മിനി തിരുപ്പതി ക്ഷേത്രത്തില്‍ അകത്തേക്കും പുറത്തേക്കും പോകാന്‍ ഇടുങ്ങിയ ഒരുകവാടം മാത്രം; പൂജാപാത്രങ്ങളുമായി എത്തിയ സ്ത്രീകള്‍ തിക്കിലും തിരക്കിലും കുടുങ്ങി ശ്വാസം മുട്ടി സഹായത്തിനായി നിലവിളിക്കുന്ന ദൃശ്യങ്ങള്‍; ഏകാദേശിക്ക് എത്തിയത് നിയന്ത്രിക്കാനാവാത്ത ഭക്തജനക്കൂട്ടം; മരിച്ചവരുടെ എണ്ണം പത്തായി; അന്വേഷണത്തിന് ഉത്തരവിട്ട് ആന്ധ്ര മുഖ്യമന്ത്രി

മിനി തിരുപ്പതി ക്ഷേത്രത്തില്‍ അകത്തേക്കും പുറത്തേക്കും പോകാന്‍ ഇടുങ്ങിയ ഒരുകവാടം മാത്രം

Update: 2025-11-01 11:37 GMT

അമരാവതി: ആന്ധ്രാപ്രദേശിലെ കാസി ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 10 ആയി ഉയര്‍ന്നു. ഏകാദശിയോടനുബന്ധിച്ച് ശ്രീകാകുളത്തുള്ള കാശിബുഗ്ഗ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഭക്തരുടെ വന്‍തിരക്കുണ്ടായപ്പോഴാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അന്വേഷണത്തിന് ഉത്തരവിട്ടു.

80 കാരനായ ഹരിമുകുന്ദ പാണ്ഡയാണ് സ്വന്തം ഭൂമിയില്‍ വെങ്കിടേശ്വര ക്ഷേത്രം പണി കഴിപ്പിച്ചത്. നാലുമാസം മുമ്പാണ് ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്തത്. തിരുമലയിലെ ശ്രീവെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ച ക്ഷേത്രം ചിന്ന തിരുപ്പതി അല്ലെങ്കില്‍ മിനി തിരുപ്പതി എന്നാണ് അറിയപ്പെടുന്നത്.

ഏകാദശി പ്രമാണിച്ച് ഭക്തര്‍ ക്ഷേത്രത്തിലേക്ക് ഇരച്ചുകയറിയപ്പോള്‍ നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു. ''ഭക്തര്‍ ഒറ്റയടിക്ക് മുന്നോട്ട് കുതിച്ചപ്പോള്‍ നിരവധി പേര്‍ തളര്‍ന്നുവീണു,'' ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടവും പുറത്തുകടക്കുന്ന കവാടവും ഒന്നുതന്നെയായിരുന്നു, ഇത് തിക്കും തിരക്കും വര്‍ധിക്കാന്‍ കാരണമായി. സ്വകാര്യ ക്ഷേത്രം സംസ്ഥാന എന്‍ഡോവ്മെന്റ് വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതല്ല. പരിപാടിയുടെ സംഘാടകര്‍ പ്രാദേശിക ഭരണകൂടത്തിന്റെ ഔദ്യോഗിക അനുമതികളൊന്നും തേടിയിരുന്നില്ല.

ഇറങ്ങാനും കയറാനും ഉള്ള ഇടുങ്ങിയ കവാടത്തില്‍ ഹാന്‍ഡ് റെയിലുകള്‍ ഉണ്ട്. അവിടെയാണ് ദുരന്തം ഉണ്ടായത്. ഭക്തരായ സ്ത്രീകളെ കൊണ്ടുവരാന്‍ ഒരു സൗജന്യ ബസ് ട്രിപ് ഏര്‍പ്പെടുത്തിയതും തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായി. രണ്ടായിരം മുതല്‍ മൂവായിരം വരെ പേരെ ഉള്‍ക്കൊള്ളാനേ ക്ഷേത്രത്തിന് കഴിയു. ഏകാദശി ദിവസം ക്ഷേത്രത്തിലേക്ക് എത്തിയത് ഒറ്റയടിക്ക് 25,000 പേരാണ്. എന്നാല്‍, ഈ ആള്‍ക്കൂട്ടത്തെ കൈകാര്യം ചെയ്യാന്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തിയിരുന്നില്ലെന്ന് മാത്രമല്ല, സര്‍ക്കാരിനെ ഒരു വിവരവും അറിയിച്ചിരുന്നുമില്ല.

ഇടുങ്ങിയ സ്ഥലത്ത് നിരവധി സ്ത്രീകള്‍ കുടുങ്ങിപ്പോയതും പൂജാപാത്രങ്ങളും കയ്യിലേന്തി വന്ന പലരും ശ്വാസം കഴിക്കാന്‍ വിഷമിക്കുന്നതും സഹായത്തിനായി നിലവിളിക്കുന്നതും ക്ഷേത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ കാണാം. ഇരകളായവരെ രക്ഷിക്കാന്‍ ബന്ധുക്കള്‍ സിപിആര്‍ നല്‍കുന്നതും കാണാം. മരിച്ചവരില്‍ എട്ട് സ്ത്രീകളും ഒരുകുട്ടിയും ഉള്‍പ്പെടുന്നു. രണ്ടുപേരുടെ നില ഗുരുതരമാണ്. 15 പേര്‍ക്ക് നിസാര പരിക്കേറ്റു,

പരിക്കേറ്റ ഭക്തരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം ചിലരെ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ ഭയപ്പെടുന്നു.

സംഭവത്തില്‍ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ദുഃഖം രേഖപ്പെടുത്തി. 'ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗയിലുള്ള വെങ്കിടേശ്വര ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുമുണ്ടായ സംഭവം ഞെട്ടലുണ്ടാക്കി. ഈ ദുരന്തത്തില്‍ ഭക്തര്‍ മരിച്ചത് അങ്ങേയറ്റം ഹൃദയഭേദകമാണ്. പരിക്കേറ്റവര്‍ക്ക് വേഗത്തിലും ശരിയായതുമായ ചികിത്സ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,' നായിഡു പറഞ്ഞു.

തിക്കിലും തിരക്കിലും ജീവന്‍ നഷ്ടപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.

ആന്ധ്രാപ്രദേശ് മന്ത്രി നാരാ ലോകേഷും അനുശോചനം രേഖപ്പെടുത്തുകയും ഇരകള്‍ക്ക് ഉടനടി സഹായം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

മുന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി സംഭവത്തില്‍ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. ആവര്‍ത്തിച്ചുള്ള ദുരന്തങ്ങള്‍ ഉണ്ടായിട്ടും ശരിയായ മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും തികഞ്ഞ അനാസ്ഥയാണ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. ''നിരപരാധികളുടെ ജീവന്‍ ആവര്‍ത്തിച്ച് നഷ്ടപ്പെടുന്നത് ചന്ദ്രബാബു നായിഡു ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയാണ് കാണിക്കുന്നത്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News