സാധാരണക്കാരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യാനും കൈവെക്കാനും മടിക്കാത്ത 'സിനിമാറ്റിക്ക്' ഹീറോയിസം; ചോദ്യം ചെയ്യലിലെ വേഗതയും ക്രൂരതയും 'മിന്നലിന്റെ' പ്രത്യേകത; ലാത്തി ഒടിഞ്ഞ ക്രൂരതയും ഗര്‍ഭിണിയുടെ കരണത്തടിയും; ഷൈമോള്‍ പോരാട്ട വഴിയില്‍ തന്നെ; പ്രതാപചന്ദ്രന് കഷ്ടകാലമോ?

Update: 2025-12-20 01:16 GMT

കൊച്ചി : അധികാരത്തിന്റെ ഹുങ്കില്‍ സാധാരണക്കാരന്റെ നെഞ്ചത്ത് കൈവെക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വലിയൊരു പാഠമായി മാറുകയാണ് എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ പഴയ സംഭവങ്ങള്‍. ഗര്‍ഭിണിയായ യുവതിയെ കരണത്തടിച്ച മുന്‍ എസ്.എച്ച്.ഒ കെ.ജി. പ്രതാപചന്ദ്രനെതിരേയുള്ള നിയമപോരാട്ടം വെറുമൊരു സസ്‌പെന്‍ഷനില്‍ ഒതുക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ബെന്‍ജോ-ഷൈമോള്‍ ദമ്പതിമാര്‍. 'മിന്നല്‍' പ്രതാപന്‍ എന്നാണ് പോലീസ് സേനയില്‍ പ്രതാപചന്ദ്രനുള്ള വിളിപ്പേര്.

സിസിടിവി ദൃശ്യങ്ങള്‍ ഓരോന്നായി പുറത്തുവരുമ്പോള്‍, പ്രതാപചന്ദ്രന്‍ എന്ന ഉദ്യോഗസ്ഥന്റെ ക്രൂരതയുടെയും മര്‍ദ്ദന മനോഭാവത്തിന്റെയും കറുത്ത ഏടുകളാണ് ഓരോന്നായി തെളിയുന്നത്. 2024 ജൂണ്‍ 20-നായിരുന്നു കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ആ സംഭവം നടന്നത്. പോലീസ് കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ അന്വേഷിച്ചാണ് കൈക്കുഞ്ഞുമായി ഷൈമോള്‍ നോര്‍ത്ത് സ്റ്റേഷനിലെത്തിയത്. ആ സമയത്ത് ഗര്‍ഭിണി കൂടിയായിരുന്ന ഷൈമോളോട് പ്രതാപചന്ദ്രന്‍ പെരുമാറിയത് ഒരു ക്രിമിനലിനോടെന്ന വണ്ണമായിരുന്നു. വാക്കേറ്റത്തിനിടെ യുവതിയുടെ കരണത്ത് പ്രതാപചന്ദ്രന്‍ ആഞ്ഞടിക്കുകയായിരുന്നു.

ഷൈമോളെ മര്‍ദ്ദിച്ച സംഭവത്തില്‍ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ തുടക്കത്തില്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിരുന്നില്ല. എന്നാല്‍ ദമ്പതിമാര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ദൃശ്യങ്ങള്‍ കൈമാറാന്‍ പോലീസ് നിര്‍ബന്ധിതരായത്. ഈ ദൃശ്യങ്ങള്‍ കോടതിയില്‍ എത്തുന്നതോടെ പ്രതാപചന്ദ്രന്റെ വാദങ്ങളെല്ലാം പൊളിയുമെന്നാണ് നിയമവിദഗ്ദ്ധര്‍ കരുതുന്നത്. നോര്‍ത്ത് സ്റ്റേഷനില്‍ നിന്നും പിന്നീട് അരൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ച പ്രതാപചന്ദ്രന്‍ അവിടെ എസ്.എച്ച്.ഒ ആയിരിക്കെയാണ് ഇപ്പോള്‍ സസ്‌പെന്‍ഷനിലായിരിക്കുന്നത്. സസ്‌പെന്‍ഷന്‍ കാലയളവില്‍ ഇദ്ദേഹത്തിനെതിരെ കൂടുതല്‍ വകുപ്പുതല അന്വേഷണങ്ങള്‍ നടക്കുകയാണ്.

വനിതാ ഉദ്യോഗസ്ഥരെ തള്ളിമാറ്റിയെന്നും കുഞ്ഞുങ്ങളെ നിലത്തെറിഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള പോലീസിന്റെ ആദ്യത്തെ കള്ളക്കഥകള്‍ ഹൈക്കോടതി ഇടപെടലിലൂടെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളോടെ പൊളിഞ്ഞു. ശാന്തയായി നില്‍ക്കുന്ന യുവതിയെ സിഐ തല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മുഖ്യമന്ത്രി ഇടപെട്ട് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത് വകുപ്പുതല നടപടി മാത്രമാണെന്നും കോടതിയില്‍ നിന്ന് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നത് വരെ പോരാടുമെന്നും ഷൈമോള്‍ പറയുന്നു. കേസ് ഇപ്പോള്‍ എറണാകുളം എസിജെഎം കോടതിയുടെ പരിഗണനയിലാണ്.

പ്രതാപചന്ദ്രനെതിരേ ഉയരുന്ന ആദ്യത്തെ പരാതിയല്ല ഇത് എന്നതും ഗൗരവകരമാണ്. 2023 ഏപ്രില്‍ ഒന്നിന് നോര്‍ത്ത് റെയില്‍വേ മേല്‍പ്പാലത്തിന് താഴെ വിശ്രമിക്കുകയായിരുന്ന റനീഷ് എന്ന യുവാവിനെ പ്രതാപചന്ദ്രന്‍ ക്രൂരമായി തല്ലിച്ചതച്ച സംഭവം ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. 'കാക്കനാട് വീടുള്ളവന്‍ എന്തിനാണ് ഇവിടെ ഇരിക്കുന്നത്?' എന്നതായിരുന്നു മര്‍ദ്ദിക്കാനുള്ള ഏക കാരണം. മറുപടി പറഞ്ഞ റനീഷിനെ ലാത്തി കൊണ്ട് ക്രൂരമായി തല്ലിയപ്പോള്‍ മര്‍ദ്ദനത്തിന്റെ ആഘാതത്തില്‍ ലാത്തി ഒടിഞ്ഞുപോയി എന്നാണ് പരാതി. മര്‍ദ്ദനമേറ്റ് സ്റ്റേഷനില്‍ വെച്ച് ഛര്‍ദ്ദിച്ചവശനായ റനീഷിനെ ഒടുവില്‍ പോലീസ് തന്നെ ആശുപത്രിയിലാക്കി.

അതുപോലെ 2023 മെയ് 16-ന് കലൂരില്‍ ചായ കുടിക്കാന്‍ പോയ സനൂപ് എന്ന യുവാവിനും പ്രതാപചന്ദ്രന്റെ 'പോലീസ് മുറ' അനുഭവിക്കേണ്ടി വന്നു. പോലീസ് നടപടി ഫോണില്‍ പകര്‍ത്തിയെന്നാരോപിച്ച് സനൂപിനെ ക്രൂരമായി മര്‍ദ്ദിക്കുകയും കള്ളക്കേസില്‍ കുടുക്കി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. താന്‍ ചെയ്തത് പെട്ടെന്നുണ്ടായ പ്രതികരണമാണെന്നും യുവതി പ്രകോപിപ്പിച്ചെന്നുമാണ് സസ്‌പെന്‍ഷനിലായ പ്രതാപചന്ദ്രന്‍ ഇന്നും വാദിക്കുന്നത്. എന്നാല്‍ പഴയ പരാതികളും ഓരോന്നായി പുറത്തുവരുന്ന ദൃശ്യങ്ങളും പ്രതാപചന്ദ്രന്‍ എന്ന ഉദ്യോഗസ്ഥന്റെ സ്വഭാവദൂഷ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഗര്‍ഭിണിയായ ഷൈമോളെ മര്‍ദ്ദിക്കുന്നതിന് മുന്‍പ്, നോര്‍ത്ത് സ്റ്റേഷനിലെ തന്നെ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ കാണാനെത്തിയ സുഹൃത്തായ യുവതിയോടും ഇദ്ദേഹം മോശമായി പെരുമാറിയതായി പരാതിയുണ്ട്. അനുവാദമില്ലാതെ യുവതിയുടെ ഫോട്ടോ എടുത്തുവെന്നായിരുന്നു ആരോപണം.

മിന്നല്‍ പ്രതാപന്‍!

പോലീസിലും ക്രിമിനലുകള്‍ക്കിടയിലും 'മിന്നല്‍ പ്രതാപന്‍' എന്ന പേര് ഒരു പേടിസ്വപ്നമായിരുന്നു. പ്രതാപചന്ദ്രനെ അങ്ങനെയാണ് ഏവരും വിളിച്ചിരുന്നത്. സാധാരണക്കാരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യാനും കൈവെക്കാനും മടിക്കാത്ത പ്രതാപചന്ദ്രന്റെ രീതികള്‍ പലപ്പോഴും 'സിനിമാറ്റിക്കായ' ഹീറോയിസം കാണിക്കാനുള്ള ശ്രമമായിരുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം.

ചോദ്യം ചെയ്യലിലെ വേഗതയും ക്രൂരതയും 'മിന്നലിന്റെ' പ്രത്യേകതയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ലാത്തിയെടുത്ത് പ്രയോഗിക്കുന്ന രീതിയാണ് ഇദ്ദേഹത്തിന് ഈ പേര് നേടിക്കൊടുത്തത്. എന്തിനാണ് തല്ലുന്നതെന്ന് ചോദിക്കാന്‍ പോലും ഇരകള്‍ക്ക് സമയം നല്‍കാത്ത രീതിയാണിതെന്നാണ് പരാതിക്കാര്‍ പറയുന്നത്. തല്ലിന്റെ ആഘാതത്തില്‍ ലാത്തി ഒടിഞ്ഞുപോയ സംഭവത്തോടെയാണ് 'മിന്നല്‍ പ്രതാപന്‍' എന്ന പേര് കൂടുതല്‍ ചര്‍ച്ചയായത്. കര്‍ക്കശക്കാരനായ പോലീസ് ഉദ്യോഗസ്ഥന്‍ എന്ന ഇമേജ് നിലനിര്‍ത്താന്‍ പ്രതാപചന്ദ്രന്‍ ബോധപൂര്‍വ്വം ശ്രമിച്ചിരുന്നു. കലൂരിലും നോര്‍ത്തിലും രാത്രികാലങ്ങളില്‍ പെട്രോളിംഗിന് ഇറങ്ങുമ്പോള്‍ കണ്ണില്‍ക്കണ്ടവരെയെല്ലാം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തും. ലാത്തിക്കും അടിക്കും.

Tags:    

Similar News