ഉസ്ബെക്കിസ്താനിലും ബെലിസിയിലുമൊക്കെ മെഡിക്കല്‍ ബിരുദപഠനം നടത്തുന്നത് കരിയറിന് തിരിച്ചടിയോ? ഇന്ത്യയില്‍ മെഡിക്കല്‍ രജിസ്ട്രേഷന്‍ ലഭിക്കാന്‍ പാടുപെടും; തട്ടിക്കൂട്ടിയ എംബിബിഎസുമായി എത്തിയവര്‍ വിദേശ എം.ബി.ബി.എസ് യോഗ്യതാ പരീക്ഷയില്‍ കൂട്ടത്തോടെ തോല്‍ക്കുന്നു; കേന്ദ്രം കടുപ്പിച്ചതോടെ വിദേശത്തെ മെഡിക്കല്‍ ബിരുദപഠനം ഇനി കരുതലോടെ മാത്രം

കേന്ദ്രം കടുപ്പിച്ചതോടെ വിദേശത്തെ മെഡിക്കല്‍ ബിരുദപഠനം ഇനി കരുതലോടെ മാത്രം

Update: 2025-08-25 07:07 GMT

തിരുവനന്തപുരം: ഇന്ത്യയിലെ ഗ്രാമങ്ങളില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കുറവ് ആരോഗ്യ മേഖലയ്ക്ക് വെല്ലുവിളി ഉയര്‍ത്തുമ്പോഴും വിദേശത്തുനിന്നും എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയതില്‍ ഒരുവിഭാഗത്തിന് ഇന്ത്യയില്‍ മെഡിക്കല്‍ രജിസ്ട്രേഷന്‍ ബാലികേറാമലയായി മാറുന്നു. വിദേശത്ത് മെഡിക്കല്‍ ബിരുദം നേടിയവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതാപരീക്ഷയായ ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്‌സാമിനേഷനില്‍ (എഫ്എംജിഇ) ഇത്തവണ 80 ശതമാനത്തോളം പേരാണ് തോറ്റത്. മതിയായ യോഗ്യതയില്ലാത്ത വിദേശ സ്ഥാപനങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയവര്‍ക്കാണ് എഫ്എംജിഇ കടുപ്പമേറിയതാകുന്നത്.

നാഷണല്‍ ബോര്‍ഡ് ഒഫ് എക്സാമിനേഷന്‍ ഇന്‍ മെഡിക്കല്‍ സയന്‍സ് (എന്‍.ബി.ഇ.എം.എസ്) നടത്തുന്ന ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സ് എക്സാമിനേഷന്‍ (എഫ്.എം.ജി.ഇ) ജയിച്ചാലേ വിദേശ എം.ബി.ബി.എസുകാര്‍ക്ക് ഇന്ത്യയില്‍ രജിസ്‌ട്രേഷന്‍ ലഭിക്കൂ. മെഡിക്കല്‍ ബിരുദപഠനത്തിനായി വിദേശത്തേക്ക് പോകുന്നവര്‍ക്ക് ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് ദേശീയ മെഡിക്കല്‍ കമ്മിഷന്‍ നല്‍കുമ്പോഴും പഠന നിലവാരം കുറഞ്ഞ സ്ഥാപനങ്ങളില്‍ ചേക്കേറുന്നവര്‍ക്കാണ് കനത്ത തിരിച്ചടി നേരിടേണ്ടി വരുന്നത്. വടക്കു-കിഴക്കന്‍ അമേരിക്കയിലെ രാജ്യമായ ബെലിസിയിലെ മൂന്നു സ്ഥാപനങ്ങളും ഉസ്ബെക്കിസ്താനിലെ ഒരു സ്ഥാപനവും കര്‍ശനമായി ഒഴിവാക്കേണ്ടതാണെന്ന് കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മെക്സിക്കോ ആസ്ഥാനമായുള്ള ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശപ്രകാരമാണ് മുന്നറിയിപ്പ്. ബെലിസിയിലെ സെന്‍ട്രല്‍ അമേരിക്കന്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സസ് യൂണിവേഴ്സിറ്റി, കൊളംബസ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് ആന്‍ഡ് സയന്‍സസ് എന്നിവയും ഉസ്ബെക്കിസ്താനിലെ ചിര്‍ച്ചിക് ബ്രാഞ്ച് ഓഫ് താഷ്‌കെന്റ് സറ്റേറ്റ് മെഡിക്കല്‍ സര്‍വകലാശാലയുമാണ് ഒഴിവാക്കേണ്ടതെന്നും മുന്നറിയിപ്പിലുണ്ട്. ഇതിന് പുറമെ ചൈന അടക്കം വിവിധ രാജ്യങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിവരാണ് ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്‌സാമിനേഷനില്‍ പരാജയപ്പെടുന്നത്.

കോഴ്‌സിന്റെ കാലാവധി, പഠനമാധ്യമം, പാഠ്യപദ്ധതി- അധ്യയനക്രമം, ക്ലിനിക്കല്‍ പരീക്ഷണം, ഇന്റേണ്‍ഷിപ്പ് ക്രമീകരണം തുടങ്ങിയവയാണ് പ്രധാന മാനദണ്ഡങ്ങള്‍. 2021-ലെ നിയമം അനുശാസിക്കുന്ന യോഗ്യതയുള്ള സ്ഥാപനങ്ങള്‍ മാത്രം തിരഞ്ഞെടുക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ദേശീയ മെഡിക്കല്‍ കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഇക്കാര്യം ശ്രദ്ധിക്കാതെ വിദേശ പഠനത്തിന് ചേര്‍ന്നവര്‍ക്കാണ് കനത്ത തിരിച്ചടി നേരിടേണ്ടി വരുന്നത്.

ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ്‌സ് എക്‌സാമിനേഷന്‍ (എഫ്എംജിഇ) എഴുതുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മൂന്ന് മടങ്ങ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. എംബിബിഎസ് ബിരുദത്തിനായി വിദേശത്തേക്ക് പോകുന്ന എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും രാജ്യത്ത് ജോലി ചെയ്യാനുള്ള ലൈസന്‍സ് ലഭിക്കുന്നതിന് നിര്‍ബന്ധിത പരീക്ഷ.

പരീക്ഷ നടത്തുന്ന നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്റെ (എന്‍ബിഇ) കണക്കുകള്‍ പ്രകാരം, പരീക്ഷയെഴുതിയ മെഡിക്കല്‍ ബിരുദധാരികളുടെ എണ്ണം 2015 ല്‍ 12,116 ആയിരുന്നു. എന്നാലിത് 2020 ലെത്തിയപ്പോള്‍ 35,774 ആയി ഉയര്‍ന്നു. പ്രസ്തുത കാലയളവില്‍ ഇന്ത്യയില്‍ മുപ്പതിനായിരത്തോളം പുതിയ മെഡിക്കല്‍ സീറ്റുകള്‍ കൂടി അനുവദിക്കുകയും ചെയ്തു. ഇൗ വര്‍ഷം ജൂണില്‍ നടന്ന പരീക്ഷയില്‍ 18.61 ശതമാനമായിരുന്നു വിജയം. കഴിഞ്ഞവര്‍ഷം 21.6, 2023ല്‍ 13 ശതമാനം എന്നിങ്ങനെയും. മികച്ച പഠനനിലവാരമുള്ളവര്‍ പോലും പരാജയപ്പെടുന്നു. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് മെഡിക്കല്‍ സയന്‍സിനാണ് പരീഷാ നടത്തിപ്പ് ചുമതല.

എഫ്എംജിഇ പരീക്ഷയെഴുതുന്നവരില്‍ ഭൂരിഭാഗവും ചൈന, റഷ്യ, യുക്രൈന്‍, കിര്‍ഗിസ്ഥാന്‍, ഫിലിപ്പീന്‍സ്, കസാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ബിരുദമെടുത്തവരാണ്. ചൈനയില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 12,680 വിദ്യാര്‍ഥികളാണ് 2020 ല്‍ പ്രസ്തുത പരീക്ഷയെഴുതിയത്. റഷ്യയില്‍ നിന്നുള്ള 4,313 വിദ്യാര്‍ഥികളാണ് യോഗ്യതാ പരീക്ഷയെഴുതിയത്. എഫ്എംജിഇ പരീക്ഷയുടെ ശരാശരി വിജയശതമാനം 15.82 മാത്രമാണ്. യുക്രൈനില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 17.22 ശതമാനം വിദ്യാര്‍ഥികളും പരീക്ഷ വിജയിച്ചതായാണ് കണക്കുകള്‍ പറയുന്നത്.

ഫിലിപ്പീന്‍സില്‍ നിന്ന് ബിരുദം നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ പത്ത് മടങ്ങ് വര്‍ധനയാണ് ഉണ്ടായത്. ഫിലിപ്പീന്‍സില്‍ നിന്നുള്ള ബിരുദധാരികള്‍ ലൈസന്‍സ് പരീക്ഷയില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവച്ചതാണ് മാറ്റത്തിന് കാരണമെന്ന് എന്‍ബിഇയില്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുള്ള ഒരു മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു. പരീക്ഷയെഴുതിയവരില്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ള 50.2 ശതമാനം ബിരുദധാരികളും 2019 ല്‍ യോഗ്യത നേടിയിരുന്നു.

റഷ്യ - യുക്രൈയ്ന്‍ സംഘര്‍ഷത്തിന് മുമ്പുള്ള കണക്ക് പ്രകാരം യുക്രൈനില്‍ എംബിബിഎസ് പഠനത്തിനായി ആറ് വര്‍ഷം 15 മുതല്‍ 20 ലക്ഷം രൂപ വരെയാണ് ചിലവ്. ഇന്ത്യയില്‍ നാലര വര്‍ഷത്തെ കോഴ്‌സിന് സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ 50 ലക്ഷം രൂപ മുതലാണ് ഫീസായി വാങ്ങിക്കുന്നത്. അതേസമയം, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഫീസ് പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ്.

ആറരവര്‍ഷം വരെയാണ് വിദേശ സര്‍വകലാശാലകളില്‍ പഠനം. എഫ്.എം.ജി.ഇയും ഇന്റേണ്‍ഷിപ്പും പത്ത് വര്‍ഷത്തിനകം നേടിയില്ലെങ്കില്‍ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാനാവില്ല. മെഡിക്കല്‍ ബിരുദം നേടുന്നവര്‍ക്കുള്ള നിര്‍ദ്ദിഷ്ട നാഷണല്‍ എക്സിറ്റ് ടെസ്റ്റ് (നെക്സ്റ്റ് ) നടപ്പാക്കണമെന്നാണ് വിദേശത്ത് പഠിച്ച വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. ഇന്ത്യയിലും വിദേശത്തും മെഡിക്കല്‍ ബിരുദം നേടിയവര്‍ക്ക് രജിസ്‌ട്രേഷനും പി.ജി പ്രവേശനത്തിനും യോഗ്യതയ്ക്കായി നെക്സ്റ്റ് നടത്താന്‍ 2019ല്‍ നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ നടപടി ആരംഭിച്ചെങ്കിലും നടപ്പാക്കിയിട്ടില്ല. എഫ്.എം.ജി.ഇക്ക് പകരം നെക്സ്റ്റ് വരുന്നതോടെ വിജയശതമാനം വര്‍ദ്ധിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

Similar News