ബോര്‍ഡിംഗ് പാസ് പ്രിന്റ് ചെയ്ത് നല്‍കിയതിന് 30 യൂറോ ചാര്‍ജ്ജ് ചെയ്ത റെയ്ന്‍ എയറിന് ഫൈനടിച്ച് സ്പാനിഷ് കോടതി; നല്‍കേണ്ടി വന്നത് 30 യൂറോക്ക് പുറമേ കോടതി ചിലവും

വിമാന കമ്പനികള്‍ക്ക് എല്ലാം പാഠമാകണം ഈ വിധി

By :  Remesh
Update: 2024-09-14 04:23 GMT

ലണ്ടന്‍: വിമാന കമ്പനികള്‍ക്ക് എല്ലാം പാഠമാകണം ഈ വിധി. ബോര്‍ഡിംഗ് പാസ്സ് പ്രിന്റ് ചെയ്യുന്നതിന് 30.45 പൗണ്ട് ഈടാക്കിയ റെയ്ന്‍എയറിന് പിഴയിട്ട് സ്പാനിഷ് കോടതി ചര്‍ച്ചകളില്‍ നിറയുകയാണ്. ബലേറിക് ഐലന്‍ഡില്‍ താമസിക്കുന്ന ഒരു യാത്രക്കാരനായിരുന്നു എയര്‍ലൈന്‍ കമ്പനിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചത്. ചില പ്രത്യേക സാഹചര്യങ്ങള്‍ നിമിത്തം വിമാനത്താവളത്തില്‍ എത്തുന്നതിന് മുന്‍പായി ബോര്‍ഡിംഗ് പാസ്സിന്റെ പ്രിന്റ് ഔട്ട് എടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് അയാള്‍ കോടതിയില്‍ പറഞ്ഞു.

മല്ലോക്രയിലെ പാമാസ് കമ്മേഴ്സ്യല്‍ കോടതിയിലായിരുന്നു കേസ്. കഴിഞ്ഞയാഴ്ച വന്ന വിധി പ്രഖ്യാപനത്തില്‍ വാദിക്ക് 30.45 യൂറോ നല്‍കാന്‍ ഐറിഷ് എയര്‍ലൈന്‍ കമ്പനിയോട് കോടതി ഉത്തരവിട്ടു. ബോര്‍ഡിംഗ് പാസ്സിനായി എടുത്ത തുകയാണിത്. അതിനുപുറമെ കോടതി ചെലവുകള്‍ നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. എയര്‍പോര്‍ട്ട് ഡസ്‌കില്‍ ബോര്‍ഡിംഗ് പാസ്സുകള്‍ പ്രിന്റ് ചെയ്യുന്നതിന് ചാര്‍ജ്ജ് ഈടാക്കുമെന്ന് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് റെയ്ന്‍എയര്‍ കോടതിയില്‍ പറഞ്ഞു.

മാത്രമല്ല, ഓണ്‍ലൈന്‍ വഴി ചെക്ക് ഇന്‍ ചെയ്യണമെന്നും, വീടുകളില്‍ തന്നെ പ്രിന്റ് എടുക്കണമെന്നും അതല്ലെങ്കില്‍ അത് ഡിജിറ്റല്‍ ആയി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണമെന്നും യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും വിമാന കമ്പനി കോടതിയില്‍ അറിയിച്ചു. എന്നാല്‍, ചില ഇന്റര്‍നെറ്റ് തകരാറുകള്‍ മൂലം അത് ചെയ്യാന്‍ കഴിയാതെ പോയി എന്നാണ് ഈ യാത്രക്കാരന്‍ പറയുന്നത്.

Similar News