സുന്ദരി എന്നുവിളിച്ചോട്ടെ എന്ന ട്രംപിന്റെ വിചിത്ര ചോദ്യത്തില്‍ ചൂളാതെയുള്ള നില്‍പ്പ്; കാണാന്‍ സുന്ദരിയാണ്, പക്ഷേ പുകവലി നിര്‍ത്തണമെന്ന് ഉര്‍ദുഗാനും അതുനടപ്പുള്ള കാര്യമല്ലെന്ന് മക്രോണും പറഞ്ഞപ്പോള്‍ ചുട്ടമറുപടി; ട്രംപ് സമാധാനത്തിന്റെ മനുഷ്യന്‍ എന്ന് ഷെഹബാസ് ഷെരീഫ് പുകഴ്ത്തിയപ്പോള്‍ വാപൊത്തല്‍; ഗസ്സ സമാധാന ഉച്ചകോടിയില്‍ വമ്പന്‍മാര്‍ ഉണ്ടായിട്ടും താരമായത് മെലോണി

ഗസ്സ സമാധാന ഉച്ചകോടിയില്‍ വമ്പന്‍മാര്‍ ഉണ്ടായിട്ടും താരമായത് മെലോണി

Update: 2025-10-14 12:44 GMT

കയ്‌റോ: ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ലോക നേതാക്കളെ നമസ്‌തേ പറഞ്ഞാണ് മിക്കവാറും അഭിവാദ്യം ചെയ്യാറുള്ളത്. ഇതിനെ മോദി എഫക്റ്റ് എന്നാണ് നെറ്റിസണ്‍സ് വിശേഷിപ്പിക്കാറുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മെലോണിയും തമ്മിലുള്ള സൗഹൃദം ഇതിനുമുമ്പ് പലവട്ടം വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഗസ്സ സമാധാന ഉച്ചകോടിക്കായി ഈജിപ്റ്റില്‍ ലോക നേതാക്കള്‍ ഒത്തുകൂടിയപ്പോള്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ അഭിവാദ്യം ചെയ്തതും ഇന്ത്യന്‍ നമസ്‌തേ പറഞ്ഞ് കൈകൂപ്പിയാണ്. ഉച്ചകോടിയില്‍ മെലോണിയുടെ പ്രതികരണങ്ങളാണ് ഇപ്പോള്‍ രാജ്യാന്തര മാധ്യമങ്ങളില്‍ സംസാര വിഷയം.

ഡൊണള്‍ഡ് ട്രംപിന്റെ വിചിത്രമായ അഭിനന്ദനവും, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യുഎസ് പ്രസിഡന്റിനെ പുകഴ്ത്തിയപ്പോഴുള്ള ഞെട്ടലും, പുകവലി നിര്‍ത്താന്‍ തുര്‍ക്കി പ്രസിഡന്റ് ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയ ചുട്ട മറുപടിയും എല്ലാം ഇപ്പോള്‍ ചര്‍ച്ചാവിഷയമാണ്. ചുരുക്കി പറഞ്ഞാല്‍ ട്രംപ് അടക്കം വമ്പന്മാര്‍ എല്ലാ ഉണ്ടായിരുന്നിട്ടും, താരമായത് ജോര്‍ജിയ മെലോണിയാണ്.

സുന്ദരി എന്ന് വിളിച്ചോട്ടെ എന്ന് ട്രംപ്

ഗാസ സമാധാന ഉച്ചകോടി പോലെ ഗൗരവ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വേദിയില്‍, ട്രംപിന്റെ വിചിത്ര പരാമര്‍ശം കേള്‍വിക്കാരുടെ കണ്ണുതളളിക്കുന്നതായിരുന്നു. മെലോണിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നേക്കാമെന്നും അതിനെ നേരിടാന്‍ താന്‍ തയ്യാറാണെന്നും ട്രംപ് പറഞ്ഞു.' അമേരിക്കയില്‍ ഒരു സ്ത്രീയെക്കുറിച്ച് 'സുന്ദരി' എന്ന വാക്ക് ഉപയോഗിച്ചാല്‍, അത് നിങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന്റെ അന്ത്യമാണ്, പക്ഷേ ഞാന്‍ ആ വെല്ലുവിളി ഏറ്റെടുക്കുന്നു' പ്രസംഗത്തിനിടെ ട്രംപ് പറഞ്ഞു.

ട്രംപിന് പിന്നിലായി നിന്ന മെലോണി ഒട്ടും ചൂളിയില്ല. മൂന്നുതവണ വിവാഹിതനായ ട്രംപ് പിന്നെയും ചോദിച്ചു, അവര്‍ എവിടെ, ദാ ഇവിടെയുണ്ട്. 'നിങ്ങളെ സുന്ദരിയെന്ന് വിളിക്കുന്നതില്‍ വിരോധമില്ലല്ലോ, അല്ലേ? കാരണം നിങ്ങള്‍ സുന്ദരിയാണ്' തനിക്ക് പിന്നിലായി നിന്നിരുന്ന 48കാരിയായ മെലോണിക്ക് നേരെ തിരിഞ്ഞ് ട്രംപ് ചോദിച്ചു. ട്രംപ് സംസാരിക്കുമ്പോള്‍ മെലോണി ചിരിച്ചുകൊണ്ട് എന്തോ പറഞ്ഞെങ്കിലും മറുപടി വ്യക്തമല്ല.

ഷാം എല്‍ ഷെയ്ക് ഉച്ചകോടിയില്‍ ഒത്തുചേര്‍ന്ന 30 ലോക നേതാക്കളില്‍ മെലോണി മാത്രമായിരുന്നു ഏക വനിതാ നേതാവ്. ട്രംപിന്റെ വിചിത്ര പരാമര്‍ശം കേട്ട് സദസിലുള്ളവര്‍ ചിരിച്ചു. എന്നാല്‍, അധികം വൈകാതെ ഇത്തരം ഒരു വേദിയില്‍ ട്രംപിന്റെ സെക്‌സിസ്റ്റ് പരാമര്‍ശം അനുചിതമായി എന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു. ട്രംപിന്റെ പരാമര്‍ശം വൃത്തികെട്ടത് എന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടി രാഷ്ട്രീയ നിരീക്ഷകനായ ഹാരി സിസണ്‍ വിശേഷിപ്പിച്ചത്.

മെലോണിയും പുകവലി ശീലവും

പുകയിലക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മെലോണിയുടെ പുകവലിയെ കുറിച്ച് നടത്തിയ പരാമര്‍ശവും വലിയ ചര്‍ച്ചയായി. 'നിങ്ങള്‍ വിമാനത്തില്‍ നിന്നിറങ്ങി വരുന്നത് ഞാന്‍ കണ്ടു. കാണാന്‍ സുന്ദരിയാണ്. പക്ഷേ പുകവലി നിര്‍ത്തണം എന്നാണ് എനിക്ക് പറയാനുള്ളത്'- വൈറലായ വീഡിയോയില്‍ ഉര്‍ദുഗാന്‍ മെലോണിയോട് പറയുന്നത് ഇങ്ങനെ.

്ഇരുവരുടെയും അടുത്തുനിന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രാണ്‍ ഉടനെ തട്ടി വിട്ടു: 'അത് നടപ്പുളള കാര്യമല്ല'. എന്നിരുന്നാലും മെലോണിയുടെ മറുപടിയാണ് ശ്രദ്ധേയമായത്. പുകവലി ഉപേക്ഷിച്ചാല്‍ തന്റെ സാമൂഹിക ജീവിതം കുറഞ്ഞേക്കുമെന്ന് മെലോണി പറഞ്ഞു. എനിക്കറിയാം, എനിക്കറിയാം, എനിക്കാരെയും കൊല്ലേണ്ട' -അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അവതാരിക എഴുതിയ ' അയം ജോര്‍ജിയ, മൈ റൂട്ട്‌സ്, മൈ പ്രിന്‍സിപ്പിള്‍സ് 'എന്ന ആത്മകഥയില്‍ താന്‍ 13 വര്‍ഷത്തിന് ശേഷം പുകവലി വീണ്ടും തുടങ്ങിയ കാര്യം അവര്‍ സൂചിപ്പിക്കുന്നുണ്ട്. നേതാക്കളുമായും രാഷ്ട്രീയക്കാരുമായും അടുത്തിടപഴകാന്‍ പുകവലി തന്നെ സഹായിക്കുന്നുവെന്നാണ് മെലോണി പുസ്തകത്തില്‍ പറയുന്നത്. തന്റെ പുകവലി ശീലമാണ് തുനീഷ്യന്‍ പ്രസിഡന്റ് കായിസ് സെയ്ദ് അടക്കമുള്ള ആഗോള നേതാക്കളുമായുള്ള ബന്ധം ഉറപ്പിച്ചതെന്ന് പല അഭിമുഖങ്ങളിലും മെലോണി തുറന്നുപറഞ്ഞിട്ടുണ്ട്.

ട്രംപിനെ അമിതമായി പ്രശംസിച്ച ഷെഹബാസ് ഷെരീഫിനെ കണ്ടപ്പോള്‍

അവിടം കൊണ്ട് കഴിഞ്ഞില്ല കാര്യങ്ങള്‍. ഇന്ത്യയുമായുള്ള യുദ്ധം അവസാനിപ്പിച്ചതിന് ട്രംപിനെ പുകഴ്ത്തുന്ന പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ നോക്കി നിന്ന മെലോണിയുടെ പ്രതികരണവും വൈറലായി. വേദിയില്‍ സംസാരിക്കാനായി ട്രംപ് ക്ഷണിച്ചപ്പോള്‍, ട്രംപിനെ 'സമാധാനത്തിന്റെ മനുഷ്യന്‍' എന്നാണ് ഷെരീഫ് വിശേഷിപ്പിച്ചത്. ' സമാധാന നൊബേലിന് മഹാനായ പ്രസിഡന്റിനെ ശുപാര്‍ശ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദഷിണേഷ്യയില്‍ മാത്രമല്ല, ഗസ്സയില്‍, പശ്ചിമേഷ്യയില്‍ ലക്ഷക്കണക്കിന് പേരുടെ ജീവനാണ് അദ്ദേഹം രക്ഷിച്ചത്.' -ഷെരീഫ് പറഞ്ഞു.

ഷെരീഫിന്റെ പ്രശംസാവാക്കുകള്‍ കേട്ട് അദ്ഭുതപ്പെട്ട മെലോണി അറിയാതെ വാ പൊത്തി പോയി, പ്രത്യേകിച്ചും, ട്രംപിനെ സമാധാനത്തിന്റെ മനുഷ്യന്‍ എന്ന് വിശേഷിപ്പിച്ചപ്പോള്‍.

മെലോണിയുടെ ഇത്തരം മുഖഭാവങ്ങള്‍ ഇതിനുമുമ്പും വലിയ ഉച്ചകോടികളില്‍ വൈറലായിട്ടുണ്ട്. നാറ്റോ ഉച്ചകോടിക്ക് മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വൈകിയെത്തിയപ്പോള്‍ കണ്ണുരുട്ടുന്ന മെലോണിയെ മറക്കാനാവില്ല.

Tags:    

Similar News