എല്ലാ സ്‌കൂളുകളിലും കുട്ടികള്‍ക്ക് പരാതികളും ദുരനുഭവങ്ങളും രഹസ്യമായി രേഖപ്പെടുത്താന്‍ ഒരു ഹെല്‍പ് ബോക്സ് സ്ഥാപിക്കും; ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ ബോക്സ് തുറന്ന് ലഭിക്കുന്ന വിവരങ്ങള്‍ വിലയിരുത്തും; കുട്ടികളുടെ സുരക്ഷയ്ക്ക് സുരക്ഷാമിത്രം; പദ്ധതി പ്രഖ്യാപിച്ച് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് വളരെ പ്രധാനപ്പെട്ട ഒരു പദ്ധതിക്ക് തുടക്കം ഇടുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. വീട്ടിലും സമൂഹത്തിലും കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങളും പീഡനങ്ങളും കണ്ടെത്താനും അവര്‍ക്ക് സംരക്ഷണം നല്‍കാനും ലക്ഷ്യമിട്ടുള്ള ഒരു സമഗ്ര കര്‍മ്മപദ്ധതിയാണത്.
കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയിലെ നൂറനാട്, ഹിദായത്തുല്‍ ഇസ്ലാം എല്‍.പി. സ്‌കൂളിലെ ഒരു നാലാം ക്ലാസ്സുകാരി നേരിട്ട ദുരനുഭവം നമ്മുടെയെല്ലാം മനസ്സാക്ഷിയെ ഞെട്ടിച്ച ഒന്നാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു പ്രത്യേക കര്‍മ്മപദ്ധതിക്ക് രൂപം നല്‍കുകയാണ്.ഈ പദ്ധതിയിലൂടെ കുട്ടികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കണ്ടെത്താനും അവര്‍ക്ക് ആവശ്യമായ സംരക്ഷണം ഒരുക്കാനും സാധിക്കും.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പുതിയ കര്‍മ്മപദ്ധതിയ്ക്ക് സുരക്ഷാമിത്രം എന്നാണ് പേര്. എല്ലാ സ്‌കൂളുകളിലും കുട്ടികള്‍ക്ക് പരാതികളും ദുരനുഭവങ്ങളും രഹസ്യമായി രേഖപ്പെടുത്താന്‍ ഒരു ഹെല്‍പ് ബോക്സ് സ്ഥാപിക്കും. ഇത് ഹെഡ്മാസ്റ്ററുടെയോ ഹെഡ്മിസ്ട്രസിന്റെയോ ചുമതലയിലായിരിക്കും. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ ബോക്സ് തുറന്ന് ലഭിക്കുന്ന വിവരങ്ങള്‍ വിലയിരുത്തി തുടര്‍നടപടികള്‍ക്കായി വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണം.
കുട്ടികളുടെ പെരുമാറ്റത്തിലോ പഠനത്തിലോ ഉണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ച്, എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന് തിരിച്ചറിയാന്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. കുട്ടികളെ നിരീക്ഷിക്കുന്നതിനും അവരുമായി സൗഹൃദപരമായി ഇടപെടുന്നതിനും ഊന്നല്‍ നല്‍കും. ഡയറി എഴുത്ത്, സീറോ ഹവര്‍ പോലുള്ള ആശയങ്ങളിലൂടെ കുട്ടികള്‍ക്ക് അധ്യാപകരുമായി മനസ്സുതുറന്ന് സംസാരിക്കാന്‍ അവസരം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്വന്തം രണ്ടാനമ്മയുടെയും അച്ഛന്റെയും പീഡനത്തെക്കുറിച്ച് അവള്‍ നോട്ടുപുസ്തകത്തില്‍ കുറിച്ചത് അധ്യാപികയുടെ ശ്രദ്ധയില്‍പ്പെട്ടതാണ് ഈ സംഭവം പുറത്തറിയാന്‍ കാരണം. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് ഇടപെടുന്നത്. കുട്ടിക്ക് ആവശ്യമായ എല്ലാ സംരക്ഷണവും സഹായവും സര്‍ക്കാര്‍ ഉറപ്പുവരുത്തും- മന്ത്രി പറഞ്ഞു.