വ്യക്തിവൈരാഗ്യം കാരണമുള്ള അധിക്ഷേപം ആത്മഹത്യക്ക് പ്രേരണയായി; വീഡിയോ ചിത്രീകരിക്കാന്‍ ആളെ വച്ചു; സ്വന്തം ഫോണില്‍ നിന്ന് പ്രസംഗ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ പി പി ദിവ്യ ഏകപ്രതി; കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെ പ്രതിയാക്കാതെ കുറ്റപത്രം

നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ പി പി ദിവ്യ ഏകപ്രതി

Update: 2025-03-29 11:39 GMT

കണ്ണൂര്‍: കണ്ണൂര്‍ മുന്‍എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനായ കണ്ണൂര്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് ശ്രീജിത്ത് കൊടേരിയാണ് കണ്ണൂര്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ശനിയാഴ്ച വൈകിട്ട് നാലു മണിക്ക് കുറ്റപത്രംസമര്‍പ്പിച്ചത്. നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യ തന്നെയാണെന്നും ഇതിന് ദിവ്യയുടെ പ്രസംഗം പ്രേരണയായെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ആത്മഹത്യ പ്രേരണാ കുറ്റത്തിന് മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായിരുന്ന പിപി ദിവ്യ മാത്രമാണ് കേസിലെ ഏക പ്രതിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഒക്ടോബര്‍ 14 ന് കളക്ടറേറ്റ് ചേംബര്‍ ഹാളില്‍ നവീന്‍ ബാബുവിന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ദിവ്യ ക്ഷണിക്കപ്പെടാത്ത അതിഥിയായിട്ടാണ് വന്നതെന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്. ഐ.ടി) ചൂണ്ടിക്കാണിക്കുന്നത്.

വ്യക്തി വൈരാഗ്യം കാരണം പി.പി ദിവ്യ എ.ഡി. എമ്മിനെതിരെ നടത്തിയ അധിക്ഷേപകരമായ പ്രസംഗം എഡിഎമ്മിനെ പള്ളിക്കുന്നിലെ താമസ സ്ഥലത്ത് ജീവനൊടുക്കാന്‍ പ്രേരണയായെന്ന് കുറ്റപത്രത്തില്‍ വിശദീകരിക്കുന്നുണ്ട്. ചെങ്ങളായിയിലെ പെട്രോള്‍ പമ്പ് വിഷയത്തില്‍ നവീന്‍ ബാബുവിനെ അപമാനിക്കാന്‍ പി പി ദിവ്യ ആസൂത്രണം നടത്തി. യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണമില്ലാതെ പോയത് എഡിഎമ്മിനെ അപമാനിക്കാന്‍ ലക്ഷ്യമിട്ടായിരുന്നുവെന്നും കുറ്റപത്രം വിശദമാക്കുന്നു.

വീഡിയോ ചിത്രീകരിക്കാന്‍ കണ്ണൂര്‍ വിഷന്‍ പ്രാദേശിക ചാനലിന്റെ ക്യാമറാമാന്‍മാരെ ഏര്‍പ്പാടാക്കിയത് ദിവ്യ ആണെന്നും സ്വന്തം ഫോണില്‍ നിന്ന് ദിവ്യ, നവീന്‍ ബാബുവിന്റെ ജില്ലയായ പത്തനംതിട്ടയില്‍ ഉള്‍പ്പെടെ പ്രസംഗ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും കണ്ടെത്തലുണ്ട്. എന്നാല്‍ നവീന്‍ ബാബുവിന്റെ ആത്മഹത്യാ കുറിപ്പോ മറ്റ് കാരണങ്ങളോ കണ്ടെത്താനായില്ല. കണ്ണൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രെറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.

82 സാക്ഷികളാണ് കേസിലുള്ളത്. മൂന്ന് വാല്യങ്ങളിലായി അഞ്ഞൂറോളം പേജുകളാണ് കുറ്റപത്രത്തിനുള്ളത്. അന്നത്തെ കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാര്‍, കണ്ണൂര്‍ എ.സി.പി ടി.കെ രത്‌നകുമാര്‍, കണ്ണൂര്‍ ടൗണ്‍ എസ്.എച്ച്.ഒ ശ്രീജിത്ത് കൊടെരി എന്നിവരായിരുന്നു കേസ് അന്വേഷണം നടത്തിയത്. കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി എച്ച് യതീഷ് ചന്ദ്ര, ഇന്നത്തെ കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ പി. നിഥിന്‍ രാജ് എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേര്‍ന്നതിന് ശേഷം ആഭ്യന്തര വകുപ്പിന്റെ അനുമതിയോടെ കുറ്റപത്രം സമര്‍പ്പിച്ചത്.

എന്നാല്‍, എ.ഡി.എം. നവീന്‍ ബാബുവിനെതിരെ വ്യാജ കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി പ്രശാന്തനെ കേസില്‍ പ്രതിയാക്കാതെയാണ് പ്രത്യേക അന്വേഷണ സംഘം. ചെങ്ങളായി നിടുവാലുരില്‍ പെട്രോള്‍ പമ്പ് തുടങ്ങുന്നതിനായി നിരാക്ഷേപപത്രം ലഭിക്കുന്നതിനായി എ.ഡി.എം നവീന്‍ ബാബുവിന് 98,1500 രൂപ കൈക്കൂലി കൊടുത്തുവെന്നായിരുന്നു പ്രശാന്തന്റെ ആരോപണം. ഈ കാര്യം ദിവ്യയെ അറിയിച്ചതിനെ തുടര്‍ന്നാണ് യാത്രയയപ്പ് സമ്മേളനത്തില്‍ അനിഷ്ടകരമായ സംഭവങ്ങളും ഭീഷണി പ്രസംഗവും നടന്നത്.

പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനായ ഇലക്ട്രീഷ്യനായ പ്രശാന്തന്റെ വാക്കുകളാല്‍ പ്രകോപിതയായാണ് ദിവ്യ എ.ഡി. എമ്മിനെതിരെ ആരോപണശരങ്ങള്‍ ഉതിര്‍ത്തത്. എന്നാല്‍ പ്രശാന്തനില്‍ നിന്നും എ.ഡി.എമ്മിന് കൈക്കൂലി നല്‍കിയെന്ന ആരോപണം വിജിലന്‍സ് അന്വേഷണത്തിലോ റവന്യു വകുപ്പ് ജോയന്റ് ഡയറക്ടറും നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞതുമില്ല. നിരാക്ഷേപപത്രം നല്‍കാന്‍ എ.ഡി.എം വൈകിപ്പിച്ചില്ലെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ വ്യാജ ആരോപണം ഉന്നയിച്ച ടി.വി പ്രശാന്തനെതിരെ കേസെടുത്ത് പ്രതിയാക്കണമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടുവെങ്കിലും അന്വേഷണ സംഘം അംഗീകരിച്ചില്ല.

Tags:    

Similar News