‘ജെൻ സി’ പ്രതിഷേധത്തിനിടെ ഉണ്ടായ വെടിവെയ്പ്പിൽ മരണം 19 ആയി; നാനൂറിലധികം പേര്‍ക്ക് പരിക്ക്; ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവെച്ചു; അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ച് സർക്കാർ; ആശുപത്രികൾ നിറഞ്ഞു കവിയുന്നു; രക്തശേഖരണത്തിനായി ഉദ്യോഗസ്ഥരെ നിയമിച്ചു; നേപ്പാളിൽ പ്രതിഷേധം കനക്കുമ്പോൾ

Update: 2025-09-08 16:00 GMT

കാഠ്മണ്ഡു: സമൂഹ മാധ്യമങ്ങള്‍ നിരോധിച്ച നടപടിക്കെതിരെയുള്ള യുവാക്കളുടെ പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെ രാജി വെച്ച് നേപ്പാൾ ആഭ്യന്തര മന്ത്രി രമേശ് ലേഖക്. തിങ്കളാഴ്ച വൈകുന്നേരം പ്രധാനമന്ത്രി കെ.പി. ശർമ്മ ഓലിയുടെ വസതിയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം രാജി സമർപ്പിച്ചത്. പ്രക്ഷോഭത്തിനിടെ കാഠ്മണ്ഡുവിൽ 17 പേരും ഇത്താഹരിയിൽ 2 പേരുമാണ് കൊല്ലപ്പെട്ടത്. നാനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അന്വേഷണത്തിന് പ്രത്യേക സമിതിയെ സർക്കാർ നിയോഗിച്ചിരിക്കുകയാണ്.

മരണസംഖ്യ വർധിച്ചതിനെത്തുടർന്ന് പ്രതിപക്ഷമായ നേപ്പാൾ കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ഗഗൻ ഥാപ്പയും ബിശ്വ പ്രകാശ് ശർമ്മയും ലേഖകിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. നേപ്പാൾ കോൺഗ്രസ് അധ്യക്ഷൻ ഷേർ ബഹദൂർ ദ്യൂബ മൗനം പാലിച്ചെങ്കിലും, മന്ത്രിസഭാ യോഗത്തിലേക്ക് പോകുന്നതിന് മുമ്പ് ലേഖക് തന്റെ രാജി തീരുമാനം അറിയിച്ചിരുന്നു. ഗുരുതരാവസ്ഥയിലുള്ള നിരവധി പേരെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് കണ്ണീർ വാതകവും ജലപീരങ്കികളും ഉപയോഗിച്ചാണ് പ്രക്ഷോഭകരെ നേരിട്ടത്.

അതേസമയം പരിക്കേറ്റതവരുടെ എണ്ണം കൂടിയതോടെ ആശുപത്രികളിൽ രക്തത്തിന്റെ ആവശ്യം ക്രമാതീതമായി വർധിച്ചു. ദേശീയ ട്രോമ സെന്റർ, ബിർ ഹോസ്പിറ്റൽ എന്നിവിടങ്ങളിലേക്ക് ഇതിനോടകം 200 പിൻ്റ് രക്തം നൽകിയതായി സെൻട്രൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ് അധികൃതർ അറിയിച്ചു. പരിക്കേറ്റ നിരവധി പ്രതിഷേധക്കാരെ ആശുപത്രികളിലേക്ക് മാറ്റിയതോടെയാണ് രക്തത്തിന്റെ ആവശ്യം ഉയർന്നിരിക്കുന്നത്. 'രക്തത്തിനായി ഞങ്ങളുടെ ഫോൺ നിരന്തരം അടച്ചുകൊണ്ടിരിക്കുന്നു, സെൻട്രൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസിലെ സീനിയർ ടെക്നിക്കൽ ഓഫീസർ സഞ്ജീവ് കുമാർ യാദവ് പറഞ്ഞു.

'പരിക്കേറ്റവരെ ചികിത്സിക്കുന്ന ആശുപത്രികളിൽ നിന്ന് രക്തത്തിനായി ഞങ്ങളെ നിരന്തരം ബന്ധപ്പെടുന്നുണ്ട്.' തിങ്കളാഴ്ച മാത്രം 1,200 പിൻ്റ് രക്തം ശേഖരിച്ചതായും, രക്തദാനത്തിനായി ആളുകൾ സന്നദ്ധതയോടെ ക്യൂ നിൽക്കുന്നതായും അധികൃതർ വ്യക്തമാക്കി. 'രക്തത്തിന്റെ ആവശ്യം ഇനിയും വർധിക്കാൻ സാധ്യതയുണ്ട്,' യാദവ് കൂട്ടിച്ചേർത്തു. രക്തശേഖരണത്തിനായി 20 ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് രക്തത്തിന്റെ ലഭ്യത ഉറപ്പാക്കാൻ അധികൃതർ ശ്രമിക്കുകയാണ്.

2024 ജൂലൈ 15-നാണ് രമേശ് ലേഖക് ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റത്. ഭരണത്തിലെ സുതാര്യതയും പരിഷ്കരണങ്ങളും ആവശ്യപ്പെട്ട് യുവാക്കൾ ആരംഭിച്ച പ്രക്ഷോഭം രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് വ്യാപിച്ചിരുന്നു. തിങ്കളാഴ്ച കാഠ്മണ്ഡു ഉൾപ്പെടെയുള്ള നഗരങ്ങളിൽ നടന്ന പ്രക്ഷോഭങ്ങൾക്കിടെ പോലീസ് നടത്തിയ വെടിവെയ്പ്പാണ് വ്യാപകമായ മരണങ്ങൾക്ക് ഇടയാക്കിയത്. രാഷ്ട്രീയ തലത്തിലും വലിയ സമ്മർദ്ദമാണ് ഇതുമൂലം ഭരണകൂടത്തിനുണ്ടായത്.

ഫെഡറൽ പാർലമെൻ്റ് കെട്ടിടത്തിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് വെടിയുതിർക്കുകയായിരുന്നു. കാഠ്മണ്ഡുവിന് പുറമെ, പൊഖാറ, ബിരാട്നഗർ, ജനക്പൂർ, ഹെറ്റൗഡ, നേപ്പാൾഗഞ്ച് തുടങ്ങിയ പ്രധാന നഗരങ്ങളിലും പ്രതിഷേധങ്ങൾ വ്യാപകമായിട്ടുണ്ട്. ഇതാഹരിയിൽ പോലീസ് ഓഫീസിന് മുന്നിൽ വെച്ച് ഒരു പ്രക്ഷോഭകൻ കൊല്ലപ്പെട്ടു. ഗുരുതരാവസ്ഥയിലായിരുന്ന മറ്റൊരാൾ ദഹാരനയിലുള്ള ബി.പി. കോയിരാള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിലെ ചികിത്സക്കിടെയാണ് മരണപ്പെട്ടത്.

കാഠ്മണ്ഡുവില്‍ ആരംഭിച്ച പ്രതിഷേധം നേപ്പാളിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ് പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. കാഠ്മണ്ഡുവില്‍ അടക്കം പ്രധാന നഗരങ്ങളില്‍ ജന ജീവിതം സ്തംഭിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാളില്‍ അടിയന്തര യോഗം വിളിച്ചു. സമരക്കാരെ പട്ടാളം നേരിടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. തെരുവുകള്‍ പ്രക്ഷുബ്ധമായി മാറിയിരിക്കുകയാണ്. അതിനിടെ, പാര്‍ലമെന്റ് മന്ദിരത്തിലെക്ക് കടക്കാന്‍ സമരക്കാര്‍ ശ്രമിച്ചു. സ്ഥിതി ഇപ്പോഴും സംഘര്‍ഷഭരിതമായി തുടരുകയാണ്. നിലവില്‍ കാഠ്മണ്ഡുവില്‍ തുടങ്ങിയ പ്രക്ഷോഭം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിക്കുകയാണ്.

അഴിമതി അവസാനിപ്പിക്കണമെന്നും സമൂഹമാധ്യമങ്ങള്‍ക്കുള്ള നിരോധനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് നേപ്പാളില്‍ യുവാക്കളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം അരങ്ങേറുന്നത്. കഠ്മണ്ഡുവിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ പ്രതിഷേധ റാലികള്‍ നടക്കുകയാണ്. റാലികള്‍ക്കു നേരെ പൊലീസ് ജലപീരങ്കികളും കണ്ണീര്‍ വാതകവും പ്രയോഗിക്കുന്നുണ്ട്.

ദേശീയ ഗാനം ആലപിച്ചും ദേശീയ പതാകകള്‍ വീശിയും അഴിമതിക്കും സമൂഹമാധ്യമ നിരോധനത്തിനും എതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചും ആയിരക്കണക്കിനു യുവാക്കളാണ് പാര്‍ലമെന്റ് മന്ദിരത്തിനു നേരേ മാര്‍ച്ച് നടത്തിയത്. പാര്‍ലമെന്റിനു പുറത്തെ നിയന്ത്രിത മേഖലയിലേക്കു കടക്കുംമുന്‍പ് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയായിരുന്നു.

ഈ മാസം നാലിനാണ് ഫെയ്‌സ്ബുക്, എക്‌സ്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്, യുട്യൂബ്, ലിങ്ക്ഡ്ഇന്‍ എന്നിവയടക്കം 26 സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളെ നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചത്. സമൂഹമാധ്യമ ഉപയോഗ നിയന്ത്രണത്തിനുള്ള നിയമമനുസരിച്ച് സമൂഹമാധ്യമങ്ങള്‍ റജിസ്റ്റര്‍ ചെയ്യണമെന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതിന് സെപ്റ്റംബര്‍ 4 വരെ സമയവും നല്‍കി. ആ സമയപരിധി കഴിഞ്ഞും റജിസ്റ്റര്‍ ചെയ്യാതിരുന്ന പ്ലാറ്റ്‌ഫോമുകളെയാണ് നിരോധിച്ചത്.

സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. ഈ കമ്പനികളെല്ലാം നേപ്പാളില്‍ വന്ന് ഓഫീസ് തുറക്കുകയും രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് സര്‍ക്കാറിന്റെ ആവശ്യം. പ്രധാനമന്ത്രി കെ പി ശര്‍മ ഒലിക്കെതിരെയും വിദ്യാര്‍ഥികളടക്കമുള്ള യുവാക്കളുടെ പ്രതിഷേധം ശക്തമാണ്.

Tags:    

Similar News