നിലമ്പൂരില്‍ പി വി അന്‍വറിനെ ഒപ്പം കൂട്ടണമെന്ന് വാദിച്ചതില്‍ അതൃപ്തി; പാര്‍ട്ടി അദ്ധ്യക്ഷ പദവി ഒഴിഞ്ഞതോടെ ഒറ്റപ്പെട്ടവനായി കെ സുധാകരന്‍; സ്വന്തം തട്ടകമായ കണ്ണൂരിലും രക്ഷയില്ല; കോണ്‍ഗ്രസ് സമരസംഗമ പോസ്റ്ററില്‍ നിന്നും പ്രിയനേതാവിന്റെ ഫോട്ടോ ഒഴിവാക്കിയതില്‍ വിവാദം, സുധാകര അനുകൂലിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കോളിളക്കം
സുധാകരനെതിരെ കണ്ണൂരിലും അണിയറ നീക്കം
കണ്ണൂര്‍ : മുന്‍ കെ.പി സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്റെ തട്ടകമായ കണ്ണൂരിലും അദ്ദേഹത്തിനെതിരെയുള്ള അണിയറ നീക്കങ്ങള്‍ ശക്തമാക്കുന്നു. കെ.സി വേണുഗോപാല്‍ - വി.ഡി സതീശന്‍ സഖ്യം കടുത്ത കെ.സി അനുകൂലിയായ നേതാവിനെ ഡി.സി.സി പ്രസിഡന്റാക്കാനുള്ള അണിയറ നീക്കങ്ങളാണ് നടത്തുന്നത്. നേരത്തെ സുധാകരന്റെ വിശ്വസ്തനായിരുന്ന കെ.പി.സി.സി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് വി.ഡി സതീശനോട് അനുഭാവം പുലര്‍ത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
തന്റെ സ്വാധീന കേന്ദ്രത്തില്‍പ്പോലും സുധാകരനെ നിര്‍വീര്യമാക്കാനുള്ള അണിയറ നീക്കങ്ങളാണ് നടക്കുന്നതെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. ഇതു പൊട്ടിത്തെറിയുടെ വക്കില്‍ എത്തി നില്‍ക്കവെ കണ്ണൂരില്‍ കോണ്‍ഗ്രസ് പരിപാടിയില്‍ നിന്നും എം.പിയായ കെ. സുധാകരനെ ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തമായി.
കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ജൂലായ് 14 ന് ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തിലാണ് കെ.പി.സി.സി നിര്‍ദ്ദേശപ്രകാരം സമരസംഗമം നടത്തുന്നത്. എന്നാല്‍ 'സമരസംഗമം' പരിപാടിയുടെ പോസ്റ്ററില്‍ കെ സുധാകരന്റെ ഫോട്ടോ ഇല്ലാത്തതിലാണ് സുധാകര അനുകൂലികളില്‍ അമര്‍ഷം പുകയുന്നത്.
കെ.പി.സി.സി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ എന്നിവരുടെ മുഖങ്ങള്‍ വലുതായും യു.ഡി. എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, പി.സി വിഷ്ണുനാഥ്, അനില്‍കുമാര്‍, ഷാഫി പറമ്പില്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടെ മുഖങ്ങള്‍ ചെറുതായുമാണ് പോസ്റ്ററില്‍ അച്ചടിച്ചിട്ടുള്ളത്. എന്നാല്‍ ഇതില്‍ നിന്നും കണ്ണൂര്‍ എംപിയായിട്ട് കൂടിയും കെ. സുധാകരനെ ബോധപൂര്‍വ്വം ഒഴിവാക്കിയെന്നാണ് സുധാകര അനുകൂലികള്‍ പറയുന്നത്.
ഇതിനെതിരെ പരസ്യ പ്രതിഷേധവുമായി സുധാകരന്റെ വിശ്വസ്തരിലൊരാളായ യു.ടി ജയന്ത് ഉള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്. പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയാലും കോണ്‍ഗ്രസ്സുകാരുടെ ഹൃദയത്തില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നാണ് ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രതിഷേധത്തെ തുടര്‍ന്ന് പഴയ പോസ്റ്റര്‍ പിന്‍വലിച്ചിട്ടുണ്ട്. പുതിയ പോസ്റ്റര്‍ തയ്യാറാക്കി കണ്ണൂര്‍ ഡിസിസി സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.
പുതിയ പോസ്റ്ററില്‍ ദേശീയ നേതാക്കള്‍ക്കൊപ്പം സുധാകരനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജൂലായ് 14 ന് നടക്കുന്ന സമരസംഗമം പരിപാടിയുടെ പോസ്റ്ററിനെ സംബന്ധിച്ചാണ് പ്രതിഷേധം ഉണ്ടായത്. കെ സുധാകരന്‍ കണ്ണൂരിലെ കോണ്‍ഗ്രസ്സുകാരുടെ മാത്രമല്ല കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരുടെയും ഏറ്റവും പ്രിയപ്പെട്ട നേതാവാണ്. അദ്ദേഹത്തിന്റെ ജില്ലയില്‍ പാര്‍ട്ടിയുടെ സമരപരിപാടി നടക്കുമ്പോള്‍ പോസ്റ്ററില്‍ ആ തല ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. പക്ഷെ കണ്ണൂരിലെ കോണ്‍ഗ്രസ്സുകാരുടെ ഹൃദയത്തില്‍ നിന്ന് ആ മുഖവും പേരും പറിച്ചെറിയാന്‍ കരുത്തുള്ളവര്‍ ആരും ജനിച്ചിട്ടില്ലെന്നുമായിരുന്നു സുധാകര അനുകൂലിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ആരോഗ്യപരമായ കാരണങ്ങളാല്‍ തോട്ടട നടാലിലെ വീട്ടില്‍ ചികിത്സയിലാണ് കെ. സുധാകരന്‍. കെ.പി.സി.സി അധ്യക്ഷ പദവി നഷ്ടമായതിനു ശേഷം കോണ്‍ഗ്രസില്‍ നിന്നും ഒറ്റപ്പെട്ട അവസ്ഥയിലാണ് കെ. സുധാകരന്‍. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വറെ കൂടെ കൂട്ടണമെന്ന സുധാകരന്റെ വാദവും പാര്‍ട്ടി നേതാക്കളില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. കണ്ണൂര്‍ ഡി.സി.സിയുടെ നിയന്ത്രണം. ഇപ്പോഴും സുധാകര വിഭാഗക്കാര്‍ക്കാണ്. എന്നാല്‍ പാര്‍ട്ടിയില്‍ കെ.സി വേണുഗോപാല്‍ ഗ്രൂപ്പ് ശക്തമായതോടെ പല നേതാക്കള്‍ക്കും ചാഞ്ചാട്ടമുണ്ടായിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്‍പായി പലരും മറുകണ്ടം ചാടാനാണ് സാദ്ധ്യത.