പുലര്‍ച്ചെ ആശുപത്രി സന്ദര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍; പരിക്കേറ്റവരെ സന്ദര്‍ശിക്കുകയും, മോര്‍ച്ചറിയില്‍ എത്തി മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു; രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളില്‍ സംഭവിക്കാന്‍ പാടില്ലാത്ത ദുരന്തം; സംസ്ഥാനതെ നടക്കി കരൂര്‍ അപകടം

Update: 2025-09-28 00:06 GMT

ചെന്നൈ: കരൂരില്‍ നടന്ന കൂട്ടമരണം സംസ്ഥാനത്തെ നടുക്കിയിരിക്കുകയാണ്. സംഭവത്തില്‍ സംസ്ഥാന മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍ ദുഃഖം രേഖപ്പെടുത്തി. പുലര്‍ച്ചെയോടെ അദ്ദേഹം ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിക്കുകയും, മോര്‍ച്ചറിയില്‍ എത്തി മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. ജുഡീഷ്യല്‍ അന്വേഷണം വഴി അപകടത്തിന്റെ യഥാര്‍ത്ഥ കാരണം പുറത്ത് വരുമെന്നാണ് സ്റ്റാലിന്റെ അഭിപ്രായം. അന്വേഷണ ഫലത്തിന് ശേഷമേ തുടര്‍ നടപടി എടുക്കാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളില്‍ സംഭവിക്കാത്ത രീതിയിലാണ് ദുരന്തം ഉണ്ടായതെന്നും, ഇതൊരിക്കലും ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിജയെ അറസ്റ്റ് ചെയ്യുമോ എന്ന ചോദ്യത്തിന് ആരെ അറസ്റ്റ് ചെയ്യും ചെയ്യാനാകില്ല എന്ന് തനിക്ക് പറയാന്‍ സാധിക്കില്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. പോലീസിന്റെ വീഴ്ചയെ കുറിച്ച് അദ്ദേഹം മറുപടി ഒന്നും തന്നെ പറഞ്ഞില്ല. പുലര്‍ച്ചെയാണ് ആശുപത്രിയില്‍ എത്തിയത്. സംഭവം നടന്ന ഉടനെ കരൂര്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായിരുന്ന വിളിച്ചിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം ഒരു സംഭവം ഒരിക്കലും നടക്കാന്‍ പാടില്ലാത്തതായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരെയും സംരക്ഷിക്കുന്നതായിരിക്കില്ല അന്വേഷണം എന്നും ശരിയായ രീതിയില്‍ തന്നെ ഈ സംഭവത്തെ കുറിച്ച് പഠിച്ച് അന്വേഷണം നടത്തുമെന്നും സ്റ്റാലിന്‍ പറഞ്ഞു. അന്വേഷണത്തില്‍ സത്യം പുറത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംഭവത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രുപ സര്‍ക്കാര്‍ ധനം സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ നല്‍കുക. തമിഴ്‌നാടിന് ആവശ്യമെങ്കില്‍ കേരളത്തില്‍ നിന്ന് സഹായം എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ച 39 പേരില്‍ 17 സ്ത്രീകളും 9 കുട്ടികളുമാണ് ഉള്‍പ്പെടുന്നത്. ഇതിനകം 35 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി അധികൃതര്‍ അറിയിച്ചു. കരൂര്‍ സ്വദേശികളാണ് ഭൂരിഭാഗവും, പുറമെ ഈറോഡ്, തിരുപ്പൂര്‍, ഡിണ്ടിഗല്‍, സേലം ജില്ലകളില്‍ നിന്നുമുള്ളവരും മരണപ്പെട്ടിട്ടുണ്ട്.

സംഭവസമയത്ത് റാലിയില്‍ പങ്കെടുത്തിരുന്ന അഭിനേതാവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിജയ് അപകടത്തിനു ശേഷം പ്രതികരണം നടത്താതെ മടങ്ങിയത് വലിയ ചര്‍ച്ചയായിട്ടുണ്ട്. വിജയിന്റെ വീടിന് മുന്നില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിജയ് എക്‌സിലൂടെ പ്രതികരിച്ചത്. എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു; അസഹനീയമായ വേദനയിലും ദുഃഖത്തിലും ആണ് ഞാന്‍. കരൂരില്‍ ജീവന്‍ നഷ്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.' എന്നാണ് വിജയ് പ്രതികരിച്ചത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തിയ വിജയ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. ദുരന്തത്തിന് ശേഷമാണ് വിജയ് തിരുച്ചിറപ്പള്ളിയിലെത്തിയത്. അതേസമയം, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.

Tags:    

Similar News