കനകം, കാമിനി, കലഹം! ട്രംപിനെ കാത്ത് സ്റ്റോമി ഡാനിയല്‍സ് കേസ് അടക്കം നിരവധി കേസുകള്‍; കുറ്റപത്രം നേരിടുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റ്; അധികാരത്തിലിരിക്കെ രണ്ടുതവണ ഇംപീച്ച്മെന്റ് നടപടികള്‍ നേരിട്ടു; ഹോളിവുഡ് ത്രില്ലര്‍പോലെ ട്രംപിന്റെ ദിനങ്ങള്‍ ഇനിയും സംഭവബഹുലം

ട്രംപിനെ കാത്ത് സ്റ്റോമി ഡാനിയന്‍സ് കേസ് അടക്കം നിരവധി കേസുകള്‍

Update: 2024-11-06 17:04 GMT

വസാനനിമഷം വരെ സസ്പെന്‍സുകള്‍ ഒളിപ്പിച്ചുവെച്ച, ട്വിസ്റ്റുകള്‍ ഏറെയുള്ള ഒരു ത്രില്ലര്‍ ഹോളിവുഡ് സിനിമ പോലെയാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ജീവിതം. കഴിഞ്ഞ മാര്‍ച്ചില്‍ ഒരുപോലെ പ്രചാരണം വന്നത്, സ്റ്റോമി ഡാനിയന്‍സ് കേസ് അടക്കമുള്ളവയില്‍ കുടുങ്ങി ട്രംപ് ജയിലില്‍ ആവുമെന്നും, ഇനി ഒരിക്കലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല എന്നുമാണ്. പക്ഷേ 8 മാസത്തിനുശേഷം നവംബറിലെ കാര്യം നോക്കുക. എല്ലാ പ്രതിബന്ധങ്ങളും അതിജീവിച്ച് അയവള്‍ അമേരിക്കന്‍ പ്രസിഡന്റാവുന്നു. അതും 78-ാമത്തെ വയസ്സില്‍.

'ട്രംപിനെ കുറിച്ച് എന്തെങ്കിലും പ്രവചിക്കാനാവുമെങ്കില്‍, അത് അയാള്‍ പ്രവചനാതീതനാണെന്ന ഒരൊറ്റ കാര്യമാണത്.'' -നോം ചോംസ്‌കി മുമ്പ് നടത്തിയ ഒരു പ്രസ്താവന ഡോണാള്‍ഡ് ട്രംപ് എന്ന പുതിയ നിയുക്ത യുഎസ് പ്രസിഡന്റിന്റെ കാര്യത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാവുകയാണ്. 130 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്, അമേരിക്ക ഒരിക്കല്‍ തോറ്റ സ്ഥാനാര്‍ത്ഥിയെ വീണ്ടും ജയിപ്പിക്കുന്നത്. അതാണ് ട്രംപ്. ഇനി എല്ലാം കഴിഞ്ഞുവെന്നില്ല. നിരവധി കേസുകളും അപ്പീലുകളും ട്രംപിന്റെ പേരില്‍ കോടതികളിലുണ്ട്. കനകം, കാമിനി, കലഹം എന്ന് ഒറ്റവാക്കില്‍ വിശേഷിപ്പിക്കാവുന്നതാണ് അയാളുടെ ജീവിതം.

രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ്

അധികാരത്തിലിരിക്കെ രണ്ടുതവണ ഇംപീച്ച്മെന്റ് നടപടികള്‍ നേരിടുന്ന യുഎസ് ചരിത്രത്തിലെ ഏക പ്രസിഡന്റായി ട്രംപ് മാറും. രണ്ട് കേസുകളിലും സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. 2019-ല്‍ വീണ്ടും തിരഞ്ഞെടുപ്പിനുള്ള സാധ്യത വര്‍ധിപ്പിക്കാന്‍ ട്രംപ് രഹസ്യമായി യുക്രെയ്നില്‍നിന്ന് സഹായം തേടിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ആദ്യ ഇംപീച്ച്മെന്റ്. 2020- ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിക്കുന്ന മുന്‍നിരക്കാരില്‍ ഒരാളെ അന്വേഷിക്കാന്‍ ട്രംപ് തന്റെ യുക്രെയ്നിയന്‍ എതിരാളി സെലന്‍സ്‌കിയോട് ആവശ്യപ്പെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു. റഷ്യയുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുക്രെയ്‌നിനുള്ള 400 മില്യണ്‍ ഡോളറിന്റെ സൈനിക സഹായം ട്രംപ് മരവിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ജനുവരി ആറിന് യുഎസ് ക്യാപിറ്റലിനു നേരെയുള്ള ആക്രമണത്തിന് പ്രേരിപ്പിച്ചു എന്നാരോപിച്ച്, അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നതിന് ഒരാഴ്ച മുമ്പ്, 2021 ജനുവരി 13 ന് ട്രംപിനെ രണ്ടാം തവണയും ഇംപീച്ച് ചെയ്തു.

ഈ വര്‍ഷമാദ്യം 34 കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട ട്രംപ്, നിയമപരമായ കുറ്റപത്രം നേരിടുന്ന സമയത്ത് അധികാരത്തിലിരിക്കുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റും ആയിരിക്കും. മെയ് മാസത്തില്‍ ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും ഇതുവരെ ശിക്ഷ വിധിച്ചിട്ടില്ല, നവംബര്‍ 26 നാണ് വിചാരണ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.




സ്റ്റോമി ഡാനിയന്‍സ് കേസ് ആണ് ട്രംപിന് ഏറ്റവും നിര്‍ണ്ണായകം. പക്ഷേ കേരളത്തിലടക്കം പ്രചരിക്കുന്നതുപോലെ പരസ്ത്രീബന്ധത്തിന്റെ പേരിലല്ല ട്രംപ് കുടുങ്ങിയത്. സ്റ്റോമിയുമായുള്ള ബന്ധം പുറത്തുവരാതിരിക്കാന്‍ നിയമവിരുദ്ധമായ വഴികളിലൂടെ ശ്രമിച്ചു എന്നതാണ് കുറ്റം. നേരത്തെ ക്ലിന്റണ്‍ - മോണിക്കാലെവിന്‍സ്‌ക്കി വിവാദം നോക്കുക. മോണിക്കയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായിരുന്നില്ല അമേരിക്കക്കാരുടെ പ്രശ്നം. മറിച്ച് തങ്ങളുടെ പ്രസിന്‍ഡറ് കളവ് പറഞ്ഞതില്‍ ആയിരുന്നു. പിന്നീട് സത്യം പറഞ്ഞുകൊണ്ട് ക്ലിന്റന്‍ ഒരു അഭിമുഖം നടത്തി. അതിനുശേഷം നടന്ന അഭിപ്രായ സര്‍വേയില്‍ ക്ലിന്റന്റെ ജനപ്രീതി കുതിച്ച് ഉയരുകയായിരുന്നു. അതാണ് ഇന്ത്യന്‍ ജനതയും അമേരിക്കന്‍ ജനതയും തമ്മിലുള്ള വ്യത്യാസം. അവിടെ ഉഭയസമ്മതപ്രകാരുമുള്ള ലൈംഗിക ബന്ധം ഒരു വിഷയമേ അല്ല.

സ്ത്രീവിഷയത്തില്‍ നിരവധി കേസുകള്‍

2016 -ലെ യുഎസ് തിരഞ്ഞെടുപ്പു സമയത്ത്, ലൈംഗികാരോപണം പുറത്തു പറയാതിരിക്കാനായി പോണ്‍ താരം സ്റ്റോമി ഡാനിയല്‍സിനു പണം നല്‍കിയെന്ന കുറ്റം മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനുമേല്‍ ചാര്‍ത്തപ്പെട്ടിരിക്കുകയാണ്. 1.30 ലക്ഷം യുഎസ് ഡോളര്‍ നല്‍കിയത് ബിസിനസ് ചെലവായി കാണിച്ചതാണ് കുറ്റകരമായത്. 2006- ല്‍ താനും ട്രംപും ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നു ഡാനിയല്‍സ് വെളിപ്പെടുത്തിയിരുന്നു. ട്രംപ് തന്റെ മൂന്നാം ഭാര്യയായ മെലനിയയെ വിവാഹം ചെയ്തത് 2006ലാണ്. സംഭവം നടക്കുമ്പോള്‍ മെലനിയ മകന്‍ ബാരണ്‍ ട്രംപിന് ജന്മം നല്‍കി നാലുമാസം ആയതേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആരോപണം തെറ്റാണെന്നും 'വ്യാജമായ ആരോപണങ്ങള്‍' അവസാനിപ്പിക്കാനാണു പണം നല്‍കിയതെന്നുമാണു ട്രംപിന്റെ അവകാശവാദം.

ഇത് ഒരു ഒറ്റപ്പെട്ട സംഭവം ആയിരുന്നില്ല. സ്ത്രീകളുമായി ബന്ധം പുലര്‍ത്തുന്നതില്‍ ഡോണള്‍ഡ് ട്രംപ് കാസനോവയുെട പിന്‍ഗാമിയായിട്ട് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2017ല്‍ 22 സ്ത്രീകളാണ് ട്രംപിനെതിരെ രംഗത്തെത്തിയത്. സ്ത്രീകളോടുള്ള ട്രംപിന്റെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട് പല റിക്കാര്‍ഡിങ്ങുകളും ഇതിനു പിന്നാലെ പുറത്തുവന്നു. 1970 മുതല്‍ 2013 വരെയുള്ള കാലഘട്ടത്തില്‍ ട്രംപ് ബന്ധം പുലര്‍ത്തിയിരുന്ന സ്ത്രീകളാണ് ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയത്. വെളിപ്പെടുത്താത്തവര്‍ നിരവധിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പലതും നിഷേധിക്കാന്‍ ട്രംപ് തയാറായതുമില്ല.

പൊതുവേദികളിലും മറ്റും സ്ത്രീകളെക്കുറിച്ച് വളരെ മോശമായി സംസാരിക്കുന്നതിന് ട്രംപ് യാതൊരു മടിയും കാണിച്ചതുമില്ല. സ്റ്റോമി ഡാനിയലിനെ 'ഹോഴ്‌സ് ഫെയ്സ്' എന്നാണ് വിശേഷിപ്പിച്ചത്. ഭര്‍ത്താവിനെ തൃപ്തിപ്പെടുത്താന്‍ സാധിക്കില്ലെങ്കില്‍ എങ്ങനെയാണ് അമേരിക്കയെ തൃപ്തിപ്പെടുത്താന്‍ സാധിക്കുക എന്നാണ് തനിക്കെതിരെ മത്സരിച്ച ഹിലരി ക്ലിന്റെനെക്കുറിച്ച് ട്രംപ് ഒരിക്കല്‍ പറഞ്ഞത്. ഹിലരി ക്ലിന്റന്റെ ഭര്‍ത്താവായിരുന്ന ബില്‍ ക്ലിന്റന് വൈറ്റ് ഹൗസ് ജീവനക്കാരിയായിരുന്ന മോണിക്ക ലെവിന്‍സ്‌കിയുമായുള്ള ബന്ധം മുന്‍നിര്‍ത്തിയായിരുന്നു ഈ പ്രസ്താവന. 'വൃത്തികെട്ട സ്ത്രീ' എന്നുതുടങ്ങി വളരെ മോശം വാക്കുകളും ഹിലരിക്കെതിരെ ട്രംപ് പ്രയോഗിച്ചു.




മകളായിരുന്ന ഇവാന്‍കയെപ്പോലും ട്രംപ് വെറുതെ വിട്ടില്ല. 'അവള്‍ അതിസുന്ദരിയാണ്. തന്റെ മകള്‍ അല്ലായിരുന്നെങ്കില്‍ അവളുമായി ഡേറ്റിങ്ങിന് ശ്രമിച്ചേനെ'യെന്നു വരെ ട്രംപ് പറഞ്ഞുകളഞ്ഞു. ട്രംപിന് സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും വളരെ വ്യത്യസ്തമാണ്. 'എല്ലാക്കാലത്തും സ്ത്രീകള്‍ക്ക് വളരെ പ്രാധാന്യമുണ്ടായിരുന്നു. വളരെ നന്നായി പെരുമാറുകയും അവര്‍ അത്യാവശ്യമാണെന്ന് തോന്നിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഉള്ളിന്റെ ഉള്ളില്‍ അവര്‍ കൊലയാളികളാണ്. സ്ത്രീകള്‍ ശരീരം ഉപയോഗിച്ച് പുരുഷന്‍മാരെ ചൂഷണം ചെയ്യുന്നത് തനിക്കറിയാം''- എന്നാണ് ട്രംപ് ഒരിക്കല്‍ പറഞ്ഞത്. മാര്‍ല മേപ്പിള്‍സ്, ഇവാന ട്രംപ്, മെലനിയ ട്രംപ് എന്നിങ്ങനെ മൂന്ന് സ്ത്രീകളെയാണ് ട്രംപ് വിവാഹം ചെയ്തത്.


ആരാണ് സ്റ്റോമി ഡാനിയല്‍സ്?

ലൂസിയാനയിലെ ബാറ്റണ്‍ റോഗില്‍നിന്നുള്ള നാല്‍പത്തിനാലുകാരിയാണ് സ്റ്റോമി ഡാനിയല്‍സ്. യഥാര്‍ഥ പേര് സ്റ്റെഫാനി ക്ലിഫോര്‍ഡ്. അശ്ലീല ചിത്ര വ്യവസായ രംഗത്ത് രണ്ടു പതിറ്റാണ്ടിലേറെയായി പ്രശസ്തയാണ് ഇവര്‍. നിരവധി അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കുകയും അവ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. അമേരിക്കന്‍ സംഗീതജ്ഞന്‍ നിക്കി സിക്സിന്റെ മകളുടെ പേരായ സ്റ്റോം, യുഎസ് വിസ്‌കിയായ ജാക്ക് ഡാനിയല്‍സ് എന്നിവയില്‍നിന്നാണ് ഇവര്‍ പേര് കണ്ടെത്തിയത്. 2010-ല്‍ ലൂസിയാനയില്‍നിന്ന് യുഎസ് സെനറ്റിലേക്കു മത്സരിക്കാന്‍ ഒരുങ്ങിയെങ്കിലും പിന്തുണയില്ലെന്ന് കണ്ട് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു.

2006 ജൂലൈയില്‍ ലേക്ക് ടാഹോയില്‍ സെലിബ്രിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റിനിടെയാണ് ട്രംപിനെ പരിചയപ്പെട്ടതെന്നു ഡാനിയല്‍സ് പറയുന്നു. 2018- ല്‍ പുറത്തിറങ്ങിയ സിബിഎസ് ഷോ '60 മിനിറ്റ്സ്' എന്ന പരിപാടിയില്‍ ഡാനിയല്‍സ് പറയുന്നത് ഇങ്ങനെ പരിചയപ്പെട്ടതിനു പിന്നാലെ അത്താഴവിരുന്നിനു ട്രംപ് ക്ഷണിക്കുകയായിരുന്നു. ട്രംപിന്റെ ഹോട്ടല്‍ സ്യൂട്ടില്‍ വച്ചായിരുന്നു അത്താഴം. അവിടെവച്ച് ട്രംപ് സ്വന്തം ഫോട്ടോ കവര്‍ ചിത്രമായി പുറത്തിറങ്ങിയ ഗോള്‍ഫ് മാഗസിന്റെ ഒരു കോപ്പി കാണിക്കുകയും ചെയ്തു. പിന്നീടു തിരിഞ്ഞുനിന്ന് പൈജാമ പാന്റ്സ് കുറച്ച് അഴിച്ചു. ഉള്‍വസ്ത്രം ഉള്‍പ്പെടെ കാണാമായിരുന്നു.




പിന്നീട് ട്രംപ് എന്നെക്കുറിച്ച് ചോദിച്ചു. അദ്ദേഹത്തിന്റെ ടിവി ഷോ ആയ 'സെലിബ്രിറ്റി അപ്രന്റീസി'ല്‍ വരാന്‍ താല്‍പര്യമുണ്ടോയെന്നും ചോദിച്ചു. 'നിങ്ങള്‍ വളരെ സ്പെഷലാണ്. എന്റെ മകളെ ഓര്‍മിപ്പിക്കുന്നു. സുന്ദരിയും സ്മാര്‍ട്ടുമാണ്. അവഗണിക്കാനാകാത്ത വ്യക്തിത്വമാണ്. എനിക്ക് നിങ്ങളെ ഇഷ്ടമാണ്'' എന്നും ട്രംപ് പറഞ്ഞു. ഞാന്‍ ശുചിമുറിയില്‍ പോയി തിരിച്ചെത്തുമ്പോള്‍ ട്രംപ് കട്ടിലിന്റെ അറ്റത്ത് ഇരിക്കുകയായിരുന്നു. അപ്പോഴാണ് യഥാര്‍ഥത്തില്‍ ഏതു സാഹചര്യത്തിലേക്കാണ് ഞാന്‍ എത്തിപ്പെട്ടതെന്ന് എനിക്ക് മനസ്സിലായത്. ഒരാളുടെ മുറിയിലേക്ക് ഒറ്റയ്ക്കു പോകാന്‍ തീരുമാനിക്കുന്നത് തെറ്റായ തീരുമാനമാണെന്ന് ഞാന്‍ കരുതണമായിരുന്നു. പരസ്പര സമ്മതത്തോടെയാണ് ഞങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.

പിറ്റേ വര്‍ഷവും ട്രംപ് പലവട്ടം ഫോണ്‍ ചെയ്തു. 'സെലിബ്രിറ്റി അപ്രന്റീസ്' എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ട്രംപ് ക്ഷണിച്ചതിനെത്തുടര്‍ന്ന് ലൊസാഞ്ചലസിലെ ബവേര്‍ലി ഹില്‍സ് ഹോട്ടലില്‍ 2007 ജൂലൈയില്‍ ചെല്ലേണ്ടിവന്നു. അന്നും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കപ്പെട്ടു. പക്ഷേ, ഞാന്‍ സമ്മതിച്ചില്ല. പിന്നീട് ഒരു മാസത്തിനുശേഷം, പരിപാടിയില്‍ എന്നെ എന്നെ പങ്കെടുപ്പിക്കാനാവില്ലെന്ന് ട്രംപ് ഫോണ്‍ ചെയ്തു പറഞ്ഞു''- അവര്‍ പറയുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍, 2016 ഒക്ടോബര്‍ 28 നാണ് ട്രംപുമായുള്ള ബന്ധം പുറത്തുപറയുന്നതു വിലക്കിയുള്ള നോണ്‍ ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റില്‍ (എന്‍ഡിഎ) ഡാനിയല്‍സ് ഒപ്പുവച്ചതും 1.30 ലക്ഷം യുഎസ് ഡോളര്‍ വാങ്ങി ഒത്തുതീര്‍പ്പിലെത്തിയതും. ഇതുസംബന്ധിച്ച രേഖകള്‍ ലൊസാഞ്ചലസ് ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഡാനിയല്‍സിന്റെ അന്നത്തെ അഭിഭാഷകന്‍ കെയ്ത് ഡേവിഡ്സണ്ണും ട്രംപിന്റെ അഭിഭാഷകന്‍ മൈക്കല്‍ കോഹനും ആണ് എന്‍ഡിഎയില്‍ ഒപ്പുവച്ചത്. ട്രംപിന് ഒപ്പിടാനുള്ള സ്ഥലം ഒഴിച്ചിട്ടെങ്കിലും അദ്ദേഹം ഒപ്പിട്ടില്ല.

2018-ല്‍ വോള്‍ സ്ട്രീറ്റ് ജേണല്‍ ആണ്, ഡാനിയല്‍സിനു ട്രംപ് പണം നല്‍കിയെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. പിന്നാലെ, തന്റെ പണമാണ് ഡാനിയല്‍സിനു നല്‍കിയതെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടില്ലെന്നും കോഹന്‍ പരസ്യമായി വ്യക്തമാക്കി. അതിനെതുടര്‍ന്ന്, എന്‍ഡിഎ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഡാനിയല്‍സ് കേസ് നല്‍കുകയും ചെയ്തു. ഇതാണ് ഒഴിയാബാധയായി ഇപ്പോഴും തുടരുന്നത്. ഇതിന് പുറമെ സാമ്പത്തിക കേസുകള്‍ അടക്കം 34ഓളം കേസുകള്‍ വേറെയുമുണ്ട്. ട്രംപ് പ്രസിഡന്റായിട്ടും ഇതിന്റെ വിചാരണ തുടരുകയാണ്

Tags:    

Similar News