അഴിമതിരഹിത ഉദ്യോഗസ്ഥരുടെ പട്ടികയില്‍ മുന്‍നിരയില്‍ ഉള്ളയാള്‍; മന്ത്രിമാര്‍ക്കും കലക്ടര്‍മാര്‍ക്കും പറയാനുള്ളത് നല്ലതു മാത്രം; പരസ്യ പരാതി ആദ്യം ഉന്നയിച്ചത് ദിവ്യ മാത്രം; അപമാനിച്ചു ഇറക്കിവിടാനുള്ള നീക്കത്തില്‍ മനം നൊന്ത് നവീന്റെ കടുംകൈ; സംസ്‌കാരം ഇന്ന് പത്തനംതിട്ടയില്‍

അഴിമതിരഹിത ഉദ്യോഗസ്ഥരുടെ പട്ടികയില്‍ മുന്‍നിരയില്‍ ഉള്ളയാള്‍

Update: 2024-10-17 01:56 GMT

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ കൊലയ്ക്ക് കൊടുത്തത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ഈഗോ ആണെന്ന വികാരം പൊതുവില്‍ ശക്തമാകുകയാണ്. താന്‍ പറഞ്ഞതു കേള്‍ക്കാത്ത എഡിഎമ്മിനോട് ദിവ്യക്ക് അമര്‍ഷം ശക്തമായി ഉണ്ടായിരുന്നു. അതാണ് യാത്രയയപ്പ് ചടങ്ങിലെ പരസ്യശാസനയില്‍ കലാശിക്കാന്‍ ഇടയാക്കിയതും. അതേസമയം നവീന് മേല്‍ ഉയര്‍ത്തി കൈക്കൂലി ആരോപണം കെട്ടിച്ചമച്ചതാണെന്ന ആക്ഷേപവും ശക്തമാകുകയാണ്.

കെ.നവീന്‍ ബാബു റവന്യു വകുപ്പ് തയാറാക്കിയ അഴിമതിരഹിത ഉദ്യോഗസ്ഥരുടെ രഹസ്യപട്ടികയിലെ ആദ്യസ്ഥാനക്കാരില്‍ ഒരാളായിരുന്നു എന്ന വിവരവും പുറത്തുവന്നു. വില്ലേജ് ഓഫിസര്‍ മുതല്‍ ഡപ്യൂട്ടി കലക്ടര്‍മാര്‍ വരെയുള്ള ഉദ്യോഗസ്ഥരുടെ പട്ടികയാണ് 2 വര്‍ഷം മുന്‍പ് മുന്‍കാല സേവനങ്ങളും പരാതികളും കേസുകളും മറ്റും പരിശോധിച്ച് റവന്യു വകുപ്പ് തയാറാക്കിയത്.

നിയമപരമായും സര്‍വീസ് സംബന്ധമായും ഉള്ള അറിവ്, പ്രവര്‍ത്തനമികവ് എന്നിവയും വിലയിരുത്തിയാണ് ഇങ്ങനെ പട്ടിക തയാറാക്കിയത്. ഈ മാനദണ്ഡങ്ങളിലും നവീന് മികച്ച സ്‌കോറാണ്. നവീന്‍ ബാബുവിനെ കാസര്‍കോട്ടു നിന്നു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ ജില്ലയായ കണ്ണൂരിലേക്കു സ്ഥലംമാറ്റിയതും കൂടിയാലോചനകള്‍ക്കു പുറമേ ഈ പട്ടികയുടെ കൂടി അടിസ്ഥാനത്തിലാണ്.

മന്ത്രിമാര്‍ക്കും കലക്ടര്‍മാര്‍ക്കും മറ്റു സഹപ്രവര്‍ത്തകര്‍ക്കും അടക്കം നവീനെ കുറിച്ചു പറയാന്‍ നല്ലവാക്കുകള്‍ മാത്രമേയൂള്ളൂ. അങ്ങനെയുള്ള ഒരാള്‍ക്കെതിരെ ആസൂത്രിതമായ ഗൂഢാലോചന നടന്നിരിക്കാം എന്നാണ് വിലയിരുത്തല്‍. അതിനിടെ നവീന്‍ ബാബുവിന്റെ സംസ്‌കാരം ഇന്ന് പത്തനംതിട്ടയില്‍ നടക്കും. 9 മണിയോടെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് കളക്ടറേറ്റില്‍ എത്തിക്കും. പത്തുമണി മുതല്‍ ഇവിടെ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് ഉച്ചയോടെ വിലാപയാത്രയായി വീട്ടിലേക്കു കൊണ്ടുപോകും. രണ്ടുമണിക്ക് ശേഷമാണ് മലയാലപ്പുഴയിലെ പത്തിശ്ശേരിയിലെ വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം ആത്മഹത്യയില്‍ പരാതിയുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്. മരണത്തിലേക്ക് നയിച്ചത് ഗൂഢാലോചനയുടെ ഫലമാണെന്നാരോപിച്ച് സഹോദരന്‍ പരാതി നല്‍കി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ഭീഷണിയും ടി.വി. പ്രശാന്തനുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നുണ്ടായ സംഭവവുമാണ് എ.ഡി.എം. കെ. നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സഹോദരന്‍ കെ. പ്രവീണ്‍ ബാബു നല്‍കിയ പരാതിയില്‍ പറയുന്നു. ഇതു സംബന്ധിച്ച് കണ്ണൂര്‍ സിറ്റി പോലീസിലാണ് പരാതി നല്‍കിയിട്ടുള്ളത്.

വ്യാഴാഴ്ച രാവിലെയാണ് എഡിഎമ്മിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെ തിങ്കളാഴ്ച നടന്ന യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തിയിരുന്നു. ക്ഷണിക്കാതെ എത്തിയാണ് യാത്രയയപ്പില്‍ എഡിഎമ്മിനെതിരെ ദിവ്യ രംഗത്തെത്തിയത്. ഇതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും രണ്ട് ദിവസത്തിനകം അത് പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണമാണ് ദിവ്യ വേദിയില്‍ ഉയര്‍ത്തിയത്. ഉദ്യോഗസ്ഥര്‍ സത്യ സന്ധരായിരിക്കണമെന്നും നവീന്‍ ബാബു കണ്ണൂരില്‍ പ്രവര്‍ത്തിച്ചതുപോലെ മറ്റിടങ്ങളില്‍ പ്രവര്‍ത്തിക്കരുതെന്നും പി പി ദിവ്യ വേദിയില്‍ പറഞ്ഞിരുന്നു.അതേസമയം പി പി ദിവ്യയുടെ പരാമര്‍ശം സിപിഐഎം ജില്ലാ നേതൃത്വം തള്ളി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണെന്നും തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ നേതൃത്വം പറഞ്ഞിരുന്നു.

പി പി ദിവ്യ, എഡിഎം, നവീന്‍ ബാബു, മരണം, കൊലപാതകം

Tags:    

Similar News