'46 രൂപ വിലയുള്ള പഞ്ചസാര 33 രൂപയ്ക്ക്; സപ്ലൈക്കോയില്‍ ഇപ്പോഴും പൊതുവിപണിയേക്കാള്‍ വിലക്കുറവ്'; ഓണക്കാലത്തെ വിലക്കയറ്റത്തെ ന്യായികരിച്ച് ഭക്ഷ്യമന്ത്രി

ഓണക്കാലത്തെ വിലക്കയറ്റത്തെ ന്യായികരിച്ച് ഭക്ഷ്യമന്ത്രി

Update: 2024-09-05 10:49 GMT

തിരുവനന്തപുരം: ഓണകാലത്ത് വിലക്കയറ്റത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയ സപ്ലൈകോ തന്നെ അരിയും പഞ്ചസാരയുമുള്‍പ്പെടെയുള്ള സാധനങ്ങളുടെ വില വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് ഭക്ഷ്യ മന്ത്രി ജി.ആര്‍.അനില്‍. ഇപ്പോഴും പൊതുവിപണിയേക്കാള്‍ വിലക്കുറച്ചാണ് സപ്ലൈക്കോയില്‍ നല്‍കുന്നതെന്നാണ് മന്ത്രിയുടെ വാദം. 46 രൂപ വിലയുള്ള പഞ്ചസാര 33 രൂപയ്ക്കു നല്‍കുന്നതു വിലക്കയറ്റമാണോ എന്നാണ് മന്ത്രി ചോദിക്കുന്നത്.

സര്‍ക്കാരിന്റെ വിപണി ഇടപെടലില്‍ ഓരോ ഉല്‍പന്നത്തിനും കുറയുന്നത് പത്തും പന്ത്രണ്ടും രൂപയാണെന്നും മന്ത്രി പറഞ്ഞു. വിലക്കയറ്റത്താല്‍ നട്ടം തിരിഞ്ഞ ജനങ്ങള്‍ ഓണക്കാലത്ത് സപ്ലൈക്കോയിലെത്തിയപ്പോള്‍ പഞ്ചസാരയുടേയും അരിയുടേയുമുള്‍പ്പെടെയുള്ള വില വര്‍ധന കേട്ട് ഞെട്ടിയിരിക്കെയാണ് മന്ത്രിയുടെ ന്യായീകരണം. ജനങ്ങള്‍ക്ക് ആശ്വാസം പകരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൊതുവിപണിയേക്കാള്‍ വിലക്കുറവ് സപ്ലൈക്കോയില്‍ തന്നെയാണെന്നും ഇന്ത്യയില്‍ വേറെ ഏതു സര്‍ക്കാര്‍ സ്ഥാപനം ഇത് ചെയ്യുന്നുണ്ടെന്നും മന്ത്രി ചോദിച്ചു.

സപ്ലൈക്കോയില്‍ സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടിയിരുന്നു. പഞ്ചസാരയ്ക്ക് ആറു രൂപയും തുവരപ്പരിപ്പിന് നാലു രൂപയും അരിക്ക് മൂന്നുരൂപയുമാണ് ഒറ്റയടിക്ക് കൂട്ടിയത്. ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുന്നതിന് മുമ്പാണ് സാധാരണക്കാരന്റെ പോക്കറ്റില്‍ കൈയിട്ടുവാരാന്‍ സപ്ലൈകോ തീരുമാനമെടുത്തത്.

ഓണക്കാലത്ത് വിലക്കയറ്റം രൂക്ഷമാകുമെന്നും അത് തടയാന്‍ നടപടി വേണമെന്നും സപ്ലൈകോ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത് രണ്ടാഴ്ച മുന്‍പാണ്. തൊട്ടുപിന്നാലെ 225 കോടി കീഴ്‌മേല്‍ നോക്കാതെ സര്‍ക്കാര്‍ എടുത്ത് സപ്ലൈകോയ്ക്ക് കൊടുത്തു. പൈസ കിട്ടിയതോടെ സപ്ലൈകോയുടെ വിധംമാറി.

കിലോഗ്രാമിന് 30 രൂപയ്ക്കു നല്‍കിയിരുന്ന മട്ട അരിയുടെ വില 33 രൂപയാകും. പഞ്ചസാരയുടെ വില കിലോയ്ക്ക് 27 രൂപയില്‍ നിന്ന് 33 രൂപയാക്കും. പൊതുവിപണിയിലെ വിലക്കയറ്റം മൂലം പഞ്ചസാരയുടെയും എഫ്‌സിഐയില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ വാങ്ങുന്നതിനാല്‍ സബ്‌സിഡി പച്ചരിയുടെയും വില വര്‍ധിപ്പിക്കേണ്ടി വരുമെന്നു മന്ത്രി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും ഏറെ പ്രിയമുള്ള മട്ട അരിയുടെ കാര്യം പറഞ്ഞില്ല. പച്ചരിക്കും മട്ടയ്ക്കും പുറമേ കുറുവ, ജയ എന്നീ അരി ഇനങ്ങളും സബ്‌സിഡി ഇനങ്ങളായി സപ്ലൈകോ നല്‍കുന്നുണ്ട്.

പച്ചരി വില കിലോഗ്രാമിന് 26ല്‍നിന്ന് 29 രൂപ ആക്കേണ്ടി വരുമെന്നു മന്ത്രി പ്രഖ്യാപിച്ചെങ്കിലും നിലവില്‍ വന്നിട്ടില്ല. 13 ഇനം സബ്‌സിഡി സാധനങ്ങളിലെ നാലിനം അരിയില്‍ 'ജയ'യ്ക്കു മാത്രമാണു വില വര്‍ധിപ്പിക്കാത്തത്. തുവരപ്പരിപ്പിന്റെ വില കിലോഗ്രാമിന് 111 രൂപയില്‍നിന്ന് 115 ആക്കി. ചെറുപയറിന്റെ വില 92 രൂപയില്‍നിന്ന് 90 ആയി കുറച്ചു. പഞ്ചസാരയുടെ വില കിലോയ്ക്ക് 27 രൂപയില്‍നിന്ന് 33 ആക്കിയിരുന്നു. പൊതു വിപണിയിലേതിന് ആനുപാതികമായി സബ്‌സിഡി സാധനങ്ങളുടെ വിലയും പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

വിതരണക്കാര്‍ കൂടിയ നിരക്ക് ഇ ടെന്‍ഡറില്‍ ക്വോട്ട് ചെയ്തതാണ് മട്ട അരി വില കൂട്ടാന്‍ ഇടയാക്കിയതെന്നു സൂചനയുണ്ട്. വിതരണക്കാര്‍ക്കു പണം നല്‍കാതെ 600 കോടി രൂപയിലേറെ കുടിശിക വന്നതോടെ പലരും ടെന്‍ഡറില്‍ പങ്കെടുത്തില്ല. 13 ഇനം സബ്‌സിഡി സാധനങ്ങളുടെ വില പൊതുവിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് അതതു മാസം പരിഷ്‌കരിക്കുന്ന രീതി ഫെബ്രുവരി മുതല്‍ സപ്ലൈകോ നടപ്പാക്കിയിരുന്നു.

റേഷന്‍ കട വഴി മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കു നല്‍കുന്ന ഒരു കിലോഗ്രാം പഞ്ചസാരയുടെ വിലയും വര്‍ധിപ്പിച്ചേക്കും. നിലവില്‍ കിലോയ്ക്ക് 21 രൂപ വിലയുള്ള പഞ്ചസാര 25 രൂപയ്ക്കു നല്‍കാനാണ് ആലോചന. അന്തിമതീരുമാനമെടുത്തിട്ടില്ല. സപ്ലൈകോയാണ് റേഷന്‍ കടകളില്‍ പഞ്ചസാര എത്തിക്കുന്നത്. സപ്ലൈകോയുടെ പ്രതിസന്ധിയും ഉയര്‍ന്ന വിലയും മൂലം കഴിഞ്ഞ 10 മാസമായി മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കുള്ള പഞ്ചസാരയുടെ വിതരണം മുടങ്ങിയിരുന്നു.

Tags:    

Similar News