തളര്‍ന്നാല്‍ ബുള്ളറ്റുകള്‍ ശരീരത്തില്‍ തുളഞ്ഞു കയറും; റഷ്യയില്‍ ഇന്ത്യന്‍ യുവാക്കളെത്തിയത് വ്യാജ റിക്രൂട്ട്മെന്റിലൂടെ; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ സൈനിക വൃത്തി, അടിമകളെ പോലെ 15 മണിക്കൂര്‍ ജോലി!

റഷ്യയില്‍ സെക്യൂരിറ്റി ജീവനക്കാരോ സഹായികളോ ആയി ജോലി വാഗ്ദാനം ചെയ്താണ് യുവാക്കളെ റഷ്യയിലെത്തിച്ചത്

By :  Remesh
Update: 2024-09-14 08:33 GMT


ന്യൂഡല്‍ഹി: ജോലിക്കിടെ തളര്‍ന്നാല്‍ ബുള്ളറ്റുകള്‍ ശരീരത്തില്‍ തുളച്ചു കയറും. അടിമകളെ പോലെ 15 മണിക്കൂര്‍ ജോലിയും. വ്യാജ റിക്രൂട്ട്മെന്റിലൂടെ റഷ്യയിലെത്തി റഷ്യന്‍ സൈന്യത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായവരില്‍ 4 ഇന്ത്യന്‍ യുവാക്കളും. ഇവരെ മോചിപ്പിച്ചതായുള്ള വാര്‍ത്തയാണ് ഇപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. കര്‍ണാടകയില്‍ നിന്നുള്ള മൂന്നുപേരും തെലങ്കാനയില്‍ നിന്നുള്ള ഒരാളെയുമാണ് രക്ഷപ്പെടുത്തിയത്. ജോലി തട്ടിപ്പിന് ഇരയായി റഷ്യയിലെത്തിയ 60 യുവാക്കളുടെ സംഘത്തില്‍ നിന്നും രക്ഷപ്പെടുത്തിയവരാണ് ഇവര്‍.

റഷ്യയില്‍ സെക്യൂരിറ്റി ജീവനക്കാരോ സഹായികളോ ആയി ജോലി വാഗ്ദാനം ചെയ്താണ് യുവാക്കളെ റഷ്യയിലെത്തിച്ചത്. എന്നാല്‍ റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ സൈനികവൃത്തിക്ക് ഇവര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. മടങ്ങിയെത്തിയ ഇന്ത്യക്കാരില്‍ ഒരാളായ തെലങ്കാനയില്‍ നിന്നുള്ള മുഹമ്മദ് സൂഫിയാന്‍ ഏഴ് മാസം മുമ്പ് രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഒരു വീഡിയോ പുറത്തുവിട്ടിരുന്നു.

അടിമകളെ പോലെയാണ് തങ്ങളെ കണ്ടിരുന്നതെന്നും വിശ്രമമോ ഉറക്കമോ ഇല്ലാതെ ദിവസേന 15 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യിപ്പിച്ചുവെന്നും സുഫിയാന്‍ വെളിപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മനുഷ്യത്വരഹിതമായ സാഹചര്യമായിരുന്നു. കഠിന ജോലികള്‍ കൈകളില്‍ കുമിളകളുണ്ടായി, ശരീരം വേദനിച്ചു. തളര്‍ച്ച പുറത്തുപ്രകടമായാല്‍ ഞങ്ങള്‍ക്ക് നേരെ ബുള്ളറ്റുകള്‍ തൊടുക്കും. ഡ്രോണ്‍ ആക്രമണത്തില്‍ ഗുജറാത്തില്‍ നിന്നുള്ള ഹാമില്‍ കൊല്ലപ്പെട്ടത് തന്നെ ഉലച്ചുവെന്നും സുഫിയാന്‍ പറഞ്ഞു.

അതേമയം യു എ ഇയുടെ മധ്യസ്ഥതയില്‍ റഷ്യയും യുക്രെയിനും 230 തടവുകാരെ കൂടി മോചിപ്പിച്ചുവെന്നാണ് കഴിഞ്ഞമാസത്തെ റിപ്പോര്‍ട്ട്. യു.എ.ഇയുടെ ഇടപെടലില്‍ മോചിപ്പിച്ച തടവുകാരുടെ എണ്ണം 1,788 ആയി. മധ്യസ്ഥശ്രമങ്ങളോട് സഹകരിച്ച ഇരു രാജ്യങ്ങള്‍ക്കും യു.എ.ഇ വിദേശകാര്യമന്ത്രാലയം നന്ദി അറിയിച്ചു.

റഷ്യ-യുക്രെയിന്‍ സംഘര്‍ഷം കുറക്കാന്‍ യു എ ഇ നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് 230 തടവുകാരെ കൂടി ഇരുരാജ്യങ്ങളും മോചിപ്പിച്ചത്. ഒരുമാസം പിന്നിടുന്നതിനിടെ രണ്ടുതവണ തടവുകാരെ കൈമാറ്റം ചെയ്യാന്‍ റഷ്യയും യുക്രെയിനും സന്നദ്ധമായതില്‍ സന്തോഷമുണ്ടെന്ന് യു എ ഇ വിദേശകാര്യമന്ത്രാലയം പറഞ്ഞു.

അതേസമയം ഈ വര്‍ഷം ഏഴാമത്തെ മധ്യസ്ഥ ശ്രമമാണ് യു എ ഇയുടെ നേതൃത്വത്തില്‍ നടന്നത്. റഷ്യ-യുക്രൈയിന്‍ പോരില്‍ സമാധാനപരമായ പ്രശ്‌നപരിഹാരത്തിന് ശ്രമങ്ങള്‍ തുടരുമെന്നും യു എ ഇ വ്യക്തമാക്കിയിരുന്നു. 2022 ഡിസംബറില്‍ യു എസും റഷ്യയും തമ്മില്‍ തടവുകാരെ മോചിപ്പിക്കുന്നതിലും യു.എ.ഇ മധ്യസ്ഥത നിര്‍ണായകമായ പങ്കുവഹിച്ചിരുന്നു.

റഷ്യ. യുക്രെയിന്‍

Similar News