കൈപ്പത്തി ചിഹ്നത്തില്‍ വിജയിച്ചയാളെ പാര്‍ട്ടി പുറംതള്ളുന്നു; പാര്‍ട്ടിക്ക് വേണ്ടാത്തയാളെ ജനങ്ങളെ പ്രതിനിധീകരിക്കുന്നത് എങ്ങനെ? ഇനി സ്വന്തം നിയമസഭാ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വെല്ലുവിളികളേറെ; സസ്പെന്‍ഷന്‍ നിലവിലുള്ള പ്രതിഷേധങ്ങളെയും അമര്‍ഷങ്ങളെയും തണുപ്പിച്ചേക്കില്ല; കടുത്ത നിരാശ ബാധിച്ചു കോണ്‍ഗ്രസ് ക്യാമ്പ്; ഗൃഹസന്ദര്‍ശന പരിപാടി അടക്കം അവതാളത്തില്‍
കൈപ്പത്തി ചിഹ്നത്തില്‍ വിജയിച്ചയാളെ പാര്‍ട്ടി പുറംതള്ളുന്നു
തിരുവനന്തപുരം: ലൈംഗിക പീഡന ആരോപണങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി സ്വീകരിച്ചിരിക്കയാണ്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്‌തെങ്കിലും വിവാദങ്ങള്‍ അടങ്ങുമോ എന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്. തല്‍ക്കാലം എംഎല്‍എ സ്ഥാനത്ത് തുടരുമെങ്കിലും രാഹുലിന് മുന്നില്‍ വലിയ വെല്ലുവിളികളാണ് നില്‍ക്കുന്നത്. പ്രതിഷേധിക്കന്‍ ബിജെപിയും സിപിഎമ്മും തക്കം പാര്‍ത്തിരിക്കുമ്പോള്‍ പാലക്കാട് മണ്ഡലത്തില്‍ എങ്ങനെ രാഹുല്‍ പ്രവര്‍ത്തനം നടത്തുമെന്ന ചോദ്യമാണ് ഉയരുന്നത്.
കേവലമൊരു സസ്പെന്‍ഷന്‍കൊണ്ട് വന്നുപെട്ട നാണക്കേട് മറികടക്കാനാവുമോ എന്നതാണ് വലിയ ചോദ്യം. സസ്പെന്‍ഷനെന്നത് സാധാരണ ഒരു നടപടി മാത്രമാണ്. അതുകൊണ്ട് കോണ്‍ഗ്രസിന് മുഖം രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഗുരുതര സ്വഭാവമുള്ള, മുന്നനുഭവങ്ങളില്ലാത്ത ആരോപണങ്ങളാണ് രാഹുലിനെതിരേയുള്ളത്. അതിനാല്‍ത്തന്നെ എംഎല്‍എ സ്ഥാനത്തുനിന്ന് പടിയിറങ്ങണമെന്നാണ് സംസ്ഥാനത്തിന്റെ പൊതുവായ താത്പര്യം. പാര്‍ട്ടിക്കകത്തുനിന്നുപോലും രാഹുലിനെ സംരക്ഷിക്കാന്‍ അധികം ആളുകളുണ്ടായിട്ടില്ല. അങ്ങനെയൊരു അവസ്ഥയില്‍, സസ്പെന്‍ഷന്‍ നിലവിലുള്ള പ്രതിഷേധങ്ങളെയും അമര്‍ഷങ്ങളെയും തണുപ്പിക്കില്ലെന്നാണ് സൂചന.
സിപിഎം നേതാക്കളുടെ പ്രതികരണങ്ങളും സൂചിപ്പിക്കുന്നത് ഇത് തന്നെയാണ്. കൈപ്പത്തി ചിഹ്നത്തില്‍ വിജയിച്ചയാളെ പാര്‍ട്ടി പുറംതള്ളുന്നു. അങ്ങനെ പാര്‍ട്ടിക്ക് വേണ്ടാത്തയാളെ ജനങ്ങളെ പ്രതിനിധീകരിക്കുന്നത് എങ്ങനെ? എന്ന ചോദ്യമാണ് ഉയരുന്നത്. പാര്‍ട്ടിയിലെ സ്ത്രീ നേതൃനിരയടക്കം രാഹുല്‍ രാജിവെയ്ക്കണം എന്ന ആവശ്യമുന്നയിച്ചിട്ടും സസ്പെന്‍ഷനില്‍ മാത്രമൊതുക്കിയത് കോണ്‍ഗ്രസിനകത്ത് വീണ്ടുമൊരു ഉള്‍പ്പോരിനുള്ള സാധ്യത തുറക്കുന്നുമുണ്ട്.
അതേസമയം തദ്ദേശസ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കേ, രാജിവെപ്പിച്ച് ഒരു ഉപതിരഞ്ഞെടുപ്പ് പരീക്ഷണത്തിനൊരുങ്ങുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് താനും. രാഹുലിന്റെ രാജി ആവശ്യപ്പെട്ട സ്ത്രീ നേതൃനിരയുള്‍പ്പെടെയുള്ളവര്‍ ഈ വിശാല കാഴ്ചപ്പാടിനനുസൃതമായി പാര്‍ട്ടി തീരുമാനത്തിന് വഴങ്ങുമെന്നാണ് വിലയിരുത്തല്‍.
രാഹുല്‍ രാജിവെച്ചാല്‍, ബിജെപിയെ സംബന്ധിച്ച് പാലക്കാടിനെ അവര്‍ വലിയ ഒരു സാധ്യതയായി കാണുന്നു. അങ്ങനെ വന്നാല്‍ അന്തരിച്ച വാഴൂര്‍ സോമന്റെ ഒഴിവിലേക്ക് പീരുമേടും ഉപതിരഞ്ഞെടുപ്പ് വരും. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം തികച്ചില്ലെന്നിരിക്കേ, ഇതുണ്ടാക്കുന്ന ചെലവുകള്‍ വലുതാണ്. അതിനപ്പുറം പാലക്കാട് ബിജെപി കച്ചകെട്ടിയിറങ്ങി ഏതുവിധേനയും വിജയിക്കാനുള്ള ശ്രമം നടത്തും. നിലവില്‍ കേരളത്തില്‍ യുഡിഎഫ് ഒരു തിരിച്ചുവരവിന്റെ ട്രെന്‍ഡിലാണ്. അത് മങ്ങിപ്പോകാന്‍ ഇടയാക്കിയേക്കുമെന്ന ഭയവും രാഹുലിനെ എംഎല്‍എയായി നിലനിര്‍ത്തുന്നതിന് കാരണമായിട്ടുണ്ട്.
രാഹുല്‍ വിഷയം ദേശീയതലത്തില്‍ ഇപ്പോള്‍ത്തന്നെ വലിയ ചര്‍ച്ചയാക്കി മാറ്റിയിരിക്കുകയാണ് ബിജെപി. ദേശീയമാധ്യമങ്ങളെല്ലാം ഇത് വലിയ പ്രാധാന്യത്തോടെ വാര്‍ത്തയാക്കുന്നുണ്ട്. ദേശീയവക്താക്കള്‍ ഈ വിഷയമുന്നയിച്ച് വാര്‍ത്താസമ്മേളനമടക്കം നടത്തിയിട്ടുണ്ട്. എംഎല്‍എ പദത്തില്‍ തുടര്‍ന്നും ഇരുത്തുന്നതോടെ അത് രാജ്യവ്യാപകമായി കോണ്‍ഗ്രസിനെതിരെയുള്ള ഒരു പ്രചാരണായുധമാക്കി ബിജെപി ഉപയോഗിക്കും. അടുത്ത തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ ഇത് വിശേഷിച്ചും വലിയ ആയുധമാക്കുമെന്നത് ഉറപ്പാണ്. രാഹുല്‍ ഗാന്ധിയും രാഹുല്‍ മാങ്കൂട്ടവും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങളൊക്കെയും ഇതിനകം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. വോട്ടുചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാഹുല്‍ നടത്തുന്ന ശക്തമായ പ്രതിഷേധത്തെ തണുപ്പിക്കാന്‍ ഇത് ബിജെപിക്ക് സഹായകമാകും.
ഗര്‍ഭച്ഛിദ്രം, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് വഞ്ചന, ദുരുദ്ദേശ്യപരമായ രീതിയില്‍ പല സ്ത്രീകളോടുമുള്ള സമീപനം എന്നുതുടങ്ങി ശബ്ദസന്ദേശങ്ങളായും തുറന്നെഴുത്തുകളായും തുറന്നുപറച്ചിലുകളായും സ്‌ക്രീന്‍ഷോട്ടുകളായും നിരവധി ആരോപണങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഉയര്‍ന്നത്. ട്രാന്‍സ്ജെന്‍ഡര്‍ യുവതി അവന്തിക നടത്തിയ ആരോപണത്തിലൊഴിച്ച് മറ്റൊന്നിനും രാഹുല്‍ മറുപടി പറഞ്ഞിട്ടില്ല.
അതേസമയം തദ്ദേശഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗൃഹസന്ദര്‍ശനപരിപാടിക്ക് ഒരുങ്ങിയ കോണ്‍ഗ്രസിനെ അടിമുടി പ്രതിസന്ധിയിലാക്കിയിരിക്കയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. 27 മുതല്‍ മൂന്നുദിവസമാണ് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനത്തിന് പദ്ധതിയിട്ടിരുന്നത്. അതിന് മുന്‍പ് രാഹുല്‍ വിഷയത്തില്‍ തീരുമാനമാവുന്നില്ലെങ്കില്‍ അനുഭാവികളില്‍ നിന്നുതന്നെ ചോദ്യങ്ങളുണ്ടാവുമെന്ന് പ്രവര്‍ത്തകര്‍ ഭയക്കുന്നുണ്ട്.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ ആവേശം കൊണ്ടിരുന്ന കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകരുടെ വാക്കുകളില്‍ ഇപ്പോള്‍ കനത്ത നിരാശയാണ് പ്രകടമാവുന്നത്. രാഹുലിനെ പോലൊരു നേതാവ് തങ്ങളെ പ്രതിരോധത്തിലാക്കുമെന്ന് കോണ്‍ഗ്രസുകാര്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. രാഹുല്‍ വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചുവെന്ന വിലയിരുത്തലാ പൊതുവിലുള്ളത്.
പാലക്കാട് ജില്ലയിലെ 12 നിയമസഭാമണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് ലഭിച്ച ഏക മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാടും മുസ്ലിം ലീഗ് പ്രതിനിധീകരിക്കുന്ന മണ്ണാര്‍ക്കാടും മാത്രമാണ് ജില്ലയില്‍ യുഡിഎഫിന് നേടാനായത്. ഇത്തവണ ആറ് മണ്ഡലങ്ങളിലെങ്കിലും പ്രതീക്ഷയോടെ പ്രവര്‍ത്തനം ആരംഭിച്ച ഘട്ടത്തിലാണ് ആരോപണങ്ങളുയരുന്നത്. ഇത് മുന്നണിയെ തന്നെ വലിയ പ്രതിരോധത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.