മന്‍മോഹന്‍ സിങിന് വിട നല്‍ക്കാന്‍ രാജ്യം; സംസ്‌ക്കാരം രാവിലെ 11.45ന് യമുനാ തീരത്തെ നിഗംബോധ് ഘട്ടില്‍; സ്മാരകത്തിന് സ്ഥലം വിട്ടു നല്‍കാത്തത് അനാവശ്യ വിവാദമെന്ന് കേന്ദ്രം; സ്മാരകത്തിന് ട്രസ്റ്റ് രൂപീകരിച്ച് സ്ഥലം നല്‍കും; തീരുമാനം യുപിഎ സര്‍ക്കാര്‍ കാലത്തേതെന്ന് വിശദീകരണം
മന്‍മോഹന്‍ സിങിന് വിട നല്‍ക്കാന്‍ രാജ്യം
ന്യൂഡല്‍ഹി: ആധുനിക ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജ്ജം പകര്‍ന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ഇന്ന് രാജ്യം വിടനല്‍കും. പൂര്‍ണ സൈനിക ബഹുമതികളോടെ രാവിലെ 11.45നാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. യമുനാ തീരത്തുള്ള നിഗംബോധ് ഘട്ടിലാണ് സംസ്‌ക്കാരം. അതേസമയം, ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലുള്ള മന്‍മോഹന്‍ സിങിന്റെ മൃതദേഹം രാവിലെ എട്ടിന് എഐസിസി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. ഒന്‍പതര വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും പൊതുജനങ്ങളും അന്തിമോപചാരം അര്‍പ്പിക്കും. ഒന്‍പതരയ്ക്ക് വിലാപയാത്രയായി മൃതദേഹം യമുനാതീരത്തുള്ള നിഗംബോധ് ഘട്ടിലേക്ക് കൊണ്ടുപോകും.
അതേസമയം മന്‍മോഹന്‍ സിംഗിന് സ്മാരകം നിര്‍മ്മിക്കുന്ന സ്ഥലത്ത് തന്നെ സംസ്‌കാരം നടത്തണമെന്നായിരുന്നു കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, സ്മാരകം നിര്‍മ്മിക്കുന്ന സ്ഥലം ഏതെന്ന് അടുത്തയാഴ്ച അറിയിക്കാമെന്നാണ് കേന്ദ്രം അറിയിച്ചത്. കേന്ദ്രത്തിന്റെ നടപടിയില്‍ കോണ്‍ഗ്രസ് കടുത്ത അതൃപ്തി അറിയിച്ചിരുന്നു.
സംഭവം വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നിട്ടുണ്ട്. മന്‍മോഹന്‍ സിങിന് സ്മാരകത്തിന് സ്ഥലം നല്‍കുമെന്നും ഒരു ട്രസ്റ്റ് രൂപീകരിച്ചശേഷം ഇത് കൈമാറുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ട്രസ്റ്റ് രൂപീകരിച്ച് കൈമാറേണ്ട നടപടികളുള്ളതിനാലാണ് ഇപ്പോള്‍ യമുനാതീരത്തുള്ള നിഗംബോധ് ഘട്ടില്‍ മന്‍മോഹന്‍ സിങിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഉയരുന്നത് അനാവശ്യ വിവാദമാണ്. സ്മാരകങ്ങള്‍ക്ക് സ്ഥലം നല്‍കേണ്ടതില്ല എന്ന് തീരുമാനിച്ചത് യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്നും കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചു.
മന്‍മോഹന്‍സിങിന്റെ സ്മാരകത്തിന് സ്ഥലം നല്‍ക്കാത്തതില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്.സര്‍ക്കാര്‍ രാഷ്ട്രീയ വിവേചനം കാണിക്കുന്നു എന്ന് കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിംഗ് ബാജ്വ ആരോപിച്ചിരുന്നു. പഞ്ചാബിന്റെ പുത്രന് ഉചിതമായ സ്മാരകം പണിയണമെന്നും ബാജ്വ ആവശ്യപ്പെട്ടു. സ്മാരകത്തിനുള്ള സ്ഥലത്ത് സംസ്‌കാരം നടത്തണം എന്ന കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കാത്തത് ഞെട്ടിപ്പിക്കുന്നുവെന്ന് അകാലിദള്‍ നേതാവ് സുഖ്ബീര്‍ ബാദല്‍ പറഞ്ഞിരുന്നു.
ആദ്യ സിഖ് പ്രധാനമന്ത്രിയെ സര്‍ക്കാര്‍ അപമാനിച്ചു എന്നായിരുന്നു ജയറാം രമേശിന്റെ ആരോപണം. സ്മാരകത്തിനുള്ള സ്ഥലം പിന്നീട് നല്‍കാം എന്നാണ് സര്‍ക്കാര്‍ കുടുംബത്തെ അറിയിച്ചത്. രാഷ്ട്ര നേതാക്കളുടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനുള്ള പ്രത്യേക ഇടത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നിലപാട് വേദനാജനകമെന്ന് കെസി വേണുഗോപാല്‍ പ്രതികരിച്ചു. സ്മാരകത്തിനുള്ള സ്ഥലത്ത് തന്നെ സംസ്‌കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ കത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പുറത്തുവിട്ടിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിംഗ് ബാജ്വയും രംഗത്ത് വന്നു. പഞ്ചാബിന്റെ പുത്രന് ഉചിതമായ സ്മാരകം പണിയണമെന്ന് ബാജ്വ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച ഡല്‍ഹി മോത്തിലാല്‍ നെഹ്റു മാര്‍ഗിലെ മൂന്നാം നമ്പര്‍ വസതിയില്‍ ആദരാഞ്ജലിയര്‍പ്പിക്കാന്‍ രാഷ്ട്രപ്രതി ദ്രൗപതി മുര്‍മുവും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെത്തി. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റുമന്ത്രിമാര്‍, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. ലോകനേതാക്കളും മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.