ഇസ്രയേലിന്റെ തിരിച്ചടിയില്‍ ഒരുവര്‍ഷത്തിനിടെ ഗസ്സ തകര്‍ന്നുതരിപ്പണമായി; 66 ശതമാനത്തോളം കെട്ടിടങ്ങളും തകര്‍ന്നു; ലക്ഷക്കണക്കിന് പേര്‍ പലായനം ചെയ്തു; 40,000ത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായി; ആക്രമണത്തിന് മുന്‍പും പിന്‍പുമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

ഗസ്സ: ആക്രമണത്തിന് മുന്‍പും പിന്‍പുമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

Update: 2024-10-07 12:42 GMT

ഗസ്സ: ഇസ്രയേലില്‍ കടന്നുകയറി 1200 ലേറെ പേരെ കൂട്ടക്കുരുതി നടത്തിയ ഹമാസിന്റെ ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്‌ളഡിന് ഒരുവര്‍ഷം തികഞ്ഞിരിക്കുകയാണ്. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തില്‍ ആദ്യം ഒന്നു പകച്ചെങ്കിലും ഇസ്രയേല്‍ ചുട്ട മറുപടിയാണ് നല്‍കിയത്. വ്യോമ-കരയാക്രമണങ്ങളിലൂടെ 40,000 ത്തിലേറെ പേര്‍ക്ക് ഗസ്സയില്‍ ജീവന്‍ നഷ്ടമായി.


തങ്ങളുടെ ആളുകളുടെ ചോരയ്ക്ക് പകരം വീട്ടുക, ഹമാസിനെ ഗസ്സയില്‍ നിന്ന് വേരോടെ പിഴുത് മാറ്റുക, ഹമാസ് പിടിയിലായ ബന്ദികളെ മോഡിപ്പിക്കുക എന്നീ മൂന്നുലക്ഷ്യങ്ങളായിരുന്നു ഇസ്രയേലിന് മുന്നില്‍. നിരവധി ബന്ദികളെ മോചിപ്പിക്കാന്‍ കഴിഞ്ഞു. ചിലര്‍ ഇപ്പോഴും ഗസ്സയില്‍ ജീവനോടെയുണ്ടെന്ന് കരുതപ്പെടുന്നു. യുദ്ധത്തിന്റെ അവശേഷിപ്പ് എന്നാല്‍, ഒറ്റ വാക്കില്‍, ഗസ്സയെ ഇസ്രയേല്‍ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുന്നു. 66 ശതമാനത്തോളം കെട്ടിടങ്ങളും തകര്‍ന്നു. ലക്ഷക്കണക്കിന് പേര്‍ ഒഴിപ്പിക്കപ്പെട്ടു. ആയിരങ്ങള്‍ ബോംബിങ്ങില്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ നേതൃനിരയെയും നിയന്ത്രണ സംവിധാനത്തെയും താറുമാറാക്കി.



തകര്‍ന്നുതരിപ്പണമായി

ഗസ്സയിലെ 365 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഭൂമിയുടെ ഉപഗ്രഹ ചിത്രങ്ങള്‍ ദി യുഎന്‍ സാറ്റലൈറ്റ് സെന്റര്‍ (UNOSAT)വിശകലനം ചെയ്ത് റിപ്പോര്‍ട്ട് പുറത്തിറക്കി. ഇസ്രയേലിന്റെ ആക്രമണം തുടങ്ങുന്നതിന് മുമ്പുള്ള ചിത്രങ്ങളും, 2024 സെപ്റ്റംബറിലെ ചിത്രങ്ങളുമാണ് താരതമ്യ പഠനം നടത്തിയത്. 52,564 തകര്‍ന്ന കെട്ടിടങ്ങള്‍ കണ്ടെത്തി. ഗുരുതര തകരാറുള്ള 18,913 കെട്ടിടങ്ങളും, മിതമായ തോതില്‍ തകര്‍ന്ന 56,710 കെട്ടിടങ്ങളും, കേടുപാട് ഉണ്ടായിരിക്കാവുന്ന 35, 591 കെട്ടിടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ഇ ഒ എസ് ലാന്‍ഡ് വ്യൂവറില്‍ നിന്നുള്ള ഓപ്പണ്‍ സോഴ്‌സ് ഉപഗ്രഹ ചിത്രങ്ങള്‍ വടക്കന്‍ ഗസ്സയിലെ ഘടനാപരമായ മാറ്റങ്ങള്‍ വ്യക്തമാക്കുന്നു. വിശേഷിച്ചും, അറബ്- ഇസ്രയേലി യുദ്ധത്തിന് ശേഷം 1948 ല്‍ സ്ഥാപിച്ച ജബാലിയ അഭയാര്‍ഥി ക്യാമ്പിന് സമീപമുള്ള ഭാഗം. 2022 ല്‍ നിന്നുള്ള ഒരു ചിത്രവും യുദ്ധത്തെ തുടര്‍ന്നുളള മൂന്നുചിത്രങ്ങളും വിശകലനം ചെയ്ത് കെട്ടിടങ്ങള്‍ക്കും കൃഷിയിടങ്ങള്‍ക്കും മറ്റും ബോംബിങ്ങില്‍ ഉണ്ടായ മാറ്റം വിശകലനം ചെയ്തതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.




ഉപഗ്രഹ ചിത്രങ്ങള്‍ പറയുന്നത്

സെന്റിനല്‍-2 എടുത്ത 2024 സെപ്റ്റംബര്‍ 26 ലെ ചിത്രത്തില്‍ തരിശുഭൂമിയാണ് കാണപ്പെടുന്നത്. 2022 ലെ ചിത്രവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ മാറ്റം വ്യക്തമാകും. ഉപഗ്രഹ ചിത്രത്തില്‍ ചാരനിറത്തില്‍ കാണുന്നത് കെട്ടിടങ്ങളും, പച്ചനിറത്തില്‍ കാണുന്നത് കൃഷിയിടങ്ങളുമാണ്. ഡല്‍ഹിയുടെ നാലിലൊന്ന് വലിപ്പമുള്ള ഗസ്സ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ജനസംഖ്യ ഉള്ള ഇടങ്ങളില്‍ ഒന്നാണ്. 23 ലക്ഷത്തോളം പേരാണ് അവിടെ താമസിച്ചിരുന്നത്. സെപ്റ്റംബര്‍ 26 ന് എടുത്ത ചിത്രം പരിശോധിച്ചാല്‍ ശൂന്യത മനസ്സിലാക്കാം.




ഈ മേഖലയിലെ നിരവധി കുടുബങ്ങള്‍ തെക്കന്‍ മേഖലയിലേക്ക് പലായനം ചെയ്തു. കാളവണ്ടികളിലും കാറുകളിലും ട്രക്കുകളിലും മറ്റുമായി അവര്‍ കൂട്ടപ്പലായനം ചെയ്തു. മനുഷ്യര്‍ക്ക് മാത്രമല്ല പ്രകൃതിക്കുണ്ടായ നാശവും വിവരണാതീതമാണ്. മണ്ണിടിച്ചിലും മറ്റും വ്യാപകമായതോടെ, കൃഷിയിടങ്ങള്‍ നശിച്ചു. അത് ഭക്ഷ്യോത്പാദനത്തെ ബാധിക്കുകയും മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.

Tags:    

Similar News