വീട്ടു ജോലി ചെയ്യുന്ന സാധാരണക്കാരി; ഓണം ബമ്പറായതു കൊണ്ട് മാത്രം എടുത്തത് രണ്ടു ടിക്കറ്റ്; നെട്ടൂരിലെ ഭാഗ്യവതിയ്ക്ക് ക്യാമാറാ കണ്ണുകളെ ഭയം; തിരുവോണം ബമ്പറിലെ 15.75കോടി ഇത്തവണ എത്തുന്നത് അര്‍ഹതപ്പെട്ട കൈയ്യില്‍; നെട്ടൂരിനൊപ്പം പറവൂരിനും കോടി ലാഭം; 'ഭാഗ്യശാലിനി' ഭയത്തില്‍
കൊച്ചി: തിരുവോണം ബമ്പര്‍ ലോട്ടറി അടിച്ചത് അര്‍ഹതയുള്ള ആള്‍ക്കു തന്നെ. എന്നാല്‍ അവര്‍ ആള്‍ക്കൂട്ടത്തിലേക്ക് വരില്ല. നെട്ടൂര്‍ സ്വദേശിനായണ് ആ ഭാഗ്യവതി. വീടുകളില്‍ സഹായത്തിനായി നില്‍ക്കുന്ന സ്ത്രീയാണു ഭാഗ്യവതിയെന്ന് സൂചനയുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ ഭാഗ്യശാലി മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നു. ഇതോടെ നെട്ടൂരിലെ ലോട്ടറിക്കടയ്ക്കു ആള്‍ക്കൂട്ടമായി. ഇത് അറിഞ്ഞതോടെ അവര്‍ വന്നില്ല. പോലീസ് എത്തിയാണ് ലോട്ടറി കടയ്ക്ക് മുന്നിലെ തിരക്ക് നിയന്ത്രിച്ചത്. ആള്‍ക്കൂട്ടത്തെ ഭയന്നു ഭാഗ്യശാലി എത്തില്ലെന്ന് കടയുടമയായ ലതീഷ് അറിയിക്കുകയും ചെയ്തു.
അവര്‍ രണ്ടു ടിക്കറ്റാണ് എടുത്തിരുന്നത്. അതിലൊരു ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്. അര്‍ഹതപ്പെട്ടയാള്‍ക്കു തന്നെയാണ് ലോട്ടറി അടിച്ചതെന്നും ലതീഷ് പറഞ്ഞു. ശനിയാഴ്ച നറുക്കെടുത്ത സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി എറണാകുളം നെട്ടൂരില്‍ വിറ്റ ടിക്കറ്റിനാണെന്ന് വ്യക്തമായിരുന്നു. നെട്ടൂരിലെ വീട്ടമ്മയ്ക്കാണ് സമ്മാനം ലഭിച്ചതെന്നും ഉച്ചയ്ക്ക് 12ന് അവര്‍ മാദ്ധ്യമങ്ങള്‍ക്ക് മുമ്പിലെത്തുമെന്നും ടി.എച്ച് 577825 ടിക്കറ്റ് വിറ്റ നെട്ടൂരിലെ ഏജന്റ് ലതീഷ് ഇന്നലെ അറിയിച്ചിരുന്നു. ഏജന്റ് നല്‍കിയ സൂചനയിലെ ആളെത്തേടി മാദ്ധ്യമ പ്രവര്‍ത്തകര്‍ ഒരു വീട്ടിലെത്തിയെങ്കിലും'എനിക്ക് ഒന്നും അറിയില്ല, ദയവായി ഉപദ്രവിക്കരുത്' എന്ന് അഭ്യര്‍ത്ഥിക്കുന്ന വീട്ടമ്മയെയാണ് കണ്ടത്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണെന്നും സഹപ്രവര്‍ത്തകരായ അഞ്ചുപേര്‍ ചേര്‍ന്ന് ബമ്പര്‍ ടിക്കറ്റ് എടുത്തെങ്കിലും സമ്മാനം കിട്ടിയില്ലെന്നും അവര്‍ പറഞ്ഞു. വീട് പൂട്ടി ഇവര്‍ മകളുടെ വീട്ടിലേക്ക് മാറിയതായി ലോട്ടറി വിറ്റ എം.ടി. ലതീഷ് മാധ്യമങ്ങളോട് പറഞ്ഞു. സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളല്ലെന്നും ഓണം ബംപറായതിനാല്‍ എടുത്തതാണെന്നും ലതീഷ് പറയുന്നു.
ഇന്ന് രാവിലെ 'ഭാഗ്യശാലിനി' ബാങ്കിലെത്തുമെന്ന് ലതീഷ് ആവര്‍ത്തിച്ചു. എറണാകുളം വൈറ്റിലയിലെ ഭഗവതി ഏജന്‍സീസില്‍ നിന്നെടുത്ത ടിക്കറ്റാണ് ലതീഷ് വിറ്റത്. ആള്‍ക്കൂട്ടത്തെയും മാധ്യമങ്ങളെയും ഭയമാണെന്നും, ടിക്കറ്റ് നേരിട്ട് ബാങ്കില്‍ ഏല്‍പ്പിച്ചോളാമെന്നും ഭാഗ്യശാലി അറിയിച്ചതായി ലതീഷ് പറഞ്ഞു. 'ഒരു സാധാരണ സ്ത്രീയാണ്, അവര് പേടിച്ചിരിക്കുകയാണ്. നാളെയോ മറ്റന്നാളോ അവര്‍ ടിക്കറ്റ് ബാങ്കില്‍ കൊടുക്കും - ലതീഷ് പറഞ്ഞു. വൈറ്റിലയിലെ ലോട്ടറി മൊത്തവിതരണക്കാരായ ഭഗവതി ഏജന്‍സീസില്‍നിന്നാണ് മരട് നെട്ടൂര്‍ ഐഎന്‍ടിയുസി ജങ്ഷനിലെ രോഹിണി ട്രേഡേഴ്സ് ഉടമ ലതീഷ് വില്‍പ്പനയ്ക്ക് ടിക്കറ്റ് വാങ്ങിയത്. ഒരുവര്‍ഷംമുന്‍പാണ് ലോട്ടറിവില്‍പ്പന തുടങ്ങിയത്. രണ്ടുമാസംമുന്‍പ് ഒരുകോടി രൂപ സമ്മാനം ലതീഷ് വിറ്റ ടിക്കറ്റിന് ലഭിച്ചിരുന്നു.
ഒന്നാം സമ്മാനം ലഭിച്ച വ്യക്തിക്ക് 15.75 കോടി രൂപയാണ് കിട്ടുക. ബാക്കി ഏജന്റിനുള്ള കമ്മിഷനും നികുതിയുമായി പോകും ഇത്തവണ തിരുവോണം ബമ്പര്‍ നറുക്കെടുപ്പില്‍ പറവൂരില്‍ രണ്ടും മൂന്നും സമ്മാനങ്ങള്‍ ലഭിച്ചു. കനാല്‍റോഡ് ആതിര ലോട്ടറി ഏജന്‍സിയില്‍ നിന്നു വിറ്റുപോയ ടിക്കറ്റിനാണ് ഒരു കോടി രൂപയുടേയും 50 ലക്ഷം രൂപയുടേയും സമ്മാനങ്ങള്‍ ലഭിച്ചത്. ടിജി 801966 എന്ന നമ്പറിനാണ് ഒരു കോടി രൂപയുടെ സമ്മാനം. ടിഎ 774395 എന്ന നമ്പറിനാണ് 50 ലക്ഷം രൂപയുടെ സമ്മാനം. ആതിര ഹോള്‍സെയില്‍ ഏജന്‍സിയില്‍ നിന്നു ടിക്കറ്റ് വാങ്ങി ചില്ലറ വില്‍പ്പന നടത്തുന്നവരില്‍ നിന്നു വിറ്റുപോയിട്ടുള്ള ടിക്കറ്റുകള്‍ക്കാണ് രണ്ടും സമ്മാനങ്ങളും ലഭിച്ചിട്ടുള്ളതെന്ന് കടയുടമ ഷിബു പറഞ്ഞു. നെട്ടൂരിന് അടുത്താണ് പറവൂരും.
തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ശനിയാഴ്ചയായിരുന്നു നറുക്കെടുപ്പ്. തിരുവോണം ബമ്പറിന്റൈ 75 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. അച്ചടിപിശക് സംഭവിച്ച ഒരു ടിക്കറ്റ് ഒഴികെയുളളവ വിറ്റഴിച്ചു. പാലക്കാടാണ് കൂടുതല്‍ വില്‍പ്പന നടന്നത്, 14,07,100 എണ്ണം. രണ്ടാംസ്ഥാനത്തുള്ള തൃശൂരില്‍ 9,37,400 ടിക്കറ്റും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ഉം ടിക്കറ്റും വിറ്റു.