ഹീത്രൂ വിമാനത്താവളം ഉള്‍പ്പടെ പല പ്രമുഖ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ബറോ; അറുപതാം പിറന്നാള്‍ ഈ വര്‍ഷം ഡയമണ്ട് ജൂബില്‍ ആഘോഷിച്ചത് വിവിധ പരിപാടികളോടെ; ഏറെ വൈവിധ്യം പുലര്‍ത്തുന്ന ജനത; എന്നിട്ടും ഹില്ലിംഗ്ഡണ്‍ നീങ്ങുന്നത് തകര്‍ച്ചയിലേക്ക്; യുകെയിലെ നിയന്ത്രണാതീതമായ അഭയാര്‍ത്ഥി പ്രവാഹത്തിന് ഒരു ഇരകൂടി
യുകെയിലെ നിയന്ത്രണാതീതമായ അഭയാര്‍ത്ഥി പ്രവാഹത്തിന് ഒരു ഇരകൂടി
ലണ്ടന്‍: ഈ വര്‍ഷം ലണ്ടന്‍ ബറോ ആയ ഹില്ലിംഗ്ഡണ്‍ ഡയമണ്ട് ജൂബിലി ആഘോഷിക്കുന്നത് വിനോദയാത്രകള്‍ സംഘടിപ്പിച്ചും, ട്രഷര്‍ ഹണ്ട് പോലുള്ള കളികളും പ്രദര്‍ശനങ്ങളുമൊക്കെ സംഘടിപ്പിച്ചുകൊണ്ടാണ്. ഹീത്രൂ വിമാനത്താവളം സ്ഥിതിചെയ്യുന്ന ഈ ബറോയില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഉള്ളവരെ കാണാന്‍ കഴിയും. എന്നാല്‍, ബ്രിട്ടനിലെ നിയന്ത്രിക്കാനാകാത്ത അഭയാര്‍ത്ഥി പ്രവാഹം ഇപ്പോള്‍ ഈ ബറോയെ തകര്‍ച്ചയിലേക്ക് നയിക്കുകയാണ്. കൗണ്‍സില്‍ പാപ്പരാകുന്നതിന്റെ വക്കിലെത്തിയതോടെ തെരുവുകളില്‍ രോഷം കനക്കുകയാണ്.
ബറോയിലെ ഏറ്റവും വലിയ സബര്‍ബന്‍ ടൗണ്‍ ആയ അക്സ്ബ്രിഡ്ജില്‍ തന്റെ വളര്‍ത്ത് നായയുമായി നടക്കാനിറങ്ങിയ വെയ്ന്‍ ബ്രോഴ്ഹഴ്സറ്റ് എന്ന 49 കാരന്‍ ഒരു അഫ്ഗാന്‍ അഭയാര്‍ത്ഥിയുടെ കുത്തേറ്റ് മരിച്ചതോടെ ജനരോഷം അതിന്റെ മൂര്‍ദ്ധന്യതയില്‍ എത്തി നില്‍ക്കുകയാണ്. 46 വയസ്സുള്ള മറ്റൊരാളെയും ഒരു 14 കാരനെയും ഇതേ അഭയാര്‍ത്ഥി കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ബ്രിട്ടനില്‍ അഭയാര്‍ത്ഥികളുടെ ഹോട്ട്‌സ്പോട്ടുകളില്‍ ഒന്നായാണ് ഈ ബറോ അറിയപ്പെടുന്നത്. ഏകേേദം 3000 ഓളം അഭയാര്‍ത്ഥികളാണ് ഇവിടെയുള്ളത്. രാജ്യത്ത് വിവിധ ഹോട്ടലുകളിലായി പാര്‍പ്പിച്ചിരിക്കുന്ന അഭയാര്‍ത്ഥികളുടെ 10 ശതമാനം വരും ഇത്.
യു കെയിലെ ലോക്കല്‍ അഥോറിറ്റികളില്‍, ഏറ്റവും അധികം അഭയാര്‍ത്ഥികള്‍ക്ക് വാസമൊരുക്കുന്നത് ഹില്ലിംഗ്ഡണ്‍ ആണെന്നാണ് ഈ വര്‍ഷം ആദ്യം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവിടത്തെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ 10,000 ജനങ്ങള്‍ക്ക് 97 അഭയാര്‍ത്ഥികള്‍ വീതമാണ് ഇവിടെയുള്ളത്. അഭയാര്‍ത്ഥികളെ പരിപാലിച്ച് കൗണ്‍സില്‍ പാപ്പരാകുന്നതിന്റെ വക്കിലെത്തി നില്‍ക്കുന്നു എന്നാണ് കൗണ്‍സില്‍ നേതാക്കള്‍ പറയുന്നത്. ഹീത്രൂ വിമാനത്താവളം വഴി ബ്രിടനിലെത്തുകയും താമസിക്കാന്‍ സ്ഥലമില്ലെന്ന് പറയുകയും ചെയ്യുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ ഹല്ലിംഗ്ഡണ്‍ നിയമപരമായി ബാദ്ധ്യസ്ഥമാണ്. അടുത്തിടെ ഇത്തരത്തില്‍ താമസമൊരുക്കിയതിന്റെ ചെലവ് 18 മില്യന്‍ പൗണ്ട് വരെ ആയി ഉയര്‍ന്നു.
കൂനിന്മേല്‍ കുരു എന്നതുപോലെ, സര്‍ കീര്‍ സ്റ്റാര്‍മര്‍ ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തില്‍ ഷാഗോസ് ദ്വീപുകളില്‍ നിന്നും ഹീത്രൂവിലെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ കൗണ്‍സിലിന്റെ സാമ്പത്തിക ബാദ്ധ്യത ഏറി. 161 വര്‍ഷക്കാലത്തെ ബ്രിട്ടീഷ് ഭരണത്തിന് ശേഷം, ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിന്റെ അവകാശം ബ്രിട്ടന്‍ മൗറീഷ്യസിന് വിട്ടുകൊടുത്തത്. 2024 ജൂലായ് മുതല്‍ ഇതുവരെ ദ്വീപില്‍ നിന്നും 600 പേരാണ് ബ്രിട്ടനിലെത്തിയത്. ഇത്തരത്തില്‍ എത്തുന്നവരെ, ആദ്യ പത്ത് ദിവസം പരിപാലിക്കേണ്ട ഉത്തരവാദിത്തം ഹില്ലിംഗ്ഡണ്‍ കൗണ്‍സിലിനാണ്. അതോടെ സര്‍ക്കാരില്‍ നിന്നും കൂടുതല്‍ സഹായം വേണമെന്ന ആവശ്യം കൗണ്‍സില്‍ ഉയര്‍ത്തി.
ബറോയില്‍ ഹോം ഓഫീസ് താമസിപ്പിച്ചിരിക്കുന്ന അഭയാര്‍ത്ഥികളെ പരിപാലിക്കുന്നതിനായി പ്രതിവര്‍ഷം ചെലവാകുന 5 മില്യന്‍ പൗണ്ടിന് പുറമെയാണ് ഷാഗോസ് ദ്വീപ് വാസികള്‍ക്കായി ചെലവഴിക്കുന്ന തുക. ഇതാണ് കൗണ്‍സിലിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തിയത്. സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ സഹായം ലഭിച്ചില്ലെങ്കില്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനം നിലയ്ക്കുമെന്ന നിലയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
