സിനിമയിലും രാഷ്ട്രീയത്തിലും അവസരം ചോദിച്ചിട്ടില്ല; ജയമോഹന്‍ ആണ് സ്ഥാനാര്‍ഥിയെങ്കില്‍ അദ്ദേഹത്തിനൊപ്പം പൂര്‍ണമായും പ്രവര്‍ത്തിക്കും; നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം പതിനായിരത്തിന് അപ്പുറമുണ്ടാകും; പാര്‍ട്ടി എന്ത് തീരുമാനമെടുക്കുമോ അത് അംഗീകരിക്കുമെന്ന് എം മുകേഷ്
സിനിമയിലും രാഷ്ട്രീയത്തിലും അവസരം ചോദിച്ചിട്ടില്ല
കൊല്ലം: കൊല്ലത്ത് മത്സരിക്കണമെന്ന് താന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്ന് മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയായ എം. മുകേഷ്. സിനിമയിലും രാഷ്ട്രീയത്തിലും അവസരം ചോദിച്ചിട്ടില്ല. ജയമോഹന്‍ ആണ് സ്ഥാനാര്‍ഥിയെങ്കില്‍ അദ്ദേഹത്തിനൊപ്പം പൂര്‍ണമായും പ്രവര്‍ത്തിക്കും. ജയമോഹന്‍ ജയിക്കുകയും ചെയ്യുമെന്നും മുകേഷ് പറഞ്ഞു.
''പാര്‍ട്ടി എന്ത് തീരുമാനമെടുക്കുമോ അത് അംഗീകരിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പലയിടത്തും തിരിച്ചടി നേരിട്ടപ്പോഴും പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം കൊല്ലം മണ്ഡലത്തിലുണ്ടായിരുന്നു. അത് പലരും മറച്ചുവയ്ക്കുകയാണ്. ഞാന്‍ ഇറങ്ങിപോകുമ്പോള്‍ എന്റെ വികസനപ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ചുവെന്നതിന്റെ തെളിവാണ് ആ ഭൂരിപക്ഷം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം പതിനായിരത്തിന് അപ്പുറമുണ്ടാകും. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളാകും വിലയിരുത്തപ്പെടുന്നത്. കൊല്ലം മണ്ഡലം എല്‍ഡിഎഫ് നിലനിര്‍ത്തും. മറ്റ് പല വിഷയങ്ങളും ഉയര്‍ത്തിക്കാട്ടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അതിനൊക്കെ രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമേ ആയുസ്സുണ്ടാകൂ. അവസാനം ജനം ചര്‍ച്ച ചെയ്യുന്നത് വികസനമായിരിക്കുമെന്നും മുകേഷ് പറഞ്ഞു.
കൊല്ലത്ത് എം. മുകേഷ് ഒഴികെയുള്ള മൂന്ന് സിറ്റിങ് എംഎല്‍എമാരെ മല്‍സരിപ്പിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണയായിരുന്നു. ഇരവിപുരത്ത് രണ്ട് ടേം പൂര്‍ത്തിയാക്കിയ എം. നൗഷാദിനെ മല്‍സരിപ്പിക്കുന്നതില്‍ അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെതായിരിക്കും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പങ്കെടുത്ത കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.
കൊട്ടാരക്കരയില്‍ കെ.എന്‍.ബാലഗോപാല്‍, ചവറയില്‍ ഡോ സുജിത്ത് വിജയന്‍പിള്ള എന്നിവര്‍ വീണ്ടും മല്‍സരിക്കും. കൊല്ലത്ത് എം.മുകേഷിന് പകരം ജില്ലാ ആക്ടിങ് സെക്രട്ടറി എസ്.ജയമോഹനനെയും കുണ്ടറയില്‍ മുന്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ എസ്.എല്‍.സജികുമാറിനെയും മല്‍സരിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. നിര്‍ദ്ദേശം സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിക്കും.
അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയുടേതായിരിക്കും. അഞ്ചുതവണ എംഎല്‍എ ആയ കോവൂര്‍ കുഞ്ഞുമോനെ മാറ്റണമോ എന്നുള്ള കാര്യത്തില്‍ സംസ്ഥാന കമ്മിറ്റിയാകും തീരുമാനമെടുക്കുക. കുന്നത്തൂര്‍ സീറ്റ് ഏറ്റെടുക്കണമെന്ന പാര്‍ട്ടി നിര്‍ദേശം യോഗത്തില്‍ ചര്‍ച്ചയായില്ല. സിറ്റിങ് എംഎല്‍എ കോവൂര്‍ കുഞ്ഞുമോനെ ഇപ്പോള്‍ പിണക്കേണ്ടതില്ല എന്നായിരുന്നു യോഗത്തില്‍ എം. വി.ഗോവിന്ദന്റെ നിര്‍ദ്ദേശം.
സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിക്കും എന്ന് കരുതിയ സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം, ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ എക്‌സ്. ഏണസ്റ്റ്, സബിതാ ബീഗം എന്നിവരെ പരിഗണിച്ചില്ല. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രി കെഎന്‍ ബാലഗോപാല്‍ പുത്തലത്ത് ദിനേശന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാനുള്ള ജില്ലാ സെക്രട്ടറിയേറ്റ് യോഗം.
