ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ 10 കുടുംബാംഗങ്ങളെ വകവരുത്തിയതോടെ ഭയന്ന മസൂദ് അസ്ഹര്‍ മുഖ്യതാവളമായ ബഹാവല്‍പൂര്‍ വിട്ടു; ആയിരം കിലോമീറ്റര്‍ അകലെ പാക് അധീന കശ്മീരില്‍ കൊടുംഭീകരനെ സ്‌പോട്ട് ചെയ്ത് ഇന്റലിജന്‍സ് ഏജന്‍സികള്‍; ഇന്ത്യയെ തെറ്റിദ്ധരിപ്പിക്കാന്‍ ബഹാവല്‍പൂരിലെ ജയ്‌ഷെ കേന്ദ്രത്തില്‍ നിന്നും തന്ത്രപരമായ നീക്കവും
മസൂദ് അസ്ഹര്‍ പാക് അധീന കശ്മീരില്‍
ന്യൂഡല്‍ഹി: ഇന്ത്യ തേടുന്ന പിടികിട്ടാപ്പുളളി പട്ടികയിലെ കൊടുംഭീകരന്‍ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിനെ പാക് അധീന കശ്മീരില്‍ കണ്ടെത്തി. അസ്ഹറിന്റെ ശക്തികേന്ദ്രമായ ബഹാവല്‍പൂരില്‍ നിന്ന് 1000 കിലോമീറ്റര്‍ അകലെ ഗില്‍ജിത്- ബാള്‍ട്ടിസ്ഥാന്‍ മേഖലയിലാണ് ഇയാളെ കണ്ടതെന്ന് ഇന്റലിജന്‍സ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
സദ്പാര റോഡിലെ സ്‌കാര്‍ദുവാണ് ക്യത്യമായ ലൊക്കേഷന്‍. ഈ പ്രദേശത്ത് രണ്ട് പള്ളികളും അതിനോട് ചേര്‍ന്നുള്ള മദ്രസകളും നിരവധി സര്‍ക്കാര്‍, സ്വകാര്യ ഗസ്റ്റ് ഹൗസുകളും ഉണ്ട്. ആകര്‍ഷകമായ തടാകങ്ങളും പാര്‍ക്കുകളും ഉള്ള ഇവിടെ വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം കൂടിയാണ്. ഇവിടെ അധികം ആരും അറിയാതെ വളരെ ഒതുങ്ങിയ ജീവിതമാണ് മസൂദ് അസ്ഹര്‍ നയിക്കുന്നത്.
അടുത്തിടെ, പാക്കിസ്ഥാന്റെ മുന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ അസ്ഹര്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടെന്ന് അവകാശപ്പെട്ടിരുന്നു. പാക് മണ്ണില്‍ ഈ ഭീകരനെ കണ്ടെത്തിയാല്‍ ഇന്ത്യക്ക് കൈമാറാമെന്ന് പോലും ബിലാവല്‍ പറഞ്ഞിരുന്നു.'പാക് മണ്ണില്‍ അസ്ഹര്‍ ഉണ്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ വിവരം പങ്കുവച്ചാല്‍, അയാളെ അറസ്റ്റ് ചെയ്യാന്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളു'-ബിലാവല്‍ ഭൂട്ടോ അല്‍ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
2016ലെ പത്താന്‍കോട്ട് വ്യോമതാവളത്തിന് നേരേയുളള ആക്രമണത്തിനും, 2019 ല്‍ 40 സൈനികര്‍ വീരമൃതു വരിക്കാനിടയായ പുല്‍വാമ ഭീകരാക്രമണത്തിനും പിന്നിലെ സൂത്രധാരന്‍ മസൂദ് അസ്ഹര്‍ ആണ്.
അസ്ഹറിന്റെ നീക്കങ്ങള്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ മറികടക്കാന്‍ ജെയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രങ്ങള്‍ മന:പൂര്‍വം തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പരത്തുകയാണ്. ദീര്‍ഘനാള്‍ അസ്ഹറിന്റെ താവളമായിരുന്ന ബഹാവല്‍പൂരില്‍, തന്നെ തുടരുകയാണെന്ന തെറ്റിദ്ധാരണ പരത്താന്‍ പഴയ ഓഡിയോ ക്ലിപ്പുകള്‍ പുതിയ രൂപത്തില്‍ വിടുകയാണ്.
ബഹാവല്‍പൂരില്‍, അസ്ഹറിന് രണ്ട് താവളങ്ങളുണ്ട്. ജയഷെ മുഹമ്മദിന്റെ ആസ്ഥാനമായ ജാമിയ സുബാന്‍ അല്ലയും, ( ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യ ലക്ഷ്യമിട്ട കേന്ദ്രം), ജാമിയ ഉസ്മാന്‍ ഒ അലി പള്ളിയും. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടത്താണ് ഈ പള്ളി.. ഒരു ആശുപത്രിക്ക് സമീപം അസ്ഹറിന്റെ പഴയ വസതിയുമുണ്ട്. ജാമിയ സുബാന്‍ അല്ലയ്ക്ക് നേരേയുളള ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ അസ്ഹര്‍ കുടുംബത്തിലെ 10 അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യയും, അമേരിക്കയും, യുഎന്നും ഉപരോധം ഏര്‍പ്പെടുത്തിയ അസ്ഹര്‍ 2001 ലെ പാര്‍ലമെന്റ് ആക്രമണം അടക്കം നിരവധി ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദിയാണ്. ഇന്ത്യയുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന മസൂദ് അസ്ഹറിനെ കാണ്ഡഹാര്‍ വിമാനറാഞ്ചലിനെ തുടര്‍ന്നുണ്ടായ മധ്യസ്ഥ ചര്‍ച്ചയിലെ ധാരണപ്രകാരമാണ് യാത്രക്കാരെ വിട്ടയയ്ക്കുന്നതിന് പകരമായി വിടുതല്‍ ചെയ്തത്. വിട്ടയച്ച ഉടന്‍ അസ്ഹര്‍ ജെയ്‌ഷെ മുഹമ്മദ് സ്ഥാപിച്ചു.
ഇതാദ്യമായല്ല അസ്ഹര്‍ ബഹാവല്‍പൂരിന് പുറത്ത് പോകുന്നത്. 2019 ലെ ബാലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം പെഷവാറിലെ ഒരു സുരക്ഷിത താവളത്തിലേക്ക് അസ്ഹറിനെ മാറ്റിയിരുന്നു.
അസ്ഹറിനെ കൂടാതെ, ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്റ തലവന്‍, യിദ് സലാഹുദീന്‍, ഇസ്ലാമബാദിലെ സമ്പന്നരുടെ കോളനിയില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്.