തോമസ് കെ തോമസും ചാക്കോയും ഒരുമിച്ചു; മഹരാഷ്ട്രാ തിരഞ്ഞെടുപ്പ് കാലത്ത് പവാറിനും താല്‍പ്പര്യം കുട്ടനാടിനെ; ശശീന്ദ്രനെ പിണറായിയും കൈവിട്ടു; മന്ത്രിപദവിയിലെ റിക്കോര്‍ഡ് മാത്രം ബാക്കി; 'പൂച്ചക്കുട്ടിയില്‍' വീഴാത്ത ശശീന്ദ്രന്‍ പുറത്തേക്ക്

എന്‍സിപിയില്‍ കാലങ്ങളായി നീണ്ട നിന്ന തര്‍ക്കങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും ഒടുവില്‍ തീരുമാനം എത്തുമ്പോള്‍ എകെ ശശീന്ദ്രന്‍ ഒറ്റപ്പെടുകയാണ്

Update: 2024-09-20 11:02 GMT

തിരുവനന്തപുരം: എല്‍ഡിഎഫിലെ ഘടകകക്ഷിയായ എന്‍സിപിയില്‍ കാലങ്ങളായി നീണ്ട നിന്ന തര്‍ക്കങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും ഒടുവില്‍ തീരുമാനം എത്തുമ്പോള്‍ എകെ ശശീന്ദ്രന്‍ ഒറ്റപ്പെടുകയാണ്. എ.കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം ഒഴിയും എന്ന് ഉറപ്പായി കഴിഞ്ഞു. തോമസ് കെ തോമസും പി.സി ചാക്കോയും ഒരുമിച്ചതോടെ ശരത് പവാറിന്റെ നിര്‍ണായക തീരുമാനത്തില്‍ തോമസ് കെ തോമസ് പകരം മന്ത്രിയാകും. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് കാലത്തും പവാറിന് മറ്റ് ചില താല്‍പ്പര്യങ്ങളുമുണ്ട്. ഇതും കുട്ടനാട് എംഎല്‍എയായ തോമസ് കെ തോമസിന് തുണയായി മാറി. ശതകോടീശ്വരനായിരുന്ന മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ തോമസ്. തോമസ് ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് കുട്ടനാട്ടില്‍ തോമസ് കെ തോമസ് മത്സരിച്ചതും ജയിച്ച് എംഎല്‍എയായതും.

മന്ത്രി സ്ഥാനം ഒഴിയുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ശശീന്ദ്രന്‍ കൂടിക്കാഴ്ച നടത്തിങ്കെിലും പിണറായിയും ശശീന്ദ്രനെ കൈവിട്ടു. ഒടുവില്‍ മന്ത്രി പദവയില്‍െ റിക്കോര്‍ഡുകള്‍ മാത്രം ബാക്കിയാക്കി പൂച്ചക്കുട്ടിയില്‍ വീഴാത്ത ശശീന്ദ്രന്‍ ഒടുവില്‍ പുറത്തേക്ക്. എന്‍സിപിയുടെ ആഭ്യന്തര വിഷയത്തില്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി എടുത്ത നിലപാടാണ് ശശീന്ദ്രന് അടിയായത്. തോമസ് കെ തോമസും പി.സി ചാക്കോയും ഒന്നായതോടെ ശരത് പവാര്‍ എടുത്ത തീരുമാനവും തോമസിന് അനുകൂലമായി. പവാറിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലും മന്ത്രിമാറ്റത്തിന് അനുകൂല തീരുമാനം ഉണ്ടായി. തോമസ് കെ തോമസിന് അനുകൂലാമയിരുന്നു പവാറിന്റെ തീരുമാനം. തീരുമാനം ഒരാഴ്ചയ്ക്കകം ഉണ്ടാകുമെന്നും പവാര്‍ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടെന്നും പി.സി ചാക്കോ പറഞ്ഞു. മന്ത്രിമാറ്റത്തില്‍ അന്തിമ തീരുമാനം പവാറിന്റേതാണ്. സംഘടനാ കാര്യങ്ങള്‍ അടക്കം എല്ലാ വിഷയങ്ങളും ചര്‍ച്ചയായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2011 മുതല്‍ എലത്തൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശശീന്ദ്രന്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ വന്യജീവി സംരക്ഷണ മന്ത്രിയായിരുന്നു. മന്ത്രി സ്ഥാനം സംബന്ധിച്ച് എന്‍സിപിയിലെ പ്രശ്നങ്ങള്‍ പുറത്ത് വന്നിരുന്നു. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മന്ത്രിസ്ഥാനം ഒഴിയാമെന്ന ധാരണ ശശീന്ദ്രന്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് തോമസ് കെ തോമസ് രംഗത്ത് എത്തിയത്്. എന്നാല്‍ അങ്ങനെയൊരു ധാരണ ഇല്ലെന്നായിരുന്നു ശശീന്ദ്രന്റെ വാദം. തുടക്കത്തില്‍ പിസി ചാക്കോ ശശീന്ദ്രനൊപ്പമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിലപാട് മാറ്റി. ഇതോടെ മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാല്‍ എംഎല്‍എ സ്ഥാനം ഒഴിയുമെന്നും ശശീന്ദ്രന്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ പ്രതീക്ഷ വച്ചിരുന്ന ശശീന്ദ്രന് പിന്തുണ മുഖ്യമന്ത്രിയില്‍ നിന്നും കിട്ടിയതുമില്ല. പ്രശ്‌നമൊന്നും ഉണ്ടാക്കാതെ ശശീന്ദ്രന്‍ രാജിവയ്ക്കും. അതു കഴിഞ്ഞ് പാര്‍ട്ടിയില്‍ പിടിമുറുക്കാനും ശ്രമിക്കും.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി മന്ത്രിപദവിയിലിരുന്നതിന്റെ റെക്കോര്‍ഡ് എ.കെ.ശശീന്ദ്രന് സ്വന്തമാണ്. മുഖ്യമന്ത്രി ഒഴികെയുള്ള കണക്കാണിത്. പിണറായി വിജയന്റെ 2 മന്ത്രിസഭകളിലായി ശശീന്ദ്രന്‍ തുടര്‍ച്ചയായി റിക്കോര്‍ഡ് കാലം മന്ത്രിയായി. രണ്ടാം അച്യുതമേനോന്‍ മന്ത്രിസഭയിലെ ബേബി ജോണ്‍, കെ.അവുക്കാദര്‍കുട്ടി നഹ, എന്‍.കെ.ബാലകൃഷ്ണന്‍ (മൂവരും 1970 ഒക്ടോബര്‍ 4 1977 മാര്‍ച്ച് 25; 2364 ദിവസം) എന്നിവരെയാണ് അടുത്ത കാലത്ത് ശശീന്ദ്രന്‍ മറികടന്നത്. അടുത്ത കാലം വരെ പിണറായിയുടെ അതിവിശ്വസ്തനായിരുന്നു ശശീന്ദ്രന്‍. പൂച്ചക്കുട്ടി വിവാദത്തെ അതിജീവിച്ച ശശീന്ദ്രന്‍ രണ്ടാം പിണറായി സര്‍ക്കാരിലും കാലാവധി പൂര്‍ത്തിയാക്കുമെന്ന് കരുതിയവരുണ്ട്. പക്ഷേ സംഭവിക്കാന്‍ പോകുന്നത് രാജിയും.

2018 ഫെബ്രുവരി 1 മുതല്‍ ശശീന്ദ്രന്‍ തുടര്‍ച്ചയായി മന്ത്രിയാണ്. ഇടവേളയില്ലാതെ ഇടയ്ക്ക് ഒരു സത്യപ്രതിജ്ഞ (2021 മേയ് 20) ഉണ്ടായെന്നു മാത്രം. നേരത്തേ ഒന്നാം പിണറായി മന്ത്രിസഭയില്‍ ശശീന്ദ്രന്‍ 306 ദിവസം (2016 മേയ് 25 2017 മാര്‍ച്ച് 27) മന്ത്രിയായിരുന്നു. ഒരു മന്ത്രിസഭയില്‍നിന്നു രാജിവച്ച് അതേ മന്ത്രിസഭയില്‍ത്തന്നെ തിരിച്ചെത്തിയ 7 പേരില്‍ ഒരാളാണ് ശശീന്ദ്രന്‍. പൂച്ചക്കുട്ടി വിവാദമായിരുന്നു ഈ രാജിക്ക് കാരണം. കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ആരോപണത്തില്‍ മന്ത്രിയായി തിരിച്ചെത്താന്‍ ശശീന്ദ്രന് തുണയായത് മുഖ്യമന്ത്രി പിണറായിയുടെ പിന്തുണയായിരുന്നു. എന്നാല്‍ എന്‍സിപിയിലെ രണ്ടാം കലാപ കാലത്ത് ശശീന്ദ്രന് പിണറായി പിന്തുണ നല്‍കുന്നില്ല. ഇതാണ് തോമസ് കെ തോമസിന് ഗുണകരമായി മാറിയത്.

ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രനെ വാണിജ്യ താല്‍പര്യാര്‍ഥം മംഗളം ചാനല്‍ ഫോണ്‍ കെണിയില്‍ മനഃപൂര്‍വം കുടുക്കിയതാണെന്ന് വിവാദം അന്വേഷിച്ച ജസ്റ്റിസ് പി.എസ്. ആന്റണി കമീഷന്‍ റിപ്പോര്‍ട്ട് ഏറെ ചര്‍ച്ചയായിരുന്നു. എ.കെ. ശശീന്ദ്രനെതിരെയും കമീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ടായിരുന്നു. മന്ത്രിയെന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ഉയര്‍ത്തിപ്പിടിക്കേണ്ട ധാര്‍മികത എ.കെ. ശശീന്ദ്രന്‍ പാലിച്ചില്ല. മന്ത്രിയുടെ ഔദ്യോഗിക ഫോണിലേക്കു വരുന്ന വിളികളില്‍ പോലും ധാര്‍മികത കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിനായില്ല. മന്ത്രി പദവിയുടെ ധാര്‍മികത പാലിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ കോടതി വെറുതെ വിട്ടത് ശശീന്ദ്രന് തുണയായി. അങ്ങനെയാണ് വീണ്ടും മന്ത്രിയായത്.

ആവശ്യവുമായി സമീപിച്ച വീട്ടമ്മയോട് മന്ത്രി മോശമായി പെരുമാറിയെന്ന രീതിയിലാണ് ചാനലിന്റെ ഉദ്ഘാടന ദിവസം അശ്ലീല ഫോണ്‍ സംഭാഷണം സംപ്രേഷണം ചെയ്തത്. തുടര്‍ന്ന് എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെക്കുകയും സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട ചാനല്‍ പ്രവര്‍ത്തക കമീഷന് മുന്നില്‍ ഹാജരായില്ല. ഇതിനായി പലതവണ സമന്‍സ് അയച്ചിരുന്നുവെങ്കിലും അവര്‍ എത്തിയില്ല. വിവാദവുമായി ബന്ധപ്പെട്ട ശബ്ദരേഖ കമീഷനു മുന്നിലെത്തിക്കാന്‍ സംഭവം പുറത്തുവിട്ട മംഗളം ചാനലിനും കഴിഞ്ഞില്ല. ഏതു സാഹചര്യത്തിലാണു സംഭാഷണം നടന്നതെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയാണു കമീഷന്‍ ആവശ്യപ്പെട്ടിരുന്നത്. ഇതെല്ലാം ശശീന്ദ്രന് തുണയായി മാറുകയും ചെയ്തു.

Tags:    

Similar News