യുകെയില്‍ ഇന്ത്യന്‍ കമ്പനിയുടെ കടുക് പൊടിയില്‍ നിലക്കടലയുടെ അംശം; പീനട്ട് അലര്‍ജിയുള്ളവര്‍ കടുക് ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്റ്റി ഏജന്‍സി മുന്നറിയിപ്പ്; അന്വേഷണ വിവരങ്ങള്‍ ഇങ്ങനെ
യുകെയില്‍ ഇന്ത്യന്‍ കമ്പനിയുടെ കടുക് പൊടിയില്‍ നിലക്കടലയുടെ അംശം
ലണ്ടന്‍: യുകെയില്‍ ഇന്ത്യന്‍ കമ്പനിയുടെ കടുക് പൊടിയില്‍ നിലക്കടലയുടെ അംശം കണ്ടെത്തി. പീനട്ട് അലര്‍ജിയുള്ള ബ്രിട്ടീഷുകാര്‍ കടുക് ഉപയോഗിക്കരുതെന്ന് യു കെയിലെ ഫുഡ് സേഫ്റ്റി ഏജന്‍സി മുന്നറിയിപ്പ് നല്‍കി. കടുക് പൊടി ഉപയോഗിക്കുന്നത് സോസ്, സാലഡ്, സാന്‍ഡ്വിച്ച് തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളിലാണ്.
സൂപ്പര്‍മാര്‍ക്കറ്റില്‍ വില്‍ക്കുന്ന ചില ഉത്പന്നങ്ങളില്‍ നിലക്കടലയുടെ അംശം കണ്ടെത്തിയതോടെയാണ് ഈ മുന്നറിയിപ്പ്. പ്രധാനമായും, സ്പാര്‍ പാസ്ത സലാഡുകള്‍, ഡോമിനോസ് ഡിപ്സ് എന്നിവ ഉള്‍പ്പടെ സോസ്, സലാഡ്, പ്രീ പാക്ക്ഡ് സന്‍ഡ്വിച്ച് എന്നിവയില്‍ ചേര്‍ക്കുന്ന കടുകുപൊടിയിലാണ് ഇതിന്റെ സാന്നിദ്ധ്യം കന്‍ടെത്തിയിരിക്കുന്നത്. ഇന്ത്യ ആസ്ഥാനമായ ഒരു കടുക് ഉത്പാദകനിലേക്കും ഇത് യു കെയില്‍ വിതരണം ചെയ്യുന്ന ഒരു കമ്പനിയിലേക്കുമാണ് ഇത് സംബന്ധിച്ച ഫുഡ് സേഫ്റ്റി ഏജന്‍സിയുടെ അന്വേഷണം എത്തി നില്‍ക്കുന്നത്.
മറ്റ് ഏതെങ്കിലും വിതരണക്കാരുടെ ഉത്പന്നങ്ങളില്‍ ഇത് ഉള്ളതായി ഇതുവരെ തെളിഞ്ഞിട്ടില്ല എന്നും എഫ് എസ് എ പറയുന്നു. ഓരോ കമ്പനിയുടെ ഉത്പന്നങ്ങളും വിശദമായ പരിശോധനക്ക് വിധേയമാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍, പീനട്ട് അലര്‍ജിയുള്ളാര്‍ കടുകും കടുക് പൊടിയും ഉപയോഗിക്കുന്നത് ഒഴിവാക്കണം എന്നാണ് ഇപ്പോള്‍ എഫ് എസ് എ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏതെങ്കിലും ഭക്ഷ്യ ഉത്പന്നത്തില്‍ കടുക് ഉണ്ടെങ്കില്‍ അക്കാര്യം വലിയ അക്ഷരങ്ങളില്‍ തന്നെ പാക്കറ്റിന് പുറത്ത് പരാമര്‍ശിക്കേണ്ടതുണ്ടെന്ന് എഫ് എസ് എ പറയുന്നു. കടുക് തന്നെ പലര്‍ക്കും അലര്‍ജിക്ക് കാരണമായേക്കാം എന്നതിനാലാണിത്.
ഏതെങ്കിലും ഭക്ഷണപദാര്‍ത്ഥങ്ങളില്‍ അറിയാതെ കടുക് ചേര്‍ന്നിട്ടുണ്ടെങ്കില്‍, കടുക് ചേര്‍ത്തിട്ടുണ്ടാകാം എന്ന് പരാമര്‍ശിക്കണം. പുറത്തു നിന്ന് ഭക്ഷണം കഴിക്കുകയാണെങ്കില്‍, ഭക്ഷണത്തില്‍ കടുക് ചേര്‍ത്തിട്ടുണ്ടോ എന്ന് റെസ്റ്റോറന്റ് ജീവനക്കാരോട് ചോദിക്കാവുന്നതാണ്. ഇത്തരം വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ നിയമപരമായി തന്നെ അവര്‍ ബാദ്ധ്യസ്ഥരാണെന്നും എഫ് എസ് എ പറയുന്നു. അതേസമയം, ഇതില്‍ ഉള്‍പ്പെട്ട ബ്രിട്ടീഷ് വിതരണ കമ്പനിയായ എഫ് എസ് ജി ഇന്‍ഗ്രെഡിയന്റ്‌സ് ലിമിറ്റഡ്, നിലക്കടലയുടെ അംശം കണ്ടെത്തിയ കടുകുപൊടി ഷെല്‍ഫുകളില്‍ നിന്നും നീക്കം ചെയ്യാന്‍, തങ്ങള്‍ വിതരണം ചെയ്ത കടകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരത്തില്‍ മലിനീകരിക്കപ്പെട്ട ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ പൂര്‍ണ്ണമായ ലിസ്റ്റ് എഫ് എസ് എ യുടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. അമ്പത് കുട്ടികളില്‍ ഒരാള്‍ക്ക് വീതവും 200 മുതിര്‍ന്നവരില്‍ ഒരാള്‍ക്ക് വീതവും പീനട്ട് അലര്‍ജി കണ്ടുവരുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ, ഇപ്പോള്‍ കണ്ടെത്തിയ വസ്തുത വലിയൊരു ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്.