ഗുരുവായൂരില്‍ ഏകാദശി നാളിലെ ഉദയാസ്തമയ പൂജ ഒഴിവാക്കി ആചാരലംഘനത്തിന് തന്ത്രി കൂട്ടുനിന്നു; പുല ഉള്ളപ്പോള്‍ അന്നദാന മണ്ഡപത്തില്‍, വിളക്ക് കൊളുത്തി; ശ്രീശങ്കരാചാര്യര്‍ ഒരു മിത്താണെന്ന് തുറന്നടിച്ചു; മുഖ്യതന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിനെതിരെ ക്ഷേത്ര സംഘടനകള്‍; തന്ത്രിയെ മാറ്റി നിര്‍ത്താനും നീക്കം

ഗുരുവായൂര്‍ ക്ഷേത്ര മുഖ്യതന്ത്രിക്കെതിരെ നീക്കം

Update: 2024-12-13 11:39 GMT

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഏകാദശി ദിനത്തില്‍ ഉദയാസ്തമയ പൂജ മാറ്റിയ തര്‍ക്കം കോടതി കയറിയിരിക്കുകയാണ്. വൃശ്ചിക മാസത്തിലെ പൂജ തുലാമാസത്തിലേക്ക് മാറ്റിയതാണ് വിവാദമായത്. കേസ് സുപ്രീം കോടതിയിലാണ്. ആചാരങ്ങള്‍ അതേപടി തുടരണമായിരുന്നുവെന്നാണ് കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചത്. ആചാരമല്ല വഴിപാടാണ് ഉദയാസ്തമയ പൂജയെന്ന വാദവും വിലപ്പോയില്ല. പൂജ മാറ്റുന്നത് ആചാരത്തിന്റെയും ദേവഹിതത്തിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തന്ത്രി കുടുംബമായ ചേന്നാസ് ഇല്ലമാണ് ഹര്‍ജി നല്‍കിയത്. ഉദയാസ്തമയ പൂജ തുലാം മാസത്തിലെ ഏകാദശി ദിനത്തില്‍ നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചത് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. ഹര്‍ജിയില്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിക്ക് നോട്ടീസ് നല്‍കി. അതിനിടെ, ക്ഷേത്രത്തിലെ മുഖ്യതന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിനെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള നീക്കവും ശക്തമായി. ഉദയാസ്തമയ പൂജ ഏകാദശി ദിനത്തില്‍ നടത്താതിരുന്നത് ആചാരലംഘനമാണെന്നും മുഖ്യതന്ത്രി അതിനു കൂട്ടുനിന്നെന്നുമാണ് ആക്ഷേപം. ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട നിരവധി സംരക്ഷണ സമിതികളും യോഗക്ഷേമസഭയും ഒക്കെ മുഖ്യതന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

ഗുരുവായൂരപ്പന്റെ മുന്നില്‍ സമസ്താപരാധം ഏറ്റുപറയാതിരിക്കുകയും ഓതിക്കന്മാരും വൈദികനും നിശ്ചയിക്കുന്ന പ്രായശ്ചിത്തവും ചെയ്യാത്ത പക്ഷം മുഖ്യതന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിനെ മാറ്റി നിര്‍ത്തണമെന്നാണ് ഭക്തജനകൂട്ടായ്മയായ സനാതന ധര്‍മ്മസംരക്ഷണ സമിതി ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തുന്ന സമിതി ഈ മാസം 22 ന് ദേവസ്വത്തിന് നിവേദനം നല്‍കും. നടപടിയുണ്ടായില്ലങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സമിതിയുടെ മുന്നറിയിപ്പ്.

ഏകാദശിക്ക് ഉദയാസ്തമയ പൂജ നടത്താതിരുന്ന ദേവസ്വത്തിന് കൂട്ടുനിന്ന തന്ത്രി വിശ്വാസികളുടെ വിശ്വാസങ്ങളെ മുറിപ്പെടുത്തിയെന്നും ആചാരം ലംഘിച്ചുവെന്നുമാണ് ആരോപണം. ഇതിന് പിന്നാലെ, തന്റെ കുടുംബത്തിലുളള വ്യക്തി മരിച്ച പുലയോട് കൂടി ഗുരുവായൂരിലെ അന്നദാന മണ്ഡപത്തില്‍, വിളക്ക് കൊളുത്തിയത് വിശ്വാസികളോടുള്ള കൊടിയ അപരാധമെന്നും സനാതന ധര്‍മ്മസംരക്ഷണ സമിതി കുറ്റപ്പെടുത്തുന്നു. കോന്നശേരി മനയിലെ കെ എന്‍ കാളിദാസന്‍ നമ്പൂതിരി അടക്കമുള്ളവരാണ് സമിതിക്ക് വേണ്ടി ദേവസ്വത്തിന് നിവേദനം നല്‍കുന്നത്.





ശങ്കരാചാര്യരെ തന്ത്രി തള്ളിപ്പറഞ്ഞെന്നും ആരോപണം

സനാതന ധര്‍മ്മസംരക്ഷണ സമിതിക്കൊപ്പം, യോഗക്ഷേമസഭ, ക്ഷേത്ര രക്ഷാ സമിതി, അഖിലകേരള തന്ത്രി സമാജം എന്നീ സംഘടനകളും തന്ത്രിക്ക് എതിരെ രംഗത്തുവന്നിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും അതേപടി നിലനിര്‍ത്തണമെന്ന് യോഗക്ഷേമസഭ ആവശ്യപ്പെട്ടു. ക്ഷേത്രം ഭരണകര്‍ത്താക്കളും തന്ത്രിയും ചേര്‍ന്ന് കാലങ്ങളായി നടന്നുവന്നിരുന്ന ഏകാദശിനാളിലെ ഉദയാസ്തമന പൂജ വേണ്ട എന്ന് നിശ്ചയിച്ചത് അംഗീകരിക്കാവുന്നതല്ലെന്നും യോഗക്ഷേമസഭ പ്രസ്താവനയില്‍ പറഞ്ഞു.

സാധാരണഗതിയില്‍ ക്ഷേത്രത്തിലെ പൂജകള്‍ മുടങ്ങിയാല്‍ ചെയ്യുന്ന പ്രായശ്ചിത്തങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലും അടിയന്തിരമായി ചെയ്യണം. മുടങ്ങിയ പൂജകളും ആവര്‍ത്തിക്കണം. ജഗദ്ഗുരു ശ്രീശങ്കരാചാര്യര്‍ ഒരു മിത്താണെന്ന തന്ത്രി ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ നിലപാടില്‍ യോഗക്ഷേമ സഭ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ശങ്കരഭാഷ്യം ഉള്‍പ്പെടെയുളള കൃതികളുടെ കര്‍ത്താവായ ശ്രീശങ്കരാചാര്യരെ തളളിപ്പറഞ്ഞ തന്ത്രി ഹൈന്ദവ സമൂഹത്തിന് തന്നെ അപമാനമാണെന്നും പ്രസ്താവനയില്‍ യോഗക്ഷേമ സഭ കുറ്റപ്പെടുത്തി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അടിക്കടി നടക്കുന്ന ആചാരലംഘനങ്ങള്‍ക്ക് തടയിടുന്നതിന് ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടും ജനറല്‍ സെക്രട്ടറി കൊടുപുന്ന കൃഷ്ണന്‍പോറ്റിയും ആവശ്യപ്പെട്ടു.

ഹൈന്ദവ സംഘടനകളുടെയും ഭക്തജനങ്ങളുടെയും എതിര്‍പ്പ് അവഗണിച്ചാണ് ഗുരുവായൂരില്‍ ഏകാദശി നാളിലെ ഉദയാസ്തമന പൂജ ഒഴിവാക്കാന്‍ ഭരണസമിതി തീരുമാനിച്ചത്. ഇതിന് തന്ത്രിയും അനുമതി നല്‍കുകയായിരുന്നു. നൂറ്റാണ്ട് പഴക്കമുളള ഏകാദശി നാളിലെ ഉദയാസ്തമന പൂജ ഗുരുവായൂരിലെ ആചാരങ്ങളുടെ ഭാഗമല്ലെന്ന തന്ത്രിയുടെ നിലപാടും വലിയ ഭക്തജന പ്രതിഷേധത്തിനും വിവാദത്തിനും വഴിവെച്ചിരുന്നു.

അതേസമയം, ഗുരുവായൂര്‍ ഏകാദശി ദിനത്തിലെ ഉദയാസ്തമനപൂജ മാറ്റിയതിന് പിന്നാലെ തന്ത്രി വീണ്ടും ആചാര ലംഘനം നടത്തിയെന്ന് ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി ആരോപിച്ചു. ഇക്കാര്യം ചൂണ്ടികാട്ടി ക്ഷേത്ര രക്ഷാസമിതി ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് കത്ത് നല്‍കി.

ഭക്തര്‍ക്ക് അന്നദാനം കഴിയ്ക്കാനുള്ള അന്നദാന മണ്ഡപത്തില്‍ മരിച്ച 'പുല വാലായ്മ' ഉള്ള തന്ത്രി ദിനേശന്‍ നമ്പൂതിരിപ്പാട് വിളക്ക് കത്തിച്ച് ആചാര ലംഘനം നടത്തിയെന്നാണ് ക്ഷേത്ര രക്ഷാസമിതിയുടെ ആരോപണം. ഹൈന്ദവ വിശ്വാസ പ്രകാരം 'പുല വാലായ്മയുള്ള ഒരാള്‍ ഒരിക്കലും ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കാറില്ലെന്നും ആചാര ലംഘനമാണെന്നും ക്ഷേത്ര രക്ഷാസമിതി കത്തില്‍ പറയുന്നു.

ഏകാദശി നാളിലെ തന്ത്രിയുടെ ഭാഗത്തു നിന്നുള്ള നീക്കം മനഃപൂര്‍വ്വമാണ്, വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്താനുള്ള ശ്രമമാണിത്. ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റിയും അഡ്മിനിസ്‌ട്രേറ്ററും ഭക്തരുടെ മതവികാരം വ്രണപ്പെടുത്തി. തന്ത്രിയുടെ ഭാഗത്തു നിന്നുള്ള നീക്കത്തിന് പരിഹാരമായി ഏകാദശി ദിനത്തിലെ എല്ലാ പൂജകളും ആവര്‍ത്തിക്കണമെന്നും തന്ത്രി ഇതിനുള്ള ചെലവ് വഹിക്കണമെന്നും ആവശ്യപ്പെട്ടതായി ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി സെക്രട്ടറി എം ബിജേഷ് പത്രകുറിപ്പില്‍ പറഞ്ഞു.

ആചാരലംഘനത്തിന് പ്രായശ്ചിത്തമായി വ്രതശുദ്ധി നഷ്ടപ്പെട്ടതില്‍ തദേശവാസികള്‍ക്ക് ഭഗവാന്റെ കോപം ഇല്ലാതിരിക്കാന്‍ ഗുരുവായൂരിലെ ഭക്തജന കൂട്ടായ്മ ഭഗവാന് മുമ്പില്‍ വിളിച്ച് നാണയ കിഴിയും വിളക്കും സമര്‍പ്പിച്ച് വിളിച്ചു ചൊല്ലി പ്രായശ്ചിത്തം ചെയ്തു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി നാളില്‍ അശുദ്ധി ഉണ്ടായിട്ടും തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് അന്നദാനപ്പുരയില്‍ നിലവിളക്ക് കൊളുത്തിയത് ഒഴിവാക്കേപ്പെടേണ്ടതായിരുന്നുവെന്ന് അഖിലകേരള തന്ത്രി സമാജം സംസ്ഥാന കമ്മിറ്റി യോഗം പറഞ്ഞു. തന്ത്രി സമൂഹത്തിനാകെ മാതൃകയാകേണ്ടയാളാണ്. അന്നദാനപ്പുര ക്ഷേത്ര മതിലിന് പുറത്താണെങ്കിലും പുല കണക്കിലെടുത്ത് ഇത്തരം വിവാദങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമായിരുന്നു.

ക്ഷേത്രാചാരങ്ങള്‍ സംബന്ധിച്ച വിവാദങ്ങള്‍ ഒഴിവാക്കാന്‍ തന്ത്രി മറ്റ് കുടുംബാംഗങ്ങളെയെല്ലാം പരസ്പര ധാരണയോടെ കൊണ്ടുപോകേണ്ടതുണ്ട്. ആചാരങ്ങളില്‍ മാറ്റം വരുത്തേണ്ടി വരുന്ന ഘട്ടത്തില്‍ പുലര്‍ത്തേണ്ട നടപടി ക്രമങ്ങള്‍ പാലിക്കപ്പെടാഞ്ഞതാണ് ഏകാദശി ഉത്സവം വിവാദത്തിലാകാന്‍ കാരണമെന്നും തന്ത്രി സമാജം അഭിപ്രായപ്പെട്ടു.

Tags:    

Similar News