നീക്കത്തിലായിരുന്നു കോണ്‍ഗ്രസ്. അതേസമയം, മണിപ്പൂര്‍ ഗവര്‍ണര്‍ നേരിട്ട് ഡല്‍ഹിയിലേക്ക് പോകും. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം അദ്ദേഹം രാഷ്ട്രപതിയെ അറിയിക്കും. ഇതിന് ശേഷമായിരിക്കും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്ന കാര്യങ്ങളിലേക്ക് കടക്കുക.
ഭരണകക്ഷിയില്‍ നിന്നുള്ള 12 എംഎല്‍എമാര്‍ ബീരേന്‍ സിംഗിന്റെ രാജി ആവശ്യം ശക്തമായി ഉന്നയിച്ചുവെന്നും. മുഖ്യമന്ത്രിയെ മാറ്റിയില്ലെങ്കില്‍ രാജിവക്കുമെന്നും ഈ എംഎല്‍എമാര്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മണിപ്പൂരിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ നേതൃമാറ്റം എന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇതു സംബന്ധിച്ച് ഒരു തീരുമാനത്തിലേക്ക് ഇതുവരേയും എത്തിയിരുന്നില്ല. സംസ്ഥാന നിയമസഭയില്‍ തിങ്കളാഴ്ച ബഡ്ജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ബീരേന്‍ സിംഗ് രാജിവച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയെ മാറ്റണം എന്ന ആവശ്യം ഉന്നയിച്ച് മണിപ്പൂരിലെ കുക്കി വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിരവധി തവണ മുമ്പ് കേന്ദ്ര നേതൃത്വത്തെ കണ്ടിരുന്നു. ബജറ്റ് സമ്മേളനം ആരംഭിക്കുമ്പോള്‍ കോണ്‍ഗ്രസ് നാളെ സഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് രാജി. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം കേന്ദ്ര നേതാക്കളും ബീരേന്‍ സിംഗിന്റെ രാജി ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ട സമയത്ത് അത് നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വ്യാപകമായ വിമര്‍ശനം ബീരേന്‍ സിംഗിന് നേരിട്ടിരുന്നു. പിന്നീട് ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കലാപത്തിന്റെ തുടക്കത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്ന് ബീരേന്‍ സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഒരു വിഭാഗം സംസ്ഥാന നേതാക്കളും കേന്ദ്ര നേതാക്കളും എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോഴും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിലെ പ്രബല വിഭാഗത്തിന്റെ പിന്തുണയോടെ ബീരേന്‍ സിംഗ് അധികാരത്തില്‍ തുടരുകയായിരുന്നു.
രണ്ടു വര്‍ഷമായി സംസ്ഥാനത്തു തുടരുന്ന കലാപത്തില്‍ ഇതുവരെ 250ല്‍ അധികം പേര്‍ക്കാണു ജീവന്‍ നഷ്ടമായത്. സംസ്ഥാനത്ത് ആക്രമണങ്ങളും വംശീയ സംഘര്‍ഷവും വര്‍ധിച്ചെങ്കിലും ഇതിനു തടയിടാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ബിരേന്‍ സിങ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്ന് ആരോപിച്ചത് ബിജെപിയിലെ തന്നെ കുക്കി വിഭാഗം എംഎല്‍എമാര്‍ ആയിരുന്നു. നിരവധി തവണ ഇക്കാര്യം ഉന്നയിച്ച് അവര്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ കണ്ടെങ്കിലും ബിരേന്‍ സിങിന് മുഖ്യമന്ത്രി പദത്തില്‍ കൂടുതല്‍ സമയം നല്‍കി.
ഇതിനു പിന്നാലെയായിരുന്നു നവംബറില്‍ നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്‍ഡിഎ വിട്ടത്. വംശീയ കലാപത്തിനുശേഷം സംസ്ഥാനം തുടര്‍ച്ചയായ അക്രമത്തിലേക്കു വഴിമാറുന്നുവെന്നും ഇതു തടയുന്നതില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നും ആരോപിച്ചായിരുന്നു എന്‍പിപി ബിജെപിയ്ക്കുള്ള പിന്തുണ പിന്‍വലിച്ചത്. സംസ്ഥാന ഭരണത്തെ ബാധിച്ചില്ലെങ്കിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മികച്ച ജനപിന്തുണയുള്ള എന്‍പിപി എന്‍ഡിഎ വിട്ടത് ബിജെപിക്ക് തിരിച്ചടിയായിരുന്നു. പിന്നാലെ സഖ്യകക്ഷിയായ ജെഡിയുവും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്കുള്ള പിന്തുണ പിന്‍വലിച്ചു. ഇതോടെയാണു ബിജെപി കേന്ദ്രനേതൃത്വം ബിരേന്‍ സിങ് മുഖ്യമന്ത്രിയായി തുടരുന്നതില്‍ പുനരാലോചന നടത്തിയത്.
ഭീഷണി മുഴക്കിയെന്നും പരാതി
തങ്ങളുടെ എംഎല്‍എമാര്‍ക്കെതിരെ ബിരേന്‍ സിങ് ഭീഷണി മുഴക്കിയതായി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. നിയമസഭയില്‍ അവിശ്വാസം പ്രമേയം അവതരിപ്പിച്ചാല്‍ ജനം കോണ്‍ഗ്രസ് അംഗങ്ങളെ പിന്തുടരുമെന്നും അവരെ ജീവിക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു ബിരേന്‍ സിങിന്റെ ഭീഷണിയെന്ന് കോണ്‍ഗ്രസ് നേതാവ് ഇബോബി സിങ് ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയെ സന്ദര്‍ശിച്ചു പരാതി നല്‍കിയിരുന്നു.
എന്‍.പി.പിയുടെ പിന്മാറ്റം നിര്‍ണായകമായി
മണിപ്പൂരിലെ ക്രമസമാധാന സാഹചര്യങ്ങളില്‍ അതീവ ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ടാണ് കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി സര്‍ക്കാരിനുള്ള പിന്തുണ നേരത്തെ പിന്‍വലിച്ചത്. സംസ്ഥാന സര്‍ക്കാര്‍ വംശീയ കലാപം നിയന്ത്രിക്കുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയ്ക്ക് അയച്ച ഔദ്യോഗിക കത്തില്‍ എന്‍.പി.പി തുറന്നടിച്ചിരുന്നു. സഖ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി ആയിരുന്നു എന്‍.പി.പി. ഏഴ് എല്‍.എല്‍.എമാരാണ് പാര്‍ട്ടിക്കുള്ളത്. സംസ്ഥാനത്തെ സംഘര്‍ഷാവസ്ഥ നിയന്ത്രിക്കുന്നതില്‍ ബീരേന്‍ സിങ് സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാരോപിച്ചായിരുന്നു സഖ്യത്തില്‍നിന്നുള്ള പിന്മാറ്റം.
അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമം
മണിപ്പുരില്‍ നിരവധിപേര്‍ കൊല്ലപ്പെടാനിടയായ കലാപത്തിന് പിന്നില്‍ രാജ്യത്തിന് പുറത്തുള്ള ശക്തികളാകാം എന്നാണ് ബീരേന്‍ സിങ് ഒരിക്കല്‍ ആരോപിച്ചത്. കലാപം അടിച്ചമര്‍ത്താന്‍ കഴിയാത്തതിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നതിനിടെ ആയിരുന്നു പരാമര്‍ശം. 'മ്യാന്മറുമായി മണിപ്പുര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. ചൈനയും സമീപത്തുണ്ട്. അതിര്‍ത്തിയിലെ 398 കിലോമീറ്ററോളം കാവല്‍ ഏര്‍പ്പെടുത്തിയിട്ടില്ലാത്ത പ്രദേശമാണ്. അതിര്‍ത്തിയില്‍ സുരക്ഷാസേനയുടെ സാന്നിധ്യമുണ്ടെങ്കിലും അതിവിശാലമായ പ്രദേശം മുഴുവനും അവര്‍ക്ക് നിരീക്ഷിക്കാന്‍ കഴിയില്ല. അതിനാല്‍ സംഭവങ്ങള്‍ക്ക് പിന്നില്‍ രാജ്യത്തിന് പുറത്തുള്ള ശക്തികളുടെ പങ്ക് തള്ളിക്കളയാനോ സ്ഥിരീകരിക്കാനോ കഴിയാത്ത സാഹചര്യമാണ്'- ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അക്രമ സംഭവങ്ങള്‍ ആസൂത്രിതമാണെന്നാണ് തോന്നുന്നതെന്നും എന്നാല്‍ അതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും പറഞ്ഞിരുന്നു.
ഇത്രയുംകാലം മണിപ്പുരിലെ ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമാണെന്ന് അദ്ദേഹം ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയ്ക്ക് കൈമാറിയ രാജിക്കത്തില്‍ പറയുന്നു. വികസന പ്രവര്‍ത്തനങ്ങളിലും വിവിധ പദ്ധതികളുടെ നടത്തിപ്പിലും മണിപ്പൂരിലെ ഓരോ വ്യക്തികളുടെയും താത്പര്യം സംരക്ഷിക്കുന്നതിലും കൃത്യ സമയത്ത് നടത്തിയ ഇടപെടലുകള്‍ക്ക് രാജിക്കത്തില്‍ അദ്ദേഹം കേന്ദ്ര സര്‍ക്കാരിന് നന്ദി പറഞ്ഞിട്ടുണ്ട്. ബീരേന്‍ സിങ്ങിന്റെ രാജിയോടെ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനീള്ള നീക്കം ശക്തമാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
മാപ്പുപറച്ചിലും ഫലം കണ്ടില്ല
അക്രമ സംഭവങ്ങളില്‍ ഖേദമുണ്ടെന്നും ജനങ്ങളോട് മാപ്പു പറയാന്‍ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കിക്കൊണ്ട് ബീരേന്‍ സിങ് നേരത്തെ രംഗത്തെത്തിയിരുന്നു. അദ്ദേഹം അന്ന് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ: 'കഴിഞ്ഞ മേയ് മൂന്ന് മുതല്‍ ഇന്നുവരെ സംഭവിക്കുന്ന കാര്യങ്ങളില്‍ ഖേദമുണ്ട്. ക്ഷമാപണം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിരവധിയാളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. പലര്‍ക്കും അവരുടെ വീടുകള്‍ വിടേണ്ടി വന്നു. ശരിക്കും ഖേദമുണ്ട്. ക്ഷമ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. സമാധാനത്തിലേക്കുള്ള കഴിഞ്ഞ മൂന്ന് നാല് മാസത്തെ പുരോഗതി കാണുമ്പോള്‍, പുതിയ വര്‍ഷത്തില്‍ സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനും സമാധാനം പുനഃസ്ഥാപിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സംഭവിച്ചതെല്ലാം സംഭവിച്ചു. പഴയ തെറ്റുകള്‍ മറന്ന് ഒരു പുതിയ ജീവിതം ആരംഭിക്കേണ്ടതുണ്ട്. ശാന്തവും സമ്പന്നവുമായ മണിപ്പൂര്‍. നാമെല്ലാം ഒന്നിച്ച് ജീവിക്കണം.'
അണയാതെ കലാപം, രാജ്യത്തെ നടുക്കിയ ദൃശ്യങ്ങള്‍
മെയ്ത്തി വിഭാഗത്തിലുള്ളവരെ പട്ടികവര്‍ഗത്തില്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ച മണിപ്പുര്‍ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നുള്ള പ്രക്ഷോഭമാണ് സംസ്ഥാനത്തെ വംശീയ കലാപത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തില്‍ ഇതുവരെ 250-ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. കലാപത്തിനിടെ സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിന്റെ വീഡിയോദൃശ്യം പുറത്തുവന്നതോടെ വന്‍ പ്രതിഷേധമാണ് രാജ്യമെങ്ങും ഉയര്‍ന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുക്കുകയും ഉടമ അറസ്റ്റിലാകുകയും ചെയ്തിരുന്നു. കേസ് അന്വേഷണം പിന്നീട് സിബിഐ ഏറ്റെടുത്തു.
രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം അവരെ അക്രമികള്‍ നഗ്‌നരാക്കി നടത്തുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നതോടെയാണ് മണിപ്പുര്‍ കലാപത്തിന്റെ ഭീകരത പുറംലോകത്ത് എത്തുന്നത്. 2023 മെയ് മാസത്തില്‍ തുടങ്ങിയ കലാപം ഒരു വര്‍ഷത്തിനുശേഷവും കെട്ടടങ്ങിയില്ല. 250 ലധികംപേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനുപേര്‍ ഭവന രഹിതരാകുകയും ചെയ്തു. നൂറുകണക്കിന് പേര്‍ക്കാണ് പരിക്കേറ്റത്. കലാപത്തിന്റെ പേരില്‍ രൂക്ഷ വിമര്‍ശനം നേരിടേണ്ടിവന്ന ബീരേന്‍ സിങ്ങിനാണ് അധികാരത്തില്‍ ഏറെക്കാലം കടിച്ചുതൂങ്ങി നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ രാജിവെക്കേണ്ടിവന്നത്.
കലാപത്തിനിടെ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളെ അതിശക്തമായി അപലപിച്ച സുപ്രീം കോടതി സര്‍ക്കാരിനെതിരെ അന്ന് രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. കലാപകാരികള്‍ക്ക് സ്ത്രീകളെ 'വിട്ടുകൊടുത്ത' പോലീസിനെ തുടരന്വേഷണം ഏല്‍പ്പിക്കാന്‍ താത്പര്യമില്ലെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വീഡിയോയില്‍ കണ്ടത് 'ഭീകര' ദൃശ്യങ്ങളാണെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും വ്യാപകമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. കലാപകാരികള്‍ സ്ത്രീകളെ നഗ്‌നരാക്കി വഴിനടത്തിയശേഷം ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പരാതി ലഭിച്ച് 14 ദിവസത്തിനുശേഷമാണ് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ഇത്രയും ദിവസം പോലീസ് എന്തുചെയ്യുകയായിരുന്നെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു.
കലാപത്തിനിടെ മണിപ്പുര്‍ പോലീസിന്റെ ആയുധശാലയില്‍നിന്ന് വന്‍തോതില്‍ അപഹരിക്കപ്പെട്ടത് തോക്കുകളും വെടിയുണ്ടകളും അടക്കമുള്ള ആയുധങ്ങള്‍. ബിഷ്ണുപുര്‍ ജില്ലയിലുള്ള ഇന്ത്യ റിസര്‍വ് ബെറ്റാലിയന്‍ (ഐ.ആര്‍.ബി) ആസ്ഥാനത്തേക്ക് അതിക്രമിച്ചുകടന്ന ജനക്കൂട്ടം എ.കെ 47 തോക്കുകള്‍ അടക്കമുള്ള നിരവധി ആയുധങ്ങളും 19,000 വെടിയുണ്ടകളും അപഹരിച്ചവെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. എ.കെ 47 തോക്കുകള്‍, ചേതക് റൈഫിളുകള്‍ പിസ്റ്റളുകള്‍ എന്നിവയ്ക്ക് പുറമെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ഗ്രനേഡുകളും അടക്കമുള്ളവ അപഹരിക്കപ്പെട്ടു എന്നായിരുന്നു വെളിപ്പെടുത്തല്‍.
ഈ ആയുധങ്ങളുമായാണ് അക്രമികള്‍ ഗ്രാമങ്ങള്‍ ആക്രമിച്ചത്. രണ്ട് സ്ത്രീകളെ പീഡിപ്പിക്കുകയും നഗ്നരാക്കി നടത്തുകയും ചെയ്ത സംഭവത്തിനുമുമ്പും സുരക്ഷാ സേനകളില്‍നിന്ന് കവര്‍ന്ന ആയുധങ്ങളുമായി അക്രമികള്‍ തങ്ങളുടെ ഗ്രാമം വളഞ്ഞുവെന്ന് ഇരകള്‍ വെളിപ്പെടുത്തിയിരുന്നു. അതിനിടെ സുരക്ഷാ സേനകളില്‍നിന്ന് മോഷ്ടിച്ച ആയുധങ്ങള്‍ എത്രയുംവേഗം തിരിച്ചേല്‍പ്പിക്കണമെന്ന അഭ്യര്‍ഥന അധികൃതര്‍ നടത്തിയിരുന്നു. എന്നാല്‍ വളരെ കുറച്ച് ആയുധങ്ങള്‍ മാത്രമാണ് തിരിച്ചേല്‍പ്പിക്കപ്പെട്ടത്.
ആദ്യം രാജി നാടകം, ഒടുവില്‍ പടിയിറക്കം
ഒരുതവണ രാജിവെക്കാന്‍ അദ്ദേഹം ഒരുങ്ങിയെങ്കിലും നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ അദ്ദേഹം തീരുമാനം മാറ്റി. രാജിക്കത്തുമായി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താനിറങ്ങിയ അദ്ദേഹത്തെ അനുയായികള്‍ തടയുകയും രാജിക്കത്ത് കീറിക്കളയുകയും ചെയ്തിരുന്നു. രാജിവെക്കുമെന്ന അഭ്യൂഹം പ്രചരിച്ചതിന് പിന്നാലെ നൂറുകണക്കിന് സ്ത്രീകള്‍ അടക്കമുള്ളവര്‍ ഇംഫാലിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ തടിച്ചുകൂടുകയും അദ്ദേഹത്തിന് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് രാജിക്കത്ത് കീറുന്നതടക്കമുള്ള സംഭവങ്ങള്‍ അരങ്ങേറിയത്. നടന്നതെല്ലാം നാടകമാണെന്ന വിമര്‍ശനം ഉയര്‍ന്നുവെങ്കിലും അദ്ദേഹം കുലുങ്ങിയില്ല. പിന്നീട് കലാപത്തിന്റെ പേരില്‍ ജനങ്ങളോട് മാപ്പുപറഞ്ഞ് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആ സമയത്തൊന്നും കുലുങ്ങാതിരുന്ന ബീരേന്‍ സിങ് പാര്‍ട്ടിയില്‍നിന്നുതന്നെ എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് ഒടുവില്‍ അധികാരം വിട്ടൊഴിയാന്‍ തയ്യാറാകുന്നത്. സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം വരാനുള്ള സാധ്യതയടക്കം മുന്നില്‍ക്കണ്ടാണ് നീക്കം. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തിവരികയാണെന്ന പ്രഖ്യാപനം നടത്തിയതിന് തൊട്ടടുത്ത ദിവസമാണ് രാജി.