സിബിഐ അന്വേഷണ ആവശ്യത്തില്‍ ഉറച്ച് നവീന്‍ ബാബുവിന്റെ കുടുംബം; തുടക്കം മുതല്‍ ആവശ്യം തള്ളി സര്‍ക്കാറും സിപിഎമ്മും; അന്വേഷണം എത്തിയാല്‍ തെളിവു നശിപ്പിക്കപ്പെട്ടിരിക്കുമോ എന്നതിലും ആശങ്ക; സി.സി.ടി.വി. ദൃശ്യങ്ങളും കോള്‍ വിശദാംശങ്ങളും സംരക്ഷിക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

സിബിഐ അന്വേഷണ ആവശ്യത്തില്‍ ഉറച്ച് നവീന്‍ ബാബുവിന്റെ കുടുംബം

Update: 2024-12-28 02:51 GMT

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയില്‍ കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ഇന്നലെ കേസ് പരിഗണിച്ച കോടതി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കേസിലെ പ്രതി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ, പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ ടി വി പ്രശാന്ത്, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ എന്നിവരുടെ ഫോണ്‍ രേഖകളും ടവര്‍ ലൊക്കേഷനുകളും സിസിടിവി ദൃശ്യങ്ങളുമടക്കം തെളിവുകള്‍ സൂക്ഷിക്കണമെന്ന ഹര്‍ജിയിലാണ് ഇന്ന് കോടതി വിധി പറയുന്നത്.

മൂന്ന് പേരോടും വിശദീകരണം ചോദിച്ചിരുന്നെങ്കിലും ടിവി പ്രശാന്ത് മാത്രം മറുപടി നല്‍കിയിരുന്നില്ല. സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് പിപി ദിവ്യ കോടതിയെ അറിയിച്ചു. എന്നാല്‍ ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിക്കുന്ന നിലപാടാണ് ജില്ലാ കലക്ടര്‍ കോടതിയില്‍ സ്വീകരിച്ചത്.

അതേസമയം നവീന്‍ബാബുവിന്റെ മരണത്തിലെ അന്വേഷണം മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന ആവശ്യം തുടക്കംമുതല്‍ തന്നെ നവീനിന്റെ കുടുംബം ഉന്നയിച്ചിരുന്നു. ആത്മഹത്യ പ്രേരണാകുറ്റത്തിന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അറസ്റ്റിലായപ്പോള്‍, അവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത കുടുംബം കേരള പോലീസിന്റെ അന്വേഷണത്തിലെ അതൃപ്തി കോടതിയില്‍ വാദത്തില്‍ പ്രകടിപ്പിച്ചിരുന്നു.

മറ്റൊരു ഏജന്‍സി അന്വേഷണത്തില്‍ വന്നാല്‍ അവര്‍ക്ക് മതിയായ തെളിവുകള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ കുടുംബത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ദിവ്യക്ക് ജാമ്യം ആദ്യം നിഷേധിച്ചപ്പോള്‍ അന്വേഷണം സുഗമമായി മുന്നോട്ടുപോകുന്നെന്ന കുടുംബത്തിന്റെ കണക്കു കൂട്ടലുകള്‍ പിന്നീട് തെറ്റുകയായിരുന്നു.

നവീനിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു കണ്ണൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍, പ്രശാന്തന്‍ ഉള്‍പ്പെട്ട ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യംദിവസങ്ങള്‍ കഴിഞ്ഞിട്ടും നിരാകരിക്കുന്ന ഘട്ടം വന്നപ്പോഴാണ് തെളിവുകള്‍ സംരക്ഷിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്തുവന്നത്. ഈ ഹര്‍ജിയില്‍നടന്ന വാദത്തിലും മറ്റൊരു ഏജന്‍സിയുടെ ആവശ്യകത കുടുംബത്തിന്റെ അഭിഭാഷകന്‍ ഉയന്നയിച്ചിരുന്നു. കേരള പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ മറ്റൊരു ഏജന്‍സി വന്നാല്‍ തെളിവുകള്‍ ഇല്ലാത്തസ്ഥിതിയാണ് ഉണ്ടാവുക എന്നാണ് അന്ന് ചൂണ്ടിക്കാണിച്ചത്. ഈ കേസിന്റെ വിധി ശനിയാഴ്ചയാണ് വരുന്നത്.

അന്വേഷണത്തിലെ പാളിച്ച തുടരുന്നു എന്ന ബോധ്യത്തില്‍നിന്നാണ് സി.ബി.ഐ. എന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. ജനുവരി ആറുവരെ ഹൈക്കോടതി അവധിയാണ്. വാദം കേട്ടശേഷം ഈ ഹര്‍ജി വിധി പറയാനായി മാറ്റിയിരിക്കുകയാണ്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉന്നയിച്ച പ്രശാന്തന്‍ ഉള്‍പ്പെട്ട ഗൂഢാലോചന അന്വേഷിക്കണമെന്ന പരാതിയിലെ ആവശ്യം കേട്ടുകേള്‍വി പ്രകാരമുള്ളതാണെന്ന നിലപാടാണ് പ്രത്യേക അന്വേഷണസംഘം എടുത്തിരിക്കുന്നതെന്നാണ് വിവരം. നവീന്‍ ബാബു മരിച്ച വാര്‍ത്ത പുറത്തുവന്നദിവസം ചാനലുകളിലൂടെയാണ് പ്രശാന്തന്‍ കൈക്കൂലി ആരോപണം പുറത്തുവിട്ടതെന്ന വസ്തുത കണക്കിലെടുക്കാതെയാണ് പോലീസിന്റെ ഈ നിലപാട് എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Tags:    

Similar News