താനിങ്ങനെ കിടന്ന് ചാടിയാല്‍ ഒരു ചവിട്ട് തരും, എനിക്കൊരു സമാധാനമില്ലാതെ ഇരിക്കാ; എന്റെ ടെമ്പര്‍ തെറ്റുന്നതിലും ദേഷ്യം വരുന്നതിലും പ്രത്യാഘാതത്തെക്കുറിച്ചും തനിക്ക് ഒരു ബോധ്യവുമില്ല; ഇത് കഴിഞ്ഞ് ആ കുഞ്ഞെങ്ങനെ വളരുമെന്ന് രാഹുല്‍; അത് താന്‍ നോക്കിക്കോളാമെന്ന് യുവതി; ഗര്‍ഭച്ഛിദ്രം നടത്താന്‍ യുവതിയെ എംഎല്‍എ ഭീഷണിപ്പെടുത്തുന്ന പുതിയ ശബ്ദരേഖ പുറത്ത്; രാജിക്കായി സമ്മര്‍ദ്ദം
രാഹുല്‍ യുവതിയെ ഭീഷണിപ്പെടുത്തുന്ന പുതിയ ശബ്ദരേഖ പുറത്ത്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്ക് സമ്മര്‍ദ്ദമേറ്റി കൊണ്ട് പുതിയ ശബ്ദരേഖ പുറത്തുവന്നു. ഗര്‍ഭച്ഛിദ്രം നടത്താന്‍ യുവതിയെ ഭീഷണിപ്പെടുത്തുന്ന സംഭാഷണത്തിന്റെ കൂടുതല്‍ ഭാഗങ്ങളാണ് പുറത്തുവന്നത്. ശബ്ദരേഖയില്‍ യുവതിയോട് രാഹുല്‍ അസഭ്യം പറയുന്നുണ്ട്.
ശബ്ദരേഖയില്‍ യുവതിക്ക് നേരേ ആക്രോശവും നടത്തുന്നതും കേള്‍ക്കാം. ഗര്‍ഭച്ഛിദ്രം നടത്തിയില്ലെങ്കില്‍ അത് തന്റെ ഭാവിയെ ബാധിക്കുമെന്ന് രാഹുല്‍ യുവതിയോട് പറയുന്നതായും സംഭാഷണത്തില്‍ വ്യക്തമാണ്. യുവതിയെ കാണണം എന്ന് ഫോണ്‍ കോളില്‍ രാഹുല്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ എന്തിനാണ് കാണുന്നത് കൊല്ലാനാണോ എന്ന് യുവതി തിരിച്ച് ചോദിച്ചു. കൊല്ലാനാണെങ്കില്‍ സെക്കന്റുകള്‍ മതി എന്നാണ് രാഹുല്‍ യുവതിയോട് പറയുന്നത്.നേരത്തെ ഇതുമായി ബന്ധപ്പെട്ട വാട്‌സാപ്പ് ചാറ്റ് പുറത്തുവന്നിരുന്നു.
യുവതി - എന്റെ പെര്‍മിഷനില്ലാതെ അത് ഇല്ലാതാക്കണമെന്ന് പറയുന്നത് എന്തര്‍ഥത്തിലാണ്
രാഹുല്‍ - തന്റെ പെര്‍മിഷന്‍ ഇല്ലാതെ, അത് താന്‍ ആലോചിക്കാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്
രാഹുല്‍ - ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് തനിക്ക് ബോധമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്
യുവതി - ഇതിന്റെ പ്രത്യാഘാതം ഞാന്‍ ഒറ്റയ്ക്ക് അഭിമുഖീകരിക്കുമെന്ന് പറഞ്ഞല്ലോ
രാഹുല്‍ - അത് ഒറ്റയ്ക്ക് അഭിമുഖീകരിക്കാന്‍ പറ്റാത്തതുകൊണ്ടല്ലേ ഞാന്‍ പറയുന്നത്
രാഹുല്‍ - തന്നെക്കൊണ്ട് ഒറ്റയ്ക്ക് അഭിമുഖീകരിക്കാന്‍ പറ്റില്ലെന്ന് എനിക്ക് ബോധ്യമുണ്ടല്ലോ
യുവതി - അത് താന്‍ തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്നതുകൊണ്ടാണ്, എന്നെകുറിച്ച് ചിന്തിച്ചിട്ടില്ല.
രാഹുല്‍ - അത് സ്വാഭാവികമല്ലേ, താന്‍ ഇപ്പോള്‍ തന്നെപ്പറ്റി മാത്രമല്ലെ ആലോചിക്കുന്നത്.
യുവതി - അല്ല ഒരിക്കലുമല്ല
രാഹുല്‍ - താന്‍ എന്നെപ്പറ്റി ആലോചിച്ചിട്ടാണോ ഇങ്ങനെ തീരുമാനം എടുക്കുന്നത്
യുവതി - ഞാന്‍ തന്നെക്കുറിച്ച് ആലോചിച്ചില്ലായിരുന്നെങ്കില്‍ എന്റെ സുഹൃത്തുക്കളോട് എപ്പോഴേ തന്റെ പേര് പറയുമായിരുന്നു
യുവതി - അവര്‍ എത്രയോ വട്ടം എന്നോട് ചോദിച്ചെന്നറിയാമോ, പറയ് പറയ്, ഇത്രയും ദിവസമായിട്ടും പറഞ്ഞിട്ടില്ലലോ
രാഹുല്‍ - താന്‍ ഇതിന്റെ സീരിയസ്‌നെസ് മനസിലാക്കാതെ... എന്റെ ടെമ്പര്‍ തെറ്റുന്നതിലും ദേഷ്യം വരുന്നതിലും പ്രത്യാഘാതത്തെക്കുറിച്ചും തനിക്ക് ഒരു ബോധ്യവുമില്ല
യുവതി - തന്റെ ടെമ്പര്‍ തെറ്റുമ്പോള്‍ തനിക്ക് എന്തെങ്കിലും വിളിച്ച് പറയാന്‍ പറ്റുന്ന വസ്തുതാവില്ല ഞാന്‍, താനാണ് എന്റെ ടെമ്പര്‍ തെറ്റിച്ചത്
യുവതി - ഞാന്‍ തന്നെ ഒരു ചീത്തയും വിളിച്ചിട്ടില്ല ഈ നിമിഷം വരെ മോശമായി ഒരു വാക്കും പറഞ്ഞിട്ടില്ല
യുവതി - പത്ത് വട്ടം വിളിക്കാനുള്ള അവസരമുണ്ട് ഞാന്‍ അത് വിളിക്കുന്നില്ല
രാഹുല്‍ - തന്റെ പ്രവര്‍ത്തി പോരെ
യുവതി - എന്റെ പ്രവര്‍ത്തിയെന്ന് പറഞ്ഞ് എന്റെ കൂടെ ഉണ്ടായെന്ന് താന്‍ വിചാരിക്കണ്ട, ഞാനൊരു പെണ്ണാണല്ലോ, ഇതാണോ തന്റെ ആദര്‍ശം, വലിയ ആദര്‍ശമാണോ ?
യുവതി - ഇതൊക്കെയാണോ ആദര്‍ശം ലൈഫില്‍ കൊണ്ടുവാടോ ആദര്‍ശം, ഞാന്‍ ഒരിക്കലും അതിനോട് തെറ്റ് ചെയ്യില്ല, താന്‍ ചെയ്യുന്ന തെറ്റ് അതിനോട് ഞാന്‍ ചെയ്യില്ല
രാഹുല്‍ - താന്‍ എന്താണ് ഉദ്ദേശിക്കുന്നത്, താന്‍ എങ്ങനെയാണ് അത് മാനേജ് ചെയ്യുക
യുവതി- ഞാന്‍ അത് മാനേജ് ചെയ്യും എന്ന് പറഞ്ഞതല്ലേ
രാഹുല്‍ - താനിങ്ങനെ കിടന്ന് ചാടിയാല്‍ ഒരു ചവിട്ട് തരും, എനിക്കൊരു സമാധാനമില്ലാതെ ഇരിക്കാ
രാഹുല്‍ - എടോ അതുണ്ടായ ശേഷം എന്ത് ചെയ്യും താന്‍
യുവതി - അതുണ്ടായതിന് ശേഷം എനിക്ക് ഉപേക്ഷിക്കാന്‍ കഴിയില്ലലോ
രാഹുല്‍ - എന്ത് ചെയ്യും താന്‍, എന്തെന്ന് പറഞ്ഞ് കൊണ്ടുവരും
യുവതി - ഞാന്‍ കൊണ്ടുവരില്ല, അത് സേഫായിരിക്കും, അതിനെയിവിടെ കൊണ്ടുവന്നാല്‍ താന്‍ കൊന്നുകളയുമെന്ന് എനിക്കറിയാം
രാഹുല്‍ - താനെന്താ സിനിമ കാണുകയാണോ
യുവതി - സമ്മതിച്ചു, ഇത്രയും കണ്ടുകൊണ്ടിരുന്നതെല്ലാം സിനിമയാണല്ലോ, ബാക്കിയുള്ളവരുടെ ഇമോഷന്‍സ് ഒന്നും... താന്‍ ഭയങ്കര പ്രാക്ടിക്കല്‍ ആയിട്ടുള്ള ആള്‍ സമ്മതിച്ചു, ബാക്കിയുള്ള സ്ത്രീകളുടെ മനസോ ഇമോഷന്‍സോ അവര്‍ എന്താണ് ചിന്തിക്കുന്നത്, അവര്‍ക്കിങ്ങനെ സംഭവം ഉണ്ടാകുമ്പോള്‍ എന്ത് ബോണ്ടിങ് ആണുണ്ടാകുക അതൊന്നും തനിക്ക് അറിയേണ്ടതില്ല. തനിക്ക് തന്റെ ഫ്യുച്ചര്‍. തന്റെ ജീവിതം, തന്റെ കാര്യം, എല്ലാം തന്റെ കാര്യം അത് മാത്രം.
യുവതി - എന്റെ നാട്ടില്‍ പോലും നില്‍ക്കാന്‍ പറ്റാഞ്ഞിട്ട് വേറൊരു സ്ഥലത്ത് നില്‍ക്കുന്ന കാര്യമാണ് ഞാന്‍ പറയുന്നത്
രാഹുല്‍ - തന്റെ ഇമോഷന്റെ കാര്യമാണോ താന്‍ ഇപ്പോഴും പറയുന്നത്
യുവതി - എന്നേക്കാള്‍ ഇമ്പോര്‍ട്ടന്‍സ് എന്റെ ലൈഫില്‍ വരുന്ന ഒരു കുഞ്ഞിന് ഞാന്‍ കൊടുക്കുന്നുണ്ട്, അതെന്റെ സ്‌നേഹമാണ് തന്റെ പോലത്തെ സ്‌നേഹമല്ല
രാഹുല്‍ - ഇത് കഴിഞ്ഞ് ആ കുഞ്ഞെങ്ങനെ വളരും
യുവതി - അത് ഞാന്‍ നോക്കിക്കോളാം, എനിക്ക് അതിനെ നല്ല അന്തസ്സായി വളര്‍ത്താന്‍ പറ്റും. തന്റെ ഒരു സഹായവും അതിന് ആവശ്യമില്ല.