ആഭരണം വിറ്റും ഉള്ള പണം മുഴുവന്‍ എടുത്തും ആദ്യ ബെന്‍സ് വാങ്ങി; പുത്തന്‍ പോര്‍ഷെ കാറിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ മുടക്കിയത് 31 ലക്ഷം; മന്ത്രി ഗണേഷ് കുമാറിന്റെ കാര്‍ കമ്പം വളര്‍ത്തിയ കൂട്ടുകാരന്‍; മൊബൈല്‍ നമ്പറുകളിലും സര്‍വ്വത്ര ഫാന്‍സി; ഇനി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം; ബാലഗോപാല്‍ എന്ന കൂട്ടുകാരന് മന്ത്രി പുതിയ ചുമതല നല്‍കുമ്പോള്‍

Update: 2025-08-09 04:31 GMT

തിരുവനന്തപുരം: തന്റെ പുത്തന്‍ പോര്‍ഷെ കാറിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ തിരുവനന്തപുരത്തുകാരന്‍ കെ എസ് ബാലഗോപാല്‍ മുടക്കിയത് മുപ്പത്തിയൊന്ന് ലക്ഷം രൂപ! വാഹന നമ്പര്‍ ലേലത്തിലെ ദക്ഷിണേന്ത്യന്‍ റെക്കാഡായിരുന്നു ഇത് ആറു കൊല്ലം മുമ്പ്. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ ആത്മസുഹൃത്ത്. ഏത് കാറെടുത്താല്‍ അത് ആദ്യം ഓടിക്കാന്‍ നല്‍കുക പ്രിയ സുഹൃത്ത് ഗണേഷ് കുമാറിന് തന്നെ. സിനിമാ സംവിധായകന്‍ ഷാജി കൈലാസിന്റെ സഹപാഠിയായ ബാലഗോപാല്‍ ചില സിനിമകളും നിര്‍മ്മിച്ചു. ദേവി ഫാര്‍മ്മയെന്ന മരുന്ന് വിതരണ കമ്പനിയിലൂടെ വ്യവാസ രംഗത്ത് നിറയുന്ന പ്രധാനി. ഒടുവില്‍ ഗുരുവായൂര്‍ ക്ഷേത്ര ദേവസ്വം ബോര്‍ഡ് മെമ്പറാവുകയാണ് ബാലഗോപാല്‍. ഗണേഷ് കുമാറിന്റെ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ് ബിയുടെ സംസ്ഥാന ട്രഷററാണ് ഈ തിരുവനന്തപുരത്തുകാരന്‍. ഈ രാഷ്ട്രീയമാണ് ദേവസ്വം ബോര്‍ഡിലേക്ക് ബാലഗോപാല്‍ എത്താനുള്ള കാരണവും. മന്ത്രി ഗണേഷ് കുമാറിന്റെ കാര്‍ കമ്പത്തിന് കാരണക്കാരനും ബാലഗോപാലാണ്. തന്റെ ഏറ്റവും അടുത്ത സുഹൃത്തായി മന്ത്രി വിശേഷിപ്പിച്ചിട്ടുള്ളതും ബാലഗോപാലിനെയാണ്.

പോര്‍ഷെ 718 ബോക്സ്റ്ററിന്റെ മയാമി ബ്ലൂ സ്‌പെഷ്യന്‍ കളര്‍ കാറിന് സി. കെ. 1 എന്ന നമ്പര്‍ കിട്ടാനാണ് കവടിയാര്‍ കുറവന്‍കോണം മീനാക്ഷി മന്ദിരത്തില്‍ ശിവശങ്കരന്‍ നായരുടെ മകനും ദേവി ഫാര്‍മ ഉടമയുമായ കെ. എസ്. ബാലഗോപാല്‍ ആറു കൊല്ലം മുമ്പ് 31 ലക്ഷം ചെലവാക്കിയത്. തിരുവനന്തപുരം ആര്‍.ടി.ഓഫീസില്‍ മൂന്ന് പേര്‍ തമ്മിലുള്ള വാശിയേറിയ മത്സരത്തിനൊടുവിലാണ് രാജഗോപാല്‍ കേരളത്തിലെ ഏറ്റവും വിലപിടിപ്പുള്ള വാഹന നമ്പറിന്റെ ഉടമയായി അന്ന് ബാലഗോപാല്‍ മാറിയത്. ഇഷ്ടനമ്പര്‍ സ്വന്തമാക്കാന്‍ രാജഗോപാല്‍ ലക്ഷങ്ങള്‍ ചെലവാക്കുന്നത് മുമ്പും സംഭവിച്ച കാര്യമാണ്. 2004ല്‍ തന്റെ ബെന്‍സ് കാറിന് എ.കെ. 1 എന്ന നമ്പര്‍ സ്വന്തമാക്കിയത് 3 ലക്ഷത്തോളം രൂപ ചെലവാക്കിയിട്ടാണ്. ഇതിന് മുന്‍ബ് സി.ബി സീരീസിലെ ഒന്ന് എന്ന നമ്പര്‍ തന്റെ ടൊയോട്ട ലാന്‍ഡ് ക്രൂയിസറിന് ലഭിക്കുന്നതിന് 19 ലക്ഷം രൂപ മുടക്കി റെക്കാഡ് സൃഷ്ടിച്ചിരുന്നു. ആ റെക്കാഡാണ് പോര്‍ഷെയ്ക്ക് വേണ്ടി ബാലഗോപാല്‍ തന്നെ തകര്‍ത്തത്. പോര്‍ഷെ കാറും ചേര്‍ത്ത് ഒന്ന് നമ്പറിലുള്ള പല വാഹനങ്ങളാണ് ബാലഗോപാലിന് ഉള്ളത്. വാഹനങ്ങളോടുള്ള ഭ്രമം ബാലഗോപാലിന് കുട്ടിക്കാലം മുതലേയുണ്ട്. ചെറുപ്പത്തില്‍ അച്ഛന്റെ സഹോദരിമാരൊക്കെ വീട്ടില്‍ വരുന്ന സമയത്ത് അവരുടെ വാഹനങ്ങള്‍ കണ്ട് തുടങ്ങിയ ഭ്രമമാണ്. അക്കാലത്ത് തന്നെ അവര്‍ക്കൊക്കെ ബെന്‍സുണ്ട്.

അന്ന് ആ വണ്ടികളില്‍ തൊടുമ്പോള്‍ ഡ്രൈവര്‍മാര്‍ തല്ലിയിട്ടുണ്ട്. അന്ന് മുതല്‍ കാര്‍ ഒരു ആവേശമായിരുന്നു. 1996ല്‍ ആദ്യത്തെ ബെന്‍സ് സ്വന്തമാക്കുമ്പോള്‍ കൈവശം ആവശ്യമായ പണമില്ലായിരുന്നു. ആഭരണം വിറ്റും ഉള്ള പണം മുഴുവനുമെടുത്തുമാണ് ബെന്‍സിന് വലിയ പ്രചാരമൊന്നും കേരളത്തിലില്ലാതിരുന്നപ്പോള്‍ സ്വന്തമാക്കിയത്. വണ്ടി നമ്പറുകളില്‍ മാത്രമൊതുങ്ങുന്നില്ല ബാലഗോപാലിന്റെ താത്പര്യം. തന്റെ പക്കലുള്ള മൊബൈല്‍ നമ്പറുകള്‍ക്കും ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയിട്ടുണ്ട് ഈ വ്യവസായി. 0 മുതല്‍ 9 വരെയുള്ള എല്ലാ ഒരേ നമ്പര്‍ സീരിസും ബാലഗോപാലിന്റെ കൈവശമുണ്ട്. തിരുവനന്തപുരം ആര്‍.ടി. ഓഫീസിലെ പുതിയ വാഹന നമ്പര്‍ ശ്രേണിയിലെ സൂപ്പര്‍ ഫാന്‍സി നമ്പറായ കെ.എല്‍.01 സി.എം. 1-ന് അവകാശിയെത്തിയതും ബാലഗോപാലായിരുന്നു. കേന്ദ്രീകൃത വാഹന രജിസ്‌ട്രേഷന്‍ ശൃംഖലയായ വാഹന്‍ സംവിധാനത്തിലെ ഓണ്‍ലൈന്‍ ലേലമായിട്ടും തുച്ഛമായവിലയ്ക്ക് ഒന്നാംനമ്പര്‍ വില്‍ക്കേണ്ടിവന്നു. പുതിയ മെഴ്‌സിഡിസ് ബെന്‍സ് വാനിനുവേണ്ടിയായിരുന്നു സി.എം 01 എന്ന നമ്പര്‍ സ്വന്തമാക്കിയത്. അന്ന് ബാലഗോപാല്‍ മാത്രമാണ് രംഗത്തുണ്ടായിരുന്നത്. ഒന്നാം നമ്പറിനുവേണ്ടിയുള്ള അടിസ്ഥാന ബുക്കിങ് തുകയായ ഒരുലക്ഷം രൂപമാത്രമാണ് അടച്ചത്. മറ്റാരും ബുക്ക് ചെയ്യാത്തതിനാല്‍ ഇതേ തുകയ്ക്ക് അനുവദിച്ചു.

ആഗോള നിര്‍മ്മാതാക്കളില്‍ നിന്നുള്ള വിവിധ മരുന്നുകള്‍ ആശുപത്രികളിലും റീട്ടെയില്‍ വിതരണ സ്ഥാപനങ്ങളിലും എത്തിക്കുന്നതിനുള്ള ഫലപ്രദമായ രീതികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ദേവി ഫാര്‍മ. ഗുണനിലവാരമുള്ള മരുന്നുകള്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വിതരണം ചെയ്യുന്നതിനുള്ള എക്‌സ്പ്രസ് ഡെലിവറി സംവിധാനമാണ് ദേവി ഫാര്‍മയുടെ പ്രത്യേകത. സണ്‍ ഫാര്‍മ, സിപ്ല,അബോട്ട്, വോക്കാര്‍ഡ്, യു എസ് വി ഫാര്‍മ, ആസ്ട്രസെനെക്ക, സനോഫി ഇന്ത്യ ലിമിറ്റഡ്, ഡോ.റെഡ്ഡീസ്, ഗ്ലാക്‌സോസ്മിത്ത്‌ക്ലൈന്‍, മെര്‍ക്ക്ഫാര്‍മ. നൊവാര്‍ട്ടിസ് എജി, ഫൈസര്‍ ഇന്‍കോര്‍പ്പറേറ്റഡ്, ഫ്രാങ്കോ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, ഗ്ലെന്‍മാര്‍ക്ക്, ലുപിന്‍ തുടങ്ങിയ ബഹുരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാതാക്കളുടെ മരുന്നുകളുടെ വിതരണം ദേവീ ഫാര്‍മയ്ക്കാണ്.

പ്രവര്‍ത്തന മികവിന് നിരവധി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പിനികളുടെ രാജ്യാന്തര പുരസ്‌കാരങ്ങളും ദേവി ഫാര്‍മയ്ക്ക് ലഭിച്ചിട്ടുണ്ട്. മാതാപിതാക്കളായ പരേതനായ കെ.ജി. ശിവശങ്കരന്‍ നായരും പരേതയായ എല്‍. പത്മകുമാരി അമ്മയും പ്രാരംഭ മൂലധനമായി നല്‍കിയ 10,000 രൂപയില്‍ നിന്നാണ് ദേവി ഫാര്‍മ ഇന്നത്തെ ഉയരങ്ങളിലെത്തിയത്.

Tags:    

Similar News