അന്വേഷണം പി പി ദിവ്യ എന്ന ഒറ്റ പ്രതിയിലേക്ക് ചുരുങ്ങി; പ്രശാന്തന്‍ ദിവ്യയുടെ ബിനാമി ആണെന്ന സൂചന ഉണ്ടായിട്ടും അന്വേഷിച്ചില്ല; വ്യാജ കൈക്കൂലിക്കേസ് നിര്‍മ്മിക്കാന്‍ ശ്രമിച്ചു; കുറ്റപത്രത്തില്‍ 13 പിഴവുകള്‍; നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കോടതിയില്‍
നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കോടതിയില്‍
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ വിചാരണക്കോടതിയെ സമീപിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) അന്വേഷണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയും അന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടികാണിച്ചുമാണ് മഞ്ജുഷ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കുറ്റപത്രത്തിലെ 13 പിഴവുകള്‍ ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നുണ്ട്. പ്രതി ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായിട്ടും ശരിയായ തെളിവുകള്‍ ശേഖരിച്ചില്ലെന്നും പ്രശാന്തനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വ്യാജകേസ് നിര്‍മ്മിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.
ശരിയായ അന്വേഷണം നടത്തിയാല്‍ വ്യാജ ആരോപണം തെളിയിക്കാന്‍ കഴിയും.
വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തല്‍ പൊലീസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ല. പ്രശാന്തന്‍ പിപി ദിവ്യയുടെ ബെനാമി ആണെന്ന സൂചനയുണ്ടായിട്ടും അന്വേഷിച്ചില്ല. ഇലക്ട്രോണിക് തെളിവുകളില്‍ പലതിലും ക്രമക്കേട് ഉണ്ട്. സിഡിആര്‍ പലതും ശേഖരിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രത്യേക സംഘത്തിന്റെ അന്വേഷണം തൃപ്തികരമായിരുന്നില്ലെന്ന് സഹോദരന്‍ പ്രവീണ്‍ ബാബു പറഞ്ഞു. പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകള്‍ ഉള്‍പ്പെടെ കുടുംബം പറഞ്ഞ കാര്യങ്ങളൊന്നും സംഘം അന്വേഷിച്ചില്ല. ഗൂഢാലോചനയടക്കം പുറത്തുവരണമെങ്കില്‍ പുതിയ അന്വേഷണം വേണമെന്നും കുടുംബം വിചാരണക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. 'അന്വേഷണം ദിവ്യയെന്ന ഒറ്റ പ്രതിയിലേക്ക് ചുരുങ്ങി. ചില കാര്യങ്ങള്‍ മാത്രം ആരുടെയോ തിരക്കഥ അനുസരിച്ച് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണത്തില്‍ ഒരുപാട് പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. പെട്രോള്‍ പമ്പും അതിന്റെ എന്‍ഒസിയുമായി ബന്ധപ്പെട്ടാണ് ഈ വിവാദങ്ങളെല്ലാം ആരംഭിക്കുന്നത്. പക്ഷേ, ഇതിന് പിന്നിലെ സംഭവങ്ങളെക്കുറിച്ചൊന്നും അന്വേഷിച്ചില്ല. പ്രശാന്തന്‍ എന്നയാളുടെ പങ്ക് അന്വേഷിക്കണം. വ്യാജ കൈക്കൂലിക്കേസ് ഉണ്ടാക്കി. കുടുംബം പറഞ്ഞ ഒരു കാര്യങ്ങളും അന്വേഷണത്തില്‍ വന്നില്ല' - എന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. കുറ്റപത്രത്തിലെ 13 പിഴവുകളാണ് കുടുംബം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.\