ലോക ചെറുകഥാ മത്സരത്തിലൂടെ വരവറിയിച്ചു; സ്വന്തം കുടുംബത്തെയടക്കം ഉള്‍പ്പെടുത്തി പറഞ്ഞത് ഒരു കാലഘട്ടത്തിന്റെ സാമൂഹ്യ വ്യവസ്ഥിതിയുടെ ചരിത്രം; ആദ്യ നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ആദ്യ സിനിമയ്ക്ക് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കവും; തൊട്ടതെല്ലാം പൊന്നാക്കുകയെന്നതിന്റെ പര്യായമായ എം ടി; മലയാളത്തിന്റെ കഥാകാരനെ ഓര്‍ക്കുമ്പോള്‍

മലയാളത്തിന്റെ കഥാകാരനെ ഓര്‍ക്കുമ്പോള്‍

Update: 2024-12-25 17:04 GMT

തിരുവനന്തപുരം:അക്ഷരങ്ങളുടെ കടലാണ് മലയാളിക്ക് എം ടി വാസുദേവന്‍ നായര്‍.കുറച്ചുവായിക്കുന്നവരും ഒരുപാട് വായിക്കുന്നവരും ഒരിക്കലെങ്കിലും വായിച്ചിരിക്കുമെന്ന് ഉറപ്പുള്ള കഥാകാരന്‍.മലയാളിക്ക് ആരെല്ലാമോ ആയിരുന്നു എംടി.വായനക്കാരുടെ പ്രായത്തിനനുസരിച്ച് ഒരോ വായനക്കാരനിലും എം ടിയുടെ പ്രായം മാറിമറിയും.മാതൃഭൂമി നടത്തിയ ലോകചെറുകഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് എം ടി എന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ സാഹത്യലോകത്തിലേക്കുള്ള തന്റെ വരവറിയിക്കുന്നത്.വളര്‍ത്തു മൃഗങ്ങള്‍ എന്ന ചെറുകഥയായിരുന്നു അന്ന് പിറന്നത്.

അവിടെ നിന്ന് മലയാളത്തിന്റെ സ്വന്തം എം.ടിയിലേക്ക് അദ്ദേഹം നടന്നു തീര്‍ത്തത് ചെറുകഥാകൃത്തില്‍ നിന്ന് തിരക്കഥകൃത്തിലേക്കുള്ള

ദൂരമായിരുന്നു.തൊട്ടതെല്ലാം പൊന്നാക്കുക എന്ന പ്രയോഗത്തിന് മലയാളത്തിലെ പര്യായമാവുകയായിരുന്നു എം ടി എന്ന രണ്ടക്ഷരം.

ആദ്യനോവലിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡും ആദ്യ സിനിമയ്ക്ക് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കവും നേടിയ പ്രതിഭയെ മറ്റെങ്ങിനെയാണ് വിശേഷിപ്പിക്കാനാവുക.

താന്‍ പിറന്നുവീണ വീടും അവിടത്തെ വീട്ടുകാരും സമ്പ്രദായവും നാടും ഒക്കെ തന്നെയായിരുന്നു എംടിയുടെ കഥകളുടെ അടിത്തറ.തന്റെ കുടുംബത്തില്‍ നിന്നു കൊണ്ട് തന്നെ അന്നത്തെ സാമൂഹ്യവ്യവസ്ഥയുടെ ചരിത്രം അദ്ദേഹം വരച്ചിട്ടു.വള്ളുവനാടന്‍ മിത്തുകളും ശൈലികളുമൊക്കെ മലയാളിക്ക് സുപരിചിതമായത് എം ടിയുടെ രചനകളില്‍ക്കൂടി തന്നെയാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല.കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്, ലേഖകന്‍, പ്രഭാഷകന്‍, നാടകകൃത്ത്, നടന്‍, സംവിധായകന്‍, നാടകപരിഭാഷകന്‍, സംഘാടകന്‍, ഭരണാധികാരി, ഗാനരചയിതാവ്, ബാലസാഹിത്യകാരന്‍, വ്യാപക സൗഹൃദങ്ങളുടെ ഉടമ, വായനക്കാരന്‍, ഭാഷാസ്നേഹി, ജ്ഞാനപീഠമടക്കമുള്ള മികച്ച പുരസ്‌കാരങ്ങളുടെ ജേതാവ് തുടങ്ങി ഒട്ടേറെ മേഖലകളില്‍ തിളങ്ങിയ എംടി തന്റെ 91 ഒന്നാം പിറന്നാളിന് മാസങ്ങള്‍ക്കിപ്പുറം മടങ്ങുമ്പോള്‍ സംഭവ ബഹുലമായ ആ കഥാ ജീവിതത്തിലൂടെ ഒന്ന് കണ്ണോടിക്കാം.

ബാല്യവും.. വിദ്യാഭ്യാസവും.. വ്യക്തി ജീവിതവും

പുന്നയൂര്‍ക്കുളത്തുക്കാരനായ ടി.നാരായണന്‍ നായരുടെയും കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും മകനായി 1933, ജൂലൈ 15ാം തീയ്യതി പാലക്കാട് ജില്ലയിലെ കൂടല്ലൂരിലാണ് എം ടി വാസുദേവന്‍ നായര്‍ എന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായരുടെ ജനനം.

ജൂലൈ 15നാണ് അദ്ദേഹത്തിന്റെ ജന്മദിനമെങ്കിലും മലയാളമാസം അനുസരിച്ച് കര്‍ക്കടകത്തിലെ ഉതൃട്ടാതി നാളിലാണ് അദ്ദേഹം പിറന്നാള്‍ ആഘോഷിക്കുക.തൃശൂര്‍ ജില്ലയിലെ പൂന്നയൂര്‍ക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു ചെറുപ്പക്കാലം ചെലവഴിച്ചത്. എംടിയുടെ അച്ഛന്‍ ജോലി സംബന്ധമായി സിലോണിലായിരുന്നു.സിലോണിലെ അച്ഛന്റെ ജീവിതത്തെക്കുറിച്ച് തന്റെ കഥയിലൊക്കെ എം ടി പരാമര്‍ശിച്ചിട്ടുണ്ട്.

കോപ്പന്‍ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്.തുടര്‍ന്ന്, മലമക്കാവ് എലിമെന്ററി സ്‌ക്കൂളിലും കുമരനെല്ലൂര്‍ ഹൈസ്‌ക്കൂളിലും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.അന്നത്തെ കാലത്ത് ഒരു ജോലി ലഭിക്കാനുള്ള സാധ്യത പരിഗണിച്ച് പാലക്കാട് വിക്ടോറിയ കോളേജില്‍ രസതന്ത്രമായിരുന്നു ഉപരിപഠനത്തിന് ഐച്ഛിക വിഷയമായി തിരഞ്ഞെടുത്തത്.കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ഒന്ന് രണ്ട് സ്‌ക്കൂളുകളില്‍ അധ്യാപകനായി ജോലി ചെയ്തു.1954ല്‍ പട്ടാമ്പി ബോര്‍ഡ് ഹൈസ്‌കൂളില്‍ പിന്നെ ചാവക്കാട് ബോര്‍ഡ് ഹൈസ്‌കൂളിലും അധ്യാപകനായി.രണ്ടിടത്തും ഗണിതമാണ് പഠിപ്പിച്ചിരുന്നത്.1955-56 കാലത്ത് പാലക്കാട് എം.ബി. ട്യൂട്ടോറിയലില്‍ അധ്യാപകനായും ജോലിനോക്കി.

ഇതിനിടയില്‍ തളിപ്പറമ്പില്‍ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങള്‍ക്കകം രാജിവെച്ച് എം.ബി.യില്‍ തിരിച്ചെത്തി.തുടര്‍ന്ന് മാതൃഭൂമിയില്‍ ചേര്‍ന്നു.ഔദ്യോഗികജീവിതം കൂടുതലും കോഴിക്കോടായിരുന്നു.എം.ടി രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ട്.1965-ല്‍. എഴുത്തുകാരിയും വിവര്‍ത്തകയുമായ പ്രമീളയെയും 1977-ല്‍ പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സരസ്വതിയെയും. കോഴിക്കോട് നടക്കാവില്‍ രാരിച്ചന്‍ റോഡിലെ 'സിതാര'യിലാണ് താമസം. മൂത്തമകള്‍ സിതാര ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ ബിസിനസ് എക്‌സിക്യൂട്ടീവാണ്. ന്യൂജഴ്‌സിയില്‍ താമസിക്കുന്നു. രണ്ടാമത്തെ മകള്‍ അശ്വതിയും നര്‍ത്തകിയും സംവിധായികയുമാണ്.കുടുംബത്തോടും മക്കളോടുമുള്ള അദ്ദേഹത്തിന്റെ അടുപ്പം വ്യക്തമാക്കുന്നതാണ് കോഴിക്കോടെ വീടിന് ആദ്യ വിവാഹത്തിലെ മകളുടെ പേരായ സിതാരയെന്നും കൂടല്ലൂരിലെ വീടിന് രണ്ടാമത്തെ വിവാഹത്തിലെ മകളുടെ പേരായ അശ്വതിയെന്നും ഇട്ടത്.



ചെറുകഥ മുതല്‍ തിരക്കഥ വരെ എം ടിയുടെ രചനാ ലോകം

ചെറുകഥകൃത്തില്‍ തുടങ്ങി തിരക്കഥകൃത്തുവരെ നീളുന്ന ദൂരമാണ് 91 വയസ്സിനുള്ളില്‍ എം ടി വാസുദേവന്‍ നായര്‍ നടന്നുതീര്‍ത്തത്.എം ടിയുടെ തിരക്കഥ സിനിമയാക്കാണമെങ്കില്‍ സംവിധായകന്റെ ആവശ്യമില്ലെന്നും ഒരു ക്യാമറാമാന്‍ മതിയെന്നു വരെ ചര്‍ച്ചകള്‍ സിനിമാ ലോകത്തുണ്ടായി.അദ്ദേഹത്തിന്റെ പ്രതിഭയ്ക്ക് അവാര്‍ഡിനപ്പുറം കിട്ടിയ ആദരമായിരുന്നു അതൊക്കെ തന്നെയും.

സ്‌കൂള്‍വിദ്യാഭ്യാസകാലത്തു തന്നെ എം ടി സാഹിത്യരചന തുടങ്ങിയിരുന്നു.കോളേജ് കാലത്ത് തന്നെ ജയകേരളം മാസികയില്‍ കഥകള്‍ അച്ചടിച്ച് വന്നിരുന്നു.വിക്റ്റോറിയ കോളേജില്‍ ബിരുദത്തിനു പഠിക്കുമ്പോള്‍ 'രക്തം പുരണ്ട മണ്‍തരികള്‍' എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി.1954-ല്‍ മലയാള സാഹിത്യലോകത്തേക്ക് ഔദ്യോഗികമായി എംടി പ്രവേശിക്കുന്നത്.ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തില്‍ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ എം.ടി.യുടെ 'വളര്‍ത്തുമൃഗങ്ങള്‍' എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതാണ് മലയാളസാഹിത്യത്തില്‍ അദ്ദേഹത്തെ ആദ്യമായി അടയാളപ്പെടുത്തുന്നത്.

'പാതിരാവും പകല്‍വെളിച്ചവും' എന്ന ആദ്യനോവല്‍ ഈ സമയത്താണു ഖണ്ഡശഃ പുറത്തുവന്നത്. ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ 'നാലുകെട്ട്'ആണ് (1958). ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. പില്‍ക്കാലത്ത് 'സ്വര്‍ഗ്ഗം തുറക്കുന്ന സമയം', 'ഗോപുരനടയില്‍' എന്നീ കൃതികള്‍ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

വ്യത്യസ്തമായ വായനകളാണ് എം ടിയെ എല്ലാ വായനക്കാരുടെയും പ്രിയമുള്ള ഒരാളാക്കി മാറ്റുന്നത്.

പാതിരാവും പകല്‍വെളിച്ചവും 1957,നാലുകെട്ട് 1958,എന്‍. പി. മുഹമ്മദിനൊപ്പം ചേര്‍ന്നെഴുതിയ 1960 ല്‍ പുറത്തിറങ്ങിയ അറബിപ്പൊന്ന്,

അസുരവിത്ത് 1962,മഞ്ഞ് 1964,കാലം 1969,വിലാപയാത്ര 1978,രണ്ടാമൂഴം 1984,വാരാണസി 2002 എന്നിവയാണ് എംടിയുടെതായി പുറത്തിറങ്ങിയ നോവലുകള്‍.ഇനി കഥയിലേക്ക് വന്നാല്‍ 1953 ലാണ് ആദ്യ കഥ രക്തം പുരണ്ട മണ്‍ തരികള്‍ പുറത്തിറങ്ങുന്നത്.തുടര്‍ന്നിങ്ങോട്ട്

വെയിലും നിലാവും- 1954,വേദനയുടെ പൂക്കള്‍- 1955,നിന്റെ ഓര്‍മ്മയ്ക്ക്- 1956,ഓളവും തീരവും- 1957,ഇരുട്ടിന്റെ ആത്മാവ്- 1957,

കുട്ട്യേടത്തി- 1964,നഷ്ടപ്പെട്ട ദിനങ്ങള്‍- 1960,ബന്ധനം-1963,പതനം- 1966,കളിവീട്- 1966,വാരിക്കുഴി- 1967,തെരഞ്ഞെടുത്തകഥകള്‍- 1968

ഡാര്‍-എസ്. സലാം- 1978,അജ്ഞാതന്റെ ഉയരാത്ത സ്മാരകം- 1973,അഭയം തേടി വീണ്ടും- 1978,സ്വര്‍ഗ്ഗം തുറക്കുന്ന സമയം- 1980,

വാനപ്രസ്ഥം- 1992,ഷെര്‍ലക്- 1998 എന്നിവയാണ്.

196364 കാലത്ത് സ്വന്തം കഥയായ 'മുറപ്പെണ്ണ്' തിരക്കഥയായെഴുതി എം.ടിയുടെ ചലച്ചിത്രലോകത്തേക്കുള്ള പ്രവേശനം.1973-ല്‍ ആദ്യമായി സംവിധാനം ചെയ്ത് നിര്‍മ്മിച്ച 'നിര്‍മാല്യം' എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു.പള്ളിവാളും കാല്‍ച്ചിലമ്പും

എന്ന സ്വന്തം കഥ തന്നെയാണ് സിനിമയ്ക്ക് ആധാരവും.പിന്നീടങ്ങോട്ട് ഓളവും തീരവും,വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍,നഗരമേ നന്ദി,

അസുരവിത്ത്,പകല്‍ക്കിനാവ്,ഇരുട്ടിന്റെ ആത്മാവ്,കുട്ട്യേടത്തി,ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച,എവിടെയോ ഒരു ശത്രു,വെള്ളം,പഞ്ചാഗ്നി

നഖക്ഷതങ്ങള്‍,അമൃതം ഗമയ,ആരൂഢം,ആള്‍ക്കൂട്ടത്തില്‍ തനിയെ,അടിയൊഴുക്കുകള്‍,ഉയരങ്ങളില്‍,ഋതുഭേദം,വൈശാലി,സദയം,ഒരു വടക്കന്‍ വീരഗാഥ,പെരുന്തച്ചന്‍,താഴ്വാരം,സുകൃതം,പരിണയം,ചെറിയ ചെറിയ ഭൂകമ്പങ്ങള്‍ എന്ന ചെറുകഥയെ ആശ്രയിച്ച് എഴുതിയ എന്നു സ്വന്തം ജാനകിക്കുട്ടി,വാനപ്രസ്ഥം എന്ന ചെറുകഥയെ ആശ്രയിച്ച് എഴുതിയ തീര്‍ത്ഥാടനം,പഴശ്ശിരാജ,ഒരു ചെറുപുഞ്ചിരി എന്നിവയാണ് അദ്ദേഹം തിരക്കഥയൊരുക്കിയ സിനിമകള്‍.അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈ മേഖലയില്‍ ദേശീയപുരസ്‌കാരം ലഭിച്ചു.




സംവിധാനത്തിലും എം ടി തന്റെ പ്രതിഭ അടയാളപ്പെടുത്തിയിട്ടുണ്ട്.നിര്‍മ്മാല്യത്തിന് പുറമെ മഞ്ഞ് (1982),കടവ് (1991),ഒരു ചെറുപുഞ്ചിരി (2000) എന്നീ സിനിമകളും മോഹിനിയാട്ടം,തകഴി എന്നീ ഡോക്യുമെന്ററികളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്.മനുഷ്യര്‍ നിഴലുകള്‍,

ആള്‍ക്കൂട്ടത്തില്‍ തനിയെ,വന്‍കടലിലെ തുഴവള്ളക്കാര്‍ എന്നീ യാത്ര വിവരങ്ങളും മാണിക്യക്കല്ല്,ദയ എന്ന പെണ്‍കുട്ടി,തന്ത്രക്കാരി ബാല സാഹിത്യ കൃതികളും,ഗോപുരനടയില്‍ എന്നൊരു നാടകവും അദ്ദേഹം മലയാളത്തിനായി സംഭാവന ചെയ്തു.

അത്ര വലിയ ധൈര്യശാലികളൊന്നുമല്ല എംടിയുടെ നായകന്മാര്‍ എങ്കിലും എം ടിയെന്ന എഴുത്തുകാരന്‍ അങ്ങിനെയായിരുന്നില്ല.അത് സിനിമയിലായാലും നോവലിലാലായാലും.വിഗ്രഹത്തിന്റെ മുഖത്ത് തുപ്പുന്ന വെളിച്ചപ്പാടിനെ സൃഷ്ടിച്ച,ചന്തുവിനും ഭീമനും മറ്റൊരു മുഖം നല്‍കിയ എഴുത്തുകാരന്‍.ചരിത്രം പറഞ്ഞു വയ്ക്കുന്ന കഥാപാത്രങ്ങളെ യാതൊരു മടിയുമില്ലാതെ ഉടച്ചു വാര്‍ത്തു തന്റെ ഭാഗം പറയിപ്പിക്കാന്‍ തക്ക ധിക്കാരം കാട്ടിയിട്ടുള്ള എഴുത്തുകാരന്മാര്‍ അപൂര്‍വ്വമാണ്. അത്തരത്തിലൊരാള്‍ കൂടിയായിരുന്നു എം ടി. ചരിത്രം ചതിയനാക്കിയ ചന്തുവിനെ നിസ്സഹായനും ധീരനുമാക്കിയ ധീരത പല കഥകളിലുമുണ്ട്.തന്റെ മരണക്കുറിപ്പ് താന്‍ തന്നെ വായിക്കേണ്ടി വന്ന ഒരു ചെറുപ്പക്കാരന്റെ കണ്ണുനീരിനെ എത്ര ആര്‍ദ്രതയോടെയാണ് സുകൃതം എന്ന ചിത്രത്തില്‍ ചേര്‍ത്തു വച്ചിരിക്കുന്നത്?

തനിയ്ക്ക് മാത്രം കാണാനാകുന്ന കുഞ്ഞാത്തോലിനെ മായാലോകത്തു നിന്നു ഏകാന്തതകളിലെ കളിത്തോഴിയാക്കാന്‍ ഒരു ജാനകിക്കുട്ടിക്കേ സാധിച്ചുള്ളു.ചില കഥാപാത്രങ്ങളുടെ ശക്തി അത്രത്തോളമാണ്. എഴുത്തുകാരന്‍ സ്വന്തം മനോബലം പകര്‍ന്നു എഴുതിയുണ്ടാക്കുന്ന കഥാപാത്രങ്ങള്‍ എഴുത്തുകാരന്റെ ബലമനുസരിച്ചു ശക്തി കൂടിയും കുറഞ്ഞുമിരിക്കും.എം ടിയുടെ കഥാപാത്രങ്ങള്‍ ഓരോ വായനയിലും കരുത്താര്‍ജ്ജിച്ചു വരുന്നവരാണ്.ഇങ്ങനെയാണ് എം ടി തലമുറകളെ കടന്നും പ്രിയപ്പെട്ടതായത്.




എം ടിയുടെ കഥേതര സാഹിത്യലോകം

കഥയും തിരക്കഥയും മാത്രമായിരുന്നില്ല എം ടിയുടെ ലോകം.വായനക്കാരെ വിസ്മയിപ്പിച്ച ലേഖനങ്ങളും അവതാരികകളും,പൊതുലേഖനങ്ങളമൊക്കെ ആ തുലികയില്‍ പിറവി കൊണ്ടിട്ടുണ്ട്.പരപ്പും വിവരണാത്മകതയും അലങ്കാരങ്ങളും ഒഴിവാക്കി,വെട്ടിയൊതുക്കിയ വാക്യങ്ങള്‍ മാത്രം എഴുതുക എന്നതാണ് എം ടിയുടെ കഥേതര രചനകളുടെ രീതി.പത്തു വാക്കുകള്‍ പറയേണ്ടിടത്ത് നാലു വാക്കുകള്‍ മാത്രം പറയുക.അതിലൂടെ ആശയവിനിമയം സുഖകരവും ലളിതവുമാക്കി, വായനക്കാരനെ എഴുത്തിനോട് ചേര്‍ത്ത് നിര്‍ത്തുക. അദ്ദേഹത്തിന്റെ കഥേതര സാഹിത്യത്തില്‍,പ്രത്യേകിച്ചും ലേഖനങ്ങളില്‍ മുഴുവന്‍ ഈ ശൈലി നമുക്കു കാണാനാകും.

എം ടി തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ രമണന്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ച കാലത്ത്, അതുണ്ടാക്കിയ ചലനത്തെക്കുറിച്ച് ഒരു ലേഖനം എം ടി എഴുതിയിരുന്നു.രമണീയം ഒരു കാലം എന്ന ആ ലേഖനത്തില്‍ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് 'എന്റെ മലയാളഭാഷയ്ക്ക് ഇത്ര രമണീയകത്വം ഉണ്ടോ, അതിനു നൃത്തം ചെയ്യാന്‍ കഴിയുമോ, എന്നെല്ലാം തെളിഞ്ഞത് ചങ്ങമ്പുഴയുടെ കാവ്യഭാഷ വന്നപ്പോഴാണ്' എന്ന്. ന്റേയും അതുള്‍പ്പെടുന്ന പുസ്തകത്തിന്റെയും പേര്. അത് എംടിയുടെ കാര്യത്തിലും വളരെ ശരിയാണ്. എംടിയുടെ ഗദ്യം വായിക്കുമ്പോള്‍ രമണീയമായ ഒരു കാലത്തെ, രമണീയമായ മലയാളത്തെ നാം കണ്ടുമുട്ടുന്നു. നമ്മുടെ മലയാളം ഇത്രമേല്‍ സുന്ദരമായി ശോഭിക്കും എന്നു നമുക്ക് ഉറപ്പാകുന്നു.

ചിരിക്കാത്ത എം ടിയും ചിരിപ്പിച്ച അക്ബര്‍ കക്കട്ടിലും..പിന്നെ ടി പത്മനാഭനും

ചുണ്ടിലെരിയുന്ന ബീഡിയുമായി എഴുതുന്നത് ഉള്‍പ്പടെ മലയാളി നെഞ്ചേറ്റിയ എം ടിയുടെ ചിത്രങ്ങള്‍ അനവധിയാണ്.പക്ഷെ അവയിലൊക്കെ തന്നെയും ഒരു പൊതുസ്വഭാവമുള്ളത് എം ടിയുടെ മുഖത്ത് ചിരിയില്ല എന്നുളളതാണ്.അപൂര്‍വമായി മാത്രം ചിരിക്കുന്നയാളാണ് എം.ടിയെന്നത് സാഹിത്യലോകത്തെ പരസ്യമായ രഹസ്യമാണ്.ഇതിനെക്കുറിച്ച് മാധവിക്കുട്ടിയുള്‍പ്പടെ പലരും പരിഭവിച്ചിട്ടുമുണ്ട്.മാധവിക്കുട്ടി തന്നെ ഒരിക്കല്‍ ഇത് തുറന്നുപറഞ്ഞിട്ടുമുണ്ട്.

ഒരുപക്ഷേ മാധവിക്കുട്ടിയ്ക്കു മാത്രമേ ഇങ്ങനെയൊരു കാര്യം പറയാന്‍ സാധിക്കൂ.അതു ചിലപ്പോള്‍ സമകാലികര്‍ എന്ന രീതിയിലുള്ള അടുത്തറിയലാവാം.സഹോദരനെന്നാണ് എംടിയെ മാധവിക്കുട്ടി വിശേഷിപ്പിക്കുന്നത്.അത്തരത്തിലുള്ള ഒരു അടുപ്പം അവര്‍ക്കിടയിലുണ്ട്. മാധവിക്കുട്ടി പറഞ്ഞത് ഇങ്ങനെ..ജനലു തുറന്നപ്പോള്‍ ഒരു സപ്പോര്‍ട്ട മരമുണ്ട്. അതിനു ചുവട്ടില്‍ പച്ച നിറമുള്ള ഷര്‍ട്ടിട്ട് ഒരു ചെറുപ്പക്കാരന്‍ നില്‍ക്കുന്നുണ്ട്. മെലിഞ്ഞൊരു പയ്യന്‍. ആരാണവിടെ നില്‍ക്കുന്നതെന്നു ചോദിച്ചപ്പോള്‍ എന്നോട് ഒരു സ്ത്രീ പറഞ്ഞു. 'അതു മൂപ്പടയിലെ കുട്ടിയാണ് വാസു, വിഎം നായരെ കാണാന്‍ വന്നിരിക്കുകയാണ്'. പിന്നെ ഞാന്‍ കാണുന്നത് മാതൃഭൂമിയിലാണ്.

മാതൃഭൂമിയില്‍ ജോലി ചെയ്യുന്ന സമയത്ത്.... ഞാന്‍ എംടിയെ എപ്പോ കാണുമ്പോഴും വരയുള്ള ഷര്‍ട്ടാണ്.വരയില്ലാത്തൊരു ഷര്‍ട്ടിട്ട് ഞാന്‍ എംടിയെ കണ്ടിട്ടേയില്ല.പിന്നൊരു ദിവസം അച്ഛന്‍ എംടിയേയും ഭാര്യയേയും രാത്രി ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് ക്ഷണിച്ചു, ഞാനുള്ളപ്പോഴായിരുന്നു അത്. അപ്പോഴാണ് സംസാരിച്ചത്, അപ്പോഴും ഗ്രേയില്‍ കറുത്ത വരയുള്ള ഷര്‍ട്ടാണ് വേഷം. പല്ലും ചുണ്ടുമൊക്കെ കറുത്തിട്ടുണ്ട്, ബീഡി വലിച്ചിട്ട്. വലിയ ഗൗരവഭാവമായിരുന്നു, കളിയും ചിരിയുമൊന്നുമില്ല. ഒരു സീരിയസ് പേഴ്സണ്‍.

വാസുവിന്റെ വര്‍ത്തമാനമൊക്കെ കേള്‍ക്കുമ്പോള്‍ ഞാന്‍ വളരെ സന്തോഷിക്കാറുണ്ട്. അധ്വാനത്തിന്റെ ഫലമായി കിട്ടിയിരിക്കുന്ന കുറേ അവാര്‍ഡുകളൊക്കെ നേടിയിട്ടുണ്ട്.ശരിക്കും അധ്വാനിച്ചിട്ടുള്ള എഴുത്തുകാരനാണ്. മടിയനല്ല. ഒരുപാട് അഭിമാനമുണ്ട്, ചിലപ്പോള്‍ ഞങ്ങളൊക്കെ ഒരേ നാട്ടുകാരായതുകൊണ്ടും ചെറുപ്പത്തിലേ കണ്ടു പരിചയമുള്ളതുകൊണ്ടുമാവാം.ഐ ആം പ്രൗഡ് ഓഫ് ഹിം.

വാസ്തവത്തില്‍ ഞാനൊരു സഹോദരനെ പോലെ തന്നെയാണ് മനസ്സില്‍ കാണുന്നത്.കരയിപ്പിച്ചു കുറേ, ഹൃദയത്തില്‍ പിടിച്ചൊന്നു ഞെരുക്കി, ഒരു നനഞ്ഞ തോര്‍ത്തെടുത്ത് പിഴിഞ്ഞ് വെള്ളം കളയുന്നതുപോലെയാണ് എംടിയുടെ കഥയുടെ ഇഫക്റ്റ്, പെണ്ണുങ്ങളുടെ ഹൃദയത്തില്‍. കുട്ട്യേടത്തി വായിച്ചപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്.

ചിരിക്കില്ല ആള്, ആദ്യം ഞാന്‍ വിചാരിച്ചു എംടിയുടെ പല്ല് മോശമായിരിക്കും അതോണ്ടാവും ചിരിക്കാത്തതെന്ന്, സിഗരറ്റ് വലിച്ചുവലിച്ചു മോശമായതാവും എന്നോര്‍ത്തു. പിന്നെ പറയുന്നതു കേട്ടു, അതങ്ങനെയാ വീട്ടിലും ചിരിക്കില്ലെന്ന്. വീട്ടിലെങ്കിലും ചിരിക്കേണ്ടേ? പാവമാണ് ആള്, ശുദ്ധനാ.ചിരിയൊന്നും കാണാത്തോണ്ട് ആളുകള്‍ എംടിയെ പേടിക്കും.ശുണ്ഠി വന്നാല്‍ വലിയ ദേഷ്യമാണ്. പാവമാണെങ്കിലും മുഖഭാവം അങ്ങനെ വെച്ചോണ്ടിരിക്കും.അതൊരു തരം പ്രൊട്ടക്ഷനാണ്.ഒരു പരിച കൊണ്ടു നടക്കും പോലെ. ആ മുഖം എംടിയുടെ മുഖമല്ല.എംടി അത് പരിചയായി ഉപയോഗിക്കുകയാണ്.ആളെ പേടിപ്പിച്ചൊന്നു ഒതുക്കാന്‍.ആ മുഖം എപ്പോഴെങ്കിലുമൊരിക്കല്‍ നിലത്തുവച്ച് നോര്‍മലായി കാണാന്‍ മോഹമുണ്ട്. പറയുമോ വാസുവിനോട് ഒന്നു ചിരിക്കാന്‍? എന്നാണ് മലയാളത്തിന്റെ പ്രിയ കഥാകാരി പറഞ്ഞത്.

പക്ഷെ തന്നെ ചിരിപ്പിച്ച ഒരേ ഒരാള്‍ എന്ന് എം ടി വിശേഷിപ്പിച്ചത് കഥാകാരന്‍ അക്ബര്‍ കക്കട്ടിലിനെയായിരുന്നു.അദ്ദേഹത്തിന്റെ അനുസ്മരണയോഗത്തിലായിരുന്നു ഈ കാര്യം എം ടി വെളിപ്പെടുത്തിയത്.





അതുപോലെ തന്നെ മലയാള സാഹിത്യത്തെതന്നെ രണ്ട് വിഭാഗത്തിലേക്ക് മാറ്റിയ തര്‍ക്കമായിരുന്നു എംടി വാസുദേവന്‍ നായരും ടി പത്മനാഭനും തമ്മിലുണ്ടായത്.എംടിക്കെതിരെയുള്ള പത്മനാഭന്റെ പ്രസ്താവന വര്‍ഷങ്ങള്‍ക്ക് മുന്നെ വന്‍ വിവാദത്തിലേക്ക് വഴിവെച്ചു.

'എം.ടിയുമായി ഒട്ടേറെ കാര്യങ്ങളില്‍ ഭിന്നാഭിപ്രായമുള്ളയാളാണ് ഞാന്‍.ഞാന്‍ ഒരിക്കലും അദ്ദേഹത്തിന്റെ ഭക്തനുമായിരുന്നില്ല. എനിക്കതിന്റെ ആവശ്യവുമില്ല എന്നായിരുന്നു പത്മഭന്റെ ഭാഷ്യം.വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ഞുരുകിയെങ്കിലും തുഞ്ചന്‍പറമ്പ് വിഷയവുമായി ബന്ധപ്പെട്ട് വീണ്ടും ടി പത്മാഭന്‍ എം ടിക്കെതിരെ രംഗത്ത് വന്നു.അതിന് പിന്നാലെ ടി പത്മനാഭന് എതിരെ എം മുകുന്ദന്‍ രംഗത്ത് വരികയും ചെയ്തിരുന്നു.എം ടിയെ പത്മനാഭന്‍ ആജീവനന്ത ശത്രുവായിട്ടാണ് കാണുന്നതെന്നാണ് മുകുന്ദന്‍ കുറ്റപ്പെടുത്തിയത്.

കര്‍മ്മ മണ്ഡലങ്ങളും പുരസ്‌കാരങ്ങളും

രചനാ ലോകത്തിനപ്പുറവും സമ്പന്നമാണ് എം ടിയുടെ കര്‍മ്മ മണ്ഡലം.എം.ടി മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍,കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.1999 -ല്‍ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചു.1993 ജനുവരി 23 മുതല്‍ തുഞ്ചന്‍ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചു.എം.ടി.വാസുദേവന്‍നായര്‍ എന്ന സാഹിത്യകാരന്‍ ഒരു പരിസ്ഥിതിവാദി കൂടിയാണ്. നിളയുടെ കഥാകാരന്‍ എന്നറിയപ്പെടുന്ന വാസുദേവന്‍ നായര്‍ നിളാനദിയെയും ചുറ്റുമുള്ള പരിസ്ഥിതിപ്രശ്നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങള്‍ 'കണ്ണാന്തളിപൂക്കളുടെ കാലം' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തൊട്ടതെല്ലാം പൊന്നാക്കിയ എം ടിയെത്തേടിയെത്തിയ ആദരങ്ങളും നിരവധിയാണ്.1995ലാണ് ഭാരതത്തിലെ സാഹിത്യരംഗത്തെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ജ്ഞാനപീഠം എം. ടി. ക്ക് ലഭിക്കുന്നത്.2005-ല്‍ എം. ടി. യെ പത്മഭൂഷണ്‍ ബഹുമതി നല്‍കി രാഷ്ട്രം ആദരിച്ചു. 2013-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ് നല്‍കി.കൂടാതെ 1986ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്,മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം (1973, നിര്‍മ്മാല്യം),നാലു തവണ മികച്ച തിരക്കഥക്കുള്ള ദേശീയപുരസ്‌കാരം 1990 (ഒരു വടക്കന്‍ വീരഗാഥ), 1992 (കടവ്), 1993 (സദയം), 1995 (പരിണയം),മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്‌കാരം (1978, ബന്ധനം)

മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്‌കാരം (1991, കടവ്),മികച്ച തിരക്കഥക്കുള്ള കേരളസംസ്ഥാന പുരസ്‌കാരം (1978, ബന്ധനം),മികച്ച തിരക്കഥക്കുള്ള കേരളസംസ്ഥാന പുരസ്‌കാരം (2009) (കേരള വര്‍മ്മ പഴശ്ശിരാജ),എഴുത്തച്ഛന്‍ പുരസ്‌കാരം (2011).,ജെ.സി. ദാനിയേല്‍ പുരസ്‌കാരം - 2013,ദേശാഭിമാനി സാഹിത്യ പുരസ്‌കാരം. എന്നീ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.

ഒരു അഭിമുഖത്തില്‍ ശതാഭിഷേകം ആഘോഷിക്കേണ്ടതല്ലേ എന്നു ചോദിച്ചപ്പോള്‍ എം.ടി പറഞ്ഞു: ''ആഘോഷിക്കണമെന്നു തോന്നിയിട്ടില്ല.പക്ഷേ, കാലത്തിനോടു നന്ദിയുണ്ട്, ഇത്രയുംകാലം എനിക്ക് അനുവദിച്ചു തന്നതിന്. അത് ദൈവമാവാം എന്തുമാവാം.'' നന്ദി എന്നു പറയുന്നതു തന്നെ ഒരാഘോഷമല്ലേ എന്നു..മലയാള സാഹിത്യ ലോകത്തിന് സര്‍വ്വവും സമ്മാനിച്ച് എം ടി മടങ്ങുകയാണ്.വായനയും എഴുത്തും എക്കാലത്തെയും മധുരതരമായ അനുഭവമാക്കിയ അപ്പു എന്ന എം ടി..വരും ... വരാതിരിക്കില്ല എന്ന മഞ്ഞിലെ നായികയായ വിമലാദേവിയുടെ മോഹം പോലെ ഇനിയും തന്റെ രചനകളിലൂടെ എം ടി നമുക്കിടയില്‍ അങ്ങിനെ നില്‍ക്കട്ടെ..

Tags:    

Similar News