ഇന്ത്യ ബ്രിട്ടന് കൈമാറുന്ന ആദ്യ മലയാളി കുറ്റവാളിയായി നൈജില്‍ പോള്‍; 33 വര്‍ഷത്തിനിടയില്‍ ഇന്ത്യ കൈമാറിയത് വെറും നാലു കുറ്റവാളികളെ; ബ്രിട്ടനില്‍ നിന്നും മല്യയും നീരവ് മോദിയുമടക്കം ഇന്ത്യ 178 കുറ്റവാളികളെ ആവശ്യപ്പെട്ടപ്പോള്‍ കിട്ടിയത് ഒരാളെ മാത്രം; നൈജിലിനെ കിട്ടിയതോടെ നോര്‍വിച്ചില്‍ നിന്നും മുങ്ങിയ മലയാളി വിദ്യാര്‍ത്ഥി നിഷാന്‍ നാസറുദീനും ഓക്‌സ്‌ഫോഡില്‍ നിന്നും മുങ്ങിയ വിജേഷ് കൂരയിലും പേരടക്കം മാറ്റി ഒളിവില്‍ കഴിയുന്നത് സുകുമാര കുറുപ്പിനെ ഓര്‍മ്മിപ്പിക്കും വിധത്തില്‍

ഇന്ത്യ ബ്രിട്ടന് കൈമാറുന്ന ആദ്യ മലയാളി കുറ്റവാളിയായി നൈജില്‍ പോള്‍

Update: 2025-12-10 04:27 GMT

ലണ്ടന്‍: ഇന്നലെ സ്‌കോട്‌ലന്‍ഡിലെ ഹാമില്‍ട്ടണ്‍ നിവാസിയായ മലയാളി നൈജില്‍ പോള്‍ (47) ജയിലില്‍ ആയ വാര്‍ത്ത മറുനാടന്‍ മലയാളി നല്‍കിയപ്പോള്‍ അയാളുടെ സഹപാഠികള്‍ അടക്കം ഒട്ടേറെ മലയാളികള്‍ ആണ് വാര്‍ത്ത മുറിയിലേക്ക് അവര്‍ക്കറിയാവുന്ന വിവരങ്ങള്‍ കൈമാറാന്‍ എത്തിയത്. വടക്കേ മലബാര്‍ സ്വദേശിയായ നൈജില്‍ പോള്‍ ബ്രിട്ടീഷ് പോലീസ് തന്നെ തേടി കേരളത്തില്‍ എത്തില്ല എന്ന വിശ്വാസത്തില്‍ സ്ഥിരം ജോലി പോലും കൊച്ചി അടക്കമുള്ള സ്ഥലങ്ങളില്‍ കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് അറസ്റ്റില്‍ ആകുന്നതും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഡല്‍ഹി കോടതിയില്‍ എത്തിക്കുന്നതും. തുടര്‍ന്നാണ് ഇയാള്‍ ബ്രിട്ടീഷ് പോലീസിന്റെ കൈകളിലേക്ക് നാട് കടത്തപ്പെട്ടതും ഇപ്പോള്‍ ഗ്ലാസ്ഗോ ഹൈക്കോടതി ഇയാളെ എട്ടുവര്‍ഷത്തോളം നീളുന്ന ജയില്‍ ശിക്ഷ വിധിച്ചതും.

നൈജില്‍ പോള്‍ നടത്തിയത് സാഹചര്യത്തിന്റെ മുതലെടുപ്പും പദവിയുടെ ദുരുപയോഗവും

ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തതിനും മറ്റു രണ്ടു യുവതികളെ ലൈംഗിക ചേഷ്ടയോടെ സമീപിച്ചതിനുമാണ് ഇപ്പോള്‍ ശിക്ഷ ലഭിച്ചിരിക്കുന്നത്. പരാതിക്കാരില്‍ ഒരാള്‍ ആഫ്രിക്കന്‍ വംശജയും മറ്റൊരാള്‍ 19 വയസ് മാത്രമുള്ള യുവതിയുമാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തനിക്ക് വഴങ്ങിയില്ലെങ്കില്‍ ജോലി തെറിപ്പിക്കും എന്ന ഭീഷണിയോടെയാണ് ഇയാള്‍ ലൈംഗിക കുറ്റകൃത്യം സഹപ്രവര്‍ത്തകയായ നഴ്‌സ് അടക്കം ഉള്ളവരോട് ചെയ്തു കൂട്ടിയത്.

കുറ്റം സമ്മതിച്ച ഇയാള്‍ സ്ത്രീകള്‍ സ്വമേധയാ തനിക്ക് വഴങ്ങുക ആയിരുന്നു എന്ന ന്യായം ഉയര്‍ത്തിയതു കോടതി രൂക്ഷമായ നിരീക്ഷണത്തിനു വിധേയമാക്കിയെങ്കിലും കുറ്റം സമ്മതിക്കാന്‍ തയ്യാറായതോടെയാണ് ശിക്ഷ എട്ടു വര്‍ഷത്തിലേക്ക് കുറഞ്ഞത്. 26കാരിയായ നഴ്‌സ് രോഗാവധി കഴിഞ്ഞു ജോലിക്ക് എത്തിയപ്പോള്‍ തന്റെ സാമ്പത്തിക ബാധ്യതയും മറ്റും സഹപ്രവര്‍ത്തകയോട് പറഞ്ഞിരുന്നു.

ഇത് മാനേജര്‍ ആയ നൈജില്‍ പോള്‍ അറിയുകയും അവസരം മുതലാക്കാന്‍ അവധി എടുത്തത് നിയമ വിധേയം അല്ലെന്നും അക്കാരണത്താല്‍ ജോലി നഷ്ടപ്പെടുകയും അവരുടെ കുട്ടികള്‍ക്ക് വീടില്ലാതായാല്‍ താന്‍ ഉത്തരവാദി അല്ലെന്നു പറയുകയും ആയിരുന്നു. എന്നാല്‍ തനിക്ക് വിധേയയായാല്‍ എല്ലാം ആരുമറിയാതെ മാനേജ് ചെയ്യാമെന്നും അറിയിച്ച സാഹചര്യത്തില്‍ യുവതി നിസ്സഹായതയോടെ ഇയാള്‍ക്ക് വിധേയയാവുക ആയിരുന്നു. തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദം സഹിക്കാനാകാതെ ഇവര്‍ വീണ്ടും രോഗാവധിയില്‍ പോകുക ആയിരുന്നു. പോലീസ് തന്നെ തേടി എത്തും വരെ യുവതി ഇക്കാര്യങ്ങള്‍ പുറത്തു പറഞ്ഞിരുന്നുമില്ല.

ഒരു പക്ഷെ ഒരിക്കലും ഇനി പിടിക്കപ്പെടില്ല എന്ന ധാരണയില്‍ കഴിയുമ്പോഴാണ് പരാതി നല്‍കിയ മൂന്നു സ്ത്രീകള്‍ അടക്കം പലരെയും പീഡിപ്പിച്ചതിന് പോലീസ് ഇയാളെ ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വലയിലാക്കിയത്. ഈ കേസ് സമാന തരത്തില്‍ ഉള്ള മലയാളികള്‍ അടക്കം ഒട്ടേറെ ഇന്ത്യന്‍ കുറ്റവാളികളുടെ ഉറക്കം കെടുത്തുന്നതാണ് എന്ന് വ്യക്തം. കാരണം ഇവരെ വിട്ടു കിട്ടണം എന്ന് ഇതിനകം പലവട്ടം ബ്രിട്ടീഷ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളതിനാല്‍ ഏതു നിമിഷവും അറസ്റ്റ് നടന്നേക്കാം എന്നതാണ് നിലവിലെ സാഹചര്യം. അതിനിടെ, മംഗലാപുരത്തെ കോളേജില്‍ നഴ്സിംഗ് പഠിക്കാന്‍ എത്തിയ സൗമ്യ സ്വഭാവക്കാരനായ നൈജില്‍ പോളാണ് പിന്നീട് പലവട്ടം തന്റെ മുഖംമൂടി അഴിച്ചു മാറ്റി സഹപാഠികള്‍ക്കും സുഹൃത്തുകള്‍ക്കും മുന്നില്‍ അവിശ്വസനീയതയോടെ കാഴ്ചയായി മാറിയത്.

ഏറ്റവും ചുരുങ്ങിയത് 20 വര്‍ഷം മുന്‍പെങ്കിലും യുകെയില്‍ എത്തിയ ഈ മലയാളി നഴ്‌സ് ഒന്നിലേറെ തവണ ജോലി സ്ഥലങ്ങളില്‍ അച്ചടക്ക നടപടിക്ക് വിധേയനായ വ്യക്തി കൂടിയാണ്. നഴ്‌സ് ആയി ജോലി ചെയ്യാന്‍ ആവശ്യമായ പിന്‍ നമ്പര്‍ നഷ്ടമായി കുറേക്കാലത്തിനു ശേഷമാണു വീണ്ടും പിന്‍ നമ്പര്‍ ലഭിക്കുന്നത്. ഇതിനിടയില്‍ ഡ്രൈവിംഗ് കുറ്റകൃത്യത്തിന് പോലീസ് പിടിയില്‍ ആളാണെന്നും ജയില്‍ ശിക്ഷ അക്കാലത്തും ലഭിച്ചിട്ടുണ്ട് എന്നും പറയപ്പെടുന്നു.

തികഞ്ഞ മദ്യപാനിയായ നൈജില്‍ തന്റെ സ്വസ്ഥ ജീവിതം സ്വയം നശിപ്പിക്കുക ആയിരുന്നു എന്നാണ് വ്യക്തമാകുന്നത്. ഇയാള്‍ ജോലി ചെയ്ത കെയര്‍ ഹോമില്‍ സ്വഭാവ ദൂഷ്യത്തിനു മൂന്നു തവണ വാണിംഗ് നേടിയ ശേഷമാണ് ഇയാള്‍ക്ക് എതിരെ പോലീസ് കേസുണ്ടാകുന്നത്. സൗമ്യ ശീലക്കാരന്‍ എന്ന് തോന്നിപ്പിക്കുന്ന പെരുമാറ്റം കൈമുതലായതിനാല്‍ ഇയാളെ പരമാവധി സംരക്ഷിക്കാന്‍ കെയര്‍ ഹോം മാനേജ്മെന്റ് ശ്രമിച്ചിരുന്നു എന്നതാണ് പുറത്തു വരുന്ന വിവരം.

നൈജിലിന്റെ കാര്യത്തില്‍ സംഭവിച്ചത് നിര്‍ണായക നീക്കം, ഇന്ത്യയും ബ്രിട്ടനും ഇതുവരെ കൈമാറിയത് അഞ്ചു കുറ്റവാളികളെ മാത്രം, ലിസ്റ്റിലെ ആദ്യ മലയാളി നൈജില്‍ തന്നെ

ബ്രിട്ടന്റെ ആവശ്യപ്രകാരം കൊച്ചിയില്‍ നിന്നും ഡല്‍ഹി വഴി സ്‌കോട്‌ലന്‍ഡില്‍ എത്തിച്ച നൈജില്‍ ഇത്തരത്തില്‍ ഇന്ത്യ കൈമാറുന്ന ആദ്യ മലയാളിയാണ്. ഇന്ത്യയും ബ്രിട്ടനും തമ്മില്‍ കഴിഞ്ഞ 33 വര്‍ഷമായി കുറ്റവാളികളെ കൈമാറുന്ന നിയമം ഒപ്പിട്ട ശേഷം ഇതുവരെ നാലു കുറ്റവാളികളെ മാത്രമാണ് ഇന്ത്യ കൈമാറിയത്. ബ്രിട്ടനാകട്ടെ കൊലക്കുറ്റത്തിന് പ്രതിയാക്കപ്പെട്ട സമീര്‍ബായ് പട്ടേല്‍ എന്ന ഒരാളെ മാത്രമാണ് ഇന്ത്യക്ക് കൈമാറിയത്. ഇന്ത്യ കുപ്രസിദ്ധ കുറ്റവാളികളായ വിജയ് മല്യ, നീരവ് മോദി എന്നിവര്‍ അടക്കം 178 പേരെ കൈമാറാന്‍ ആണ് ഇതുവരെ ആവശ്യപ്പെട്ടിരിക്കുന്നത്.

യുഎഇ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യ ഒട്ടേറെ കുറ്റവാളികളെ മടക്കി എത്തിക്കുമ്പോള്‍ ബ്രിട്ടനില്‍ നിന്നും ഒരാളെ വിട്ടു കിട്ടുക എന്നത് വലിയ ദുര്‍ഘടമായി മാറുകയാണ്. ഇക്കാരണം കൊണ്ട് കൂടിയാണ് സ്‌കോട്‌ലന്‍ഡില്‍ താമസിച്ചിരുന്ന ജഗദര്‍ സിങ് എന്ന പഞ്ചാബ് വംശജനെ ഒട്ടേറെ സമ്മര്‍ദ്ദം ഉണ്ടായിട്ടും ഇന്ത്യ വിട്ടു നല്‍കാത്തതും. ഇയാളെ മടക്കി കിട്ടാന്‍ ബ്രിട്ടന്‍ നയതന്ത്ര തലത്തില്‍ പല സമ്മര്‍ദ്ദങ്ങളും നടത്തിയെങ്കിലും ഇന്ത്യയില്‍ നടത്തിയ കുറ്റത്തിന് ശിക്ഷ അനുഭവിക്കണം എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സ്‌കോട്‌ലന്‍ഡിലെ സിഖ് വംശജര്‍ ഇയാളെ വിട്ടു കിട്ടാന്‍ വലിയ സമ്മര്‍ദ്ദമാണ് കഴിഞ്ഞ ഏതാനും വര്‍ഷമായി നടത്തികൊണ്ടിരിക്കുന്നത്. അതിനിടെ നൈജിലിന്റെ കൈമാറ്റവും അയാള്‍ക്ക് ലഭിച്ച ശിക്ഷയും വലിയ പ്രാധാന്യം ഇരു രാജ്യങ്ങളിലെയും മാധ്യമങ്ങള്‍ നല്‍കിയതോടെ കൂടുതല്‍ കുറ്റവാളികളെ പരസ്പരം കൈമാറാന്‍ വേഗത ഉണ്ടായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

നൈജില്‍ കുടുങ്ങിയതോടെ നോര്‍വിച്ചില്‍ നിന്നും മുങ്ങിയ നിഷാന്‍ നസ്രുദിന്‍ തിരിച്ചെത്തിക്കാന്‍ ഇപ്സ്വിച്ച് കോടതിയെ സമീപിക്കാന്‍ നീക്കം

അതിനിടെ ബ്രിട്ടനില്‍ നിന്നും മുങ്ങിയ മലയാളികളില്‍ പ്രധാനിയായ നിഷാന്‍ നസ്രുദിന്‍ എന്ന മലയാളിയെ ഇപ്സ്വിച്ച് കോടതിയില്‍ നടക്കുന്ന വിചാരണ നേരിടാന്‍ എത്തിക്കണമെന്ന ആവശ്യം വാദി ഭാഗം ശക്തമാക്കും. 2021 ഏപ്രിലില്‍ വലിയ തുക ലോണ്‍ എടുത്തു പഠിക്കാന്‍ എത്തിയ തിരുവനന്തപുരം സ്വദേശിയായ അമല്‍ പ്രസാദ് എന്ന യുവാവ് കാറപകടത്തില്‍ കൊല്ലപ്പെട്ട കേസിലാണ് നിയമ നടപടി നേരിടാതെ കോടതിയെയും പോലീസിനെയും കബളിപ്പിച്ചു നിഷാന്‍ നസ്രുദിന്‍ മുങ്ങിയത്. കോവിഡ് കാലം ആയിരുന്നതിനാല്‍ ഇക്കാര്യത്തില്‍ ഇയാള്‍ക്ക് ആവശ്യമായ സമയവും സാഹചര്യവും ലഭിച്ചു എന്നതും അനുകൂല ഘടകമായി.

സാധാരണ ഇത്തരം കേസുകളില്‍ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ പോലീസ് പിടിച്ചു വയ്ക്കുമെങ്കിലും ഇയാളുടെ കാര്യത്തില്‍ എന്താണ് സംഭവിച്ചത് എന്നതിന് പോലീസ് കൂടി മറുപടി പറയേണ്ട ബാധ്യതയുണ്ട്. നാട്ടില്‍ ഉള്ള പിതാവിന് ഗരുതരാവസ്ഥയാണ് എന്ന കാരണം പറഞ്ഞാണ് ഇയാള്‍ മുങ്ങിയതെന്നു ചില സൂചനകള്‍ പുറത്തു വരുന്നുണ്ട്. ഈ കേസില്‍ നിയമ നടപടികള്‍ നീണ്ടു പോയപ്പോള്‍ കേസ് അവസാനിപ്പിക്കുന്ന സാഹചര്യം കൂടി കോടതി തേടിയിരുന്നു.

ഇക്കാര്യം ഇക്കഴിഞ്ഞ മാര്‍ച്ച് 22നു ബ്രിട്ടീഷ് മലയാളി ഫോളോ അപ് വാര്‍ത്തയായി നല്‍കുകയും ചെയ്തിരുന്നു, സംഭവം നടന്നു നാലു വര്‍ഷം കഴിഞ്ഞപ്പോഴേക്കും എല്ലാവരും വിസ്മൃതിയിലായ കേസിലാണ് കോടതി പ്രോസിക്യൂഷന്റെ അഭിപ്രായം തേടിയത്. അമലിന്റെ കുടുംബം കേരളത്തില്‍ ആയതും കോടതി നടപടികളില്‍ സജീവമാകാന്‍ ബന്ധുക്കള്‍ ആരും ഇല്ലാതെ പോയതുമൊക്കെ കേസ് തണുക്കാന്‍ കാരണമാണ്. കോടതിയുടെയും നിയമത്തിന്റെയും കണ്ണില്‍ നിന്നും നിഷാന്‍ ഒളിച്ചു മാറി എന്നത് മാത്രമല്ല നിയമ വിരുദ്ധമായി ലൈസന്‍സും ഇന്‍ഷൂറന്‍സും ഇല്ലാതെ വാഹനം ഓടിച്ചതിനാല്‍ ഒരു പൈസ പോലും അമലിന്റെ മാതാപിതാക്കള്‍ക്ക് ലഭിച്ചതുമില്ല.

നോര്‍വിച്ച് മലയാളിയുടെ ഉടമസ്ഥതയില്‍ ഉള്ള ഗാരേജില്‍ നിന്നും പണിയാന്‍ എത്തിക്കുന്ന കാറുകള്‍ ഗാരേജ് ഉടമ അറിയാതെയും നിഷാന്‍ സ്ഥിരമായി എടുത്ത് ഉപയോഗിക്കാറുണ്ട് എന്ന വിവരവും അപകടം ഉണ്ടായപ്പോള്‍ പുറത്തു വന്നിരുന്നു. ഇപ്പോള്‍ നൈജിലിനെ കണ്ടെത്തി മടക്കി എത്തിക്കാന്‍ കഴിഞ്ഞതോടെ ഊരും പേരും ഒക്കെ മാറ്റി എവിടെയോ സുരക്ഷിതനായി കഴിയുന്ന നിഷാന്‍ നസ്‌റുദിനെ യുകെ നിയമത്തിന്റെ മുന്നില്‍ എത്തിക്കാനാകുമോ എന്ന കാര്യം അമലിന്റെ സുഹൃത്തുക്കളും കുടുംബവും ഒക്കെ വീണ്ടും പരിഗണിക്കുകയാണ്. ഈ സംഭവത്തില്‍ അന്ന് അമലിന്റെ കുടുംബത്തെ ചേര്‍ത്ത് പിടിക്കാന്‍ തയ്യാറായ യുകെ മലയാളികളും ഇക്കാര്യത്തില്‍ സാധ്യമായത് എന്തും ചെയ്യാന്‍ തയ്യാറാണ്. രണ്ടു വര്‍ഷം നീണ്ട വിചാരണയാണ് പ്രതിയായ നിഷാന്റെ അസാന്നിധ്യത്തില്‍ കോടതിക്ക് നിസ്സഹായത്തോടെ കാഴ്ചക്കാരുടെ റോളിലേക്ക് മാറേണ്ടി വന്നത്.

ഓക്‌സ്‌ഫോഡില്‍ മലയാളി കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കി എന്ന കേസില്‍ ഒരു പതിറ്റാണ്ടായി ഒളിച്ചു കളിയുമായി വിജേഷ് കൂരിയല്‍, കുറുപ്പ് സിനിമയെ വെല്ലുന്ന മികവില്‍ ആര്‍ക്കും കണ്ടെത്താനാകാതെ വിജേഷിന്റെ ഒളിവ് ജീവിതം, കാത്തിരിക്കുന്നത് 23 വര്‍ഷത്തെ ജയില്‍ വാസം

ബ്രിട്ടനിലെ ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കിയ കേസാണ് 2016ല്‍ ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേസില്‍ പ്രതിയായ മലപ്പുറം സ്വദേശി വിജേഷ് കൂരിയല്‍ അതി വിദഗ്ധമായി പോലീസിന്റെ കണ്ണ് വെട്ടിച്ചു മുങ്ങുക ആയിരുന്നു. ഓക്‌സ്‌ഫോഡില്‍ മലയാളി കുടുംബത്തില്‍ ഷെയറിങ് അക്കോമഡേഷനില്‍ താമസിക്കുമ്പോഴാണ് വിജേഷ് കുട്ടിയുമായി അടുത്തിടപഴകുന്ന സാഹചര്യം ഉണ്ടായത്. ഇക്കാര്യം കുട്ടി ആരുമായും പങ്കുവച്ചിരുന്നുമില്ല.

എന്നാല്‍ സംഭവം കഴിഞ്ഞ് ആറു മാസത്തോളം ആയപ്പോള്‍ സ്‌കൂളില്‍ ഇത്തരം കാര്യങ്ങള്‍ അധ്യാപകര്‍ മുന്നറിയിപ്പായി കുട്ടികളോട് പങ്കുവയ്ക്കുമ്പോഴാണ് മലയാളി കുട്ടി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തുന്നത്. അതിനിടയില്‍ വിജേഷ് ഓക്‌സ്‌ഫോഡില്‍ നിന്നും മാറുകയും ചെയ്തിരുന്നു. എന്നാല്‍ വിജേഷിന് പിന്നാലെ കൂടിയ പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുന്നതില്‍ വിജയിച്ചു. പക്ഷെ പോലീസിനു പാസ്‌പോര്‍ട്ട് നല്‍കാതെ വിദഗ്ധമായി ഇയാള്‍ കബളിപ്പിക്കുക ആയിരുന്നു.

(ഈ രീതി ഭാവിയില്‍ മറ്റു കുറ്റവാളികളും പ്രയോഗിക്കാന്‍ ഇടയുള്ള സാഹചര്യത്തില്‍ എങ്ങനെയാണ് വിജേഷ് പാസ്‌പോര്‍ട്ട് ഒളിപ്പിച്ചത് എന്ന കാര്യം മറുനാടന്‍ മലയാളി ഈ വാര്‍ത്തയില്‍ നിന്നും മറച്ചു വയ്ക്കുകയാണ്) 23 വര്‍ഷത്തേക്ക് ഓക്‌സ്‌ഫോര്‍ഡ് ക്രൗണ്‍ കോടതി ശിക്ഷ വിധിച്ച കുറ്റവാളി കൂടിയാണ് ഇപ്പോള്‍ 39 വയസുള്ള വിജേഷ് കൂരിയില്‍. കോടതിയില്‍ എത്താന്‍ വെറും 15 മണിക്കൂര്‍ ബാക്കി നില്‍ക്കെയാണ് വിജേഷ് കയറിയ വിമാനം യുകെയില്‍ നിന്നും പറന്നു പൊങ്ങുന്നത്.

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പാസ്‌പോര്‍ട് രേഖകള്‍ സിസ്റ്റത്തില്‍ കയറാതെ വന്നതോടെ വിദഗ്ധമായി യുകെയില്‍ നിന്നും മുങ്ങാന്‍ വിജേഷിന് സാധിച്ചു. തന്റെ പിന്നാലെ പോലീസ് ഉണ്ടെന്നു വ്യക്തമായി അറിയാമായിരുന്ന വിജേഷ് വിലപിടിപ്പുള്ള സാധനങ്ങള്‍ യുകെ വിടുന്നതിന്റെ തലേന്ന് പോലും സുഹൃത്തുക്കളില്‍ നിന്നും ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദേശീയ മാധ്യമങ്ങള്‍ നിരന്തരം നല്‍കിയ വാര്‍ത്തയില്‍ സമ്മര്‍ദ്ദത്തില്‍ ആയ പോലീസ് വിജേഷിനെ തേടി ഇന്റര്‍പോള്‍ സഹായം ഉറപ്പാക്കിയെങ്കിലും അവിടെയും വിജേഷിന്റെ കുടുംബ ബന്ധങ്ങള്‍ സഹായകമായി. സൈന്യത്തില്‍ ജോലിയുള്ള വിജേഷിന്റെ ഉറ്റ ബന്ധു കൂടി ഇടപെട്ടതോടെ ജില്ലാ പോലീസ് ഉദ്യോഗസ്ഥന്‍ ഇങ്ങനെ ഒരാള്‍ കേരളത്തില്‍ മടങ്ങി എത്തിയിട്ടില്ല എന്ന റിപ്പോര്‍ട്ടാണ് രാജ്യാന്തര അന്വേഷണ സംഘത്തിന് കൈമാറിയത് എന്ന വിവരമാണ് ബ്രിട്ടീഷ് മലയാളി നടത്തിയ അന്വേഷണത്തില്‍ ലഭിക്കുന്നത്.

ഇതിനിടയില്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് അടക്കം ഇല്ലാതാക്കിയ വിജേഷ് പേരടക്കം മാറ്റിയതായും സൂചനയുണ്ട്. ഇയാള്‍ ഇപ്പോഴും ദക്ഷിണേന്ത്യയില്‍ ഒരിടത്തു വിവാഹിതനായി കഴിയുന്നു എന്ന സൂചനകള്‍ ലഭ്യമാണ്. ഇയാള്‍ സ്വയം തൊഴില്‍ ചെയ്താണ് ഇപ്പോള്‍ ജീവനോപാധി കണ്ടെത്തുന്നത്. എവിടെയെങ്കിലും ജോലിക്ക് ശ്രമിച്ചാല്‍ ഇയാളുടെ ഐഡന്റിറ്റി പുറത്താക്കുമോ എന്ന ഭയവും ഇയാള്‍ക്കും കുടുംബത്തിനുമുണ്ട്. കേസ് നിലനില്‍ക്കുന്ന സമയത്തു യുകെയില്‍ കഴിയുമ്പോള്‍ തന്നെയാണ് ഇയാള്‍ വിവാഹിതനായത് എന്നതും കൗതുകമാണ്.

കോവിഡ് കാലത്തു ഒരിക്കല്‍ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയെങ്കിലും പൊടുന്നനെ അപ്രത്യക്ഷനാകുമായും ചെയ്തു. സുകുമാര കുറുപ്പിനെ കേന്ദ്രമാക്കി ദുല്‍ഖര്‍ ചെയ്ത സിനിമയെ വെല്ലുന്ന രീതിയിലാണ് ഇപ്പോള്‍ വിജേഷ് തന്റെ ഒളിത്താവളം സൃഷ്ടിച്ചിരിക്കുന്നത് എന്ന സൂചനയുമുണ്ട്. യുകെയില്‍ നിന്നും മുങ്ങിയ നിഷാന്‍ നസ്‌റുദിന്റെ ഒരു ഫോട്ടോ പോലും ലഭ്യം അല്ലെങ്കിലും വിജേഷിന്റെ പത്തു വര്‍ഷം മുന്‍പത്തെ ചിത്രങ്ങള്‍ പോലീസിനും മാധ്യമങ്ങള്‍ക്കും ലഭ്യമാണ്. എന്നാല്‍ ഈ പത്തു വര്‍ഷത്തിനിടയില്‍ ഇയാള്‍ക്ക് എന്ത് രൂപമാറ്റം വന്നിരിക്കും എന്നത് നിശ്ചയമില്ലാത്ത കാര്യമാണ്. ഇയാള്‍ ഇപ്പോഴും ബ്രിട്ടീഷ് പോലീസിന്റെ വാണ്ടഡ് ലിസ്റ്റില്‍ ഉള്ള പ്രതിയായി തുടരുകയാണ്.

Tags:    

Similar News