പ്രിയങ്ക ഗാന്ധി കാണാന്‍ പോലും കൂട്ടാക്കിയില്ല; ആകെ 10 ലക്ഷം രൂപയാണ് നല്‍കിയത്; കോടതിയില്‍ നിന്ന് നോട്ടീസ് വന്നു തുടങ്ങി. തങ്ങളുടെ മുമ്പില്‍ മരണം മാത്രമാണ് വഴി; അവഗണന തുടര്‍ന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറയും: വിമര്‍ശനവുമായി എന്‍.എം. വിജയന്റെ കുടുംബം
പ്രിയങ്ക ഗാന്ധി കാണാന്‍ പോലും കൂട്ടാക്കിയില്ല; ആകെ 10 ലക്ഷം രൂപയാണ് നല്‍കിയത്
കല്‍പ്പറ്റ: വയനാട്ടില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് എന്‍.എം. വിജയന്റെ കുടുംബം പ്രിയങ്ക ഗാന്ധിക്കെതിരെ വിമര്‍ശനവുമായി രംഗത്ത്. വഴിയരികില്‍ കാത്ത് നിന്നിട്ടും പ്രിയങ്ക ഗാന്ധിയെ കാണാന്‍ കഴിയാത്ത അവസ്ഥ വന്നതോടെയാണ് വിമര്‍ശനവുമായി വയനാട് ഡിസിസി മുന്‍ ട്രഷററുടെ കുടുംബം രംഗത്തെത്തിയത്.
കാണാന്‍ പോലും പ്രിയങ്ക ഗാന്ധി കൂട്ടാക്കിയില്ല. കാണുമെന്നു പി.എ. വന്നു അറിയിച്ചെങ്കിലും കണ്ടില്ല. കട ബാധ്യത രണ്ടര കോടിക്ക് മുകളിലായി. പ്രിയങ്കയുടെ അടുത്തേക്ക് എത്തിക്കാതിരിക്കാന്‍ ശ്രമിക്കുന്നു. ആകെ 10 ലക്ഷം രൂപയാണ് നല്‍കിയത്. കോടതിയില്‍ നിന്ന് നോട്ടീസ് വന്നു തുടങ്ങി. തങ്ങളുടെ മുമ്പില്‍ മരണം മാത്രമാണ് വഴി. തങ്ങള്‍ ആത്മഹത്യ ചെയ്താല്‍ ഉത്തരവാദി ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എയാണ്. അവഗണന തുടര്‍ന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറയുമെന്നും മകന്‍ വിജേഷും മരുമകള്‍ പദ്മജയും മാധ്യമങ്ങളോട് പറഞ്ഞു.
കടബാധ്യത തീര്‍ക്കാത്തതോടെ ആണ് മകന്‍ വീണ്ടും പരാതിയുമായി എത്തിയതെന്നും ഇരുവരും പറഞ്ഞു. വിഷം അകത്ത് ചെന്ന് ചികിത്സയിലായിരിക്കെയാണ് വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനും, മകന്‍ ജിജേഷും മരിച്ചത്. ഏറെക്കാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു വിജയന്‍. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. മകന് വിഷം കൊടുത്തശേഷം വിജയനും വിഷം കഴിക്കുകയായിരുന്നു എന്നാണ് നിഗമനം.
മരണത്തില്‍ വയനാട് ജില്ലാ സെഷന്‍സ് കോടതി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഐ.സി. ബാലകൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, കോണ്‍ഗ്രസ് നേതാവ് കെ.കെ. ഗോപിനാഥന്‍ തുടങ്ങിയവര്‍ക്കാണ് ജാമ്യം ലഭിച്ചത്. വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് മൂന്നു പേര്‍ക്കെതിരെയും ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയത്.
എന്‍.എം. വിജയന്‍ എഴുതിയ കത്തുകളിലും ആത്മഹത്യാക്കുറിപ്പിലും ഇവരുടെ പേരുകള്‍ ഉണ്ടായിരുന്നു. ഫോണ്‍ രേഖകള്‍ പ്രത്യേക അന്വേഷണസംഘം പരിശോധിച്ചതിനു ശേഷം നേതാക്കള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് എന്‍.എം. വിജയന്റെ ആത്മഹത്യക്കുറിപ്പിലൂടെ പുറത്തുവന്നത്. ഐ.സി. ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരം ഏഴ് ലക്ഷം രൂപ വാങ്ങി നല്‍കി. രണ്ട് ലക്ഷം രൂപ തിരികെ നല്‍കി, ബാക്കി അഞ്ച് ലക്ഷം രൂപ തന്റെ ബാധ്യതയായി. എന്‍.ഡി. അപ്പച്ചന്‍ വാങ്ങിയ പത്ത് ലക്ഷത്തിന് താന്‍ പണയാധാരം നല്‍കേണ്ടി വന്നു. അത് കോടതിയില്‍ കേസായി.
ബാങ്ക് ഭരണം പിടിച്ചെടുക്കാന്‍ നിയമന വിഗ്ദാനം നല്‍കി 32 ലക്ഷം രൂപ പലരില്‍ നിന്ന് വാങ്ങി. നിയമനങ്ങള്‍ റദ്ദാക്കിയതോടെ പണം തിരിച്ചു നല്‍കാന്‍ ലോണെടുത്തു. അത് ഇപ്പോള്‍ 65 ലക്ഷത്തിന്റെ ബാധ്യതയായി. അര്‍ബന്‍ ബാങ്കിലെ മകന്റെ താല്‍ക്കാലിക ജോലി ഐ.സി. ബാലകൃഷ്ണന്‍ ഇടപെട്ട് കളഞ്ഞുവെന്നുമാണ് ആത്മഹത്യക്കുറിപ്പിലുള്ളത്.
എന്‍ എം വിജയന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ മൊഴിയെടുത്തിരുന്നു. വിജയന്റെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് മൊഴിയെടുപ്പ്. സുധാകരന്റെ മൊഴിയെടുക്കുമെന്ന് നേരത്തെ അന്വേഷണ സംഘം അറിയിച്ചിരുന്നു. കെപിസിസി നിയോഗിച്ച കമ്മിറ്റിയും വിജയന്റെ മരണം അന്വേഷിച്ചെന്നും തനിക്ക് കിട്ടിയ റിപ്പോര്‍ട്ടില്‍ കുറ്റം ചെയ്തവരും ചെയ്യാത്തവരുമായ നേതാക്കളുടെ പേരുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ഈ റിപ്പോര്‍ട്ടില്‍ പാര്‍ട്ടി ആവശ്യമായ നടപടികളെടുക്കുമെന്നും സുധാകരന്‍ പ്രതികരിച്ചിരുന്നു.