മുനമ്പത്ത് ആരെയും കുടിയിറക്കില്ലെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍; നിയമസങ്കീര്‍ണതകള്‍ ഉണ്ടെന്ന് മന്ത്രി പി രാജീവും; ആരെന്ത് പറഞ്ഞാലും വീടുവിട്ട് ഇറങ്ങില്ലെന്ന് പറഞ്ഞ് സമരക്കാര്‍; സമരവേദി സന്ദര്‍ശിച്ചു മാര്‍ തോമസ് തറയിലും; അതിജീവനത്തിനായുള്ള സമരം 23ാം ദിവസത്തിലും തുടരുന്നു
മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഇടപെട്ട് സര്‍ക്കാര്‍
തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഒടുവില്‍ സര്‍ക്കാര്‍ ഇടപെടുന്നു. വിഷയം പരിഹരിക്കാന്‍ ഉന്നതതല യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. ഉപതെരെഞ്ഞെടുപ്പിന് ശേഷം 16 നാണ് മുഖ്യമന്ത്രി ഓണ്‍ലൈന്‍ യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ നിയമ റവന്യു മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്‌മാനും വഖഫ് ബോര്‍ഡ് ചെയര്‍മാനും യോഗത്തില്‍ പങ്കെടുക്കും.
നിയമപരമായ സാധ്യതകള്‍ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നതിലാകും ചര്‍ച്ച. കോടതിയില്‍ നിലവിലുള്ള കേസുകളുടെ സ്ഥിതി അടക്കം യോഗത്തില്‍ ചര്‍ച്ച ചെയ്യും. അതേസമയം, പ്രശ്‌നപരിഹാരത്തിന് സര്‍വകക്ഷി യോഗം വിളിക്കണം എന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്. ഇക്കാര്യം ഉന്നയിച്ചു വി ഡി സതീശന്‍ ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും.
അതേസമയം മുനമ്പത്ത് ആരെയും കുടിയിറക്കില്ലെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍. വിഷയത്തില്‍ സംഘപരിവാര്‍ മുതലെടുപ്പ് നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. ഈ ഭൂമിയുമായി ബന്ധപ്പെട്ട കേസ് വരുമ്പോള്‍ തന്നെ സര്‍ക്കാരിന് ഒരു നിലപാട് ഉണ്ടായിരുന്നു. പണം കൊടുത്ത് ഭൂമി വാങ്ങിയവരെ കുടിയിറക്കില്ല. വിവാദ ഭൂമിയില്‍ താമസിക്കുന്നവരുടെ കൂടെയാണ് സര്‍ക്കാര്‍. അതിലൊരു സംശയവുമില്ല. സര്‍ക്കാര്‍ മുനമ്പം വിഷയം കൃത്യമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ആളുകളെ കുടിയൊഴിപ്പിക്കാതെയുള്ള ഒരു പരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി അബ്ദുറഹിമാന്‍ വ്യക്തമാക്കി. അതേസമയം അതീവ നിയമസങ്കീര്‍ണമായ വിഷയമാണ് ഇതെന്നാണ് മന്ത്രി പി രാജീവ് വ്യക്തമാക്കിയത്.
അതസമയം പ്രദേശത്തെ സമരം 23ാം ദിവസവും തുടരുകയാണ്. മുനമ്പം-ചെറായി പ്രദേശങ്ങളിലെ ജനങ്ങള്‍ നേരിടുന്ന കുടിയിറക്ക് ഭീഷണിയെ ഭരണനേതൃത്വങ്ങള്‍ ഗൗരവത്തോടെ കാണണമെന്ന് ഇന്നലെ സമരവേദി സന്ദര്‍ശിച്ച ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍ പറഞ്ഞു. ഇത് മുനമ്പത്തുകാരുടെ മാത്രമോ ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റേയോ പ്രശ്‌നമല്ലെന്നും നാടിന്റെ മുഴുവന്‍ വേദനയാണെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ രാഷ്ട്രത്തില്‍ നീതി നിഷേധിക്കപ്പെടുന്നത് അപലപനീയമാണ്. ഏറ്റവും ചെറിയവനും ജീവനും സ്വത്തും സംരക്ഷിക്കാനും സുരക്ഷിതമായി ജീവിക്കാനുമുള്ള സാഹചര്യം ലഭിക്കുന്നതാണ് ജനാധിപത്യത്തിന്റെ മഹനീയത. സ്വാതന്ത്ര്യവും സമത്വവും സംരക്ഷിക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങേണ്ടിവരുന്നത് സദ്ഭരണത്തിന്റെ ലക്ഷണമല്ല. ഈ വിഷയത്തില്‍ ഭരണകൂടങ്ങളുടെ നിര്‍ദയമായ മൗനം അത്ഭുതപ്പെടുത്തുന്നു. സങ്കുചിത താല്‍പര്യങ്ങളും പ്രീണനനയങ്ങളും ഉപേക്ഷിച്ച് തുറന്ന സമീപനത്തോടെ പ്രശ്‌നം പരിഹരിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയാറാകണം -മാര്‍ തറയില്‍ ആവശ്യപ്പെട്ടു.
അതേസമയം ഭൂമിയില്‍ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് സമരം തുടരുന്നത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എത്രയും പെട്ടെന്ന് ഇടപെടല്‍ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അവകാശം പുനഃസ്ഥാപിച്ചു കിട്ടുന്നത് വരെ സമരം തുടരുമെന്ന് സമര സമിതി വ്യക്തമാക്കി.
വര്‍ഷങ്ങളായി പ്രദേശത്തെ ജനങ്ങള്‍ പ്രതിസന്ധിയിലാണ്. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ സാധാരണക്കാരായ മനുഷ്യര്‍ താമസിക്കുന്ന പ്രദേശത്ത് 600ലേറെ കുടുംബങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കുടിയിറക്കപ്പെടാമെന്ന ഭീഷണിയിലാണ് കഴിയുന്നത്. സര്‍ക്കാര്‍ എത്രയും വേഗം വിഷയത്തിന് പരിഹാരം കാണമെന്നാണ് ആവശ്യം.
വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിച്ചതോടെ മുനമ്പത്തെ 614 കുടുംബങ്ങള്‍ക്കാണ് ഭൂമിയുടെ റവന്യു അവകാശങ്ങള്‍ നഷ്ടമായത്. മുനമ്പം പ്രശ്‌നം പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ടെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ജനപ്രതിനിധികളെ പിടിച്ചു നിര്‍ത്തി ചോദ്യം ചെയ്യണം. ജനങ്ങളുടെ വിഷയത്തില്‍ ഇടപെടാത്തവരോട് രാജി വെച്ച് പോകാന്‍ പറയണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
മുനമ്പം സമരം മാധ്യമങ്ങളും അവഗണിക്കുകയാണെന്നും സുരേഷ് ഗോപി വിമര്‍ശിച്ചു. മുനമ്പം ഭൂമി പ്രശ്‌നം സാമുദായിക പ്രശ്‌നമുണ്ടാക്കുന്ന അവസ്ഥയിലേക്ക് പോകുന്നതിന് മുന്‍പേ നിയമപരമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ആവശ്യപ്പെട്ടിരുന്നും.