മൂന്നാറില്‍ ജാന്‍വി നേരിട്ട ദുരനുഭവം മറുനാടന്‍ വാര്‍ത്തയാക്കിയതിന് പിന്നാലെ ഇടപെട്ട് ടൂറിസം മന്ത്രി; ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ ഭീഷണിപ്പെടുത്തിയ മൂന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍; യുവതിയെ സഹായിക്കാത്ത നിലപാടെടുത്ത പോലീസുകാര്‍ക്ക് സസ്‌പെന്‍ഷനും; മൂന്നാറിലെ ടാക്‌സിക്കാരുടെ തിണ്ണമിടുക്ക് ഗതാഗത മന്ത്രിക്ക് നേരെയും; മൂന്നാറില്‍ ഇനി ഓണ്‍ലൈന്‍ ടാക്‌സി വരുമോ?

മൂന്നാറില്‍ ഇനി ഓണ്‍ലൈന്‍ ടാക്‌സി വരുമോ?

Update: 2025-11-04 05:36 GMT

മൂന്നാര്‍: കേരളത്തിന്റെ ടൂറിസം രംഗം വളര്‍ച്ചയുടെ വഴിയിലാണ്. സോഷ്യല്‍ മീഡിയാ ലോകത്ത് കേരളത്തിന്റെ മനോഹാരിതയെ ലോകത്തെ പരിചയപ്പെടുത്തി കൊണ്ട് വിദേശ വ്‌ലോഗര്‍മാര്‍ അടക്കം രംഗത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയുടെ ഈ പവര്‍ എത്രത്തോളമാണെന്ന് കേരളം അറിഞ്ഞ ദിവസങ്ങളാണ് കടന്നപോയതും. സംസ്ഥാനം ആര്‍ജ്ജിച്ചെടുത്ത ശ്രമങ്ങള്‍ പാഴാകാനും ഒരു മോശം പെരുമാറ്റം മതിയാകും. മുന്നാറിലെ ടാക്‌സി ഡ്രൈവര്‍മാര്‍ കേരളത്തെ നാണം കെടുത്തി സംഭവം മറുനാടന്‍ മലയാളിയിലൂടെ ലോകം അറിഞ്ഞിരുന്നു. മുംബൈ സ്വദേശിനിയായ ജാന്‍വി എന്ന യുവതി മൂന്നാര്‍ കാണാന്‍ എത്തിയപ്പോള്‍ ഉണ്ടായ ദുരനുഭവമാണ് മറുനാടന്‍ വാര്‍ത്തയാക്കിയത്. ഈ വാര്‍ത്തക്ക് പിന്നാലെ സംസ്ഥാനത്തെ അധികാരികള്‍ ഇടപെടലുകളുമായി രംഗത്തു വന്നു.

ഓണ്‍ലൈന്‍ ടാക്‌സിയെ തടയാന്‍ ഡ്രൈവര്‍മാര്‍ രംഗത്തുവന്നതും പോലീസിന്റെ നിസ്സംഗമായ പെരുമാറ്റവുമെല്ലാം മുംബൈ സ്വദേശിനി വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഇത് അവര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസറ്റു ചെയ്ത വിവരമാണ് മറുനാടന്‍ വാര്‍ത്തയാക്കിയത്. ഇതോടെ സംഭവത്തില്‍ വീഴ്ച്ചപറ്റിയവര്‍ക്കെതിരെ നടപടികളെത്തി. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഇടപെട്ടതോടെ അടിയന്തരമായി നടപടികള്‍ എടുക്കുകയായിരുന്നു.

മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ മുംബൈ സ്വദേശിനിയായ യുവതിക്ക് ടാക്‌സി ഡ്രൈവര്‍മാര്‍, പൊലീസ് എന്നിവരില്‍നിന്നു ദുരനുഭവം നേരിട്ട സംഭവത്തില്‍ ഗ്രേഡ് എസ്‌ഐ ഉള്‍പ്പെടെ 2 പൊലീസുകാര്‍ക്കു സസ്‌പെന്‍ഡ് ചെയ്തു. ഇത് കൂടാതെ മൂന്ന് ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റു ചെയ്യുകയുമുണ്ടായി. ടാക്‌സി ഡ്രൈവര്‍മാരായ ലാക്കാട് ഫാക്ടറി ഡിവിഷനില്‍ പി.വിജയകുമാര്‍ (40), തെന്മല്ല എസ്റ്റേറ്റില്‍ ന്യൂ ഡിവിഷനില്‍ കെ.വിനായകന്‍, മൂന്നാര്‍ ജ്യോതി ഭവനില്‍ എ.അനീഷ് കുമാര്‍ (40) എന്നിവരാണ് അറസ്റ്റിലായത്. അകാരണമായി തടഞ്ഞുനിര്‍ത്തല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണു കേസ്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

സംഭവത്തില്‍ മൂന്നാര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ജോര്‍ജ് കുര്യന്‍, എഎസ്‌ഐ സാജു പൗലോസ് എന്നിവരെയാണു ജില്ലാ പൊലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്. സംഭവസ്ഥലത്തെത്തിയ ഇരുവരും യുവതിയെ സഹായിക്കാതെ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്ന പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.


Full View

മുംബൈയില്‍ അധ്യാപികയായ ജാന്‍വി എന്ന യുവതിയാണ് കഴിഞ്ഞ വ്യാഴാഴ്ച മൂന്നാര്‍ സന്ദര്‍ശന വേളയില്‍ ഓണ്‍ലൈന്‍ ടാക്‌സില്‍ യാത്ര ചെയ്തപ്പോള്‍ പ്രദേശത്തെ ഡ്രൈവര്‍മാരില്‍നിന്നും നേരിട്ട ദുരനുഭവം സംബന്ധിച്ച് വിഡിയോ പുറത്തുവിട്ടത്. മൂന്നാറില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് നിരോധനമാണെന്നും കോടതി ഉത്തരവുണ്ടെന്നും പറഞ്ഞാണ് ഇവരെ തടഞ്ഞത്. യുവതി പൊലീസ് സഹായം തേടിയെങ്കിലും സ്ഥലത്തെത്തിയ എസ്‌ഐയും സംഘവും ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് അനുകൂല നിലപാടെടുത്തു. തുടര്‍ന്ന് മറ്റൊരു ടാക്‌സിയില്‍ യാത്ര ചെയ്യേണ്ടിവന്നു. സുരക്ഷിതമല്ലെന്നു കണ്ട് ട്രിപ്പ് അവസാനിപ്പിച്ചു. ഇനി കേരളത്തിലേക്ക് വരില്ലെന്ന് യുവതി വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.

സംഭവം വളരെ ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. വലിയ പ്രതീക്ഷയോടെയാണ് അവര്‍ മുബൈയില്‍ നിന്ന് കേരളത്തിലെത്തിയത്. ഇന്ത്യയില്‍ ഏറ്റവും സുരക്ഷിതമായ ടൂറിസം കേന്ദ്രമാണ് കേരളം. മൂന്നാറില്‍ നടന്നത് നെഗറ്റീവ് സംഭവമാണ്. ഇത്തരം സംഭവങ്ങളിലൂടെ കേരളത്തിലേക്കു വരുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ കുറവ് വരരുതെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും സമാധാനമുള്ള സംസ്ഥാനമാണ് കേരളം. അവിടെ ഇങ്ങനെയൊരു അനുഭവം ഇതര സംസ്ഥാനത്തുനിന്ന് വന്ന ടൂറിസ്റ്റിന് ഉണ്ടാകാന്‍ പാടില്ലായിരുന്നു. മറ്റു വകുപ്പ് മന്ത്രിമാരുമായും ടാക്‌സി സംഘടനകളുമായും അടക്കം വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത 66ലെ നിര്‍മാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ട്. പിണറായി സര്‍ക്കാര്‍ ആയതുകൊണ്ടാണ് വികസനം ഇത്രത്തോളം ആയതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മന്ത്രി ഇടപെട്ടതിന് പിന്നാലെയാണ് നടപടികള്‍ ഉണ്ടായത്.

മൂന്നാറില്‍ ഓണ്‍ലൈന്‍ ടാക്‌സി എത്തുമോ?

മൂന്നാറില്‍ ടാക്സിക്കാരുടെ ദുരനുഭവം നേരിടേണ്ടി വന്ന യുവതി പോലീസ് നടപടിയെടുത്തതോടെ വീഡിയോ പ്രൊഫൈലില്‍നിന്ന് മാറ്റിയിട്ടുണ്ട്. മൂന്നാറില്‍ ഓണ്‍ലൈന്‍ ടാക്സിയില്‍ സഞ്ചരിക്കാനാകില്ലെന്നും പ്രാദേശിക യൂണിയന്റെ ടാക്സിതന്നെ പിടിക്കണമെന്നുമാണ് വാഹനം തടഞ്ഞവര്‍ ജാന്‍വിയോട് ആവശ്യപ്പെട്ടത്. എന്നാല്‍, ഇത്തരത്തിലൊരു നിയമം മൂന്നാറിലോ, ഇടുക്കിയില്‍ മറ്റെവിടെയെങ്കിലുമോ ഇല്ലെന്ന് ടൂറിസംവകുപ്പും ഡിടിപിസി അധികൃതരും പറയുന്നു. ഇല്ലാത്ത നിയമം പറഞ്ഞ് ഉത്തരേന്ത്യയില്‍നിന്നെത്തുന്ന ഒട്ടേറെ വിനോദസഞ്ചാരികളെ ഇത്തരത്തില്‍ ടാക്സി ഡ്രൈവര്‍മാര്‍ കബളിപ്പിക്കുന്നതായി ആരോപണമുണ്ട്. മോട്ടോര്‍വാഹന വകുപ്പോ, പോലീസോ ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നില്ല.

ഈ വര്‍ഷം ആദ്യം മൂന്നാറില്‍ സഞ്ചാരികള്‍ക്കായി ഏര്‍പ്പെടുത്തിയ ഡബിള്‍ഡെക്കര്‍ ബസിനെതിരേയും ഇവര്‍ പ്രതിഷേധമുയര്‍ത്തി. ബസ് വന്നാല്‍ തങ്ങളുടെ വരുമാനം നഷ്ടപ്പെടുമെന്ന വിചിത്ര വാദമുയര്‍ത്തിയായിരുന്നു ഇത്. ഓണ്‍ലൈന്‍ ടാക്സികളെ പ്രദേശത്ത് അനുവദിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. മൂന്നാര്‍ ഡിപ്പോയില്‍ ഉദ്ഘാടന ദിവസംതന്നെ ബസ് തടയാന്‍ ശ്രമമുണ്ടായി. മന്ത്രിയെ തടയാന്‍ ശ്രമിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു. ഇതോടെ പ്രകോപിതനായ മന്ത്രി പ്രദേശത്തെ ടാക്സികള്‍ പരിശോധിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദേശവും നല്‍കി. എന്നാല്‍ ഇവരുടെ തിണ്ണമിടുക്ക് തുടരുകായണ്.

ജാന്‍വിയുടെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കാല അനുഭവങ്ങളും ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ ജൂണില്‍ ആനച്ചാലിന് സമീപം ചെകുത്താന്‍മുക്കില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ക്കുനേരേ ആക്രമണമുണ്ടായി. നെടുമ്പാശ്ശേരി അത്താണി സ്വദേശി ഇ. സ്വപ്നേഷിനാണ് അന്ന് പരിക്കേറ്റത്. സഞ്ചാരികളെ മൂന്നാറില്‍ വിട്ട് മടങ്ങിവരുകയായിരുന്ന സ്വപ്നേഷിന്റെ കാര്‍ ഒരുകൂട്ടം ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞു. എന്നാല്‍, പോലീസെത്തി ഒത്തുതീര്‍പ്പിലാക്കി. ശേഷം ചിത്തിരപുരത്തെ പാര്‍ക്കിങ് മൈതാനത്ത് വിശ്രമിക്കുമ്പോള്‍ ഒരുസംഘമെത്തി കാര്‍ തല്ലിത്തകര്‍ത്തു. മര്‍ദനമേറ്റ സ്വപ്നേഷ് ഏറെനാള്‍ ആശുപത്രിവാസം കഴിഞ്ഞാണ് വീട്ടിലേക്ക് മടങ്ങിയത്.

ഗോവ മാതൃകയില്‍ മൂന്നാര്‍ കാണാന്‍ ഇരുചക്ര വാഹനങ്ങള്‍ ഏര്‍പ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നു. തമിഴ്നാട്ടില്‍നിന്ന് സ്വകാര്യകമ്പനിയുടെ നേതൃത്വത്തില്‍ 15 ഇരുചക്ര വാഹനങ്ങളുമെത്തിച്ചു. എന്നാല്‍, തങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്ന് പറഞ്ഞ് ടാക്സിക്കാര്‍ പ്രതിഷേധമുയര്‍ത്തി. ഇതോടെ ഇവ തിരിച്ചുകൊണ്ടുപോകേണ്ടി വന്നു. ഒക്ടോബര്‍ മൂന്നിന് ആറ്റുകാട് വാഹനം ഉരഞ്ഞതിന്റെ പേരില്‍ പള്ളിവാസല്‍ ഫാക്ടറി സ്വദേശികളായ മൂന്നുപേര്‍ ചേര്‍ന്ന് സഞ്ചാരികളെ ആക്രമിച്ചു. തിരുച്ചിറപ്പള്ളി സ്വദേശികളായ രണ്ട് വിദ്യാര്‍ഥികളെ കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. ഒക്ടോബര്‍ അഞ്ചിന് മിനിവാനിലെത്തിയ കൊല്ലം സ്വദേശികളായ സഞ്ചാരികള്‍ക്കുനേരേ ആക്രമണം. സ്ത്രീകളുള്‍പ്പടെയുള്ളവര്‍ മരക്കമ്പുകൊണ്ട് സഞ്ചാരികളെ ആക്രമിച്ചു.

അക്രമികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് മൂന്നാര്‍ ഡിവൈഎസ്പി എസ്. ചന്ദ്രകുമാര്‍ പറഞ്ഞെങ്കിലും അതും പാഴ്വാക്കായി. ഇതിന്റെ തെളിവാണ് പോലീസുകാര് യുവതിയുടെ ഭാഗം ചേരാതെ ഓണ്‍ലൈന്‍ ഡ്രൈവര്‍ക്കെതിരെ നിലപാട് സ്വീകരിച്ചതിലൂടെ വ്യക്തമാകുന്നത്.

Tags:    

Similar News