മയക്കുമരുന്ന് മാഫിയകളും ഗാംഗ് വാറുകളും കത്തിക്കുത്തുമടക്കം ഇറ്റാലിയന്‍ മഫിയയെ വെല്ലുന്ന നഗരം; യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ കുറ്റകൃത്യങ്ങളുള്ള ബ്രിട്ടനിലെ പട്ടണത്തിന്റെ കഥ

കുറ്റകൃത്യങ്ങളുള്ള ബ്രിട്ടനിലെ പട്ടണത്തിന്റെ കഥ

By :  Remesh
Update: 2024-09-08 04:52 GMT


ലണ്ടന്‍: പടപേടിച്ച് പന്തളത്ത് ചെന്ന അവസ്ഥയാണ് സബിഹൊള്ള ജാജി എന്ന യുവാവിന്റെത്. ആഭ്യന്തര യുദ്ധത്തില്‍ വലയുന്ന അഫ്ഗനിസ്ഥാനില്‍ നിന്നും സുരക്ഷിതവും ശാന്തവുമായ ഒരു ജീവിതം തേടിയാണ് അയാള്‍ കുടുംബസമേതം യു കെയില്‍ എത്തിയത്.എന്നാല്‍ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ ആ ഭയാനക നഗരത്തിലെത്തിയതോടെ അയാളുടെ പ്രതീക്ഷകള്‍ എല്ലം നശിക്കുകയായിരുന്നു.കഴിഞ്ഞ വര്‍ഷം യൂറോപ്പിലെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടന്ന രണ്ടാമത്തെ നഗരമെന്ന പദവി വഹിക്കുന്ന ആ നഗരത്തിലേക്കായിരുന്നു അയാള്‍ എത്തപ്പെട്ടത്.

വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ കവന്‍ട്രിയാണ് ഇന്ന് പല മദ്ധ്യപൂര്‍വ്വ രാജ്യങ്ങളിലേതിനേക്കാള്‍ അശാന്തമായ അന്തരീക്ഷവുമായി യു കെയില്‍ നിലകൊള്ളുന്നത്. താന്‍ ബ്രിടനെ സ്‌നേഹിക്കുന്നു പക്ഷെ കവന്‍ട്രിയെ വെറുക്കുന്നു എന്നാണ് അഫ്ഗാനിലെ കലാപാന്തരീക്ഷം മടുത്ത് അല്പം സമാധാനം തേടി ബ്രിട്ടനിലെത്തിയ ജാജി പറയുന്നത്. കുറ്റകൃത്യങ്ങള്‍ക്ക് ഏറെ കുപ്രസിദ്ധമായ ഹില്‍ഫീല്‍ഡ്‌സ് പ്രദേശത്താണ് ഇയാള്‍ താമസിക്കുന്നത്. തങ്ങള്‍ക്ക് താമസിക്കാന്‍ നല്ലൊരു വീടും, ജീവിതചെലവുകള്‍ കണ്ടെത്താന്‍ വലിയൊരു കടയും ഉണ്ടെന്ന് അയാള്‍ പറയുന്നു. പക്ഷെ കുറ്റകൃത്യങ്ങള്‍ എല്ലാം നശിപ്പിക്കുന്നു.

നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങള്‍ ഇവിടെ എത്തിയ കാലത്തേതിലും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയണെന്ന് ജാജി പറയുന്നു. ധാരാളം അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ഒരിടമാണ് കവന്‍ട്രി. ഏറെ കഷ്ടപ്പാടൊടെ ജീവിക്കുന്ന കുടുംബങ്ങളാണ് അവരില്‍ ഏറിയ പങ്കും. അതുപോലെ, തീര്‍ത്തും നിര്‍ദ്ധനരായവര്‍ താമസിക്കുന്ന ഒരു കമ്മ്യൂണിറ്റിയും സിറ്റി സെന്ററില്‍ നിന്നും അധികം അകലെയല്ലാതുണ്ട്. അതിനോടൊപ്പം മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവരെ പുനരധിവസിപ്പിക്കുന്ന ഒരു കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നു.

നംബെറൊ എന്ന സ്റ്റാറ്റിസ്റ്റിക്സ് കമ്പനിയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം യൂറോപ്പിലെ ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടന്ന രണ്ടാമത്തെ നഗരമാണിത്. അടുത്തിടെയണ് എട്ട് യുവാക്കള്‍ ചേര്‍ന്ന് സിറ്റി സെന്ററില്‍ ഒരു 19 കാരനെ കത്തികൊണ്ട് ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആയിരുന്നു ആ സംഭവം നടന്നത്. കൃത്യ സമയത്ത് പരിസരവാസികള്‍ ഇടപെട്ടതുകൊണ്ട് ആ യുവാവ് പരിക്കുകളോടെയാണെങ്കിലും രക്ഷപ്പെട്ടു.

മുന്‍ മാഫിയാ സംഘാംഗമായ അന്റണ്‍ നോബിള്‍ പറയുന്നത് താന്‍ കുറ്റകൃത്യങ്ങളില്‍ സജീവമായിരുന്ന കാലത്തേക്കാള്‍ ഇപ്പോള്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട് എന്നാണ്. പതിമൂന്നാം വയസ്സില്‍ അധോലോകത്തിലേക്കിറങ്ങിയ ഇയാള്‍ ഇരുപത്തൊന്ന് വയസ്സായപ്പോഴേക്കും എല്ലാം മടുത്ത് സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു. നഗരത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ പകുതിയിലേറെയും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നു എന്നാണ് ഇയാള്‍ പറയുന്നത്.

ജനങ്ങളെ ഭയപ്പെടുത്തി വെച്ചിരിക്കുകയാണ് ഗുണ്ടാ സംഘങ്ങള്‍. ആര്‍ക്കും സ്വന്തം അയല്‍വാസിയുടെ മുഖത്ത് നോക്കാന്‍ പോലും ഭയമാണ്. മുന്‍ തലമുറ തോളില്‍ വെച്ചു കെട്ടിയ കനത്ത ഭാരവുമായാണ് കവന്‍ട്രിയിലെ പുത്തന്‍ തലമുറ ജീവിക്കുന്നതെന്ന് നോബിള്‍ പറയുന്നു. കൗമാരക്കാലത്ത് തന്നെ മുന്‍ തലമുറ വെട്ടിത്തെളിച്ച കുറ്റകൃത്യങ്ങളുടെ പാതയിലേക്ക് അവര്‍ ആകൃഷ്ടരാവുകയാണ്. പിന്നീട് ജയിലില്‍ അവസാനിക്കും അവരുടെ യുവത്വം. അതല്ലെങ്കില്‍, തീരെ ചെറുപ്പത്തില്‍ തന്നെ കടുത്ത മാനസിക പ്രശ്നങ്ങള്‍ക്ക് അവര്‍ ഇരകളാകും.

Tags:    

Similar News