ദിവ്യയെ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ ഭാഗികമായ ആശ്വാസം; അന്വേഷണം മുന്നോട്ടുപോകണമെന്ന് നവീനിന്റെ സഹോദരന്‍; നവീന്‍ ബാബുവിനെ അപമാനിക്കാനുള്ള അവസരം ഒരുക്കിയത് കലക്ടറെന്ന് വിമര്‍ശിച്ച് സിപിഎം നേതാവ് മലയാലപ്പുഴ മോഹനന്‍
ദിവ്യയെ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ ഭാഗികമായ ആശ്വാസം
പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പി പി ദിവ്യയെ നീക്കിയതില്‍ ഭാഗികമായ ആശ്വസമുണ്ടെന്ന് ആത്മഹത്യ ചെയ്ത കെ നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു. അന്വേഷണം മുന്നോട്ട് പോകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യ മാറിയപ്പോള്‍ സ്വാധീനത്തില്‍ ചെറിയ കുറവുണ്ടാകുമെന്ന ആശ്വാസം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എഡിഎം നവീന്‍ ബാബുവിനെ അപമാനിക്കാനുള്ള അവസരം ഒരുക്കിയത് കണ്ണൂര്‍ ജില്ലാ കലക്ടര്‍ എന്ന് സിപിഎം നേതാവ് മലയാലപ്പുഴ മോഹനന്‍ ആരോപിച്ചു. ദിവ്യയ്ക്ക് ആ വേദിയില്‍ എത്തിച്ചേരുവാന്‍ വേണ്ടി രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയിലേക്ക് മാറ്റി. ഇതിന്റെ പിന്നില്‍ കലക്ടറാണ്. വേണ്ടെന്നു പറഞ്ഞിട്ടും നിര്‍ബന്ധിച്ച് യാത്രയയപ്പ് യോഗം സംഘടിപ്പിക്കുകയായിരുന്നു എന്നും മോഹനന്‍ ആരോപിച്ചു.കലക്ടര്‍ക്കെതിരെയും അന്വേഷണം വേണം. ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് വിളിച്ചു വരുത്തിയതും ജില്ലാ കലക്ടര്‍ ആണെന്ന് മോഹനന്‍ ആരോപിച്ചു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യക്കെതിരെ നിലവിലെ നടപടി പോരെന്നും മലയാലപ്പുഴ മോഹനന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ ജില്ലാ കമ്മിറ്റി തീരുമാനമെടുത്ത് അവസാനിപ്പിക്കേണ്ട കാര്യമല്ല ഇത്. സിപിഎം സംസ്ഥാന കമ്മിറ്റി ഈ വിഷയത്തില്‍ ഇടപെടണം. എല്ലാ ജില്ലാ കമ്മിറ്റികള്‍ക്കും തുല്യ അധികാരമാണ് ഉള്ളത് എന്നും മലയാലപ്പുഴ മോഹനന്‍ പറഞ്ഞു. ക്ഷണിക്കപ്പെടാതെ നവീന്‍ ബാബുവിന്റെ യാത്രയയപ്പില്‍ പങ്കെടുത്ത ദിവ്യയ്ക്ക് ഗൂഢലക്ഷ്യമുണ്ട്. ദിവ്യക്കെതിരെ അന്വേഷണം വേണം.രേഖാമൂലം പാര്‍ട്ടിക്ക് കത്ത് നല്‍കും.ആവശ്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗമാണ് മലയാലപ്പുഴ മോഹനന്‍.സിപിഎം കോന്നി ഏരിയാ കമ്മിറ്റി അംഗവും ആണ്.
അതേസമയം, പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയതില്‍ എ ഡി എം നവീന്‍ ബാബുവിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ കളക്ടറുടെ കണ്ടെത്തല്‍. ഒരാഴ്ച കൊണ്ടാണ് എന്‍ഒസി ഫയല്‍ തീര്‍പ്പാക്കിയത്. ടൗണ്‍ പ്ലാനര്‍ റിപ്പോര്‍ട്ട് നല്‍കി ആറ് പ്രവൃത്തി ദിവസത്തിനുള്ളില്‍ എന്‍ഒസി ഫയല്‍ നല്‍കി.കഴിഞ്ഞ ഡിസംബറിലാണ് പ്രശാന്തന്‍ പെട്രോള്‍ പമ്പിന്റെ എന്‍ഒസിക്കായി അപേക്ഷ നല്‍കിയത്.
അന്ന് നവീന്‍ ബാബു ആയിരുന്നില്ല കണ്ണൂരിലെ എ ഡി എം. ഫെബ്രുവരിയിലാണ് അദ്ദേഹം എത്തിയത്. ആ മാസം 21ന് ചെങ്ങളായി പഞ്ചായത്തില്‍ നിന്ന് അനുകൂല റിപ്പോര്‍ട്ട് വന്നു. തൊട്ടടുത്ത ദിവസം ജില്ലാ ഫയര്‍ ഓഫീസറും ഇരുപത്തിയെട്ടാം തീയതി പൊലീസ് മേധാവിയും റിപ്പോര്‍ട്ട് നല്‍കി. മാര്‍ച്ച് 30, 31 തീയതികളില്‍ തഹസില്‍ദാറും ജില്ലാ സപ്ലൈ ഓഫീസറും റിപ്പോര്‍ട്ട് നല്‍കി.വളവുകളുള്ള ഭാഗമായതിനാല്‍ അപകടസാദ്ധ്യതയുണ്ടെന്നായിരുന്നു റൂറല്‍ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്.
തുടര്‍ന്ന് എഡിഎം ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സെപ്തംബര്‍ 30നായിരുന്നു ആ റിപ്പോര്‍ട്ട് ലഭിച്ചത്. ഒക്ടോബര്‍ ഒന്‍പതിന് എന്‍ഒസി നല്‍കി. സെപ്തംബര്‍ മുപ്പതിനും ഒക്ടോബര്‍ ഒന്‍പതിനുമിടയില്‍ ആറ് പ്രവൃത്തി ദിനങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.