'ലോറിയുടെ ആര്‍.സി എന്റെ പേരില്‍, വാഹനം എന്റെതും ജ്യേഷ്ഠന്റെതും കൂടിയാണ്; എനിക്ക് മീഡിയയുടെ മുന്നില്‍ വന്ന് സംസാരിക്കാന്‍ അറിയില്ല'; വിവാദത്തില്‍ മനാഫിന്റെ സഹോദരന്‍ മുബീന് പറയാനുള്ളത്..

വിവാദത്തില്‍ മനാഫിന്റെ സഹോദരന്‍ മുബീന് പറയാനുള്ളത്.

Update: 2024-10-03 14:26 GMT

കോഴിക്കോട്: അര്‍ജുന്‍ അപകടത്തില്‍പെട്ട ലോറിയുടെ ആര്‍.സി തന്റെ പേരിലാണെങ്കിലും അതിന്റെ ഉടമസ്ഥാവകാശം തനിക്കും ജ്യേഷ്ടനും ഉള്ളതാണെന്ന് മനാഫിന്റെ സഹോദരന്‍ മുബീന്‍. ലോറി മനാഫിന്റേതല്ലെന്നും അയാള്‍ക്ക് ലോറിയില്ലെന്നുമുള്ള അര്‍ജുന്റെ അളിയന്‍ ജിതിന്റെ പറഞ്ഞിരുന്നു. ഇതേക്കുറിച്ചാണ് മുബീന്റെ പ്രതികരണം.

'ഈ വാഹനത്തിന്റെ ആര്‍.സി എന്റെ പേരിലാണുള്ളത്. ഞാനും ജ്യേഷ്ഠനും വാപ്പ ഉള്ള കാലം മുതലേ വാപ്പയുടെ കൂടെയായിരുന്നു ബിസിനസ്. വാപ്പയുടെ മരണശേഷം ഞങ്ങള്‍ കച്ചവടം ഒരുമിച്ച് തന്നെയാണ് ചെയ്യുന്നത്. വാഹനം എന്റെതും ജ്യേഷ്ഠന്റെതും കൂടിയാണ്. എനിക്ക് മീഡിയയുടെ മുന്നില്‍ വന്ന് സംസാരിക്കാന്‍ അറിയില്ല' -മുബീന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

വാപ്പയുടെ ബിസിനസാണിതെന്നും നാലുമക്കളുടെ പേരിലാണ് സ്വത്തുക്കളെന്നും ഒന്നും ഭാഗം വെച്ചിട്ടില്ലെന്നും മനാഫ് പറഞ്ഞു. 'ഞാനാണിപ്പോള്‍ കുടുംബനാഥന്‍. ഓരോരുത്തര്‍ക്കും ഓരോ കടമകളുണ്ട്. വാഹനങ്ങള്‍ വാങ്ങുന്നത് മുബീന്റെ പേരിലാണ്. എന്തെങ്കിലും ആക്‌സിഡന്റോ മറ്റോ സംഭവിച്ചാല്‍ അവനാണ് കൂടുതല്‍ യാത്ര ചെയ്യാന്‍ കഴിയുക. ഞാന്‍ അക്കാര്യത്തില്‍ പിന്നിലാണ്. ഇത് ഞങ്ങളുടെ ഫാമിലി ബിസിനസാണ്. ഇതാണ് ഈ വിഷയത്തിലുള്ള ക്ലാരിറ്റി' -മനാഫ് പറഞ്ഞു.

അര്‍ജുന്‍ പോയെന്നും ഇനി വിവാദങ്ങളോ കുടുംബത്തിന് എതിരെയുള്ള ആക്ഷേപങ്ങളോട തുടരരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 'അര്‍ജുന്റെ പേര് പറഞ്ഞ് ഒരു മുതലെടുപ്പും നടത്തിയിട്ടില്ല. കുടുംബത്തിന് വൈകാരികമായി എന്തെങ്കിലും തോന്നിയെങ്കില്‍ മാപ്പ് ചോദിക്കുകയാണ്. അവിചാരിതമായാണ് വിവാദം ഉണ്ടായത്. അര്‍ജുന്റെ കുടുംബത്തോട് ഒപ്പം തന്നെയാണെന്നും. ഇതിന്റെ പശ്ചാതലത്തില്‍ പിആര്‍ വര്‍ക്ക് ചെയ്തിട്ടില്ല. ഉയര്‍ന്നു വന്ന വിവാദത്തില്‍ വിശദീകരണം നല്‍കാനാണ് മാധ്യമങ്ങളെ കണ്ടത്. ഇന്നലെ കുടുംബത്തിന്റെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് കേട്ടപ്പോള്‍ അല്‍പം വൈകാരികമായി പ്രതികരിച്ചുപോയി.

അത് കൊണ്ടാണ് എന്തുവന്നാലും ലോറിക്ക് അര്‍ജുന്റെ പേരിടുമെന്ന് പറഞ്ഞത്. കുടുംബത്തിന് അത് ഇഷ്ടമല്ലെങ്കില്‍ ഞാന്‍ അര്‍ജുന്റെ പേരിടില്ല. നമ്മുടെ അര്‍ജുന്‍ പോയില്ലേ. ഇനി വിവാദങ്ങള്‍ വേണ്ട. അര്‍ജുന് 75000 രൂപ വരെ ചില മാസങ്ങളില്‍ പ്രതിഫലം നല്‍കിയതിന് തെളിവുണ്ട്. ലോറിയുടെ കണക്കുകള്‍ എഴുതിയ പുസ്തകത്തില്‍ പണം കൈപ്പറ്റിയതിന് അര്‍ജുന്‍ ഒപ്പിട്ടിട്ടുണ്ട്. ചിലപ്പോള്‍ അതിനേക്കാള്‍ കൂടുതലും ചിലപ്പോള്‍ കുറവും പ്രതിഫലം കിട്ടിയിട്ടുണ്ട്. പ്രതിഫലക്കാര്യം ഞാന്‍ പുറത്ത് പറഞ്ഞത് അര്‍ജുന്റെ കുടുംബത്തിന് ഇന്‍ഷുറന്‍സ് ലഭിക്കുമ്പോള്‍ ഇക്കാര്യം പരിഗണിക്കും എന്നുള്ളതിനാലാണ്. ജീവിച്ചിരിക്കെ ലഭിച്ചു കൊണ്ടിരുന്ന ശമ്പളവും പ്രായവും പരിഗണിച്ചാണ് ഇന്‍ഷുറന്‍സ് കണക്കാക്കുക എന്നാണ് അറിവ്' -മനാഫ് പറഞ്ഞു.

പണപിരിവ് നടത്താന്‍ മാത്രം സാമ്പത്തിക പ്രയാസമുള്ള ആളല്ല താന്‍. മുക്കത്ത് ഒരു പരിപാടിക്ക് തന്നെ ക്ഷണിക്കുകയും തനിക്ക് പണം തരാമെന്ന് സംഘാടകര്‍ പറയുകയും ചെയ്തു. പക്ഷെ പണം വേണ്ടന്ന് പറഞ്ഞപ്പോള്‍ അവര്‍ നിര്‍ബന്ധിക്കുകയും തുടര്‍ന്ന് അര്‍ജുന്റെ മകന് നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇതിനു വേണ്ടി അര്‍ജുന്റെ മകന്റെ അക്കൗണ്ട് നമ്പര്‍ ചോദിച്ചിരുന്നു. ഇതാണ് പണപ്പിരിവായി പറയുന്നത്. എന്നാല്‍ കുടുംബം പണം ആവശ്യമില്ലെന്ന് പറഞ്ഞപ്പോള്‍ താന്‍ ആ തുക വാങ്ങിയില്ല -മനാഫ് പറഞ്ഞു.

ജനങ്ങളിലേക്ക് വിഷയങ്ങള്‍ എത്തിക്കാനുള്ള മാധ്യമമായാണ് യുട്യൂബ് ചാനല്‍ ആരംഭിച്ചത്. അര്‍ജുന്റെ ഫോട്ടോ ചാനലിന്റെ പ്രൊഫൈലായി വെച്ചിരുന്നു. അത് മാറ്റി. തന്റെ യുട്യൂബ് ചാനല്‍ മോണിറ്റൈസ് ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തര്‍ക്കത്തിലേക്ക് കൊണ്ട് പോകരുത് -മനാഫ് അഭ്യര്‍ഥിച്ചു. അര്‍ജുന്റെ കുടുംബത്തിന് എതിരെയുള്ള സമൂഹ്യമാധ്യമ ആക്ഷേപം അവസാനിപ്പിക്കണമെന്ന് മനാഫ് ആവശ്യപ്പെട്ടു. അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നും അവര്‍ക്ക് പ്രയാസം ഉണ്ടാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News