അഭയക്കേസ് പ്രതി ഫാ ജോസ് പൂതൃക്കയിലിന് അനുകൂലമായി വിധി പറഞ്ഞ സുപ്രീം കോടതി മുന്‍ ജഡ്ജി കോട്ടയം രൂപതയുടെ പരിപാടിയില്‍; പരിപാടിയുടെ സംഘാടകന്‍ ജസ്റ്റിസ് സിറിയക് ജോസഫ്; രണ്ടു മുന്‍ ജഡ്ജിമാര്‍ തമ്മിലുള്ള അന്തര്‍ധാര വ്യക്തമെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

ജസ്റ്റീസ് എസ്. അബ്ദുല്‍ നസീര്‍ കോട്ടയം രൂപതയുടെ പരിപാടിയില്‍ പങ്കെടുത്തത് വിവാദത്തില്‍

Update: 2024-09-30 07:20 GMT

കോട്ടയം: സിസ്റ്റര്‍ അഭയ കേസിലെ രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയ്ക്ക് വിചാരണ കൂടാതെ കുറ്റവിമുക്തനാക്കിയ കേസില്‍ വിധി പറഞ്ഞ സുപ്രീം കോടതി ജഡ്ജിയും ഇപ്പോള്‍ ആന്ധ്രാ ഗവര്‍ണറുമായ ജസ്റ്റീസ് എസ്. അബ്ദുല്‍ നസീര്‍ കോട്ടയം രൂപതയുടെ പരിപാടിയില്‍ പങ്കെടുത്തത് വിവാദത്തില്‍. ക്നായായ കത്തോലിക്ക സഭയുടെ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരിയുടെ പേരിലുള്ള ഫൗണ്ടേഷന്റെ പരിപാടിയിലാണ് പങ്കെടുത്തത്. കോട്ടയത്ത് ദര്‍ശന ആഡിറ്റോറിയത്തില്‍ വൈകുന്നേരം നാല് മണിക്ക് നടന്ന ചടങ്ങിന്റെ ഉദ്ഘാടകനായിരുന്നു ജസ്റ്റീസ് എസ്. അബ്ദുല്‍ നസീര്‍.

ഫാ തോമസ് കോട്ടൂര്‍, ഫാ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിങ്ങനെ സിബിഐ അന്വേഷണ സംഘം പ്രതിചേര്‍ത്ത മൂന്നുപേരില്‍ ഫാ പൂതൃക്കയിലിനെ 2018ലാണ് തിരുവനന്തപുരം സിബിഐ കോടതി ഒഴിവാക്കിയത്. ഇതിന്മേല്‍ അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയും അതിന്റെ അപ്പീലും 2019ല്‍ ഹൈക്കോടതി തള്ളി. ഇതിനെ തുടര്‍ന്ന് സുപ്രീം കോടതിയില്‍ നല്‍കിയ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ തള്ളിയ ജഡ്ജിയാണ് എസ്.അബ്ദുല്‍ നസീര്‍.

രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിനെ വിചാരണ കൂടാതെ സി.ബി.ഐ കോടതിയും ഹൈക്കോടതിയും കുറ്റവിമുക്തനാക്കിയതിനെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ സ്പെഷ്യല്‍ ലീവ് പെറ്റീഷ്യന്‍ 09-12-2019 ല്‍ സുപ്രീം കോടതി പരിഗണിച്ചത് ജസ്റ്റീസ് എസ്. അബ്ദുല്‍ നസീര്‍ അദ്ധ്യക്ഷനുമായ ബെഞ്ച് കേസില്‍ ഫയലില്‍ സ്വീകരിക്കാതെയും വാദം പോലും കേള്‍ക്കാതെ അപ്പോള്‍ തന്നെ തള്ളുകയായിരുന്നു.

സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തപ്പോള്‍ കേസ് പരിഗണിച്ചത് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസാണ്. സി.ബി.ഐ യുടെ അപ്പീല്‍ തള്ളുവാന്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസിന്റെ പറയുന്ന കാരണം ഇതേ കേസില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ അപ്പീല്‍ തള്ളിയത് കൊണ്ട് സി.ബി.ഐ യുടെ അപ്പീലും തള്ളുന്നതെന്ന് ഉത്തരവില്‍ പറയുന്നു. പരസ്പരവിരുദ്ധമായ ഈ വിധി നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയില്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷ്യന്‍ ഫയല്‍ ചെയ്തത്. അത് വാദം പോലും കേള്‍ക്കാതെ അപ്പോള്‍ തന്നെ ജസ്റ്റീസ് എസ്. അബ്ദുല്‍ നസീറിന്റെ ബെഞ്ച് തള്ളുകയായിരുന്നു.

ഇതേ അബ്ദുല്‍ നസീര്‍ ആണ് അഞ്ചു വര്‍ഷത്തിനുള്ളില്‍ അന്ന് പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണമുള്ള, അവരുള്‍പ്പെട്ട കോട്ടയം രൂപതയുടെ പരിപാടിയില്‍ പങ്കെടുത്തത്. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച അദ്ദേഹം ഇന്നിപ്പോള്‍ ആന്ധ്ര പ്രദേശ് ഗവര്‍ണര്‍ ആണെന്ന വ്യത്യാസം മാത്രം. അയോധ്യാ കേസില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചില്‍ ഉള്‍പെട്ട അബ്ദുല്‍ നസീര്‍ 2023 ജനുവരിയില്‍ വിരമിക്കുകയും ഫെബ്രുവരിയില്‍ തന്നെ ഗവര്‍ണര്‍ സ്ഥാനം അദ്ദേഹത്തെ തേടിയെത്തുകയും ആയിരുന്നു.

തുടക്കം മുതല്‍ സിസ്റ്റര്‍ അഭയ കേസില്‍ ഇടപെടാന്‍ ശ്രമിച്ചുവെന്ന് ജോമോന്‍ പുത്തപുരയ്ക്കലിന്റെ പരാതിയില്‍ ആരോപണ വിധേയനായ ജസ്റ്റിസ് സിറിയക് ജോസഫ് ആയിരുന്നു പരിപാടിയുടെ സംഘാടകന്‍. അഭയ കൊല്ലപ്പെടുമ്പോള്‍ അവരുള്‍പ്പെട്ട കോട്ടയം രൂപതയുടെ മെത്രാനെന്ന നിലയില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണ വിധേയനായ മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഡോ.മാത്യു പാറയ്ക്കലിന് നല്‍കുന്നത് ആയിരുന്നു ചടങ്ങ്. ഇതേ ചടങ്ങില്‍ വിശിഷ്ടാതിഥി ആയി പങ്കെടുക്കാന്‍ എത്തിയതോടെ രണ്ടു മുന്‍ ജഡ്ജിമാരും തമ്മിലുള്ള അന്തര്‍ധാര വ്യക്തമായെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.

ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്റെ ചെയര്‍മാന്‍ റിട്ട. സുപ്രീം കോടതി ജഡ്ജി സിറിയക് ജോസഫ് ആണ്. 2006 മുതല്‍ രണ്ടര വര്‍ഷക്കാലം കര്‍ണാടക ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റീസ് ആയിരുന്നു ജസ്റ്റീസ് സിറിയക് ജോസഫ്. പിന്നീട് 2008 ജൂലൈ 7 മുതല്‍ 2012 ജനുവരി 27 വരെ സുപ്രീം കോടതി ജഡ്ജിയുമായിരുന്നു. സിറിയക് ജോസഫ് കര്‍ണ്ണാടക ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍ അദ്ദേഹത്തോടൊപ്പം കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് എസ്. അബ്ദുല്‍ നാസര്‍.

അഭയ കേസില്‍ ഇരട്ടജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ച ഫാ തോമസ് കോട്ടൂരിന്റെ സ്വന്തം സഹോദരന്‍, സിറിയക് ജോസഫിന്റെ ഭാര്യയുടെ സഹോദരിയെ ആണ് വിവാഹം ചെയ്തിരിക്കുന്നത് എന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. സിറിയക് ജോസഫും അബ്ദുല്‍ നസീറും തമ്മില്‍ ദീര്‍ഘകാലത്തെ ബന്ധമുണ്ട്. സിറിയക് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ അദ്ദേഹത്തിനൊപ്പം ജഡ്ജി ആയിരുന്നു നസീര്‍. ഈ ബന്ധത്തിന്റെ ബലത്തിലാണ് തന്റെ അപേക്ഷ വാദം പോലും കേള്‍ക്കാതെ തള്ളി ജസ്റ്റിസ് അബ്ദുല്‍ നസീര്‍ ഫാ പൂതൃക്കയിലിനെ വിട്ടയച്ചത് എന്നും ജോമോന്‍ ആരോപിക്കുന്നു.

ഹൈക്കോടതിയുടെ രണ്ടു ബെഞ്ചുകള്‍ സ്വീകരിച്ച നിലപാടുകളിലെ വൈരുദ്ധ്യം പോലും പരിശോധിക്കാന്‍ സുപ്രീം കോടതിയില്‍ അന്ന് ജസ്റ്റിസ് അബ്ദുല്‍ നസീര്‍ തയ്യാറായില്ല. ഫാ പൂതൃക്കയിലിനെ വിട്ടയച്ചു കൊണ്ടുള്ള തിരുവനന്തപുരം സിബിഐ കോടതി വിധിക്ക് പിന്നാലെ തന്നെ അപ്പീലുമായി താന്‍ ഹൈക്കോടതിയില്‍ എത്തി. എന്നാല്‍ സിബിഐ ആണ് അപ്പീല്‍ ഫയല്‍ ചെയ്യേണ്ടത് എന്ന കാരണം കാണിച്ച് ജസ്റ്റിസ് സുനില്‍ തോമസ് അത് തള്ളി. എന്നാല്‍ പിന്നീട് സിബിഐ തന്നെ അപ്പീല്‍ ഫയല്‍ ചെയ്തപ്പോള്‍ പരിഗണിച്ച ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസാകട്ടെ, ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജി തള്ളിയതിനാല്‍ സിബിഐയുടെ ഹര്‍ജിയും തള്ളുന്നു എന്നാണ് നിലപാട് എടുത്തത്; ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ വിശദീകരിച്ചു.

തന്റെ മുന്നില്‍ ഒരിക്കല്‍ പരിഗണനക്ക് വന്ന കേസുമായി പരോക്ഷമായി പോലും ബന്ധമുള്ള ഒന്നിലും ഇടപെടാതിരിക്കുകയാണ് വിരമിച്ച ശേഷവും ചെയ്യേണ്ടതെന്ന് കേരള ഹൈക്കോടതി മുന്‍ ജഡ്ജി കെമാല്‍ പാഷ പ്രതികരിച്ചു. ജുഡീഷ്യറിയുടെ അന്തസ് കാത്തുസൂക്ഷിക്കാന്‍ അത് അത്യാവശ്യമാണ്. താനാണെങ്കില്‍ ഇത്തരമൊരു പരിപാടിയുടെ സംഘാടകരെ കാണാന്‍ പോലും തയ്യാറാകില്ലായിരുന്നു. അവരുടെ ക്ഷണം സ്വീകരിച്ച ജസ്റ്റിസ് അബ്ദുല്‍ നസീറിന്റെ പ്രവൃത്തി തീര്‍ത്തും അനുചിതമായെന്നും കെമാല്‍ പാഷ ചൂണ്ടിക്കാട്ടി.

Tags:    

Similar News