മേഘം അസാധാരണ രീതിയിൽ ഇരുളുന്നു; തീരപ്രദേശങ്ങളിൽ ആളുകളെ ഒന്നടങ്കം ഒഴിപ്പിക്കുന്നു; മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ്; ഭീതി പടർത്തി 'മോൻത' ചുഴലിക്കാറ്റ് അതിതീവ്രമായി ശക്തിയാർജിക്കുന്നു; ട്രെയിനുകളും വിമാന സര്‍വീസുകളും റദ്ദാക്കി; ആന്ധ്രായിൽ അതീവ ജാഗ്രത
വിശാഖപട്ടണം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'മോൻത' ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിയാർജിച്ചതിനെത്തുടർന്ന് ആന്ധ്രാപ്രദേശിന്റെ തീരമേഖലകളിൽ കനത്ത ജാഗ്രതാ നിർദ്ദേശം. ശക്തമായ കടൽക്ഷോഭവും തീരദേശ ജില്ലകളിൽ കനത്ത മഴയും അനുഭവപ്പെട്ടുതുടങ്ങി. ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരമാലകൾ നാല് മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്.
നിലവിൽ, മോൻത ചുഴലിക്കാറ്റ് ആന്ധ്രാ തീരത്ത് നിന്ന് ഏകദേശം 270 കിലോമീറ്റർ അകലെയാണ് നിലകൊള്ളുന്നത്. ചുഴലിക്കാറ്റ് മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലായിരിക്കും കരതൊടാൻ സാധ്യത. മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലുള്ള തീരപ്രദേശത്തായിരിക്കും ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഇതിനോടകം തന്നെ ആന്ധ്രാപ്രദേശിലെ 16 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വിമാന, ട്രെയിൻ സർവീസുകൾ റദ്ദാക്കി:
ചുഴലിക്കാറ്റിന്റെ കെടുതികൾ കണക്കിലെടുത്ത് വിശാഖപട്ടണത്ത് നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി. എയർ ഇന്ത്യയും ഇൻഡിഗോയും സർവീസുകൾ നിർത്തിവെച്ചു. കൂടാതെ, വിശാഖപട്ടണം വഴിയുള്ള നൂറോളം ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തലാക്കിയിട്ടുണ്ട്. യാത്രാതടസ്സങ്ങൾ ഒഴിവാക്കാനും യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കാനും അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്.
ദേശീയ ദുരന്തനിവാരണ സേനയുടെ സജ്ജീകരണം:
തീരമേഖലകളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ തീരമേഖലകളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കാക്കിനാട, കോണസീമ മേഖലകളിൽ, പ്രത്യേകിച്ചും ഗർഭിണികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ദേശീയ ദുരന്തനിവാരണ സേനയുടെ (NDRF) സംഘങ്ങൾ വിവിധ തീരദേശ ജില്ലകളിൽ സജ്ജമായിട്ടുണ്ട്. അവർക്ക് ആവശ്യമായ സഹായങ്ങളും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
മലയാളികൾക്ക് സഹായഹസ്തവുമായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ:
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, കാക്കിനട, രാജമുന്ദ്രി, വിജയവാഡ, നെല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് അടിയന്തര സഹായം നൽകുന്നതിനായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (AIMA) ഒരു ഹെൽപ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. നൂറുകണക്കിന് മലയാളികൾ താമസിക്കുന്ന ഈ സ്ഥലങ്ങളിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് AIMA നാഷണൽ പി.ആർ.ഒ. സുനിൽകുമാർ അറിയിച്ചു. സഹായം ആവശ്യമുള്ളവർക്ക് താഴെപ്പറയുന്ന ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം:
*വിശാഖപട്ടണം: എൻ.എം. പിള്ളൈ - 7893252380, പ്രിൻസ് - 7416806568
*കാക്കിനട: സന്തോഷ് - 8919332398
*രാജമുന്ദ്രി: ജോൺസൺ ചാലിശേരി - 9848639474
*വിജയവാഡ: സുനിൽകുമാർ - 8520989369
*നെല്ലൂർ: നന്ദകുമാർ - 9848170608, മധു പുളിയത്ത് - 9295751423
ചുഴലിക്കാറ്റ് കരതൊടുന്നതോടെ വലിയ നാശനഷ്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ ഗതിയും ശക്തിയും കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
