ശബരിമലയിലെ സ്വര്‍ണം രേഖകളില്‍ ചെമ്പുപാളികളെന്ന് മാറ്റി; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണപ്പാളികള്‍ കൊടുത്തുവിടാന്‍ ഇടപെട്ടു; എന്‍ വാസുവിന് എതിരെ ചുമത്തിയത് ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളെന്നു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍; കൊട്ടാരക്കര സബ്ജയിലിലേക്ക് വാസു പോകുമ്പോള്‍ നാണക്കേട് മറയ്ക്കാനാവാതെ സിപിഎം
കൊട്ടാരക്കര സബ്ജയിലിലേക്ക് വാസു പോകുമ്പോള്‍ നാണക്കേട് മറയ്ക്കാനാവാതെ സിപിഎം
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദേവസ്വം മുന്‍ കമ്മീഷണറും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എന്‍. വാസുവിനെ പത്തനംതിട്ട കോടതി 24 വരെ റിമാന്‍ഡ് ചെയ്തു. വാസുവിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും. എസ്‌ഐടി പിന്നീട് കസ്റ്റഡി അപേക്ഷ നല്‍കും.
സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന് വീഴ്ച സംഭവിച്ചതായി പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയതിനെ തുടര്‍ന്നാണ് വാസുവിനെ മൂന്നാം പ്രതിയാക്കി കേസെടുത്ത് അറസ്റ്റ് ചെയ്തത്. രേഖകൡ ചെമ്പുപാളികളെന്ന് മാറ്റിയത് വാസുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണപ്പാളികള്‍ കൊടുത്തുവിടാന്‍ ഇടപെട്ടു. മറ്റുപ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് നാസുവിന് എതിരെ ചുമത്തിയത്. നിര്‍ണായകമായത് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന്റെ മൊഴിയാണ്.
2019-ല്‍ ശബരിമലയിലെ കട്ടിളപ്പാളി പുറത്തേക്ക് കൊണ്ടുപോകുന്ന വേളയില്‍ ദേവസ്വം കമ്മീഷണറായിരുന്നു എന്‍. വാസു. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ ദേവസ്വം കമ്മീഷണര്‍ വാസുവിനും വാസുവിന്റെ ഓഫീസിനും വീഴ്ച സംഭവിച്ചതായി ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. വാസുവിനെതിരെ മൊഴിയും ലഭിച്ചിരുന്നു.
പ്രധാന പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടില്‍, 2019-ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ പങ്ക് SIT വ്യക്തമാക്കുകയായി. സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് മഹസറില്‍ രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവിന്റെ ശുപാര്‍ശയിലാണെന്ന് SIT വെളിപ്പെടുത്തി. സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ എന്ന ശുപാര്‍ശ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ഓഫീസില്‍ നിന്ന് എക്‌സിക്യൂട്ടീവ് ഓഫീസ് വഴി ദേവസ്വം കമ്മീഷണറുടെ ഓഫീസിലെത്തിയിരുന്നു. തുടര്‍ന്ന്, സ്വര്‍ണം പൂശിയത് വെറും ചെമ്പുപാളികളായി രേഖപ്പെടുത്തിയതില്‍ ദേവസ്വം കമ്മീഷണര്‍ക്ക് വീഴ്ചയുണ്ടെന്ന് SIT കണ്ടെത്തി. കേസില്‍ എന്‍. വാസുവിനെ നേരത്തെ SIT ചോദ്യം ചെയ്തിരുന്നു.
സിപിഎം പ്രതിരോധത്തില്‍
ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിന്റെ അറസ്റ്റ് സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഒരു ഉദ്യോഗസ്ഥന്‍ എന്നതിലുപരി സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് വാസു. പല ഘട്ടങ്ങളിലും അദ്ദേഹത്തിന് വിവിധ പദവികള്‍ നല്‍കുന്നതില്‍ സിപിഎം ഒരിക്കലും മടി കാണിച്ചിട്ടില്ല.
അഭിഭാഷകനായാണ് വാസു തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് വിജിലന്‍സ് ട്രിബ്യൂണല്‍ അംഗമായി ജുഡീഷ്യറി പദവിയിലേക്ക് ഉയര്‍ന്നു. 2006 മുതല്‍ 2011 വരെ പി.കെ. ഗുരുദാസന്‍ മന്ത്രിയായിരുന്ന കാലയളവില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായും അദ്ദേഹത്തെ സിപിഎം നിയോഗിച്ചിരുന്നു. ഇതിനുശേഷമാണ് ദേവസ്വം ബോര്‍ഡിലേക്കുള്ള വാസുവിന്റെ കടന്നുവരവ്. രണ്ടു തവണ ദേവസ്വം ബോര്‍ഡ് കമ്മീഷണറായി അദ്ദേഹം ബോര്‍ഡിനെ അടക്കിഭരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പമാണ് ഇതിന് പിന്നിലെ പ്രധാന കാരണം.
2019-ല്‍ നടന്ന സ്വര്‍ണക്കൊള്ളയില്‍ ഗൂഢാലോചന വ്യക്തമായിരുന്നിട്ടും, സ്വര്‍ണ്ണം പൂശിയ പാളികള്‍ ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ഗുരുതരമായ വീഴ്ചയാണ്. ഈ വിഷയത്തില്‍ അന്നത്തെ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ പങ്ക് അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് അദ്ദേഹത്തെ മൂന്നാം പ്രതിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയത്. 2019 ഫെബ്രുവരി 26-ന് വാസു നല്‍കിയ കത്ത് അംഗീകരിച്ചാണ് മാര്‍ച്ച് 19-ലെ ബോര്‍ഡ് യോഗം പാളികള്‍ കൈമാറിയത്. ഇതിനു പിന്നാലെ മാര്‍ച്ച് 31-ന് വാസു വിരമിക്കുകയും ചെയ്തു. പിന്നീട്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ വിരമിച്ചപ്പോള്‍ അദ്ദേഹത്തെ ആ സ്ഥാനത്തേക്ക് പിണറായി സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു. ഈ കാലയളവിലാണ് സ്വര്‍ണ്ണം പൂശിയതിന്റെ ബാക്കി സ്വര്‍ണം കൈവശമുണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി ഇമെയില്‍ അയച്ചത്. എന്നാല്‍, വാസു ഇതില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ശബരിമലയില്‍ നടന്ന കൊള്ളയില്‍ അദ്ദേഹത്തിനു പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ് നടന്നത്.
