പാതിമയക്കത്തിൽ ബൈക്ക് ഓടിച്ചെത്തിയ ഇൻഫോസിസ് ജീവനക്കാരൻ; കൊടുംവളവിലെ അപ്രത്യക്ഷിത ഇടിയിൽ ആശുപത്രിയിലായത് രണ്ടു സ്‌കൂൾ പിള്ളേർ; പല്ലുകൾ ഒടിഞ്ഞും താടിയെല്ലിന് പരിക്കേറ്റും ദയനീയ കാഴ്ച; നടപ്പാതയിലും..ജീവന് ഭീഷണിയാകുന്ന അവസ്ഥ; മനസ്സിൽ നിന്ന് മായാതെ ആ ദൃശ്യങ്ങൾ; നടുക്കും അപകടത്തിൽ മണ്ണന്തല പോലീസ് കേസെടുക്കുമ്പോൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോൾ നാൾക്ക് നാൾ റോഡ് അപകടങ്ങൾ വല്ലാതെ വർധിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഒന്ന് സ്ക്രോൾ ചെയ്യുമ്പോൾ തന്നെ പേടിപ്പെടുത്തുന്ന പല അപകടങ്ങളാണ് കാണുന്നത്. ചിലർ പരിക്കുകളോടെ രക്ഷപ്പെടുകയും ചിലർക്ക് ജീവൻ തന്നെ നഷ്ടപ്പെടുകയും ചെയ്യുന്നു. ചില സംഭവങ്ങളിൽ റോഡ് നിർമാണത്തിന്റെ അപാകത മൂലവും വലിയ അപകടങ്ങൾ സംഭവിക്കാറുണ്ട്. അങ്ങനെയാണ് ഇപ്പോൾ കേരളത്തിലെ അപകടങ്ങൾ നടക്കുന്നത്. അത്തരമൊരു ഞെട്ടിപ്പിക്കുന്ന അപകട ദൃശ്യം ഇന്നലെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. നാലാഞ്ചിറ കുരിശടി ജംഗ്ഷനിലായിരുന്നു അപകടം നടന്നത്.
ട്യൂഷൻ കഴിഞ്ഞെത്തിയ സ്‌കൂൾ വിദ്യാർത്ഥിനികളുടെ ഇടയിൽ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. കഴിഞ്ഞ ദിവസം കർക്കടകവാവ് ആയതുകൊണ്ട് സ്‌കൂൾ അവധിയായിരുന്നു. അങ്ങനെ രാവിലെ ട്യൂഷൻ കഴിഞ്ഞെത്തിയപ്പോൾ ആണ് നടുക്കും അപകടം നടന്നത്. നാലാഞ്ചിറയിൽ വച്ച് ഫുട്പാത്തിലൂടെ നടന്നുവന്ന വിദ്യാർത്ഥിനികളെ നിയന്ത്രണം തെറ്റിയെത്തിയ ബൈക്ക് നിമിഷ നേരം കൊണ്ട് ഇടിച്ച് തെറിപ്പിക്കുകയായിരിന്നു. രണ്ട് വിദ്യാർത്ഥികൾക്കും ബൈക്ക് യാത്രികനും അപകടത്തിൽ പരിക്ക് പറ്റി.
നാലാഞ്ചിറയിലെ സർവോദയ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ നാലാഞ്ചിറ സ്വദേശി ഗാന (14),മഠത്തുവിള സ്വദേശി ജെനീറ്റ(14) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അതുപോലെ ബൈക്ക് യാത്രക്കാരനായ ഇൻഫോസിസിലെ സെക്യൂരിറ്റി ജീവനക്കാരൻ നെടുമങ്ങാട് വാളിക്കോട് സ്വദേശി സനലിനും (40) ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്തു.
ഇന്നലെ രാവിലെ 7.30നായിരുന്നു അപകടം സംഭവിച്ചത്. കുട്ടികൾ ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം നടന്നത്. നാലാഞ്ചിറയിൽ നിന്ന് കുരിശടി ജംഗ്ഷനിലേക്കുള്ള വഴിയിലായിരുന്നു ദാരുണ അപകടം നടന്നത്. മണ്ണന്തല ഭാഗത്ത് നിന്ന് എത്തിയ ബൈക്ക് നടപ്പാതയിലൂടെ നടന്നുവരികയായിരുന്ന വിദ്യാർത്ഥികളുടെ ഇടയിലേക്ക് പാഞ്ഞെത്തി ഇടിച്ചുകയറുകയായിരുന്നു.
ശേഷം പിള്ളേരെ ഇടിച്ച് തെറിപ്പിച്ച് നടപ്പാതയിലെ ഇരുമ്പ് കൈവരിയിൽ ഇടിച്ചുമറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുട്ടികളിൽ ഒരാൾ റോഡിലേക്കും മറ്റൊരാൾ നടപ്പാതയിലും തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ ഗാനയുടെ മൂന്ന് പല്ലുകൾ ഒടിഞ്ഞു താടിയെല്ലിനും പൊട്ടൽ ഉണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഗാന ഇപ്പോൾ പട്ടത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ചെറിയ പരിക്കേറ്റ ജെനീറ്റ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം ഡിസ്ചാർജായി. അതുപോലെ ഗുരുതരമായി പരിക്കേറ്റ സനലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് വാരിയെല്ലിനും നട്ടെല്ലിനും പരിക്ക് ഉണ്ടെന്നും വിവരങ്ങൾ ഉണ്ട്. ബൈക്ക് ഓടിച്ച സനൽ കഴക്കൂട്ടം ഇൻഫോസിസിലെ സെക്യൂരിറ്റി ജീവനക്കാരനാണ്.
പതിവുപോലെ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങിവരവെയായിരുന്നു അപകടം. സനൽ ഉറങ്ങിപോയത് കാരണമാണ് അപകടമുണ്ടായതെന്ന് മണ്ണന്തല പോലീസ് വ്യക്തമാക്കി. സംഭവത്തിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് മൂന്നുപേരെയും ആശുപത്രിയിൽ എത്തിയത്. എന്തായാലും ആ നടുക്കും അപകടത്തിൽ മണ്ണന്തല പോലീസ് ഇപ്പോൾ കേസെടുത്തിരിക്കുകയാണ്.
അപകടത്തെ കുറിച്ച് മണ്ണന്തല പോലീസ് മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെ..
നിലവിൽ ബൈക്ക് യാത്രക്കാരൻ ആശുപത്രിയിൽ ആണെന്നും. അലക്ഷ്യമായി വാഹനം ഓടിച്ചതിന് കേസെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ട്യൂഷന് പോയ പിള്ളേര് അല്ലെ അവരുടെ പല്ല് പോയെന്നും. ബൈക്ക് യാത്രക്കാരന്റെ കഴുത്തിൽ സഹിതം പരിക്ക് ഉണ്ടെന്നും പറഞ്ഞു. വേറെ അപകടം നടക്കുമ്പോൾ ഉള്ള നടപടി മാത്രമേ ഉള്ളുവെന്നും പോലീസ് പറഞ്ഞു.
ബൈക്ക് ഓടിച്ചയാൾ മദ്യപിച്ചിട്ടില്ലെന്നും ഉറങ്ങിപോയത് കാരണമാണ് അപകടം നടന്നതെന്നും വ്യക്തമാക്കി. ബൈക്ക് യാത്രക്കാരനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കുട്ടികൾ അവരുടെ സൈഡിൽ കൂടെയാണ് വന്നതെന്നും പോലീസ് വ്യക്തമാക്കി.