കുട്ടികള്‍ക്ക് വിഷുക്കോടിയും വാങ്ങി നല്‍കി കഴിഞ്ഞ ദിവസം മടങ്ങിയ അച്ഛന്‍; വെളളിയാഴ്ച കേള്‍ക്കുന്നത് അമ്മയും രണ്ടു ആണ്‍കുട്ടികളും കിണറ്റില്‍ ചാടി ജീവനൊടുക്കിയെന്ന്; അഴീക്കോട് മീന്‍കുന്ന് ഗ്രാമത്തെ നടുക്കി ദുരന്തം
അഴീക്കോട് മീന്‍കുന്ന് ഗ്രാമത്തെ നടുക്കി ദുരന്തം
കണ്ണൂര്‍ : അഴീക്കോട് മീന്‍കുന്ന് ഗ്രാമത്തെ ഞെട്ടിച്ച് അമ്മയുടെയും രണ്ട് ആണ്‍കുട്ടികളുടെയും മരണം. വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഞെട്ടലോടെ ദുരന്ത വാര്‍ത്ത കേട്ടാണ് മീന്‍കുന്ന് മമ്പറം പീടിക പ്രദേശവാസികള്‍ ഉണര്‍ന്നത്. അമ്മയെയും മക്കളെയും കാണാതായെന്ന വിവരമറിഞ്ഞ് വെള്ളിയാഴ്ച്ച പുലര്‍ച്ചെ തന്നെ ബന്ധുക്കളോടൊപ്പം നാട്ടുകാരും തെരച്ചില്‍ തുടങ്ങിയിരുന്നു.
വീട്ടിലെ കിണറിലെ ആള്‍ മറപൂര്‍ണമായും വല കൊണ്ടു മൂടിയിരുന്നു. അതുകൊണ്ട് ആരും കിണറ്റിലേക്ക് നോക്കിയിരുന്നില്ല. പിന്നീടാണ് കുളിമുറിയുടെ വാതില്‍ തുറന്ന നിലയില്‍ കണ്ടത്. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളുടെ പിതാവ് രമേഷ് ബാബു അധിക ദിവസം വീട്ടിലെത്താറുണ്ടെന്നും നല്ല സൗഹൃദത്തിലാണ് കുടുംബം കഴിഞ്ഞിരുന്നതെന്നും അയല്‍വാസികള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
മമ്പാംപീടിക പൊട്ടന്‍ നല്ലാഞ്ഞി തറവാട് സദ്ഗുരു ഭഗവതി ദേവസ്ഥാനത്തിന് സമീപത്തെ മഠത്തില്‍ വീട്ടില്‍ ഭാമ (45) മക്കളായ ശിവനന്ദ് (14) അശ്വന്ത് ( 11 ) എന്നിവരെയും കൊണ്ടു കിണറ്റില്‍ ചാടി മരിച്ചതാണെന്നാണ് വളപട്ടണം പൊലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. ഭാമയും കുട്ടികളും സഹോദരി വസുമതിക്കും അമ്മ ലീലയുടെയും കൂടെ താമസിച്ചു വരികയായിരുന്നു.
വെള്ളിയാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെ സഹോദരി ചെറിയ ശബ്ദം കേട്ടു നോക്കുമ്പോള്‍ മൂന്ന് പേരെയും കാണാതാവുകയായിരുന്നു തുടര്‍ന്ന് സമീപത്ത് താമസിക്കുന്ന സഹോദരനെ വിവരം അറിയിക്കുകയായിരുന്നു. കണ്ണൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സാണ് മൃതദ്ദേഹം പുറത്തെടുത്തത് വളപട്ടണം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം വൈകിട്ട് സംസ്‌കാരം അഴീക്കോട് കൊഴക്കില്‍ ശ്മശാനത്തില്‍ നടത്തി.
ഭാമയുടെ ഭര്‍ത്താവ് മത്സ്യ തൊഴിലാളിയായ രമേഷ് ബാബു ജോലി സൗകര്യാര്‍ത്ഥം അഴീക്കോട് ചാലിലുള്ള സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. കുടുംബത്തെ കാണാതായെന്ന വിവരം അറിഞ്ഞു നടത്തിയ തെരച്ചിലില്‍ രമേഷ് ബാബും നാട്ടുകാരോടൊപ്പമുണ്ടായിരുന്നു. രമേഷ് ബാബു മിക്കവാറും ദിവസങ്ങളിലും ഭാര്യ വീട്ടില്‍ വരാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കുട്ടികള്‍ക്ക് വിഷുക്കോടിയും വാങ്ങി നല്‍കിയിരുന്നു. കുറച്ചു കാലമായി ഭാമ മാനസികവിഭ്രാന്തിക്ക് ചികിത്സയിലായിരുന്നുവെന്നാണ് പൊലിസിന് ലഭിച്ച വിവരം. വളപട്ടണം എസ്.എച്ച്.ഒബി കാര്‍ത്തിക്, ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.