കരാര്‍ ലംഘിച്ചത് കേരളമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍; ഇപ്പോഴും മാധ്യമങ്ങളെ പഴി ചാരുന്ന കായിക മന്ത്രി; അടുത്ത വര്‍ഷം വന്നാലും നല്ലതല്ലേ എന്ന് ചോദിക്കുന്ന കായിക പ്രേമികള്‍; 130 കോടിയുടെ ഇടപാട് രേഖ ഇനിയും പുറത്തു വിടാത്ത ആന്റോ അഗസ്റ്റിന്‍; 'മെസി ചതിച്ചാശാനേ!'; അര്‍ജന്റീന 2026ല്‍ വരട്ടേ...

Update: 2025-08-09 04:41 GMT

തിരുവനന്തപുരം: 2024 സെപ്തംബറില്‍ കായികമന്ത്രി വി അബ്ദുറഹിമാനും സംഘവും സ്പെയിന്‍ സന്ദര്‍ശിച്ചത് കായികമേഖലയിലെ ആഗോള സഹകരണത്തിനായി എന്ന വിശദീകരണവുമായി സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് കേരളത്തില്‍ ഫുട്ബോള്‍ അക്കാദമി സ്ഥാപിക്കാന്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ (എഎഫ്എ) താല്‍പ്പര്യം അറിയിച്ചതും ലോകത്തെ ഒന്നാംനമ്പര്‍ ക്ലബ് ഫുട്‌ബോള്‍ ലീഗായ സ്‌പെയ്‌നിലെ ലാ ലിഗ കേരളവുമായി സഹകരിക്കാമെന്ന് ഉറപ്പ് നല്‍കിയതും ഈ സന്ദര്‍ശനത്തിലാണ്. എന്നാല്‍ ഇത് മനഃപൂര്‍വം മൂടിവച്ച് സംസ്ഥാന സര്‍ക്കാരിനെ താറടിക്കാന്‍ വ്യാജവാര്‍ത്തകള്‍ പടച്ചുവിടുകയാണ് ചില വലതുപക്ഷ മാധ്യമങ്ങള്‍ എന്നാണ് സര്‍ക്കാര്‍ വാദം. അതിനിടെ മെസിയെ കേരളത്തില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ രംഗത്തു വന്നിട്ടുണ്ട്. കേരളം കരാര്‍ പാലിക്കാത്തതു കൊണ്ടാണ് ഇതെന്നാണ് വിശദീകരണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ കടുത്ത അതൃപ്തിയിലാണ്. സിപിഎമ്മും കായിക മന്ത്രിയെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പലപ്പോഴും പലതും മാറ്റി പറഞ്ഞത് വിവാദം ആളിക്കത്തിച്ചുവെന്നാണ് വിലയിരുത്തല്‍.

അതിനിടെ അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ നടത്തുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ എന്ന് മന്ത്രിയുടെ ഓഫീസ് വിശദീകരണമുണ്ട്. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ കേരളത്തില്‍ സൗഹൃദമത്സരത്തിന് വരില്ലെന്ന് ഇതുവരെ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. കരാര്‍ പ്രകാരം 2025 ഓക്ടോബറിലാണ് ടീം എത്തേണ്ടത്. എന്നാല്‍ ഇത് 2026 ലേക്ക് മാറ്റണമെന്നാണ് ടീം ആവശ്യപ്പെട്ടത്. ചര്‍ച്ച നടക്കുന്നതായി കായികമന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് അറിയിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച സ്പോണ്‍സര്‍ മാച്ച് ഫീ അടച്ചിട്ടുമുണ്ട്. എന്നാല്‍ ഇത് എത്രയാണെന്നോ ആരാണ് അടച്ചതെന്നോ ഇനിയും വ്യക്തമല്ല. പണം അടച്ച രേഖ പുറത്തു വിടണമെന്ന ആവശ്യവും ആരും ആംഗീകരിച്ചിട്ടില്ല. റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ പറയുന്നത് 130 കോടി നല്‍കിയെന്നാണ്. ആ കണക്ക് പുറത്തു വിടാന്‍ അവരും തയ്യാറല്ല. ഇതോടെ പണം നല്‍കിയതില്‍ ആശയക്കുഴപ്പം തുടരുകയാണ്.

ഇതിനിടെയാണ് വിശദീകരണവുമായി സര്‍ക്കാര്‍ എത്തുന്നത്. മെസി വരില്ലെന്ന് മന്ത്രി തന്നെ പരസ്യമായി പറഞ്ഞിരുന്നു. ഒക്ടോബറില്‍ വരില്ലെന്നും അതുകൊണ്ട് ഇനി വരേണ്ടെന്നും പറഞ്ഞത് മന്ത്രിയാണ്. എന്നാല്‍ മന്ത്രിയെ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ തള്ളി പറയുകയും ചെയ്തു. പിന്നാലെയാണ് പുതിയ വിശദീകരണം. മെസിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപ ചെലവാക്കുന്നെന്നായിരുന്നു പ്രതിപക്ഷത്തിന്റെയും ചില മാധ്യമങ്ങളുടെയും ആദ്യ ആരോപണം. സംസ്ഥാനം സര്‍ക്കാര്‍ പണം മുടക്കിയല്ലെന്ന് വ്യക്തമായതോടെ അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീമിനെ എത്തിക്കാന്‍ 13 ലക്ഷം രൂപയ്ക്ക് മന്ത്രി വിദേശയാത്ര നടത്തിയെന്നായി. എന്നാല്‍, അര്‍ജന്റീന ടീമിനെ ക്ഷണിക്കലായിരുന്നില്ല സംഘത്തിന്റെ പ്രധാന അജന്‍ഡയെന്ന് അന്ന് യുഡിഎഫ് പത്രത്തില്‍പ്പോലും വാര്‍ത്ത വന്നതുമാണ്. ലാ ലിഗയുമായുള്ള കൂടിക്കാഴ്ചയില്‍ ഫുട്‌ബോള്‍ പരിശീലനം, കായികാനുബന്ധ കോഴ്‌സുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ സഹകരണ വാഗ്ദാനങ്ങള്‍ ലഭിച്ചു. കേരളത്തില്‍ ഫിഫ നിലവാരത്തില്‍ സ്റ്റേഡിയം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ലോകത്തെ വന്‍കിട ക്ലബായ റയല്‍ മാഡ്രിഡ് പുതുക്കിപ്പണിത സാന്റിയാഗോ ബെര്‍ണബ സ്റ്റേഡിയവും സംഘം സന്ദര്‍ശിച്ചിരുന്നു.

കായിക സെക്രട്ടറിക്കും കായിക ഡയറക്ടര്‍ക്കും ഒപ്പമായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. കേരളം മറ്റു പല രാജ്യങ്ങളുമായും കായികരംഗത്ത് സഹകരിക്കുന്നുണ്ട്. യൂറോപ്പില്‍ മുന്‍നിരയിലുള്ള നെതര്‍ലന്‍ഡ്‌സ് ഫുട്ബോള്‍ അസോസിയേഷനുമായി സഹകരിച്ച് കേരളത്തിലെ പരിശീലകര്‍ക്കുള്ള റിഫ്രഷര്‍ കോഴ്സ് നടത്തി. ക്യൂബയില്‍നിന്ന് കായിക പരിശീലകരെ കൊണ്ടുവരാനുള്ള ധാരണാപത്രത്തിനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍നിന്നും കായിക പരിശീലകരെ കൊണ്ടുവരാനും കായികസഹകരണം ഉറപ്പുവരുത്താനും മന്ത്രിയോ ഉദ്യോഗസ്ഥരോ നടത്തുന്ന വിദേശ സന്ദര്‍ശനത്തിന് ദുര്‍വ്യാഖ്യാനം നല്‍കുകയാണ് ചിലരെന്നാണ് സര്‍ക്കാര്‍ ഇപ്പോഴും പറയുന്നത്.

മെസിയടങ്ങുന്ന അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കാന്‍ ഇതുവരെ മുടക്കിയത് 130 കോടി രൂപയാണെന്നും പണം വാങ്ങിയിട്ടും ടീം വരാതിരുന്നാല്‍ ചതിയാണെന്നും മുഖ്യ സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ടി.വി ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍ എം.ഡി ആന്റോ അഗസ്റ്റിന്‍ പറഞ്ഞിരുന്നു. അര്‍ജന്റീന ടീം വരില്ലെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കരാറുണ്ടായിട്ടും വരാതിരുന്നാല്‍ നിയമനടപടിയെടുക്കുമെന്നും ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കി. മെസിയുള്‍പ്പെടുന്ന അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കാന്‍ അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്‍ (എ.എഫ്.എ) പ്രസിഡന്റും സെക്രട്ടറിയുമായാണ് തങ്ങള്‍ കരാര്‍ ഉണ്ടാക്കിയത്. കഴിഞ്ഞ ജൂണ്‍ ആറിന് എ.എഫ്.എയ്ക്ക് 130 കോടി നല്‍കി. 12ന് പണം ലഭിച്ചതായി ഇമെയില്‍ ലഭിച്ചു. ഈ വര്‍ഷം ഒക്ടോബറില്‍ കേരളത്തില്‍ എത്താമെന്നായിരുന്നു ധാരണ.

ഇപ്പോള്‍, അടുത്ത വര്‍ഷം സെപ്തംബറില്‍ കളിക്കാന്‍ എത്തുന്ന തരത്തില്‍ കരാര്‍ മാറ്റാമോയെന്ന് ചോദിച്ചിട്ടുണ്ട്. അതിനോട് യോജിപ്പില്ല. മെസിയും സംഘവും വരികയാണെങ്കില്‍ ഈ വര്‍ഷം തന്നെ വരണം.ഒക്ടോബര്‍, നവംബര്‍ മാസത്തില്‍ വരാന്‍ കഴിയില്ലെന്ന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ല. അര്‍ജന്റീന ടീം ഡിസംബറില്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെസി കേരളത്തില്‍ വരുന്നില്ലെങ്കില്‍ ഇന്ത്യയില്‍ എവിടെയും വരില്ല. ഒക്ടോബറില്‍ വരുമോ എന്നറിയിക്കാന്‍ രണ്ടാഴ്ച കൂടി കാത്തിരിക്കും. അതിന് ശേഷം നിയമ നടപടികളിലേക്ക് കടക്കുമെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. മെസിയെന്നത് ആഗോള കായിക ഐക്കണാണ്. അത്തരമൊരു താരവുമായി അടുത്ത വര്‍ഷം ടീം വരാമെന്ന് പറഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. ഇതിന് കാരണം രാഷ്ട്രീയമാണെന്നും വ്യക്തം. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പാണ്. അതു കഴിഞ്ഞാല്‍ പുതിയ സര്‍ക്കാര്‍ വരും. അന്ന് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് സിപിഎം പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത്തരമൊരു വിശ്വാസം അവര്‍ക്കില്ലെന്ന വാദം ചര്‍ച്ചയാക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍.

അടുത്ത വര്‍ഷം വന്നാല്‍ മെസിയെ സ്വീകരിക്കലും മറ്റുമെല്ലാം ചെയ്യുന്നത് പുതിയ സര്‍ക്കാര്‍ ആയിരിക്കും. രാഷ്ട്രീയ മാറ്റമുണ്ടായാല്‍ അതിന്റെ ഗുണം ഇപ്പോഴത്തെ പ്രതിപക്ഷത്തിന് കിട്ടും. അതുകൊണ്ടാണ് ഈ വര്‍ഷം തന്നെ വരണമെന്ന് നിര്‍ബന്ധം പിടിക്കുന്നതെന്നും വിലയിരുത്തലുകളുണ്ട്.

Tags:    

Similar News