ഉദ്ഘാടന മാമാങ്കം കഴിഞ്ഞിട്ടും വിട്ടുകൊടുക്കാതിരുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ 52 വാഹനങ്ങള്‍ക്ക് ഒടുവില്‍ ശാപമോക്ഷം; ആളെ കൂട്ടാത്തതിന് മന്ത്രി ആദ്യംപരിപാടി റദ്ദാക്കിയതിനും രണ്ടാംവട്ടം ഉദ്ഘാടനം അടിച്ചുപൊളിച്ചതിനും ഇവര്‍ സാക്ഷി; കാസര്‍കോഡ് മുതല്‍ തെക്കോട്ട് ഓരോ ഓഫീസില്‍ നിന്നും അധിക ഗതാഗത ചെലവ് 20,000രൂപ വീതം; അധിക ചെലവിന് മന്ത്രി സമാധാനം പറയുമോ?
അധിക ചെലവിന് മന്ത്രി സമാധാനം പറയുമോ?
തിരുവനന്തപുരം: ഒടുവില്‍ അതുസംഭവിച്ചു. ഉദ്ഘാടന മാമാങ്കം കഴിഞ്ഞിട്ടും വിട്ടുകൊടുക്കാതിരുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ 52 പുതിയ വാഹനങ്ങള്‍ വിട്ടുകൊടുത്ത് ഉത്തരവായി. ഈ വാഹനങ്ങള്‍ കൈപ്പറ്റാന്‍ ഈ മാസം 24 ന് മുമ്പായി ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റില്‍ എത്തിച്ചേരണമെന്നാണ് ഗതാഗത കമ്മീഷണര്‍ നാഗരാജുവിന്റെ ഉത്തരവ്.
മോട്ടോര്‍വാഹനവകുപ്പ് വാങ്ങിയ 52 വാഹനങ്ങള്‍ പുറത്തിറക്കാന്‍ വേണ്ടി കഴിഞ്ഞമാസം 29-ന് കനകക്കുന്ന് കൊട്ടാരവളപ്പില്‍ സംഘടിപ്പിച്ച ചടങ്ങ് കാഴ്ചക്കാരില്ലാത്തതിന്റെ പേരില്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ റദ്ദാക്കിയിരുന്നു. രോഷാകുലനായ മന്ത്രി ആളില്ലാത്തതിന്റെ പേരില്‍ പരിപാടിയില്‍ നിന്ന് ഇറങ്ങി പോവുകയും ചെയ്തു.
ഈ മാസം 11-ന് പേരൂര്‍ക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ചടങ്ങ് വീണ്ടും സംഘടിപ്പിച്ചപ്പോള്‍ മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെടുന്ന വിധത്തില്‍ ജീവനക്കാരെ കാണികളായി വിളിച്ചുവരുത്തിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ ഇന്‍സ്പെക്ടര്‍മാരെ മുഴുവന്‍ ചടങ്ങിന് എത്തിച്ചു. ചെണ്ടമേളവും റീല്‍സുമായി പരിപാടി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.
കെഎസ്ആര്‍ടിസി ജീവനക്കാരും ഉന്നത ഉദ്യോഗസ്ഥരും കാഴ്ചക്കാരായി. പുതിയ മോട്ടോര്‍ വാഹന വകുപ്പ് വാഹനങ്ങള്‍ സര്‍ക്കാര്‍ വന്‍തുക മുടക്കി വാഹനങ്ങള്‍ വാങ്ങി നല്‍കുമ്പോള്‍ പൊതുജനങ്ങള്‍ കാണുന്നവിധത്തില്‍ ഇവ പ്രദര്‍ശിപ്പിക്കേണ്ടതുണ്ടെന്നും അതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തിയതുകൊണ്ടാണ് ആദ്യ പരിപാടി റദ്ദാക്കിയതെന്നുമായിരുന്നു മന്ത്രിയുടെ വാദം.
എന്തായാലും 11 ന് വീണ്ടും കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും, 52 പുതിയ വാഹനങ്ങളും വിട്ടുകൊടുക്കാതെ പിടിച്ചുവച്ചു. വാഹനങ്ങള്‍ പേരൂര്‍ക്കടയിലെ എസ്എപി ക്യാംപിലേക്ക് മാറ്റുകയായിരുന്നു. കാസര്‍കോഡ് പോലെ വിദൂര ജില്ലകളില്‍ നിന്ന് എത്തിയവര്‍ വെറും കയ്യോടെ തിരിച്ചുപോയി. എന്തുകൊണ്ട് വാഹനങ്ങള്‍ വിട്ടുകൊടുത്തില്ല എന്ന കാരണം ഔദ്യോഗികമായി വ്യക്തമാക്കിയുമില്ല. വാഹനങ്ങളുടെ അലോട്മെന്റ് ഓര്‍ഡറിലുള്ള മന്ത്രിയുടെ എതിര്‍പ്പാണ് കാരണം എന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ വരികയും ചെയ്തു.
ഒരു ആര്‍ ടി ഓഫീസില്‍ നിന്ന് രണ്ടുപേര്‍ വച്ച് 52 വാഹനങ്ങള്‍ക്കായി 104 പേരാണ് ഉദ്ഘാടന ചടങ്ങിന് എത്തിയത്. അന്ന് വാഹനം കൊടുത്തുവിടാതിരുന്നത് കൊണ്ട് ഉണ്ടായ സമയനഷ്ടം, ധനനഷ്ടം ഇതിനൊക്കെ ആരുസമാധാനം പറയും? ഒരു ആര്‍ ടി ഒ ഓഫീസ് പ്രതിനിധിക്ക് ഗതാഗത ചെലവായി നല്‍കുന്നത് 10,000 രൂപയാണ്. ടേഡ് എസി ടിക്കറ്റിലാണ് യാത്ര. ഡിഎ അടക്കം ഒരാള്‍ക്ക് ഒരു ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിന് 5,000 രൂപയാണ് അനുവദിക്കുന്നത്. രണ്ടുപേര്‍ വാഹനം എടുക്കാനായി വരുമ്പോള്‍, രണ്ടുവശത്തേക്കുമായി 20,000 രൂപ ചെലവാണ്. ഇങ്ങനെ അധിക ചെലവ് വരുത്തിയതിന് ആരുസമാധാനം പറയും? സെപ്റ്റംബര്‍ 29 ന് ആളില്ലാ കസേര കണ്ട് കോപിച്ച മന്ത്രി ഉദ്ഘാടനം മാറ്റി വച്ചപ്പോഴും, ഒക്ടോബര്‍ 11 ന് രണ്ടാമത് ചടങ്ങ് നടത്തിയപ്പോഴും കേരളത്തിന്റെ അങ്ങേയറ്റത്ത് നിന്ന് ഇങ്ങേയറ്റം വരെ എം വി ഡി ഉദ്യോഗസ്ഥരെ എത്തിക്കാന്‍ വേണ്ടി വന്ന അധിക ചെലവിനെ കുറിച്ച് മന്ത്രി ഒന്നും പറയുന്നില്ല.
അമിതാധികാര പ്രയോഗമോ?
ഉദ്ഘാടനം ആദ്യം നിശ്ചയിച്ച സെപ്റ്റംബര്‍ 29 ന് ചടങ്ങിനെത്തിയത് തന്റെ പാര്‍ട്ടിക്കാരും പേഴ്‌സണല്‍ സ്റ്റാഫും കെഎസ്ആര്‍ടിസി ജീവനക്കാരും മാത്രമാണെന്നും ഒരാളയും പുറത്തു നിന്ന് എത്തിക്കാന്‍ സംഘാടകര്‍ക്ക് സാധിച്ചില്ലെന്നും ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തിയിരുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിപാടിക്ക് ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയില്ല, ജീവനക്കാരെ കൊണ്ടുവന്നില്ല. പരിപാടിക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകും എന്നു പറഞ്ഞാണ് മന്ത്രി പരിപാടി റദ്ദാക്കിയത്.
മോട്ടോര്‍ വാഹന വകുപ്പിന്റെ 52 വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫും എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യങ്ങള്‍ക്കായിട്ടുള്ള 914 ഇ പോസ്റ്റ് മെഷീനുകളുടെ വിതരണ ഉദ്ഘാടനമാണ് കനകക്കുന്നില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചത്. 52 വാഹനങ്ങള്‍ എത്തിക്കാനും പ്രദര്‍ശിപ്പിച്ച് ഫ്‌ലാഗ് ഓഫ് ചെയ്യാനായിരുന്നു പദ്ധതി. മന്ത്രി നാലു മണിക്ക് എത്തി. പക്ഷെ മന്ത്രി പറഞ്ഞ സ്ഥലത്തല്ലായിരുന്നില്ല വാഹനങ്ങള്‍. ഇതോടെ മന്ത്രി അസ്വസ്ഥനാകുകയായിരുന്നു. സ്വാഗത പ്രസംഗം നടന്ന സമയത്ത് മന്ത്രി പലരെയും ഫോണ്‍ വിളിക്കുകയും വാഹനം മാറ്റിയിടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. പിന്നീട് ഉദ്ഘാടന പ്രസംഗത്തിലാണ് മന്ത്രി പരിപാടി റദ്ദാക്കിയതായി അറിയിച്ചത്. എത്തിയ എല്ലാവരോടും മന്ത്രി ക്ഷമ പറയുകയും ചെയ്തു. വാഹനങ്ങള്‍ ക്രമീകരിച്ചത് ശരിയായില്ല, പൊതുജനങ്ങള്‍ കാഴ്ചക്കാരായി എത്തിയില്ല, മോട്ടോര്‍ വാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പോലും പങ്കെടുത്തില്ല എന്നതൊക്കെയാണ് മന്ത്രിയെ ചൊടിപ്പിച്ചത്.
സംഘാടനത്തില്‍ വന്‍ വീഴ്ചയെന്നാണ് മന്ത്രി പ്രസംഗത്തില്‍ പറഞ്ഞത്. 'ചടങ്ങിലേക്ക് വന്നിരിക്കുന്നത് എന്റെ പാര്‍ട്ടിക്കാരും എന്റെ പേഴ്‌സണല്‍ സ്റ്റാഫും കെഎസ്ആര്‍ടിസി ജീവനക്കാരും മാത്രമാണ്. ഒരാളെ പുറത്തുനിന്ന് വിളിച്ചില്ല. പരിപാടിക്ക് വേണ്ടി ഒന്നും തന്നെ ചെയ്യാത്ത ഉദ്യോഗസ്ഥന്റെ പേരില്‍ നടപടി എടുക്കും. മുറ്റത്ത് വണ്ടി കേറ്റി ഇട്ടാല്‍ ടൈല്‍സ് പൊട്ടും എന്നൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉദ്യോഗസ്ഥന്‍ ആരാണ്? കാരണം കാര്‍ കേറ്റി ഇട്ടാല്‍ പൊട്ടുന്ന ടൈല്‍സാണ് ഇവിടെയെങ്കില്‍ ബന്ധപ്പെട്ട മന്ത്രിക്ക് ഞാന്‍ കത്ത് കൊടുക്കും. ദയവുചെയ്ത് ക്ഷമിക്കണം പരിപാടി ഇവിടെ റദ്ദാക്കുകയാണ്'' എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ചടങ്ങില്‍ വട്ടിയൂര്‍കാവ് എം.എല്‍.എ വി. കെ പ്രശാന്തും എത്തിയിരുന്നു.
ബസിന്റെ മുന്‍വശത്ത് വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിനു ഡ്രൈവറെ സ്ഥലം മാറ്റിയ സംഭവത്തില്‍ ഗതാഗത മന്ത്രിക്കും കെഎസ്ആര്‍ടിസിക്കും വന്‍ തിരിച്ചടി സംഭവിച്ചതും ഗണേശന് സംഭവിച്ച പാളിച്ചയായിരുന്നു. മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടര്‍ന്ന് പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫിനെ പുതുക്കാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയത് ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണം ഇല്ലാതെയാണ് സ്ഥലം മാറ്റം എന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എന്‍.നഗരേഷിന്റെ നടപടി. ശിക്ഷാ നടപടിയായിട്ടാണ് സ്ഥലംമാറ്റമെന്നാണ് വ്യക്തമാകുന്നതെന്നും അത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി. ജയ്‌മോനെ പൊന്‍കുന്നം ഡിപ്പോയില്‍ തന്നെ തുടര്‍ന്നും ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും നിര്‍ദേശിച്ചു. അമിതാധികാര പ്രയോഗമാണ് കെഎസ്ആര്‍ടിസിയുടെ നടപടിയെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.