'ശബരിമലയില്‍ ദിലീപിനു വിഐപി പരിഗണന കിട്ടിയതെങ്ങനെ? വിഷയം ചെറുതായി കാണാനാകില്ല'; ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുത്; ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം നിര്‍ണായകം; ശബരിമല ക്ലീനാക്കാന്‍ രണ്ടും കല്‍പ്പിച്ച് ഹൈക്കോടതി

ശബരിമലയില്‍ ദിലീപിനു വിഐപി പരിഗണന കിട്ടിയതെങ്ങനെ

Update: 2024-12-06 07:46 GMT

ശബരിമല: നടന്‍ ദിലീപിന് ശബരിമലയില്‍ വി.ഐ.പി. പരിഗണന നല്‍കിയതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച്. സംഭവത്തില്‍ ദേവസ്വം ബോര്‍ഡിനോട് കോടതി വിശദീകരണം തേടി. സന്നിധാനത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഹാജരാക്കാനും ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. നടനു വിഐപി പരിഗണന എങ്ങനെ കിട്ടിയെന്നു കോടതി ചോദിച്ചു. രാവിലെ ദേവസ്വം ബെഞ്ചിന്റെ സിറ്റിങ്ങിലാണ് കോടതിയുടെ പരാമര്‍ശം. വിഷയം ഉച്ചയ്ക്കു പരിഗണിക്കുമെന്നും വ്യക്തമാക്കി.

ശബരിമലയില്‍ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്ന് കോടതി നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവിടെ എത്തുന്ന എല്ലാ ഭക്തരും സമന്മാരാണ്. എല്ലാവര്‍ക്കും വിര്‍ച്വല്‍ ക്യൂ വഴിയാണ് അവിടെ ദര്‍ശനം അനുവദിക്കുന്നത്. അതുകൊണ്ട് ആ രീതിക്ക് കാര്യങ്ങള്‍ നടക്കണമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച സുനില്‍ സ്വാമിയുടെ കേസിന്റെ വിധിന്യായം പുറത്തുവന്നപ്പോള്‍ അതിലും ഇക്കാര്യം കോടതി എടുത്തുപറഞ്ഞിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ദേവസ്വം ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍ ദിലീപിനെ അനുഗമിക്കുകയും ശ്രീകോവിലിന്റെ മുന്നിലെത്തിച്ച് ദര്‍ശനം നടത്തിപ്പോകാനുള്ള അവസരം ഒരുക്കിയെന്നുമുള്ള ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. ഇക്കാര്യം പരിശോധിക്കാനൊരുങ്ങുകയാണ് കോടതി. അതിന്റെ ഭാഗമായാണ് സന്നിധാനത്തെയും അപ്പര്‍ തിരുമുറ്റത്തെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്. എന്തെങ്കിലും ക്രമവിരുദ്ധമായി കണ്ടെത്തുന്നപക്ഷം നടപടിയുണ്ടാകും.

വ്യാഴാഴ്ച നടയടക്കുന്നതിന് തൊട്ടുമുന്‍പാണ് ദിലീപ് ദര്‍ശനം നടത്തിയത്. ഹരിവരാസനം കീര്‍ത്തനം പൂര്‍ത്തിയായി നടയടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. കഴിഞ്ഞ വര്‍ഷങ്ങളിലും നടന്‍ ശബരിമല ദര്‍ശനം നടത്തിയിരുന്നു. ദിലീപിന് വിഐപി പരിഗണന ലഭിച്ചോ എന്നാണ് ഹൈക്കോടതി ഇപ്പോള്‍ പരിശോധിക്കുന്നത്.

Tags:    

Similar News