ഹൃദയത്തിനു ദ്വാരം, ജനനേന്ദ്രിയത്തിനും കാര്യമായ വൈകല്യം; മുഖം സാധാരണ രൂപത്തിലല്ല; നവജാത ശിശുവിന് നിരവധി വൈകല്യങ്ങള്‍: ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കെതിരെ പരാതി നല്‍കി കുടുംബം
നവജാത ശിശുവിന് നിരവധി വൈകല്യങ്ങള്‍: ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കെതിരെ പരാതി നല്‍കി കുടുംബം
ആലപ്പുഴ: ആലപ്പുഴയിലെ കടപ്പുറം ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന് അസാധാരണ വൈകല്യങ്ങള്‍. പത്ത് മാസം കാത്തിരുന്ന് കിട്ടിയ കണ്‍മണിയാണ് പിറന്നപ്പോള്‍ മാതാപിതാക്കള്‍ക്ക് കണ്ണീരായി മാറിയത്. ഒട്ടനവധി വൈകല്യങ്ങളുമായാണ് കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലല്ല. വായ തുറക്കില്ല, കണ്ണ് യഥാസ്ഥാനത്തല്ല, തുറക്കുന്നുമില്ല. ഹൃദയത്തിനു ദ്വാരം. കൈയും കാലും വളഞ്ഞാണ്. ചെവി കൃത്യസ്ഥാനത്തല്ല. മലര്‍ത്തിക്കിടത്തിയാല്‍ നാക്ക് ഉള്ളിലേക്കു പോകും. ജനനേന്ദ്രിയം ഉണ്ടെങ്കിലും കാര്യമായ വൈകല്യം ഉണ്ട്. എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് മാതാപിതാക്കള്‍.
കുഞ്ഞ് ജനിച്ചപ്പോള്‍ മാത്രമാണ് വൈകല്യങ്ങള്‍ ഉണ്ടെന്ന വിവരം മാതാപിതാക്കള്‍ അറിയുന്നത്. ഗര്‍ഭകാലത്ത് പലതവണ സ്‌കാന്‍ചെയ്തിട്ടും വൈകല്യം സംബന്ധിച്ച സൂചന ഡോക്ടര്‍മാര്‍ നല്‍കിയില്ലെന്ന് കുഞ്ഞിന്റെ അമ്മയായ ലജനത്ത് വാര്‍ഡ് നവറോജി പുരയിടത്തില്‍ സുറുമി (34) വ്യക്തമാക്കി. കുഞ്ഞുമായി എന്തു ചെയ്യുമെന്നറിയാതെ മനോവിഷമം പേറുകയാണ് മാതാപിതാക്കള്‍. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിക്കെതിരേയും ഡോക്ടര്‍മാര്‍ക്കെതിരേയും മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.
ഗര്‍ഭിണിയായതു മുതല്‍ കടപ്പുറം ആശുപത്രിയിലെ രണ്ട് സീനിയര്‍ ഡോക്ടര്‍മാരുടെ ചികിത്സയിലായിരുന്നു സുറുമി. ഇവരുടെ നിര്‍ദേശപ്രകാരം ഗര്‍ഭസ്ഥശിശുവിന്റെ ചലനവും ശാരീരികാവസ്ഥയും അറിയാന്‍ സ്‌കാനിങ് നടത്തി. ഡോക്ടര്‍മാര്‍ പറഞ്ഞ രണ്ടു സ്വകാര്യ ലാബുകളിലായിരുന്നു സ്‌കാനിങ്. മറ്റു പരിശോധനകളും നടത്തി. എന്നാല്‍ സ്‌കാനിങിലൊന്നും കുട്ടിക്ക് വൈകല്യങ്ങള്‍ ഉള്ളതായി ഡോക്ടര്‍മാരും പറഞ്ഞില്ല. ഡോക്ടര്‍മാര്‍ പറഞ്ഞ എല്ലാ നിര്‍ദേശങ്ങളും പാലിക്കുകയും മരുന്നുകള്‍ കൃത്യമായി കഴിക്കുകയും ചെയ്തു.
നവംബര്‍ രണ്ടിനു ശസ്ത്രക്രിയ ചെയ്യാമെന്നും അനസ്‌തേഷ്യ ഡോക്ടറെ കാണണമെന്നും പറഞ്ഞത് തലേന്നാണ്. രണ്ടിനു ആശുപത്രിയില്‍ നടന്ന പരിശോധനയെ തുടര്‍ന്ന് ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. അവിടെ പ്രവേശിപ്പിച്ചപ്പോഴാണ് ഡോക്ടര്‍ സുറുമിയുടെ ഭര്‍ത്താവിനെ വിളിപ്പിച്ച്, ഗര്‍ഭസ്ഥശിശുവിനു വൈകല്യങ്ങളുണ്ടെന്ന് അറിയിച്ചത്. ജീവനോടെ കിട്ടാന്‍ സാധ്യത കുറവാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
എട്ടിനു ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തപ്പോഴാണ് അസാധാരണ വൈകല്യങ്ങള്‍ വ്യക്തമായത്. കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുവന്നിട്ടുണ്ട്. ആരോഗ്യമന്ത്രി, ഡി.എം.ഒ., എസ്.പി. എന്നിവര്‍ക്കും പരാതി നല്‍കി.
സംഭവം അന്വേഷിക്കും
സംഭവത്തില്‍ ചൊവ്വാഴ്ച പരാതി ലഭിച്ചെന്നും അന്വേഷിക്കുമെന്നും കടപ്പുറം ആശുപത്രി സൂപ്രണ്ട് പറഞ്ഞു. സ്‌കാനിങ്ങില്‍ എല്ലാം സാധാരണമെന്നായിരുന്നു വിവരം. പിന്നെങ്ങനെ ഇതു സംഭവിച്ചുവെന്ന് വിശദമായി അന്വേഷിച്ചാലേ പറയാനാകൂ. ഇതുസംബന്ധിച്ച് ഡോക്ടര്‍മാരോട് അന്വേഷിക്കും.