സിനിമാ കോണ്‍ക്ലേവിന്റെ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷ് പുറത്ത്; ബി. ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെ തുടരും; നടത്തിപ്പ് ചുമതല ഷാജി എന്‍ കരുണിന്
സിനിമാ കോണ്‍ക്ലേവിന്റെ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷ് പുറത്ത്
തിരുവനന്തപുരം: ചലച്ചിത്ര കോണ്‍ക്ലേവിന്റെ നയരൂപീകരണ സമിതയില്‍നിന്ന് നടനും എംഎല്‍എയുമായ എം.മുകേഷിനെ ഒഴിവാക്കി. ഫെഫ്ക അധ്യക്ഷനായ സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ സമിതിയില്‍ തുടരും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്ന ലൈംഗിക അതിക്രമ ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുകേഷിനെതിരെ കേസെടുത്ത സാഹചര്യത്തിലാണ് നയരൂപീകരണ സമിതിയില്‍നിന്ന് മുകേഷിനെ ഒഴിവാക്കിയത്. മുകേഷിന് പകരം മറ്റാരെയും ഉള്‍പ്പെടുത്തിയിട്ടില്ല. നവംബര്‍ പകുതിക്ക് ശേഷം കൊച്ചിയില്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കാനാണ് തീരുമാനം. ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണിനാകും നടത്തിപ്പ് ചുമതല.
മുകേഷിനെ പത്തംഗ സമിതിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനെ മാറ്റണമെന്ന് സംവിധായകന്‍ വിനയന്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു സര്‍ക്കാര്‍ തള്ളി. മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നും അതേസമയം സിനിമാ നയരൂപീകരണ സമിതിയില്‍നിന്ന് ഒഴിയണമെന്നാണ് നിലപാടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ മുകേഷിനെ ഒഴിവാക്കിയിരിക്കുന്നത്.
സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നടത്തുന്ന കോണ്‍ക്ലേവിനു മുന്നോടിയായാണ് ഷാജി എന്‍.കരുണ്‍ ചെയര്‍മാനായി നയരൂപീകരണ സമിതി സര്‍ക്കാര്‍ രൂപീകരിച്ചത്. മഞ്ജു വാര്യര്‍, സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍, പത്മപ്രിയ, നിഖില വിമല്‍, രാജീവ് രവി, സന്തോഷ് കുരുവിള, സി.അജോയ് എന്നിവര്‍ സമിതിയിലെ അംഗങ്ങളാണ്.
സമഗ്രമായ സിനിമാ നയം രൂപീകരിക്കഗുന്നതിന്റെ മുന്നോടിയായി സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള പ്രമുഖരെ ഉള്‍പ്പെടുത്തി വിപുലമായ കോണ്‍ക്ലേവാണ് നവംബറില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്നത്. നാലര വര്‍ഷമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കയ്യിലുണ്ടായിട്ടും എന്ത് ചെയ്‌തെന്ന ചോദ്യത്തിന് സര്‍ക്കാര്‍ നല്‍കിയ മറുപടിയാണിത്. സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഇരകളേയും വേട്ടക്കാരേയും ഒരുമിച്ചിരുത്തിയാണോ കോണ്‍ക്ലേവ് എന്ന് ഡബ്ലിയുസിസി പരിഹാസവും ഉണ്ട്.
എന്നാല്‍ ഭാവി സിനിമാ നയത്തിന് കോണ്‍ക്ലേവ് അനിവാര്യമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നവംബറില്‍ കൊച്ചിയില്‍ പരിപാടി സംഘടിപ്പിക്കാനാണ് ആലോചന. വിദേശ ഡെലിഗേറ്റുകള്‍ അടക്കം 350 പേരെ പങ്കെടുപ്പിക്കാനാണ് ആലോചന. ചലച്ചിത്ര വികസന കോര്‍പറേഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിന്റെ ചുമതലയത്രയും നല്‍കിയിട്ടുള്ളത് ചലച്ചിത്ര വികസന കോര്‍പറേഷന്‍ എംഡി ഷാജി എന്‍ കരുണിനാണ്.
മൂന്ന് ദിവസം മുതല്‍ അഞ്ച് ദിവസം വരെ നീളുന്ന ഷെഡ്യൂളാണ് പ്രാഥമിക പ്ലാനില്‍ ഉള്ളത്. ഡബ്‌ള്യുസിസി പങ്കെടുക്കാനിടയില്ല. നയ രൂപീകരണത്തിന് മുന്നോടിയായി സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കണ്‍സല്‍ട്ടന്‍സിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് തൊട്ട് പിന്നാലെയാണ് കണ്‍സള്‍ട്ടന്‍സിക്ക് ഒരു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചത്.