രഹസ്യ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയ പോലീസ് ഓഫീസറെ ജോലിയില്‍ നിന്ന് പുറത്താക്കി ബ്രിട്ടീഷ് പോലീസ്; രഹസ്യ ചോര്‍ച്ച നടപടിയായപ്പോള്‍

രഹസ്യ ചോര്‍ച്ചയില്‍ തമാശയോ? ബ്രിട്ടണില്‍ നിന്നും പോലീസ് സ്‌റ്റോറി

By :  Remesh
Update: 2024-09-08 05:08 GMT

ലണ്ടന്‍: ഇത് ബ്രിട്ടീഷ് പോലീസില്‍ നിന്നൊരു കഥയാണ്. പൊതുജനങ്ങള്‍ക്കും പോലീസ് ഇന്‍ഫോര്‍മര്‍മാര്‍ക്കും അതീവ രഹസ്യ വിവരങ്ങള്‍ കൈമാറിയ ഒരു വനിത പോലീസ് ഉദ്യോഗസ്ഥയെ ജോലിയില്‍ നിന്നും ബ്രിട്ടീഷ് പോലീസ് പിരിച്ചുവിട്ടു. രഹസ്യ സ്വഭാവമുള്ള പല സംരക്ഷിത രേഖകളും 2021 ല്‍ പല മാസങ്ങളിലായി പുറത്തു വിട്ട ലെസ്റ്റര്‍ഷയര്‍ പോലീസിലെ ഉദ്യോഗസ്ഥ റേച്ചല്‍ ഹ്യൂഗ്‌സിനെതിരെയാണ് നടപടി എടുത്തത്. ഇത്തരം രഹസ്യ വിവരങ്ങള്‍ അടങ്ങിയ നിരവധി സന്ദേശങ്ങള്‍ ഇക്കാലയളവില്‍ ഇവര്‍ അയച്ചതായി തെളിഞ്ഞിട്ടുണ്ട്.

ഒരു കുട്ടിയുടെ ഓട്ടിസം പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ഒരു കുടുംബത്തില്‍ സോഷ്യല്‍ സര്‍വ്വീസുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകള്‍, ചിലര്‍ക്കെതിരെ ഉണ്ടായ പോലീസ് നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒരു പോലീസ് ഇന്‍ഫോര്‍മര്‍ക്ക് ഇവര്‍ കൈമാറിയതായി അന്വേഷണ സംഘം കണ്ടെത്തി. ഇവരുടെതെ കടുത്ത പെരുമാറ്റ ദൂഷ്യമാണെന്ന് ഉറപ്പിച്ചു പറഞ്ഞ അച്ചടക്ക സമിതി ഇവരെ നോട്ടീസ് നല്‍കാതെ തന്നെ പിരിച്ചു വിടുകയായിരുന്നു.

ഏറെ പ്രധാനവും, സ്വകാര്യവുമായ വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കാന്‍, പോലീസിനോടും പൊതുജനങ്ങളോടും ഉത്തരവാദിത്തമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന് ഉണ്ട് എന്ന് പോലീസ് പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് വിഭാഗം മേധാവി ഡെപ്യൂട്ടി സൂപ്രണ്ട് ആലിസണ്‍ ടോംപ്കിന്‍സ് പറഞ്ഞു. അതിനുള്ള പരിശീലനവും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നുണ്ട്. ഏതൊരു രഹസ്യവും പോലീസിന്റെ കൈയ്യില്‍ സുരക്ഷിതമായിരിക്കും എന്നതാണ് വിശ്വാസം. ആ വിശ്വാസമാണ് ഹ്യൂഗ്‌സ് ലംച്ചിരിക്കുന്നതെന്നും ആലിസണ്‍ ചൂണ്ടിക്കാട്ടി.

പോലീസിന്റെ ചില ഉപായങ്ങളും, പ്രവര്‍ത്തന തീരുമാനങ്ങളുമാണ് പ്രധാനമായും ഹ്യൂഗ്‌സ് മറ്റുള്ളവരുമായി പങ്കുവച്ചിരിക്കുന്നത്. പോലീസിന്റെതെന്ന് അടയാളപ്പെടുത്താത്ത ഒരു പോലീസ് വാഹനത്തിന്റെ റെജിസ്‌ട്രേഷന്‍ നമ്പര്‍ ഇവര്‍ പങ്കുവച്ചു. ഇത് പങ്കുവയ്ക്കുന്ന ഈമെയില്‍ സന്ദേശം പോലീസിന് ലഭിക്കുകയായിരുന്നു. അതേസമയം, താന്‍ വിവരങ്ങള്‍ കൈമാറിയത് ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണെന്ന് അറിയില്ലായിരുന്നു എന്നായിരുന്നു ഉദ്യോഗസ്ഥയുടെ വിശദീകരണം.

ഈ വിശദീകരണം പക്ഷെ പാനല്‍ ചെവികൊണ്ടില്ല. ഇവര്‍ വിവരങ്ങള്‍ കൈമാറിയ പോലീസ് ഇന്‍ഫോര്‍മറോട് താന്‍ പങ്കുവച്ച ഫോട്ടോകളും മറ്റ് സന്ദേശങ്ങളും പോലീസിലെ മറ്റുള്ളവരെ അറിയിക്കരുത് എന്ന് ഇവര്‍ പറഞ്ഞിരുന്നതായി തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍, അത് താന്‍ വെറും തമാശക്ക് പറഞ്ഞതാണെന്നായിരുന്നു ഹ്യൂഗ്‌സ് വാദിച്ചത്.

Tags:    

Similar News